ETV Bharat / health

കാൻസർ ചികിത്സയ്ക്ക് കരുത്തേകാൻ കുസാറ്റ്; പുതിയ സാങ്കേതികവിദ്യയ്ക്ക് കേന്ദ്ര പേറ്റൻ്റ്

ഉത്പാദനക്ഷമത വലിയ തോതിൽ വർധിപ്പിക്കുന്ന ഈ കണ്ടുപിടിത്തം ഹരിത രസതന്ത്ര രംഗത്തെ വലിയൊരു കുതിച്ചുചാട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്

TIN PORPHYRINS  CUSAT RESEARCHERS  TIN PORPHYRINS RESEARCH  INDUSTRIAL AND MEDICAL ADVANCEMENTS
CUSAT (Special Arrangement)
author img

By ETV Bharat Kerala Team

Published : August 4, 2026 at 1:15 PM IST

2 Min Read
Choose ETV Bharat

പര്‍വീസ്.കെ

എറണാകുളം: സോളാർ എനർജി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത ടിൻ പോർഫിറിനുകൾ കുറഞ്ഞ ചെലവിൽ നിർമിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ വികസിപ്പിച്ചു. വ്യാവസായിക പ്രാധാന്യമുള്ള ഈ സംയുക്തങ്ങളെ പരിസ്ഥിതി സൗഹൃദമായി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തത്തിന് കേന്ദ്ര സർക്കാരിൻ്റെ പേറ്റൻ്റ് ലഭിച്ചു. ശാസ്ത്രലോകത്തിനും വ്യവസായ മേഖലയ്ക്കും ഒരുപോലെ മുതൽക്കൂട്ടാകുന്നതാണ് പുതിയ നേട്ടം.

നിർണായകമായ കണ്ടുപിടിത്തം
നൂതന സാങ്കേതികവിദ്യകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ടിൻ പോർഫിറിനുകൾ. ഫോട്ടോകാറ്റലിസിസ്, എൻവയോൺമെൻ്റൽ റീമീഡിയേഷൻ, അഡ്വാൻസ്ഡ് ഫങ്ഷണൽ മെറ്റീരിയലുകളുടെ നിർമാണം എന്നിവയിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്. എന്നാൽ ഇവയുടെ നിർമാണ പ്രക്രിയ ശാസ്ത്രലോകത്തിന് വലിയ വെല്ലുവിളിയായിരുന്നു. നിലവിൽ വളരെ സങ്കീർണമായ ബഹുഘട്ട പ്രക്രിയയിലൂടെയാണ് വ്യവസായശാലകളിൽ ഇവ നിർമിച്ചെടുക്കുന്നത്.

ഇതിനായി വലിയ തോതിൽ രാസവസ്തുക്കളും കൂടുതൽ സമയവും ആവശ്യമാണ്. ഇത് സ്വാഭാവികമായും ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിപ്പിക്കുന്നു. കൂടാതെ പ്രകൃതിക്ക് ദോഷകരമായ രാസമാലിന്യങ്ങൾ വൻതോതിൽ പുറന്തള്ളുന്നതിനും കാരണമാകുന്നു. ഈ വലിയ പോരായ്മയ്ക്കാണ് കുസാറ്റ് ഗവേഷകർ ഇപ്പോൾ ശാശ്വതമായ പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

TIN PORPHYRINS  CUSAT RESEARCHERS  TIN PORPHYRINS RESEARCH  INDUSTRIAL AND MEDICAL ADVANCEMENTS
CUSAT Researchers (Special Arrangement)

മാറ്റം കൊണ്ടുവന്ന വൺ പോട്ട് സിന്തസിസ്
നിലവിലുള്ള വെല്ലുവിളികളെ മറികടക്കുന്നതിനായി വൺ പോട്ട് സിന്തസിസ് അടിസ്ഥാനമാക്കിയുള്ള നവീന സാങ്കേതികവിദ്യയാണ് ഗവേഷക സംഘം വികസിപ്പിച്ചത്. ഹെറ്ററോപോളി ആസിഡ് അധിഷ്ഠിത കാറ്റലിറ്റിക് സിസ്റ്റം ഉപയോഗിക്കുന്ന ഈ പുതിയ രീതിയിലൂടെ ഒറ്റഘട്ടത്തിൽ തന്നെ ഉയർന്ന ഗുണനിലവാരമുള്ള ടിൻ പോർഫിറിനുകൾ നിർമിക്കാൻ സാധിക്കും. പരമ്പരാഗത രീതികളെ അപേക്ഷിച്ച് ഈ പ്രക്രിയ കൂടുതൽ ലളിതവും മാലിന്യം ഗണ്യമായി കുറയ്ക്കുന്നതുമാണ്. ഉത്പാദനക്ഷമത വലിയ തോതിൽ വർധിപ്പിക്കുന്ന ഈ കണ്ടുപിടിത്തം ഹരിത രസതന്ത്ര രംഗത്തെ വലിയൊരു കുതിച്ചുചാട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

ഭാവിയിലെ അനന്ത സാധ്യതകൾ
ഭാവിയിലെ ക്ലീൻ എനർജി ആവശ്യങ്ങൾക്കും അത്യാധുനിക ബയോമെഡിക്കൽ ഗവേഷണങ്ങൾക്കും പുതിയ സാങ്കേതികവിദ്യ കരുത്തേകും. ആഗോളതാപനത്തിന് കാരണമാകുന്ന കാർബൺ ഡൈ ഓക്സൈഡ് വാതകത്തെ ഉപയോഗപ്രദമായി മാറ്റിയെടുക്കുന്ന കാർബൺ കൺവേർഷൻ സാങ്കേതികവിദ്യകൾ, ഫോട്ടോകാറ്റലിസിസ്, അഡ്വാൻസ്ഡ് മെറ്റീരിയലുകളുടെ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും വ്യാവസായിക വികസനത്തിനും ഇത് സഹായകമാകും. കുറഞ്ഞ ചെലവിൽ കൂടുതൽ പരിസ്ഥിതി സൗഹൃദമായി ടിൻ പോർഫിറിനുകൾ ലഭ്യമാക്കാൻ ഇത് വ്യവസായങ്ങളെ സഹായിക്കും.

കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ റിസർച്ച് മേഖലയിലും ഈ കണ്ടെത്തൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ തന്നെ ഇത്തരം സംയുക്തങ്ങൾക്ക് ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിൽ കുസാറ്റിൻ്റെ ഈ കണ്ടെത്തൽ വാണിജ്യപരമായും വലിയ വിജയമാകാനാണ് സാധ്യത. പുതിയ രീതിയിലൂടെ ഒറ്റഘട്ടത്തിൽ തന്നെ ഉയർന്ന ഗുണനിലവാരമുള്ള ടിൻ പോർഫിറിനുകൾ നിർമിക്കാൻ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. സുജ ഹരിദാസ് ഇടിവി ഭാരതിനോട് പറഞ്ഞു.

നേട്ടത്തിന് പിന്നിലെ ഗവേഷകർ
കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പാണ് രാജ്യത്തിന് അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. അപ്ലൈഡ് കെമിസ്ട്രി വകുപ്പ് പ്രൊഫസർ ഡോ. സുജ ഹരിദാസ്, നിലവിൽ ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോയും കുസാറ്റിലെ മുൻ ഗവേഷകയുമായ ഡോ. ഗോപിക ജഗന്നിവാസൻ, അപ്ലൈഡ് കെമിസ്ട്രി വകുപ്പ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സെബാസ്റ്റ്യൻ നൈബിൻ റമെല്ലോ എന്നിവരാണ് ഈ മികച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്. അന്താരാഷ്ട്ര തലത്തിൽ തന്നെ കുസാറ്റിൻ്റെ രാസഗവേഷണ മികവ് വിളിച്ചോതുന്നതാണ് പുതിയ ഇന്ത്യൻ പേറ്റൻ്റ്. ശാസ്ത്ര സാങ്കേതിക രംഗത്ത് കേരളത്തിൻ്റെ സംഭാവനകൾക്ക് ഈ നേട്ടം കൂടുതൽ കരുത്തുപകരും.

Also Read: ബിജെപി കൗൺസിലർക്ക് അവധി നൽകാൻ ചട്ടലംഘനം; അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം