ETV Bharat / health

വിട്ടുമാറാത്ത നാഡീവേദനയ്ക്ക് പരിഹാരമാകുമോ?; പ്രതീക്ഷ നൽകി പുതിയ പഠനം

കാൻസർ മരുന്നുകൾ നാഡീവേദന കുറയ്ക്കും, നിർണായക കണ്ടെത്തലുമായി ഗവേഷകർ

CANCER TREATMENT  PAIN RELIEF  NEUROPATHIC PAIN  CHRONIC NERVE PAIN
Representative Image (Getty Images)
author img

By ETV Bharat Kerala Team

Published : August 28, 2026 at 7:56 AM IST

3 Min Read
Choose ETV Bharat

കാൻസറിന് കാരണമാകുന്ന ബി.ആർ.എ.എഫ് (BRAF) പ്രോട്ടീനുകൾക്ക് വിട്ടുമാറാത്ത നാഡീവേദനകൾ വർധിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും നിർണായക പങ്കുണ്ടെന്ന് കണ്ടെത്തൽ. ടെക്സസ് സർവകലാശാലയ്ക്ക് കീഴിലുള്ള എം.ഡി ആൻഡേഴ്സൺ കാൻസർ സെൻ്ററിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ. കാൻസർ ചികിത്സയ്ക്കായി നിലവിൽ ഉപയോഗിക്കുന്ന ബി.ആർ.എ.എഫ് ഇൻഹിബിറ്ററുകൾ നാഡീവേദന കുറയ്ക്കാൻ സഹായിക്കുമെന്നും മൃഗങ്ങളിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങളിൽ തെളിഞ്ഞു.

സയൻസ് സിഗ്നലിങ് എന്ന മെഡിക്കൽ ജേണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനസ്‌തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ഷാവോ-റൂയി ചെൻ, ഇതേ വിഭാഗം മേധാവി ഡോ. ഹുയി-ലിൻ പാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. നാഡികൾക്ക് ഏൽക്കുന്ന പരിക്കുകളെ തുടർന്ന് വേദനയുണ്ടാക്കുന്നതിൽ ബി.ആർ.എ.എഫ് പ്രോട്ടീനുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഡോ. ഹുയി-ലിൻ പാൻ വ്യക്തമാക്കി. കാൻസർ ചികിത്സയ്ക്കായി ഈ പ്രോട്ടീനുകളെ നിയന്ത്രിക്കുന്ന മരുന്നുകൾക്ക് ഇതിനകം തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാൽ സുഷുമ്നാ നാഡിയിലേക്കുള്ള വേദനയുടെ സിഗ്നലുകൾ കുറയ്ക്കാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നിലവിലെ ചികിത്സാരീതികൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

നാഡീവേദനയുടെ കാരണങ്ങൾ
അപകടങ്ങളിലൂടെയോ മറ്റ് രോഗങ്ങളിലൂടെയോ ജീവൻ രക്ഷിക്കാനുള്ള കാൻസർ ചികിത്സകളുടെ ഭാഗമായോ വിട്ടുമാറാത്ത നാഡീവേദന അഥവാ ന്യൂറോപ്പതിക് പെയിൻ ഉണ്ടാകാം. വളരെ തീവ്രവും നിരന്തരവുമായ ഇത്തരം വേദനകൾക്ക് സാധാരണ വേദനസംഹാരികൾ ഫലപ്രദമാകാറില്ല. ഇത് രോഗികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും എൻ.എം.ഡി.എ (NMDA) റിസപ്റ്ററുകൾ എന്നറിയപ്പെടുന്ന പ്രോട്ടീൻ ചാനലുകളാണ് നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് സഹായിക്കുന്നത്. നാഡികൾക്ക് പരിക്കേൽക്കുന്നതോടെ ഈ റിസപ്റ്ററുകൾ അമിതമായി പ്രവർത്തിക്കുകയും വേദനയുടെ തോത് വർധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ബി.ആർ.എ.എഫ് പ്രോട്ടീനുകളുടെ സ്വാധീനമാണ് ഗവേഷകർ പ്രധാനമായും പരിശോധിച്ചത്.

പഠനത്തിലെ കണ്ടെത്തലുകൾ
നാഡികൾക്ക് പരിക്കേറ്റ പ്രീ-ക്ലിനിക്കൽ മോഡലുകളിൽ നടത്തിയ പരീക്ഷണത്തിൽ, ബി.ആർ.എ.എഫ് പ്രോട്ടീനുകൾ പെരിഫറൽ സെൻസറി നാഡീകോശങ്ങളിൽ നിന്ന് സുഷുമ്നാ നാഡിക്കുള്ളിലെ ടെർമിനലുകളിലേക്ക് നീങ്ങുന്നതായി ഗവേഷകർ കണ്ടെത്തി. അവിടെവച്ച് എൻ.എം.ഡി.എ റിസപ്റ്ററുകളുടെ പ്രവർത്തനം വർധിപ്പിക്കുന്നതിനുള്ള തന്മാത്രാ സിഗ്നലുകൾ അവ സജീവമാക്കുന്നു. മനുഷ്യരുടെ സുഷുമ്നാ നാഡിയിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോഴും ബി.ആർ.എ.എഫ് സിഗ്നലിങ് പ്രോട്ടീനുകളും എൻ.എം.ഡി.എ റിസപ്റ്ററുകളും തമ്മിലുള്ള ബന്ധം വ്യക്തമായി. ബി.ആർ.എ.എഫ് പ്രോട്ടീനുകളെ നിയന്ത്രിക്കുന്നതിലൂടെ എൻ.എം.ഡി.എ റിസപ്റ്ററുകളുടെ പ്രവർത്തനം കുറയ്ക്കാനും അതുവഴി വേദന ശമിപ്പിക്കാനും കഴിയുമെന്നാണ് ഈ പ്രാഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നത്.

വേദന കുറയ്ക്കുന്നതെങ്ങനെ?
ബി.ആർ.എ.എഫ് ഇൻഹിബിറ്ററായ വെമുറാഫെനിബ്, എം.ഇ.കെ ഇൻഹിബിറ്ററായ സെലുമെറ്റിനിബ് എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ സ്പർശനം, മർദം, ചൂട് എന്നിവയോടുള്ള സംവേദനക്ഷമത കുറയുന്നതായി കണ്ടെത്തി. എന്നാൽ നാഡികൾക്ക് പരിക്കേൽക്കാത്ത മോഡലുകളിൽ ഇവ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല. ബി.ആർ.എ.എഫ് ജീൻ നീക്കം ചെയ്തപ്പോഴും വേദനയുടെ തീവ്രത കുറയുന്നതായി വ്യക്തമായി. നേരെമറിച്ച്, പരിക്കേൽക്കാത്ത മോഡലുകളിൽ ബി.ആർ.എ.എഫ് നേരിട്ട് സജീവമാക്കിയപ്പോൾ വേദന അനുഭവപ്പെടുന്നതായും കണ്ടെത്തി. ന്യൂറോപ്പതിക് വേദന തുടങ്ങുന്നതിലും നിലനിർത്തുന്നതിലും ഈ പ്രോട്ടീനുകൾക്കുള്ള നിർണായക പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിലവിൽ മൃഗങ്ങളിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങളുടെ ഫലങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. മനുഷ്യരിൽ ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുന്നതിന് മുൻപായി ബി.ആർ.എ.എഫ് ഇൻഹിബിറ്ററുകളുടെ കൃത്യമായ അളവ്, മരുന്ന് നൽകേണ്ട രീതികൾ, സാധ്യമായ പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. നാഡികൾക്ക് പരിക്കേൽക്കുമ്പോൾ ബി.ആർ.എ.എഫ് പ്രോട്ടീനുകൾ സുഷുമ്നാ നാഡിയിലേക്ക് മാറുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും ഗവേഷകർ ലക്ഷ്യമിടുന്നുണ്ട്. സുഷുമ്നാ നാഡിയിലെ എൻ.എം.ഡി.എ റിസപ്റ്ററുകളുടെ പ്രവർത്തനവുമായി ബി.ആർ.എ.എഫ് സിഗ്നലിങ്ങിന് ബന്ധമുണ്ടെന്നും, നിലവിലുള്ള കാൻസർ മരുന്നുകൾക്ക് വിട്ടുമാറാത്ത നാഡീവേദന ഭേദമാക്കാൻ ശേഷിയുണ്ടെന്നുമാണ് ഈ പഠനം അടിവരയിടുന്നത്.

Also Read:ഉപരോധം തുടർന്നാൽ കടുത്ത പ്രത്യാഘാതം; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ