ETV Bharat / health

എയർ പ്യൂരിഫയർ ഉപയോഗിച്ചാൽ ആസ്ത്മ പൂർണമായും മാറുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ

മെയ്യ് 5 ലോക ആസ്ത്മ ദിനം. വീടിനുള്ളിലെ പൊടി, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ തുടങ്ങിയവ നീക്കം ചെയ്യാൻ എയർ പ്യൂരിഫയറുകൾക്ക് കഴിയും. എന്നാൽ, വിപണിയിലുള്ള എല്ലാ ഉപകരണങ്ങളും ഒരേപോലെ ഫലപ്രദമല്ല

AIR PURIFIERS FOR CLEAN AIR  AIR PURIFIERS FOR ASTHMA  WORLD ASTHMA DAY  ASTHMA SYMPTOMS AND TREATMENT
Representational image (Getty Image)
author img

By Kasmin Fernandes

Published : May 5, 2026 at 9:57 AM IST

3 Min Read
Choose ETV Bharat

ലോക ആസ്ത്മ ദിനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്നതും തിരയുന്നതുമായ ഒരു വിഷയമാണ് വായു ശുദ്ധീകരണ ഉപകരണങ്ങൾ അഥവാ എയർ പ്യൂരിഫയറുകൾ ആസ്ത്മ രോഗികൾക്ക് യഥാർഥത്തിൽ ഫലം നൽകുമോ എന്നത്. വീടുകളിലെ വായു ശുദ്ധീകരിക്കാൻ പതിനായിരത്തിലധികം രൂപ വിലവരുന്ന മികച്ച എയർ പ്യൂരിഫയറുകൾ ഏതൊക്കെയാണെന്ന് ഇൻ്റർനെറ്റിൽ തിരയുന്നവരും, അതുപോലെ ശ്വസനം സുഗമമാക്കാൻ ഇവയ്ക്ക് ശരിക്കും കഴിയുമോ എന്ന് സംശയിക്കുന്നവരുമുണ്ട്.

ആസ്ത്മ രോഗികൾക്ക് ശ്വസനം എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. അന്തരീക്ഷത്തിൽ പൊടി കൂടുതലുള്ള സാഹചര്യങ്ങൾ, അലർജിയുണ്ടാക്കുന്ന വസ്തുക്കൾ എന്നിവ ഇവരെ വേഗത്തിൽ ബാധിക്കും. ഈ സാഹചര്യത്തിൽ ആശ്വാസം കണ്ടെത്താൻ പലരും ഇത്തരം ഉപകരണങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാൽ, എയർ പ്യൂരിഫയറുകൾക്ക് ആസ്ത്മ പൂർണമായും ഭേദമാക്കാൻ കഴിയുമോ എന്ന ചോദ്യം ഇപ്പോഴും പലരിലും അവശേഷിക്കുന്നുണ്ട്. മുറിക്കുള്ളിൽ വയ്ക്കുന്ന ഈ ചെറിയ യന്ത്രം യഥാർഥത്തിൽ ഗുണം ചെയ്യുമോ അതോ വെറുമൊരു സാമ്പത്തിക നഷ്ടം മാത്രമാണോ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

എന്ത് പറയുന്നു വിദഗ്ധർ

അടുത്ത കാലത്തായി വീടുകളിൽ സർവസാധാരണമായി കാണുന്ന ഒന്നായി എയർ പ്യൂരിഫയറുകൾ മാറിയിട്ടുണ്ട്. പൊടിപടലങ്ങളും അണുക്കളും ഇല്ലാതാക്കി വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇവ സഹായിക്കുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ബെംഗളൂരുവിലെ ആസ്റ്റർ ആർവി ആശുപത്രിയിലെ പൾമണോളജിസ്റ്റ് ആൻഡ് സ്ലീപ്പ് മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. കൗശിക് എൻ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകുന്നുണ്ട്. വീടിനുള്ളിലെ വായുവിൻ്റെ ഗുണനിലവാരം കുറഞ്ഞ ഇടങ്ങളിൽ എയർ പ്യൂരിഫയറുകളുടെ ഉപയോഗം ആസ്ത്മ ചികിത്സയ്ക്ക് വലിയ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

വീടിനുള്ളിലെ പൊടി, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ തുടങ്ങിയവ നീക്കം ചെയ്യാൻ എയർ പ്യൂരിഫയറുകൾക്ക് കഴിയും. എന്നാൽ, വിപണിയിലുള്ള എല്ലാ ഉപകരണങ്ങളും ഒരേപോലെ ഫലപ്രദമല്ല. ഹൈ-എഫിഷ്യൻസി പർട്ടിക്കുലേറ്റ് എയർ (എച്ച്ഇപിഎ) ഫിൽട്ടറുകൾ ഉപയോഗിക്കുന്നവയാണ് ആരോഗ്യവിദഗ്ധർ കൂടുതലായി ശിപാർശ ചെയ്യുന്നത്. നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര ചെറിയ കണങ്ങളെപ്പോലും വലിച്ചെടുക്കാൻ ഇത്തരം ഫിൽട്ടറുകൾക്ക് കഴിയും. ഇവ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആസ്ത്മയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനാൽ പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന ശ്വാസതടസ്സം പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ഇത്തരം ഉപകരണങ്ങൾ ഒരു പരിധി വരെ അന്തരീക്ഷം ശുദ്ധമാക്കി നിലനിർത്താൻ സഹായിക്കും എന്നതിൽ സംശയമില്ല.

മരുന്നുകൾക്ക് പകരം വയ്ക്കാനാകില്ല

എയർ പ്യൂരിഫയറുകൾ നൽകുന്ന ശുദ്ധവായു ആസ്ത്മ രോഗികൾക്ക് വലിയ ആശ്വാസമാണ്. എന്നാൽ അവ ആസ്ത്മയ്ക്കുള്ള പൂർണമായ ഒരു പരിഹാരമല്ല എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ചുറ്റുമുള്ള മോശം വായു മാത്രമല്ല ആസ്ത്മയുടെ അടിസ്ഥാന കാരണം. ശ്വാസകോശനാളികളിൽ ഉണ്ടാകുന്ന വീക്കമാണ് ഇതിൻ്റെ പ്രധാന വില്ലൻ. അലർജിയുണ്ടാക്കുന്ന വസ്തുക്കളോട് ശ്വാസകോശം അമിതമായി പ്രതികരിക്കുന്നതിലൂടെയാണ് വീക്കവും ശ്വാസംമുട്ടലും ഉണ്ടാകുന്നത്. ഇത് ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ഒരു പ്രക്രിയയാണ്.

അതുകൊണ്ട് തന്നെ എയർ പ്യൂരിഫയറുകൾ ആസ്ത്മ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കും എന്ന തെറ്റായ ധാരണ വേണ്ടെന്ന് ഡോ. കൗശിക് ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശനാളികളിലെ വീക്കം എന്ന പ്രധാന പ്രശ്നം പരിഹരിക്കുന്നതിൽ ഇത്തരം ഉപകരണങ്ങൾക്ക് യാതൊരു പങ്കുമില്ല. ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു ശ്വസിച്ചാലും ആസ്ത്മ രോഗിയുടെ യഥാർഥ പ്രശ്നം അവസാനിക്കുന്നില്ല.

ഇവിടെയാണ് ഇൻഹേലറുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ പ്രാധാന്യം. ആസ്ത്മ നിയന്ത്രിക്കുന്നതിൽ മരുന്നുകൾക്ക് തന്നെയാണ് പ്രഥമ പരിഗണന നൽകേണ്ടത്. എയർ പ്യൂരിഫയറുകൾ ചികിത്സയ്ക്ക് ഒരു സഹായം മാത്രമാണ്. അതോടൊപ്പം കൃത്യമായ ഇടവേളകളിൽ വീട് വൃത്തിയാക്കുക, ഈർപ്പം നിയന്ത്രിക്കുക, മുറിക്കുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളും നിർബന്ധമായും ശ്രദ്ധിക്കണമെന്നും ഡോക്ടർ നിർദേശിക്കുന്നു.

ഈ ഫിൽട്ടറുകൾ ഒഴിവാക്കുക

വായു ശുദ്ധീകരിക്കുന്ന എല്ലാ ഉപകരണങ്ങളും ആരോഗ്യത്തിന് അനുയോജ്യമല്ല എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. ഓസോൺ ഉത്പാദിപ്പിക്കുന്നതും അയണൈസിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായ എയർ പ്യൂരിഫയറുകൾ ആസ്ത്മ രോഗികൾ കർശനമായി ഒഴിവാക്കണം. ശ്വാസകോശനാളികളിൽ കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഇവ കാരണമാകുമെന്ന് ഡോ. കൗശിക് വ്യക്തമാക്കുന്നു. അതുകൊണ്ട് പുതിയതായി ഉപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ എച്ച്ഇപിഎ ഫിൽട്ടറുകൾ ഉള്ളവ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രോഗത്തിന് കാരണമാകുന്ന ഘടകങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനും വീടിനുള്ളിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കും. എങ്കിലും ശരിയായ വൈദ്യചികിത്സയ്ക്ക് പകരമാകാൻ ഇതിന് കഴിയില്ല എന്നതാണ് യാഥാർഥ്യം. ആസ്ത്മ രോഗികൾ കൃത്യമായ മരുന്നുകൾ കഴിക്കുന്നതിനൊപ്പം ഇത്തരം സംവിധാനങ്ങൾ കൂടി ഉപയോഗിക്കുന്നത് രോഗശമനത്തിന് വേഗം കൂട്ടാൻ സഹായിക്കും എന്ന കാര്യത്തിൽ തർക്കവുമില്ല. ലോക ആസ്ത്മ ദിനത്തിൽ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Also Read: കേരളത്തിൽ കാൻസർ വ്യാപനം ആശങ്കാജനകം; വർധിച്ചുവരുന്ന രോഗനിരക്കും അതിനൂതന ചികിത്സാ രീതികളുമായി വിദഗ്‌ധർ