ETV Bharat / entertainment

45 മിനിറ്റ് പ്രദർശിപ്പിക്കാം സിനിമയുടെ ഒന്നരമണിക്കൂർ കളയണമെന്ന് സെൻസർ ബോർഡ്; ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികളുമായി വിപിൻ ആറ്റ്ലി

വിപിൻ ആറ്റ്‌ലി തൻ്റെ പുതിയ സിനിമ 'ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ' വിശേഷങ്ങളും സിനിമാക്കാഴ്ചപ്പാടുകളും ഇ ടിവി ഭാരതുമായി പങ്കുവെക്കുന്നു

vipin atley, Antappante Athbudha Pravarthikal
വിപിൻ ആറ്റ്‌ലി (Special Arrangement)
author img

By ETV Bharat Entertainment Team

Published : July 8, 2026 at 4:46 PM IST

14 Min Read
Choose ETV Bharat

അക്കി വിനായക്

മലയാള സിനിമയിൽ എപ്പോഴും വ്യത്യസ്തവും കാലാതീതവുമായ ആശയങ്ങളുമായി എത്തുന്ന ചലച്ചിത്രകാരനാണ് വിപിൻ ആറ്റ്ലി. ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ബെൻ, പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമഡി ചിത്രമായി മാറിയ ഹോംലി മീൽസ്, നിരൂപക പ്രശംസ നേടിയ പൊമ്പള ഒരുമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലി എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ'. ചിത്രത്തിൻ്റെ റിലീസിനോട് അനുബന്ധിച്ച് വിപിൻ ആറ്റ്ലി തൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങളും സിനിമാക്കാഴ്ചപ്പാടുകളും ഇ ടിവി ഭാരതുമായി പങ്കുവെക്കുന്നു.

ഹോംലി മീൽസ് റിലീസ് ചെയ്തിട്ട് വർഷങ്ങളായി. ഇന്നും ആ സിനിമയിലെ തമാശകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. അന്ന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണോ ഇന്ന് ആ ചിത്രത്തിന് ലഭിക്കുന്നത്?

2014-ലാണ് ഹോംലി മീൽസ് പുറത്തിറങ്ങുന്നത്. അന്ന് കേരളത്തിൽ ഇന്നത്തെപ്പോലെ മീഡിയ ഇത്ര ശക്തമല്ല, ചാനൽ ജീവനക്കാരുടെ എണ്ണവും കുറവായിരുന്നു. അതുകൊണ്ടുതന്നെ അതിൽ പറഞ്ഞ പരിഹാസങ്ങളും വിമർശനങ്ങളും അന്ന് പൂർണ അർഥത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞത് സാറ്റലൈറ്റ് ചാനലുകളിൽ ജോലി ചെയ്യുന്ന കുറച്ചുപേർക്ക് മാത്രമായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ, ഇന്ന് എല്ലാ വീടുകളിലും ഒരു യൂട്യൂബ് ചാനലുണ്ട്. ക്യാമറയെക്കുറിച്ചും എഡിറ്റിങ്ങിനെക്കുറിച്ചും ഒക്കെ എല്ലാവർക്കും അറിയാം. അതുകൊണ്ട് അന്ന് ഒരു പ്രത്യേക വിഭാഗത്തിന് മാത്രം മനസ്സിലായ ആ തമാശകൾ ഇന്ന് എല്ലാത്തരം പ്രേക്ഷകർക്കും കൃത്യമായി കണക്ട് ആകുന്നുണ്ട്.

വിപിൻ അറ്റ്‌ലി (ETV Bharat)

പുതിയ ചിത്രമായ 'ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ' എന്ന സിനിമയിലേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് എന്താണ് പ്രതീക്ഷിക്കാനാകുക?

ഹോംലി മീൽസ് ഒരു പ്രത്യേക മേഖലയെക്കുറിച്ചായിരുന്നെങ്കിൽ, ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ ഒരു സാമൂഹിക ജീവിയായ ഏതൊരു മനുഷ്യനും മനസ്സിലാകുന്ന കാര്യങ്ങളാണ് പറയുന്നത്. ഇതിലും സർക്കാസത്തിന് തന്നെയാണ് പ്രാധാന്യം. ക്രിസ്തുമതത്തിൽ പിന്തുടരുന്ന ചില രീതികളെയും വിശ്വാസങ്ങളെയും ഒക്കെ വിമർശനപരമായി, എന്നാൽ ആരെയും വേദനിപ്പിക്കാതെ ഒരല്‍പം ഹാസ്യം കലർത്തിയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് എല്ലാ അർഥത്തിലും ചിന്തിക്കാനും ചിരിക്കാനും വകയൊരുക്കുന്ന ഒരു ചിത്രമായിരിക്കുമിത്.

vipin atley, Antappante Athbudha Pravarthikal
ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ (Special Arrangement)

മതാചാരങ്ങളെയും വിശ്വാസങ്ങളെയും ഹാസ്യാത്മകമായി അവതരിപ്പിക്കുമ്പോൾ അത് ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് കരുതുന്നുണ്ടോ?

ക്രിസ്ത്യാനിറ്റിക്കുള്ളിൽ നിലനിൽക്കുന്ന ചില കാര്യങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു എന്നതുകൊണ്ട് ക്രിസ്ത്യൻ സമൂഹത്തിന് മാത്രം കണക്ട് ആകുന്ന ഒരു ചിത്രമാണ് ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ എന്ന് കരുതേണ്ട. എല്ലാ മതങ്ങളും സൗഹാർദ്ദപരമായി ഇടകലർന്നാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കാര്യങ്ങളൊക്കെ അറിയാമായിരിക്കും. ഒരു മതത്തിനുള്ളിലെ ചില കാര്യങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു എന്നതുകൊണ്ട് ഒരു പ്രൊപ്പഗണ്ട സിനിമയാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യരുത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഒരു പോയിൻ്റിൽ പോലും ദുരുപയോഗം ചെയ്യാതെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തുറന്ന മനസോടെ എൻജോയ് ചെയ്തു ചിരിച്ചു തിയേറ്ററിൽ നിന്നും പ്രേക്ഷകർക്ക് ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ കണ്ടു പുറത്തേക്ക് വരാം.

ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ എന്ന സിനിമയുടെ പശ്ചാത്തലം ഫോർട്ട് കൊച്ചിയാണല്ലോ. ഫോർട്ട് കൊച്ചിയും അവിടുത്തെ മനുഷ്യരും ഈ സിനിമയുടെ കഥാ രൂപീകരണത്തെ എങ്ങനെയാണ് സ്വാധീനിച്ചത്?



കുറച്ചുകാലങ്ങൾക്ക് മുമ്പ് ഞാൻ ഫോർട്ട് കൊച്ചിയെ ആസ്പദമാക്കി ഒരു ചെറുകഥ എഴുതിയിരുന്നു. അവിടെയെല്ലാം ആളുകൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അഭിസംബോധന ചെയ്യുന്നത് വളരെ രസകരമായ ഒരു ശൈലിയിലാണ്. ഒരാളുടെ പേര് ചുരുക്കി വിളിക്കുന്നത് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലയിലെ ആളുകളുടെ ഒരു പ്രധാന ശീലമാണ്. ഇപ്പോൾ മാർട്ടിൻ എന്നൊരാൾ അവിടെ ഉണ്ടെങ്കിൽ അദ്ദേഹത്തെ എല്ലാവരും 'മാർട്ടി മാർട്ടി' എന്നാകും ചുരുക്കി വിളിക്കുക. ആൻ്റണി എന്നൊരാൾ ഉണ്ടെങ്കിൽ അദ്ദേഹത്തെ 'ആൻ്റി' എന്ന് വിളിക്കും.

​അങ്ങനെയിരിക്കെ ആൻ്റണി എന്ന് പറയുന്ന ഈ വ്യക്തി ഒരു സുപ്രഭാതത്തിൽ വന്ന് പറയുകയാണ്; "ഞാൻ യേശുക്രിസ്തു ആണെന്ന്". അത് ഒരുപക്ഷേ അയാളുടെ ഭ്രാന്ത് ആയിരിക്കാം. പക്ഷേ നാട്ടുകാർ എന്താ പറയുക... "ആൻ്റി, ക്രൈസ്റ്റ് ആയി മാറി കേട്ടാ" എന്ന്. അങ്ങനെ ആൻ്റണി 'ആൻ്റി ക്രൈസ്റ്റ്' ആയി മാറുന്നു. പുതിയ കാലഘട്ടത്തിൽ യേശുക്രിസ്തു നമ്മുടെ നാട്ടിലേക്ക് വന്നാൽ എന്ത് സംഭവിക്കും. അദ്ദേഹം കാണാനിരിക്കുന്നതും അനുഭവിച്ചറിയാൻ ഇരിക്കുന്നതുമായ കാര്യങ്ങളെ രസകരമായി നർമത്തിൻ്റെ ആഖ്യാനത്തിൽ പറഞ്ഞു പോകുന്നു. കഥയുടെ രത്നച്ചുരുക്കം വാസ്തവത്തിൽ ഇതാണ്.

ഈ ഒരു കൗതുകകരമായ ചിന്ത എന്ന് മുതലാണ് ഒരു സിനിമയാക്കണം എന്ന ആഗ്രഹത്തിലേക്ക് വഴിമാറുന്നത്?

ഞാൻ ഈ കഥ വിശദമായി എൻ്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞത് "എടാ ഈ പരിപാടി കൊള്ളാമല്ലോ, ഇത് വർക്കാകും" എന്നാണ്. പിന്നീട് പലപ്പോഴും പല സിനിമകളെപ്പറ്റി ചിന്തിക്കുമ്പോഴും ഈ ആൻ്റി ക്രൈസ്റ്റ് കഥ എൻ്റെ ഉള്ളിൽ അങ്ങനെ മിന്നിമറഞ്ഞു പോകുമായിരുന്നു. ഈയൊരു സബ്ജക്ട് സിനിമയാക്കി ചെയ്യാൻ വാസ്തവത്തിൽ എനിക്ക് വല്ലാത്തൊരു കൊതിയും ഉണ്ടായിരുന്നു.

​നമ്മളെ വിശ്വസിക്കുന്ന, ഒപ്പം നിൽക്കുന്ന സുഹൃത്തുക്കൾ എല്ലാം പിന്തുണയ്ക്കുന്ന ഒരു സബ്ജക്ട് സിനിമയാക്കുന്നതിൽ എന്താണ് തെറ്റ്? ഒടുവിൽ സമയവും സാഹചര്യവും എല്ലാം ഒത്തുവന്നപ്പോൾ അതൊരു വലിയ പ്രോജക്ട് ആയി മാറി. ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ ആരംഭിക്കുന്നത് അങ്ങനെയാണ്.

​പക്ഷേ ഒരു കാര്യമുണ്ട്, മേൽപ്പറഞ്ഞ ആ ചെറുകഥ ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ എന്ന സിനിമ സംഭവിക്കാൻ ഉണ്ടായ ഒരു പ്രചോദനം മാത്രമാണ്. സിനിമ തിയേറ്ററുകളിൽ കാണുമ്പോൾ അതിൻ്റെ ആശയവും കഥ പറഞ്ഞുപോകുന്ന രീതിയും ഒക്കെ തികച്ചും വ്യത്യസ്തവും അതിലേറെ സർപ്രൈസുകൾ നിറഞ്ഞതുമാണെന്ന് പ്രേക്ഷകർക്ക് ബോധ്യമാകും.

ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ എന്ന ചിത്രത്തിൻ്റെ പ്രമേയത്തിൽ യേശുക്രിസ്തുവും ക്രിസ്ത്യാനിറ്റിയും കടന്നുവരുന്നതുകൊണ്ടുതന്നെ റിലീസിന് മുമ്പ് വിവാദങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടിരുന്നോ?

യാതൊരു അജണ്ടയുമില്ലാതെ, തികച്ചും ശുദ്ധമായ മനോഭാവത്തോടെ ഏത് വിഷയത്തിൽ സിനിമ ചെയ്യാൻ ശ്രമിച്ചാലും, നമ്മൾ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ കാലത്ത് വിവാദങ്ങൾ ഉണ്ടാകും. അത് എനിക്കും ഉറപ്പായിരുന്നു. ഈ സിനിമയുടെ ആശയത്തിൽ യേശുക്രിസ്തുവും ക്രിസ്ത്യാനിറ്റിയും ഒക്കെ നിറഞ്ഞുനിൽക്കുന്നത് കൊണ്ട് തന്നെ ആരെങ്കിലും എന്തെങ്കിലുമൊക്കെ മുറുമുറുക്കലുകൾ നടത്തുമെന്ന് എനിക്ക് അറിയാമായിരുന്നു. ആദ്യത്തെ പ്രശ്നം ഉണ്ടായത് സെൻസർ ബോർഡിൽ നിന്നാണ്.

vipin atley, Antappante Athbudha Pravarthikal
ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ (Special Arrangement)

സെൻസർ ബോർഡിൽ നിന്ന് എന്ത് പ്രതിസന്ധിയാണ് സിനിമ നേരിട്ടത്?

സിനിമ കണ്ടപ്പോൾ സെൻസർ ബോർഡിലെ അംഗങ്ങൾക്ക് ചിത്രം ഇഷ്ടപ്പെട്ടു. പക്ഷേ, അവർക്ക് സർട്ടിഫിക്കേഷൻ നൽകാൻ സാധിക്കില്ല എന്ന് അറിയിക്കുകയാണ് ഉണ്ടായത്. രണ്ടര മണിക്കൂറാണ് സിനിമയുടെ ആകെ ദൈർഘ്യം. എന്നാൽ അവർ പറഞ്ഞത് വെറും 45 മിനിറ്റിന് മാത്രമേ പ്രദർശന അനുമതി നൽകാൻ സാധിക്കൂ എന്നാണ്. ബാക്കി ഏകദേശം ഒന്നര മണിക്കൂറിലധികം വരുന്ന ഭാഗങ്ങൾ കട്ട് ചെയ്ത് കളയണമെന്ന് ആവശ്യപ്പെട്ടു. ഈ 45 മിനിറ്റ് മാത്രം വച്ച് ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ എന്ത് ചെയ്യാനാണ്?

​കട്ട് ചെയ്ത് കളയേണ്ട സീനുകൾ സെൻസർ ബോർഡ് അംഗങ്ങൾ കൃത്യമായി എഴുതി വച്ചിട്ടുണ്ടായിരുന്നു. ഞാൻ ആ ലിസ്റ്റ് നോക്കുമ്പോൾ, ഞാൻ സിനിമ എഴുതിയതിനേക്കാൾ മനോഹരമായാണ് കട്ട് ചെയ്യേണ്ട സീനുകൾ അവർ പേപ്പറിൽ പകർത്തി വച്ചിരിക്കുന്നത്. ഒട്ടുമിക്ക പ്രധാന ഡയലോഗുകളും കട്ട് ചെയ്ത് കളയേണ്ട ഒരു അവസ്ഥയായിരുന്നു.

എങ്ങനെയാണ് ഈ പ്രതിസന്ധിയെ മറികടന്നത്?

കേരളത്തിൽ നിന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്ന് ഉറപ്പായ തിരിച്ചറിവിലാണ് ഞങ്ങൾ ഉയർന്ന തലത്തിലേക്ക് പോകാൻ തീരുമാനിച്ചത്. തുടർന്ന് സർട്ടിഫിക്കേഷനായി ഞങ്ങൾ മുംബൈയിലെ സെൻസർ ബോർഡിനെ സമീപിച്ചു. അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഏകദേശം ആറുമാസത്തോളം യാതൊരു മറുപടിയും അവിടെനിന്നും ലഭിച്ചില്ല. സെൻസർ പ്രശ്നം കാരണം മാത്രം ഏകദേശം 7 മാസത്തോളമാണ് സിനിമ ഞങ്ങൾക്ക് ഹോൾഡ് ചെയ്യേണ്ടി വന്നത്.

​പക്ഷേ ഞങ്ങൾ പിന്മാറിയില്ല. സിനിമയിൽ കാണിച്ചിരിക്കുന്നതും പറയുന്നതുമായ ഓരോ കാര്യങ്ങളെപ്പറ്റിയും കൃത്യമായ വിശദീകരണ സഹിതം ഞങ്ങൾ സെൻസർ ബോർഡിനെ ബോധിപ്പിച്ചു. ആ കഠിനപ്രയത്നത്തിന് ഒടുവിലാണ് ചിത്രത്തിന് പ്രദർശന അനുമതി ലഭിക്കുന്നത്. എല്ലാ പ്രതിസന്ധികളും നീങ്ങി ചിത്രം ഇതാ ജൂലൈ 17-ന് തിയേറ്ററുകളിൽ എത്തുകയാണ്.


ആൻ്റപ്പൻ്റെ അത്ഭുത പ്രവൃത്തികൾ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ സംവിധായകനായ താങ്കൾ തന്നെ കേന്ദ്ര കഥാപാത്രമായി മാറിയല്ലോ? ഇതൊരു മുൻകൂട്ടി നിശ്ചയിച്ച തീരുമാനമായിരുന്നോ?

തീർച്ചയായിട്ടും, ഒരു ക്രിയേറ്റർ ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ അതിൻ്റെ കേന്ദ്ര കഥാപാത്രം മറ്റൊരു പ്രതിഭയുള്ള നടൻ ചെയ്യണമെന്ന് തന്നെയാണ് എപ്പോഴും കരുതുക. ഈ സിനിമയുടെ ആശയവുമായി ഞാൻ ഇൻഡസ്ട്രിയിലെ നിരവധി പേരെ പോയി കണ്ടിരുന്നു. എന്നാൽ പുതിയ കാലത്ത് തൊട്ടതിനും പിടിച്ചതിനും ഒക്കെ വിവാദങ്ങൾ ആണല്ലോ, അതുകൊണ്ട് തന്നെ ആരെയും കുറ്റം പറയാൻ സാധിക്കില്ല. ഈ സബ്ജക്റ്റുമായി ചെല്ലുമ്പോൾ പല നടന്മാർക്കും വിവാദങ്ങൾ ഉണ്ടായാൽ അത് തങ്ങളുടെ കരിയറിനെ ബാധിക്കുമോ എന്നുള്ള ആശങ്കയുണ്ടായിരുന്നു.

vipin atley, Antappante Athbudha Pravarthikal
ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ (Special Arrangement)

​എന്നിട്ടും മറ്റൊരു അഭിനേതാവിന് വേണ്ടി സിനിമയുടെ ചിത്രീകരണം തുടങ്ങി രണ്ട് ദിവസം വരെ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവിൽ ആരെയും ലഭിക്കില്ല എന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഞാൻ തന്നെ ആ വേഷം ചെയ്യാൻ തീരുമാനിച്ചത്. ഹോംലി മീൽസ് എന്ന എൻ്റെ സിനിമയിലും ഇതുതന്നെയാണ് സംഭവിച്ചത്. അവസാന പ്രതീക്ഷയും പൊലിഞ്ഞപ്പോൾ ഞാൻ കയറി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.


അവാർഡ് സിനിമകളുടെ സംവിധായകൻ എന്ന ലേബലിൽ ഒതുങ്ങിപ്പോയ, ഒരു അണ്ടര്‍റേറ്റഡ് കലാകാരനാണ് താങ്കൾ എന്ന ചർച്ചകളെ എങ്ങനെ നോക്കിക്കാണുന്നു?

അണ്ടര്‍റേറ്റഡ് എന്ന ആ പ്രയോഗത്തെ ഞാൻ നിരാകരിക്കുന്നില്ല. തിയേറ്ററുകളിൽ വലിയ വിജയം നേടുന്ന ഒരു കൊമേഴ്സ്യൽ സിനിമയുടെ ഭാഗമാകുമ്പോഴാണ് ഏതൊരു കലാകാരനെ പറ്റിയും പലപ്പോഴും ഇവിടെ വലിയ ചർച്ചകൾ ഉണ്ടാകാറുള്ളത്. പുരസ്കാരങ്ങൾ ലഭിക്കുന്ന സിനിമകൾക്ക് വലിയ അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഒരുപാട് ലഭിക്കുമെന്നത് ശരിയാണ്. പക്ഷേ ഒരു കൊമേഴ്സ്യൽ സിനിമയ്ക്കാണ് ഒരു കലാകാരനെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും അവരുമായി അടുപ്പിക്കാനും സാധിക്കുന്നത്.

​ഞാൻ എപ്പോഴും ഒരു സംവിധായകൻ ആകണമെന്ന ആഗ്രഹത്തോടെ കൂടി ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ ശ്രമിച്ച ആളാണ്. ബെൻ എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ അതിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. അതിനുശേഷം ഞാൻ എഴുതിവച്ച മ്യൂസിക്കൽ ചെയർ എന്ന സ്ക്രിപ്റ്റ് സിനിമയാക്കണമെന്ന അതിയായ മോഹമുണ്ടായി. ഏകദേശം നാല് വർഷത്തോളമാണ് ഞാൻ ആ സിനിമയുടെ പിന്നാലെ നടന്നത്. ആ നാലുവർഷം എൻ്റെ കരിയറിൽ ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത കാലഘട്ടമാണ്. അത്രയും ആസ്വദിച്ച് ചെയ്ത സിനിമയാണത്. വിവിധ ഫെസ്റ്റിവലുകളിൽ ആ ചിത്രം ഒരുപാട് പുരസ്കാരങ്ങൾ വാരിക്കൂട്ടി. അതിനിടയിലാണ് കൊവിഡ് വരുന്നത്. ആ സമയത്ത് പൊമ്പള ഒരുമൈ എന്നൊരു ചിത്രം ചെയ്തു. അതും ഒരുപാട് നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ അതിനൊരു കൊമേഴ്സിൽ വാല്യൂ കൂടിയുണ്ടെന്ന് തിരിച്ചറിവുണ്ടായി. എല്ലാത്തരം പ്രേക്ഷകർക്കും കണക്ട് ആകുന്ന ഒരു കൊമേഴ്സ്യൽ സിനിമയായി ഈ ചിത്രം ചെയ്യുക. ഹോംലി മീൽസിനു ശേഷം എൻ്റേതായി തിയേറ്ററുകളിൽ മെയിൻ സ്ട്രീം ഫിലിം ആയി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ആൻ്റപ്പൻ്റെ അത്ഭുത പ്രവർത്തികൾ.

ആൻ്റപ്പൻ്റെ അത്ഭുത പ്രവര്‍ത്തികൾ എന്ന സിനിമയുടെ വിഷയം ക്രിസ്ത്യാനിറ്റിക്കുള്ളിലെ കാര്യങ്ങളാണല്ലോ. ഇത്തരം സെൻസിറ്റീവായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വലിയ രീതിയിലുള്ള റിസർച്ച് ആവശ്യമായി വന്നിരുന്നോ?

നമുക്കറിയാവുന്ന ചില കാര്യങ്ങൾ മാത്രം വച്ച് ക്രിസ്ത്യാനിറ്റിക്കുള്ളിലെ വിഷയങ്ങളെ അത്ര പെട്ടെന്ന് ഹാസ്യാത്മകമായി അവതരിപ്പിക്കാൻ സാധിക്കില്ല. സിനിമയ്ക്കുള്ളിൽ തമാശയും കാര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും, കാതലായ ഒരു ആശയം വളരെ സ്ട്രോങ്ങ് ആയിത്തന്നെ ഈ ചിത്രം പറഞ്ഞുപോകുന്നുണ്ട്. ഏതൊരു കാര്യത്തെക്കുറിച്ചും ഒരു അഭിപ്രായം പറയണമെങ്കിൽ നമ്മൾ ആ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിരിക്കണം.

vipin atley, Antappante Athbudha Pravarthikal
ഗോപി സുന്ദറിനൊപ്പം വിപിൻ ആറ്റ്‌ലി (Special Arrangement)

​അതുകൊണ്ടുതന്നെ, ബൈബിൾ കൃത്യമായി സ്വായത്തമാക്കിയ നിരവധി വ്യക്തിത്വങ്ങളോട് ഞാൻ സംസാരിച്ചു. ധാരാളം പുസ്തകങ്ങൾ വായിക്കുകയും റഫർ ചെയ്യുകയും ചെയ്തു. അതിശക്തമായ ഒരു റിസർച്ച് അടിത്തറ ആൻ്റപ്പൻ്റെ അത്ഭുത പ്രവര്‍ത്തികൾ എന്ന ചിത്രത്തിനുണ്ട്. സത്യമേത്, മിഥ്യയേത് എന്നൊക്കെ കൃത്യമായി തിരിച്ചറിഞ്ഞ്, ബോധ്യപ്പെട്ടിട്ടാണ് ഞാൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

താങ്കളെക്കുറിച്ച് ഹൗസ് അറസ്റ്റിലായ സംവിധായകൻ എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട്. എന്താണ് അതിന് പിന്നിലെ സത്യം?

ആ പ്രയോഗം സത്യമാണ്. ഒരു മുറിയിൽ പൂട്ടിയിട്ട് എന്നെക്കൊണ്ട് നിർബന്ധിതമായി തിരക്കഥ എഴുതിപ്പിച്ചത് തന്നെയാണ് ഇവിടം വരെയുള്ള എൻ്റെ സിനിമാ യാത്രയുടെ അടിത്തറ. ഞാൻ കരിയർ ആരംഭിക്കുന്നത് ടെലിവിഷൻ മേഖലയിൽ നിന്നാണ്. അന്ന് നടൻ ജോജു ജോർജ് ചേട്ടനും ആസിഫ് അലിയുമൊക്കെ എൻ്റെ അടുത്ത സുഹൃത്തുക്കളാണ്. ജോജു ചേട്ടൻ അന്ന് ഇന്നത്തെപ്പോലെ വലിയ താരം ആയിട്ടില്ല. ആസിഫ് അലി യേസ് ഇന്ത്യാവിഷനിൽ വർക്ക് ചെയ്യുന്ന സമയമാണ്.

​എൻ്റെ ഉള്ളിലെ കലാകാരൻ്റെ ഏറ്റവും വലിയ പ്രശ്നം മടി തന്നെയാണ്. ഒരു സിനിമയുടെ അടിസ്ഥാന ഘടകം തിരക്കഥയാണല്ലോ. നല്ലൊരു തിരക്കഥയുണ്ടെങ്കിൽ സംവിധാനം കുറച്ചുകൂടി എളുപ്പമാകും. അങ്ങനെയാണ് ഞാൻ എഴുതാൻ തീരുമാനിക്കുന്നത്. സിനിമയിലേക്ക് എത്തിച്ചേരണമെങ്കിൽ ഒന്ന് രണ്ട് തിരക്കഥകൾ ഒക്കെ നമ്മൾ എഴുതി പഠിക്കണമല്ലോ. എന്നാൽ എൻ്റെ മടി കാരണം അത് നീണ്ടുപോയി. ഒടുവിൽ ജോജു ചേട്ടനും ആസിഫും കൂടെ ചേർന്ന് എന്നെ ഒരു മുറിയിൽ പൂട്ടിയിട്ടിട്ട് നിർബന്ധിതമായി എഴുതിക്കുകയായിരുന്നു. അന്ന് അവർ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, മടി കാരണം എൻ്റെ സിനിമാ സ്വപ്നം പിന്നെയും ഒരുപാട് നീണ്ടുപോയേനെ.

​അങ്ങനെ എഴുതി തുടങ്ങിയപ്പോൾ പോലും ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയൊക്കെ എഴുതണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ, പിന്നീട് തിരക്കഥയുടെ ആ ഒരു രസതന്ത്രം എനിക്ക് പിടികിട്ടി.

ഇൻഡസ്ട്രിയിൽ അവസരങ്ങൾക്ക് വേണ്ടി ഒരുപാട് അലയേണ്ടി വന്നിട്ടില്ലാത്ത, ഭാഗ്യമുള്ള ഒരു സംവിധായകനാണോ താങ്കൾ?

വളരെ ലളിതമായി, കഠിനാധ്വാനത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന ആളാണ് ഞാൻ. അവസരങ്ങൾക്ക് വേണ്ടി എനിക്ക് ഒരുപാട് അലയേണ്ടി വന്നിട്ടില്ല എന്ന് പറയാൻ കാരണം, അത്യാവശ്യം നല്ല പിന്തുണകൾ സിനിമ ഫീൽഡിൽ നിന്ന് എനിക്ക് തുടക്കം മുതലേ ലഭിച്ചിരുന്നു എന്നത് കൊണ്ടാണ്. ഒരു ആശയം നമ്മൾ മുന്നോട്ട് വയ്ക്കുമ്പോൾ, ആ സിനിമ പിന്നീട് നടന്നോ ഇല്ലയോ എന്ന് നോക്കാതെ നമ്മളെ പിന്തുണയ്ക്കാൻ നല്ല പ്രൊഡക്ഷൻ കമ്പനികളും സഹപ്രവർത്തകരും ഒക്കെ കൂടെയുണ്ടായിരുന്നു. അത് വലിയൊരു ഭാഗ്യം തന്നെയാണ്.

vipin atley, Antappante Athbudha Pravarthikal
മമ്മൂട്ടിക്കൊപ്പം വിപിൻ ആറ്റ്‌ലി (Special Arrangement)

താങ്കളുടെ കരിയറിലെ ലാൻഡ്മാർക്ക് ചിത്രമായ ഹോംലി മീൽസ് റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകളിൽ വലിയ ചലനം ഉണ്ടാക്കിയില്ലല്ലോ. അന്നത്തെ ആ മാനസികാവസ്ഥ എങ്ങനെയായിരുന്നു?

ഹോംലി മീൽസ് തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ പ്രേക്ഷകരിൽ നിന്ന് വലിയ റെസ്പോൺസ് ഒന്നും ലഭിച്ചിരുന്നില്ല. അത്രയും കഷ്ടപ്പെട്ട് ഒരു സിനിമ ചെയ്ത് തിയേറ്ററിൽ എത്തിച്ചിട്ടും ആരും അത് ശ്രദ്ധിക്കുന്നില്ല എന്നത് വലിയ നിരാശയുണ്ടാക്കിയ കാര്യമാണ്. പക്ഷേ സിനിമ അങ്ങനെയാണ്, വിജയവും പരാജയവും നമ്മൾ ഒരുപോലെ ഉൾക്കൊള്ളാൻ പഠിക്കണം. പ്രേക്ഷകർ ശ്രദ്ധിക്കുന്നില്ലെങ്കിൽ തെറ്റ് നമ്മുടെ ഭാഗത്താകാം എന്ന യാഥാർഥ്യം ഉൾക്കൊണ്ട് ഞാൻ അടുത്ത സിനിമയുടെ ജോലികൾ ആരംഭിച്ചു.

​ബെൻ എന്ന സിനിമയാണ് പിന്നീട് ചെയ്യുന്നത്. ആ സിനിമയുടെ ജോലികൾ ആരംഭിക്കുന്ന സമയത്താണ് ഹോംലി മീൽസിൻ്റെ ഡിവിഡി റിലീസ് ചെയ്യുന്നത്. അതിനുശേഷം ലഭിച്ച റെസ്പോൺസ് ശരിക്കും അത്ഭുതകരമായിരുന്നു.

ഡിവിഡി റിലീസിന് ശേഷം ഹോംലി മീൽസ് ഒരു കൾട്ട് ക്ലാസിക് ആയി മാറിയല്ലോ. ആ ഒരു വൈകിയെത്തിയ വിജയം എങ്ങനെയാണ് അനുഭവിച്ചത്?

ഡിവിഡി വന്നതോടെ എല്ലാവരും വിളിച്ച് അതൊരു നല്ല സിനിമയാണെന്ന് പറയാൻ തുടങ്ങി. ചിത്രത്തിലെ തമാശകൾ ആളുകളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി. പ്രത്യേകിച്ച് ടെലിവിഷൻ, സാറ്റലൈറ്റ് ചാനലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വളരെയധികം കണക്ട് ചെയ്യുന്ന ചിത്രമായിരുന്നു അത്. അവർ പരസ്പരം തമാശകൾ ഉണ്ടാക്കാൻ പോലും ഈ സിനിമയിലെ സീനുകൾ ഉപയോഗിക്കാൻ തുടങ്ങി.

vipin atley, Antappante Athbudha Pravarthikal
വിപിൻ ആറ്റ്‌ലി (Special Arrangement)

​പക്ഷേ, സത്യം പറഞ്ഞാൽ ഹോംലി മീൽസിൻ്റെ ആ വൈകിയെത്തിയ വിജയം ഞങ്ങൾക്ക് ആഘോഷിക്കാൻ സാധിച്ചില്ല. കാരണം, സിനിമ വലിയ വിജയമായി പ്രേക്ഷകർ ഏറ്റെടുത്ത സമയത്ത് ഞങ്ങൾ ഹോംലി മീൽസ് എന്ന സിനിമയിൽ നിന്ന് ഒരുപാട് അകന്നു പോയിരുന്നു. ഞങ്ങൾ അപ്പോഴേക്കും ബെൻ എന്ന സിനിമയുടെ ചിത്രീകരണവുമായി വളരെയധികം അറ്റാച്ച്ഡ് ആയിക്കഴിഞ്ഞിരുന്നു.

റിലീസ് ചെയ്ത് പത്തു പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഹോംലി മീൽസ് ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു ക്രിയേറ്റർ എന്ന നിലയിൽ അതിനെ എങ്ങനെ കാണുന്നു?

അതൊരു വലിയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. ഇന്നും ഇൻസ്റ്റാഗ്രാമിലൂടെ വെറുതെ വിരലോടിച്ചാൽ ഹോംലി മീൽസിൻ്റെ തമാശ രംഗങ്ങളുടെ റീൽസുകൾ കടന്നുവരും. പത്തു വർഷം മുമ്പ് ഇവിടെ എത്രയൊക്കെ സിനിമകൾ റിലീസ് ചെയ്തു, പക്ഷേ ഇത്രയും കാലം കഴിഞ്ഞിട്ടും ഇന്നും ആ സിനിമയിലെ തമാശകൾ പ്രേക്ഷകർ ഓർത്തു വെക്കുന്നുണ്ടെങ്കിൽ, ആ സിനിമ ഇപ്പോഴും ജീവസ്സുറ്റതായി നിൽക്കുന്നുണ്ടെങ്കിൽ അത് വലിയൊരു അംഗീകാരം തന്നെയാണ്.

ഹോംലി മീൽസിൽ മനോജ് കെ. ജയൻ അവതരിപ്പിച്ച ചാനൽ ഹെഡിനെ പറ്റിക്കുന്ന വിൻഡോസ് മീഡിയ പ്ലെയർ കോമഡി എങ്ങനെയാണ് ഉണ്ടായത്?


ആ സിനിമയിലെ പല ഡയലോഗുകളും എൻ്റെ നിത്യജീവിതത്തിൽ നിന്ന് നേരിട്ട് കടം കൊണ്ടിട്ടുള്ളതാണ്. സിനിമയിൽ എത്തുന്നതിനു മുൻപ് ജീവിക്കാനായി നമ്മൾ പല ജോലികളും ചെയ്യുമല്ലോ. 2007 കാലഘട്ടത്തിൽ ഞാൻ സ്വതന്ത്രമായി പരസ്യചിത്രങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു. അങ്ങനെ ഒരു പരസ്യത്തിൻ്റെ ആവശ്യത്തിനായി ഒരു ക്ലൈൻ്റിനെ കാണാൻ ഞാനും സുഹൃത്ത് രതീഷ് ശങ്കരപ്പിള്ളയും കൂടി പോയി. എന്നാൽ ഞങ്ങൾ ആവശ്യപ്പെട്ട ബഡ്ജറ്റ് തരാൻ ആ ക്ലൈൻ്റ് ഒരു വിധത്തിലും തയാറായില്ല.

​ഈ പ്രോജക്ട് ഇനി നമുക്ക് കിട്ടില്ല എന്ന് ഉറപ്പായപ്പോൾ, ഞാൻ പുള്ളിയോട് തമാശ രൂപത്തിൽ പറഞ്ഞു. "സർ, സാറ് പറയുന്ന ബഡ്ജറ്റിൽ ഈ പരസ്യം ചെയ്യാൻ സാധിക്കില്ല. കാരണം ഇതിനായി വിൻഡോസ് മീഡിയ പ്ലെയർ പുറത്തുനിന്ന് കൊണ്ടുവരണം. മിനിമം രണ്ട് സ്പേസ് ബാർ എങ്കിലും റെൻ്റിന് എടുക്കേണ്ടി വരും..." പുള്ളി ഇതെല്ലാം വളരെ ഗൗരവത്തോടെയാണ് കേട്ടുകൊണ്ടിരുന്നത്. കൂടെയുണ്ടായിരുന്ന രതീഷിന് അപകടം മണത്തു, ഏതുനിമിഷവും ഞങ്ങളെ ചവിട്ടി പുറത്താക്കും എന്നാണ് അവൻ കരുതിയത്. ഞാൻ ഈ പറയുന്ന വിഡ്ഢിത്തരങ്ങൾ കേട്ട് അവൻ അന്തംവിട്ടിരിക്കുകയായിരുന്നു.

​പക്ഷേ, ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ക്ലൈൻ്റ് മറുപടി പറഞ്ഞു,"മിസ്റ്റർ, വിൻഡോസ് മീഡിയ പ്ലെയർ പുറത്തുനിന്ന് കൊണ്ടുവരുന്നതിന് 6 ലക്ഷം രൂപയെങ്കിലും ആകും എന്നാണ് എൻ്റെ അറിവ്. അതുകൊണ്ട് ഞാൻ ഈ ബഡ്ജറ്റ് അപ്പ്രൂവ് ചെയ്യുന്നു." ഞങ്ങൾ രണ്ടുപേർക്കും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. അവിടുന്ന് പുറത്തിറങ്ങി ഞങ്ങൾ പൊട്ടിച്ചിരിച്ചു. ആ യഥാർഥ അനുഭവം അതേപടി പകർത്തിയതാണ് ഹോംലി മീൽസിലെ ആ വിൻഡോസ് മീഡിയ പ്ലെയർ കോമഡി.

ജീവിതത്തിലെ ഇത്തരം തമാശകൾ സിനിമയിലേക്ക് മാറ്റുമ്പോൾ എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?


ജീവിതത്തിൽ നമ്മളെ ചിരിപ്പിച്ച ഒരുപാട് തമാശകൾ വെറുതെ സിനിമയിൽ ഉൾപ്പെടുത്തിയാൽ പ്രേക്ഷകർക്ക് ചിരി കിട്ടണമെന്നില്ല. സിനിമയുടെ സീനിനും കഥയുടെ സാഹചര്യങ്ങൾക്കും അനുസരിച്ച് വേണം ഈ അനുഭവങ്ങൾ കൃത്യമായി പ്ലേസ് ചെയ്യാൻ. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ ഒരു തമാശ കൊടുത്തേക്കാം എന്ന് കരുതി ചെയ്താൽ എല്ലാം പാളിപ്പോകും.


നട്ടപാതിരാത്രി 2 മണിക്ക് ബാബു ആൻ്റണിയുടെ വീട്ടിൽ ചെന്ന് ചോദിക്കുന്ന ചില ചോദ്യങ്ങൾ ഹോംലി മീൽസിലുണ്ട്. അത്തരം റെയർ ക്വസ്റ്റ്യൻസ് എങ്ങനെയാണ് സിനിമയുടെ ഭാഗമായത്?


പണ്ട് സിനിമകൾ ഒന്നുവിടാതെ കാണുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. സിനിമകളുടെ ഒരു എൻസൈക്ലോപീഡിയ എന്ന് വേണമെങ്കിൽ എന്നെ വിശേഷിപ്പിക്കാം. സിനിമകൾ കണ്ടു കഴിയുമ്പോൾ ചില കൗതുകകരമായ ചോദ്യങ്ങൾ എൻ്റെ ഉള്ളിൽ ഉണ്ടാകുമായിരുന്നു. "ഷക്കീല കരയുന്ന സിനിമ ഏതാണ്?", "ബാബു ആൻ്റണി ഡാൻസ് കളിക്കുന്ന ചിത്രം ഏതാണ്?" ഇതൊക്കെ സ്വാഭാവികമായി എൻ്റെ ഉള്ളിൽ പണ്ട് ഉണ്ടായ ചോദ്യങ്ങളാണ്. ഇവയെല്ലാം റെയർ ക്വസ്റ്റ്യൻസ് എന്ന തമാശ രൂപത്തിൽ സിനിമയുടെ കഥാ സാഹചര്യത്തിൽ കൃത്യമായി ഞാൻ ഇമ്പ്ലിമെൻ്റ് ചെയ്യുകയായിരുന്നു.

​അങ്ങനെയാണ്, ബാബു ആൻ്റണി ചേട്ടൻ ഡാൻസ് കളിക്കുന്ന സിനിമ ഏതാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കാം എന്ന് തീരുമാനിക്കുന്നത്. നട്ടപ്പാതിരാത്രി രണ്ടുമണിക്ക് പുള്ളിയുടെ വീട്ടിൽ ചെന്നിട്ട്, കഥാപാത്രങ്ങൾ അദ്ദേഹത്തോട് തന്നെ ഈ ചോദ്യം ചോദിക്കുന്ന തരത്തിൽ ഒരു സീൻ എഴുതി.

ആ ഒരു സീൻ ചെയ്യാൻ അദ്ദേഹം സമ്മതിച്ചു എന്നുള്ളത് അദ്ദേഹത്തിൻ്റെ വലിയ മനസ്സാണ്. ഒരുപക്ഷേ, മലയാള സിനിമയിൽ സെൽഫ് ട്രോൾ ചെയ്യുന്ന പുതിയ കാലഘട്ടത്തിൻ്റെ ട്രെൻഡിന് തുടക്കം കുറിച്ചത് അവിടെയാണ്. ചിറകൊടിഞ്ഞ കിനാവുകൾ ഒക്കെ റിലീസ് ആകുന്നത് അതിനുശേഷമാണ് എന്നാണ് എൻ്റെ വിശ്വാസം. (തീർച്ചയായും ഇതിൽ ശ്രീനിവാസൻ സാറിൻ്റെ കാര്യം ഒരല്പം മാറ്റി നിർത്തിക്കോളൂ).

​ആ സീനിൽ, "മറ്റേ പടത്തിൽ ഞാൻ രണ്ട് സ്റ്റെപ്പ് ഇടുന്നുണ്ട്.. പക്ഷേ അതിനെ ഡാൻസ് ആയി കണക്കാക്കാൻ സാധിക്കില്ല. ആ, ഞാൻ ഡാൻസ് കളിക്കുന്നത് ചന്തയിലാണ്" എന്ന ഡയലോഗ് ഒരു മടിയും കൂടാതെയാണ് ബാബു ആൻ്റണി ചേട്ടൻ പറഞ്ഞത്. സാധാരണ ഒരു നടനും അത്ര പെട്ടെന്ന് അങ്ങനെ പറയില്ല.

vipin atley, Antappante Athbudha Pravarthikal
വിപിൻ ആറ്റ്‌ലി (Special Arrangement)

പുതിയ ചിത്രമായ ആൻ്റപ്പൻ്റെ അത്ഭുത പ്രവര്‍ത്തികൾ എന്ന സിനിമയെക്കുറിച്ച് പ്രേക്ഷകർക്ക് നൽകാനുള്ള സന്ദേശം എന്താണ്?

ആൻ്റപ്പൻ്റെ അത്ഭുത പ്രവര്‍ത്തികൾ പ്രേക്ഷകർക്ക് പൂർണമായും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിൻ്റെ പേരിൽ ഉണ്ടാകുന്ന വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്ന് ആദ്യമേ പറയട്ടെ. തിയേറ്ററിലിരുന്ന് എൻജോയ് ചെയ്ത്, ആസ്വദിച്ച് പൊട്ടിച്ചിരിച്ച് കാണാൻ പറ്റുന്ന ഒരു ചിത്രമാണിത്. അതിനൊപ്പം തന്നെ വളരെ അർഥവത്തായ ഒരു ആശയവും സിനിമ ചർച്ച ചെയ്യുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ഇതൊരു നല്ല അനുഭവമായിരിക്കും.