വിജയ്‌യുടെ ജന നായകന് അപ്രതീക്ഷിത തിരിച്ചടി; അവസാന നിമിഷം സ്ക്രീനിങ് റദ്ദാക്കി റിവൈസിങ് കമ്മിറ്റി, റിലീസ് വീണ്ടും പ്രതിസന്ധിയില്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിർമാതാക്കളുടെ ശ്രമം

By ETV Bharat Entertainment Team
Published : March 9, 2026 at 5:25 PM IST
വിജയ് പ്രധാന വേഷത്തിലെത്തുന്ന ജന നായകന് വീണ്ടും തിരിച്ചടി. സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രശ്‌നങ്ങള്‍ കാരണം പ്രതിസന്ധിയിലായ സിനിമയ്ക്കാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്.
ചിത്രത്തിന്റെ റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് വൈകുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. എച്ച് വിനോദ് സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രം ഇന്ന് (മാര്‍ച്ച് 9) ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് റിവൈസിങ് കമ്മിറ്റി ചിത്രം കാണാനിരുന്നത്. എന്നാൽ, കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് പെട്ടെന്ന് അസുഖം ബാധിച്ചതിനെത്തുടർന്ന് അവസാന നിമിഷം സ്ക്രീനിങ് റദ്ദാക്കുകയായിരുന്നു. ഇനി സ്ക്രീനിങ് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
ജനുവരി 9 ന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. എന്നാല്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടു കൂടി സിനിമയുടെ റിലീസും മാറ്റി വയ്‌ക്കേണ്ടി വന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും സിനിമ സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ സമര്‍പ്പിച്ചെങ്കിലും വീണ്ടും പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് വിടുകയായിരുന്നു. ഇതോടെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു. അന്തിമ വിധി വരാത്തതിനാല്‍ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്‌തു.
വിധി നീണ്ടു പോയതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. വീണ്ടും റിവൈസിങ് കമ്മിറ്റി വഴി സെൻസർ സർട്ടിഫിക്കറ്റ് നേടാൻ നിർമാതാക്കൾ ശ്രമിക്കുകയായിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു നിർമാതാക്കളുടെ ശ്രമം. എന്നാല്‍ റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് റദ്ദാക്കിയതോടെ വീണ്ടും റിലീസ് പ്രതിസന്ധിയിലായി.
മാർച്ച് പകുതിയോടെ തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ, വിജയ് രാഷ്ട്രീയ പാർട്ടി (ടിവികെ) രൂപീകരിച്ച സാഹചര്യത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കാട്ടി സിനിമയുടെ പ്രദർശനം തടസപ്പെട്ടേക്കാം. ഇതുമുന്നിൽ കണ്ടാണ് ദ്രുത ഗതിയിലുള്ള നിർമാതാക്കളുടെ നീക്കങ്ങൾ.
വിജയ്‌ക്ക് പുറമേ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് 'ജന നായകനി'ൽ പ്രധാന വേഷത്തിലെത്തുന്നത്.
വെങ്കട്ട് കെ. നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം ഇത്തരം കാര്യങ്ങൾ താൻ പ്രതീക്ഷിച്ചതാണെന്നും രാഷ്ട്രീയ പ്രവേശനത്തിന്‍റെ പേരിൽ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും സിനിമയെ ലക്ഷ്യമിട്ടേക്കാമെന്ന് കരുതിയിരുന്നുവെന്നും വിജയ് പറഞ്ഞു. അതുകൊണ്ടു തന്നെ ഇതിനായി താന്‍ മാനസികമായി തയാറെടുത്തിരുന്നുവെന്നും വിജയ് വ്യക്തമാക്കി. എന്നാല്‍ ജന നായകന്‍ സിനിമയ്ക്ക് ഇത്രയും കാലതാമസം നേരിടുന്നത് ഏറ്റവും കൂടുതല്‍ ബാധിച്ചത് നിര്‍മാതാവിനെയാണെന്നും അതോര്‍ക്കുമ്പോള്‍ തനിക്ക് വിഷമമുണ്ടെന്നും വിജയ് നേരത്തെ പറഞ്ഞിരുന്നു.
Also Read:എന്തൊരു മനോഹരമാണ്…. മോഹന്‍ലാലിന്‍റെ കൈ ചേര്‍ത്തു പിടിച്ച് പാട്ടു പാടി സുചിത്ര; ഏറ്റെടുത്ത് ആരാധകര്‍

