'കാലുകള്‍ തളരുന്നത് വരെ നൃത്തം ചെയ്‌തു'! പ്രണയ സിനിമയേക്കാള്‍ മനോഹരം; രശ്‌മിക- വിജയ് സംഗീത് നൈറ്റ് ചിത്രങ്ങള്‍
ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ രാത്രിയെന്നാണ് രശ്‌മിക സംഗീത് നൈറ്റിനെ വിശേഷിപ്പിച്ചത്.

By ETV Bharat Entertainment Team
Published : March 3, 2026 at 4:18 PM IST
തെന്നിന്ത്യ ഒന്നാകെ കാത്തിരുന്ന വിവാഹമായിരുന്നു നടന്‍ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെതും. അടുത്തിടെ ഇത്രയും ആവേശത്തോടെ കാത്തിരുന്ന മറ്റൊരു വിവാഹമുണ്ടാവില്ല. ഇരുവരും തമ്മില്‍ ദീര്‍ഘനാളത്തെ പ്രണയമായിരുന്നുവെങ്കിലും ഒരിടത്തും ഔദ്യോഗികമായി അക്കാര്യത്തെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ അത്രയേറെ ആകാംക്ഷയോടെയാണ് ഈ താരവിവാഹത്തെ ആരാധകര്‍ ഏറ്റെടുത്തത്.
വലിയ സുരക്ഷാ വലയത്തില്‍ രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് വിവാഹം നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോഴിതാ ഉദയ്പൂരില്‍ നടന്ന സംഗീത് നൈറ്റിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിജയ് ദേവരകൊണ്ടയും രശ്‌മികയും ചിത്രങ്ങള്‍ പങ്കുവച്ചു.
പുഞ്ചിരി, വികാരങ്ങള്‍, ആശ്ചര്യം എന്നിവ നിറഞ്ഞ ഒരു സായാഹ്നമായിരുന്നു ആ സംഗീത പാര്‍ട്ടിയെന്ന് വിജയ് ദേവരകൊണ്ട പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ഫെബ്രുവരി 24 നായിരുന്നു ഇരുവരുടെയും സംഗീത വിരുന്ന്. പ്രശസ്‌ത സെലിബ്രിറ്റി ഡിസൈനര്‍ ഫാല്‍ഗുനി ഷെയ്‌ന്‍ പീക്കോസ് ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങള്‍ ധരിച്ചാണ് ഇരുതാരങ്ങളും എത്തിയത്.
"ഞങ്ങളുടെ സംഗീത് രാത്രി ആ രാത്രിയെ എങ്ങനെ വിശേഷിപ്പിക്കണം, ചിരിച്ച് ചിരിച്ച് കണ്ണു നിറഞ്ഞും കാലുകള്‍ തളരുവോളം നൃത്തം ചെയ്തും ആഘോഷിച്ച സുന്ദരയാമം. പ്രിയപ്പെട്ടവരുടെ ഓരോ വാക്കുകളും സര്‍പ്രൈസുകളും കേള്‍ക്കുമ്പോള്‍ വികാരങ്ങള്‍ അടുക്കിപിടിക്കാന്‍ ശ്രമിച്ചിട്ടും അറിയാതെ കണ്ണ് നിറഞ്ഞൊഴുകിയ നിമിഷങ്ങള്‍. അത്രമേല്‍ പ്രിയപ്പെട്ടവരുടെ മനുഷ്യര്‍ക്കിടയില്‍ സന്തോഷം മാത്രം നിറഞ്ഞ ഒരു വലിയ കൂടിച്ചേരലായിരുന്നു അത്", വിജയ് ദേവരകൊണ്ട കുറിച്ചു.
രശ്‌മികയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഒരേ വീഡിയോയോടെയാണ് ആരംഭിച്ചത്. ഒരു സിനിമയിലെ രംഗമെന്നത് പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇരുവരും പങ്കുവച്ചത്. ഇരുവരും നൃത്തം ചെയ്യുന്നതും പ്രണയാതുരരായ് നില്‍ക്കുന്നതുമൊക്കെയുള്ള ഒട്ടേറെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
സ്നേഹം, ആനന്ദക്കണ്ണീര്‍, പുഞ്ചിരി, സംഗീതം, പാട്ട് എന്നിവയാല്‍ നിറഞ്ഞൊരു രാത്രി എന്നാണ് അന്നത്തെ സംഗീത നൈറ്റിനെ രശ്‌മിക വിശേഷിപ്പിച്ചത്.
അതേസമയം മാര്‍ച്ച നാലിന് ഹൈദരാബാദിലെ ബഞ്ചാരഹില്‍സില്‍ വിവാഹ റിസപ്‌ഷന്‍ ഒരുക്കിയിട്ടുണ്ട്. സിനിമാ-രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഫെബ്രുവരി 26 നായിരുന്നു ഇരുവരുടെയും വിവാഹം. തെലുഗു ആചാരപ്രകാരവും കൊടുവ ആചാര പ്രകാരവും വിവാഹം നടന്നു. ഇതിന് ശേഷം ഉദയ് പൂരില്‍ നിന്ന് നവദമ്പതികള്‍ വിജയ്‌യുടെ ജന്മനാടായ തുമ്മന്‍പേട്ടിലേക്ക് പോയി.
വിവാഹ ശേഷം വീട്ടിലെത്തിയ താരദമ്പതികള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുമെന്ന പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ദേവരകൊണ്ട ചാരിറ്റബിള്‍ ട്രസ്റ്റിന് വഴി 44 സര്‍ക്കാര്‍ സ്‌കൂളിലെ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. സാമ്പത്തിക ബാധ്യത നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുകയും അവരുടെ പഠനം തുടരാന്‍ സഹായിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം. അതോടൊപ്പം ഗ്രാമത്തിന്‍റെ പുരോഗതിക്കായി താനും കുടുംബവും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വിജയ് പറഞ്ഞു.
സെപ്‌റ്റംബറില്‍ റിലീസ് ചെയ്യുന്ന രണബാലിയാണ് ഇരുവരുടെയും അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഡിയര്‍ കോമ്രേഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിലാണ് ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചെത്തിയത്.

