ETV Bharat / entertainment

നിഗൂഢതകൾക്ക് നടുവിൽ ഷെല്ലി; പനോരമ സ്റ്റുഡിയോസിൻ്റെ 'ഉന്‍മാദം' ജൂലൈ 31 ന്

കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നതെന്ന് അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള സൂചന

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Entertainment Team

Published : July 8, 2026 at 12:42 PM IST

2 Min Read
Choose ETV Bharat

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉന്‍മാദം'. ചിത്രം ജൂലൈ 31-ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ റിലീസ് തീയതിയും കഥാപാത്രങ്ങളുടെ കൂടുതൽ വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ​പ്രശസ്ത എഡിറ്റർ കിരൺ ദാസ് മുരളി ആദ്യമായി സംവിധായകൻ്റെ തൊപ്പിപ്പണിയുന്ന ചിത്രമെന്ന പ്രത്യേകതയും 'ഉന്‍മാദ'ത്തിനുണ്ട്. 'ഇഷ്‌ക്' എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചയാളാണ്. സംവിധാനത്തിനൊപ്പം ചിത്രത്തിൻ്റെ എഡിറ്റിങ്ങും കിരൺ തന്നെയാണ് നിർവഹിക്കുന്നത്. പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഉന്‍മാദം.

കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നതെന്ന് അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള സൂചന. അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് ഷെല്ലിയുടെ കഥാപാത്രം പുനരന്വേഷിക്കാൻ തയാറാകുന്നു. അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകൾ വർധിക്കുകയാണ്. ത്രില്ലറും ആകാംക്ഷയും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന തരത്തിലാണ് സിനിമയുടെ ഇതിവൃത്തം.

ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം. ദൃശ്യം മൂന്നിന് ശേഷം പനോരമ സ്റ്റുഡിയോസിൻ്റേതായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. മലയാളത്തിൽ തുടർച്ചയായി വമ്പൻ പ്രോജക്ടുകൾക്ക് പിന്തുണയായി പനോരമ സ്റ്റുഡിയോസ് കടന്നുവന്നുകഴിഞ്ഞു. ജൂലൈ അവസാനത്തോടെ തിയേറ്ററുകളിൽ വലിയൊരു സിനിമാവിരുന്ന് തന്നെയാകും 'ഉന്‍മാദം' സമ്മാനിക്കുകയെന്നാണ് അണിയറ പ്രവർത്തകരിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്

കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് . റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. സംഗീതം മുജീബ് മജീദ്. ഛായാഗ്രഹണം: അർജുൻ സേതു, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പിആർഒ: ആതിര ദിൽജിത്ത്.