ETV Bharat / entertainment

ആരാധകരുടെ കാത്തിരിപ്പ്! വിജയ് ചിത്രം ജന നായകന്‍ ജൂണില്‍? ടിക്കറ്റ് ബുക്കിംഗ് ആപ്പുകള്‍ റിലീസ് തിയതി എത്തി

വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ജന നായകന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നീണ്ടുപോയത്.

JANA NAYAGAN MOVIE  JANA NAYAGAN RELEASE  TAMIL CINEMA  THALAPATHY VIJAY
Jananagan (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : May 25, 2026 at 4:18 PM IST

2 Min Read
Choose ETV Bharat

മിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായി എത്തുന്ന ജന നായകന്‍ റിലീസിന് തയാറെടുക്കുന്നതായി വിവരം. വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന ജന നായകന്‍ ജൂണ്‍ 19 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി ലഭിക്കാതായതോടെയാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്. എന്നാല്‍ ചില ടിക്കറ്റ് ബുക്കിങ് ആപ്പുകളില്‍ ചിത്രത്തിന്‍റെ റിലീസ് തിയതി അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. അതേസമയം ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് നിര്‍മാതാക്കളില്‍ നിന്നോ കോടതിയില്‍ നിന്നോ സെന്‍സര്‍ ബോര്‍ഡില്‍ നിന്നോ ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് 'ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ', 'ബുക്ക് മൈ ഷോ' എന്നീ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ ജന നായകന്‍റെ റിലീസ് തീയതി ജൂൺ 19 ആയി അപ്‌ഡേറ്റ് ചെയ്‌തത് സിനിമാ പ്രേമികളുടെ കണ്ണില്‍പ്പെട്ടു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ അതിവേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്‌തു. ഇതോടെ വിജയ് ചിത്രം തിയേറ്ററുകളില്‍ എത്തുകയാണോ എന്ന ചര്‍ച്ചകകള്‍ക്ക് ചൂടുപിടിക്കുകയും ചെയ്‌തു.

ജൂൺ 22-ന് വിജയ്ക്ക് 52 വയസ്സ് തികയുന്നതിന് മുൻപ് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നതെന്നാണ് വിവരം. അതേസമയം ഒന്നും അന്തിമമായിട്ടില്ലെന്നും ജന നായകന്‍റെ സെന്‍സറിംഗ് പ്രക്രിയ പൂര്‍ത്തിയായ ശേഷമോ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞതായും വിവരമുണ്ട്.

നേരത്തെ ജന നായകന്‍ ഈ വര്‍ഷം ജനുവരി 9 ന് പൊങ്കലിനോടനുബന്ധിച്ച് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിക്കാതായതോടെ ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോകുകയും ചെയ്‌തു.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും സിനിമ സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ സമര്‍പ്പിച്ചെങ്കിലും വീണ്ടും പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് വിടുകയായിരുന്നു. ഇതോടെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു. അന്തിമ വിധി വരാത്തതിനാല്‍ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്‌തു.

വിധി നീണ്ടു പോയതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. വീണ്ടും റിവൈസിങ് കമ്മിറ്റി വഴി സെൻസർ സർട്ടിഫിക്കറ്റ് നേടാൻ നിർമാതാക്കൾ ശ്രമിക്കുകയായിരുന്നു.

വിജയ്‌ക്ക് പുറമേ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് 'ജന നായകനി'ൽ പ്രധാന വേഷത്തിലെത്തുന്നത്.

വെങ്കട്ട് കെ. നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

ഇതിനിടെ എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ജന നായകന്‍ ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നത് വലിയ വിവാദമായിരുന്നു. വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ഈ ചിത്രത്തിന്‍റെ സുപ്രധാന ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ ഇന്‍റര്‍നെറ്റില്‍ ലീക്കായത്. സിനിമാ രംഗത്ത് നിരവധി പേരാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ചിത്രത്തിന്‍റെ മൂന്നുമണിക്കൂർ ദൈർഘ്യമുള്ള മുഴുവൻ ഭാഗങ്ങളും ലീക്കായി എന്ന വിവരമാണ് പുറത്തു വന്നിരുന്നത്. തെന്നിന്ത്യൻ ചലച്ചിത്രലോകം ഒന്നടങ്കം ജന നായകൻ സിനിമയുടെ പതിപ്പ് പുറത്തുവന്നതിനെ അപലപിച്ചു. കമൽഹാസൻ, ശിവ കാർത്തികേയൻ, സൂര്യ, വിശാൽ തുടങ്ങിയവർ ജന നായകന് പിന്തുണയുമായി മുന്നിട്ടെത്തി. ഹൃദയം തകർന്ന വേദനയുണ്ടാകുന്നു എന്നാണ് സംവിധായകൻ എച്ച് വിനോദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Read More:

1. ലുക്ക് അതിമനോഹരം! കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഐശ്വര്യ റായ്‌ക്ക് കടുത്ത വിമര്‍ശനം;ചുട്ട മറുപടിയുമായി കങ്കണ

2. 52ാം വയസിലും അരയന്നത്തെപ്പോലെ മനോഹരം! കാന്‍ സമാപന ചടങ്ങില്‍ സ്റ്റൈലിഷ് ലുക്കില്‍ ഐശ്വര്യ റായ്; കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍

3. അമ്പമ്പോ ഇതെന്തൊരു പോക്ക്! ബോക്‌സ് ഓഫിസില്‍ ശരവേഗത്തില്‍ കുതിച്ച് ദൃശ്യം 3; നാലാം ദിവസവും ഞെട്ടിച്ച് ജോര്‍ജു കുട്ടി