ഇതാണ് റിയല്‍ കേരള സ്റ്റോറി; അമ്മയ്ക്ക് മുന്നില്‍ അവര്‍ ഒന്നാണ്! ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ച് താരങ്ങള്‍
ദേവിക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ജാതി, മത, ഭാഷാഭേദമില്ലാതെ പതിനായിരകണക്കിന് പേരാണ് ഇന്ന് തിരുവനന്തപുരത്ത് എത്തിയത്.

By ETV Bharat Entertainment Team
Published : March 3, 2026 at 5:56 PM IST
ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടന്നു. ദേവിക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ജാതി, മത, ഭാഷാഭേദമില്ലാതെ പതിനായിരകണക്കിന് പേരാണ് എത്തിയത്.
രാവിലെ 9.45 ന് അടുപ്പുവെട്ടോറെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായത്. പൊങ്കാല മഹോത്സവത്തില്‍ സിനിമാ- സീരിയല്‍ താരങ്ങളുടെ നിറ സാന്നിധ്യവും എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇത്തവണയും ആ പതിവിന് മാറ്റമുണ്ടായിട്ടില്ല.
നടി ആനി ഇത്തവണയും ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചു. എല്ലാ വര്‍ഷവും ആനിയുടെ വീട്ടുമുറ്റവും ഇതിനായി ഒരുക്കാറുണ്ട്. ഇത്തവണ ആനിയുടെ വീട്ടുമുറ്റത്ത് പൊങ്കാലയിടാന്‍ ഇടം പിടിച്ചത് സിനിമാ - സീരിയല്‍ താരങ്ങളാണ്. ആനിയോടൊപ്പം പൊങ്കാലയിടാന്‍ ഷാജി കൈലാസും ചേര്‍ന്നിരുന്നു. തന്‍റെ പുതിയ ചിത്രത്തിനായി പൊങ്കാലയിടാന്‍ കൂടിയാണ് ഷാജി കൈലാസ് എത്തിയത്.
നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപി ശാസ്തമംഗലത്തുള്ള വീട്ടിൽ ആറ്റുകാൽ പൊങ്കാല അർപ്പിച്ചു. മകൾ ഭവമി സുരേഷും ഒപ്പം ചേര്‍ന്നിരുന്നു.

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ചലച്ചിത്രതാരം ചിപ്പി എത്തിച്ചേർന്നു. ആറ്റുകാൽ അമ്പലത്തോട് ചേർന്നുള്ള ഗൗരി വന്ദനം ഹോട്ടൽ മുറ്റത്താണ് ചിപ്പി പൊങ്കാല അർപ്പിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി തുടർച്ചയായി പൊങ്കാല അർപ്പിക്കാൻ ചിപ്പി എത്തിച്ചേരാറുണ്ട്. അമ്മയുടെ അനുഗ്രഹം ഉള്ളടത്തോളം കാലം എല്ലാവർഷവും പൊങ്കാല അര്‍പ്പിക്കാൻ എത്തും എന്ന് ചിപ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗായിക രാജലക്ഷ്മിയും അതേയിടത്ത് പൊങ്കാല സമര്‍പ്പിച്ചു. അദിതി രവിയും ഇത്തവണ പൊങ്കാല അര്‍പ്പിച്ചു. പിറന്നാള്‍ മാസത്തിലാണ് അതിദി രവി കന്നി പൊങ്കാല ദേവിക്ക് സമര്‍പ്പിച്ചത്.
സര്‍വം മായ എന്ന ചിത്രത്തിലൂടെ തിളങ്ങിയ റിയ ഷിബുവും നടി സ്നിഷ എന്നിവരും പൊങ്കാല അര്‍പ്പിക്കാന്‍ എത്തി. നടി അന്ന രേഷ്മ രാജനും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു. കൃഷ്ണപ്രഭ, അനുമോൾ, സൗഭാഗ്യ എന്നിവരും പൊങ്കാല സമര്‍പ്പിക്കാന്‍ എത്തി.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നതാണ് ആറ്റുകാൽ ദേവി ക്ഷേത്രം. പതിനായിരക്കണക്കിന് സ്‌ത്രീകളാണ് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പിക്കാനായി എത്തിയത്. ആഗ്രഹ സഫലീകരണത്തിനും അനുഗ്രഹത്തിനുമാണ് പൊങ്കാല ദേവിക്ക് സമര്‍പ്പിക്കുന്നത്.
ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകരുന്നത് മുതൽ നഗരമാകെ ഭക്തിയുടെ അഗ്നി ജ്വലിക്കും. ഉച്ചയോടെ ക്ഷേത്രത്തിലെ പൂജാരിമാർ തീർത്ഥം തളിച്ചതോടെ വ്രതശുദ്ധിയോടെയുള്ള സമർപ്പണം പൂർത്തിയായി.
കണ്ണകി ചരിത്രവുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ ഭഗവതിയുടെ ഐതിഹ്യം. മധുരാ ദഹനത്തിന് ശേഷം കൊടുങ്ങല്ലൂരിലേക്ക് പോകും വഴി കണ്ണകി ആറ്റുകാലിൽ വിശ്രമിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്. ദേവിയെ സ്വീകരിച്ച നാട്ടുകാർ പൊങ്കാല നിവേദ്യം അർപ്പിച്ചതിന്‍റെ സ്മരണ പുതുക്കാനാണ് എല്ലാവർഷവും മകര-കുംഭ മാസങ്ങളിലെ മകയിരം നക്ഷത്രത്തിൽ ആരംഭിച്ച് പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആഘോഷിക്കുന്നത്. ഇതിൽ പത്താം ദിവസമാണ് പൊങ്കാല സമര്‍പ്പണം.

