ETV Bharat / entertainment

'എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടി', മോഹന്‍ലാലിന്‍റെ കെ എസ് ആര്‍ ടി സി പരസ്യ ചിത്രം പുറത്ത്

പ്രിയദര്‍ശന്‍റെ സംവിധാനത്തിലാണ് പരസ്യചിത്രം പുറത്തിറങ്ങിയത്.

കെഎസ്ആർടിസി പരസ്യം പുറത്ത്  കെഎസ് ആര്‍ടിസി  മോഹന്‍ലാല്‍  കേരള സര്‍ക്കാര്‍
കെ എസ് ആര്‍ ടി സി പരസ്യചിത്രം (Photo: Mohanlal @ Face book)
author img

By ETV Bharat Entertainment Team

Published : February 27, 2026 at 12:44 PM IST

2 Min Read
Choose ETV Bharat

ലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ അഭിനയിച്ച കെ എസ് ആര്‍ ടിസിയുടെ പരസ്യ ചിത്രം പുറത്തിറങ്ങി. ഒന്നര മിനുറ്റ് നീളുന്ന ചിത്രം തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ റിലീസ് ചെയ്‌തത്. പ്രിയദര്‍ശനാണ് പരസ്യചിത്രം സംവിധാനം ചെയ്‌തത്.

കെ.എസ്.ആർ.ടി.സിയിൽ താൻ മ‍ഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ഓഡിഷനായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ ആനവണ്ടി യാത്രകൾ ഓർത്തെടുക്കുന്നതാണ് പ്രമേയം. ‘’യാത്രയുടെ വിരസത മാറ്റാൻ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക എന്നൊരു സ്വഭാവം ഉണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം തന്‍റെ അഭിനയകലയുടെ ബാലപാഠങ്ങൾ എന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. മോഹന്‍ലാല്‍ ബസില്‍ യാത്ര ചെയ്യുന്നതും മനോഹരമായ ദൃശ്യഭംഗിയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാലിന്‍റെ വാക്കുകള്‍ ഇങ്ങനെ,

"തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെ എസ് ആര്‍ ടി സി ബസില്‍ അന്ന് വലതു കാല്‍ വച്ച് കയറുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ആ യാത്ര എന്‍റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തേടി പോവുകയായിരുന്നു ഞാന്‍.

യാത്രകളുടെ വിരസത മാറ്റാന്‍ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക. അവരുടെ മനസില്‍ എന്താവും എന്നൊക്കെ വെറുതെ ചിന്തിക്കുക എന്നൊരു സ്വഭാവം അന്നും എനിക്കുണ്ടായിരുന്നു. ഒരു പക്ഷേ അതായിരിക്കാം ഞാന്‍ അറിയാതെ പഠിച്ച അഭിനയ കലയുടെ ആദ്യപാഠം.

ആലപ്പുഴ ഡിപ്പോയില്‍ ഇറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോള്‍ ആ ആനവണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസകള്‍ പറയുന്നത് പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് ഞാന്‍ മടങ്ങിയത് പ്രിയപ്പെട്ട ആനവണ്ടിയില്‍ തന്നെ. പോയ ഞാന്‍ അല്ലായിരുന്നു തിരിച്ചു വന്നത്. പിന്നീടുള്ള മോഹന്‍ലാലിന്‍റെ ജീവിതം എന്നെക്കാള്‍ നിങ്ങള്‍ക്കറിയാം. എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടീ… നിനക്ക് നന്ദി.

ഇതുപോലുള്ള ശുഭയാത്രകള്‍ സമ്മാനിക്കാന്‍ മലയാളിക്കൊപ്പം കെ എസ് ആര്‍ ടി സി എന്നെന്നും ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു",മോഹന്‍ലാലിന്‍റെ വാക്കുകള്‍

തൊടുപുഴയിലായിരുന്നു ചിത്രീകരണം. നേരത്തെ പരസ്യ ചിത്രീകരണം നടന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

കെ എസ് ആര്‍ ടി സിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും കെ എസ് ആര്‍ ടിസിയുടെ പരസ്യത്തെ കുറിച്ചുമൊക്കെ മന്ത്രി വ്യക്തമാക്കിയിരുന്നത്.

Also Read:'അവളുടെ ശ്വാസോച്ഛാസവും കണ്ണുകളില്‍ നിറഞ്ഞ കണ്ണുനീരുമാണ് എല്ലാം പറഞ്ഞു തന്നത്'- വിരോഷിന്‍റെ വിവാഹത്തിന് സാക്ഷിയായി കല്യാണി