'കേരള സ്റ്റോറി 2' കാണാൻ ആളില്ല; സംസ്ഥാനത്ത് ഷോകൾ വ്യാപകമായി റദ്ദാക്കി
സിനിമയുടെ പ്രദർശനം തടയുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലബാറിലെ തിയേറ്ററുകളിൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിർമ്മാതാവും തിയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ ഇ ടിവി ഭാരതിനോട് പറഞ്ഞു.


Published : February 28, 2026 at 11:13 AM IST
|Updated : February 28, 2026 at 12:32 PM IST
എറണാകുളം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ 'ദി കേരള സ്റ്റോറി 2' കേരളത്തിലെ തിയേറ്ററുകളിലെത്തിയെങ്കിലും റിലീസ് ദിനത്തിൽ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തണുപ്പൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ പ്രദർശനം തടയുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലബാറിലെ തിയേറ്ററുകളിൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിർമ്മാതാവും തിയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ ഇ ടിവി ഭാരതിനോട് പറഞ്ഞു.
സിനിമയ്ക്കുള്ളിൽ പ്രതിഷേധാർഹമായ വിഷയങ്ങളൊന്നുമില്ലെന്നാണ് തന്‍റെ അറിവെന്നും, എന്നാൽ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് ഇമേജും റംസാൻ മാസമായതും കാരണം ആദ്യ ഷോകൾ പലയിടത്തും ആളില്ലാതെ റദ്ദാക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലും സമാനമായ രീതിയിൽ ആദ്യ ഷോകൾ വ്യാപകമായി റദ്ദാക്കപ്പെട്ടു. രാവിലെ സിനിമ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ബുക്കിംഗ് വെബ്സൈറ്റുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചതെന്ന് എറണാകുളത്തെ വനിത-വിനീത തിയേറ്റർ ഉടമ ലിന്‍റോ ഡേവിസ് ഇ ടി വി ഭാരതിനോട് പറഞ്ഞു. സൗഹാർദ്ദപരമായി ജനങ്ങൾ ജീവിക്കുന്ന നാടായ കേരളത്തിൽ, ആ സൗഹാർദ്ദത്തെ മുതലെടുക്കാൻ എത്തുന്ന ഒരു കാര്യത്തെയും ജനങ്ങൾ പ്രോത്സാഹിപ്പിക്കില്ല എന്ന വിശ്വാസമുണ്ടെന്നും അതിന്‍റെ പ്രതിഫലനമാകാം കൊച്ചിയിലെ ഷോകൾ വ്യാപകമായി റദ്ദാക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ തിയേറ്റർ സമുച്ചയമായ വനിത-വിനീതയിൽ 'കേരള സ്റ്റോറി' പ്രദർശിപ്പിക്കില്ല എന്ന് ആദ്യമേ തീരുമാനമെടുത്തിരുന്നുവെന്നും ലിന്‍റോ ഡേവിസ് വ്യക്തമാക്കി. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ പിന്തുണയോടെയാണ് തങ്ങൾ മുന്നോട്ട് പോകുന്നത്, അതുകൊണ്ടുതന്നെ പ്രതിഷേധമുള്ള ഒരു സിനിമ പ്രദർശിപ്പിക്കാൻ താൽപ്പര്യമില്ല. മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും എത്തുന്ന ഇടമായതിനാൽ, ഇങ്ങനെയൊരു ചിത്രം പ്രദർശിപ്പിച്ചു എന്നതിന്‍റെ പേരിൽ വരാനിടയുള്ള ചോദ്യങ്ങളെയും പ്രതിഷേധങ്ങളെയും ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ലിന്‍റോ പറഞ്ഞു.
മൾട്ടിപ്ലക്സുകളിൽ പ്രതിഷേധക്കാർക്ക് കയറിച്ചെല്ലാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ അവിടെ പ്രദർശനം നടക്കുന്നുണ്ടെങ്കിലും കാണികൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ. റംസാൻ മാസമായതുകൊണ്ടല്ല സിനിമ കാണാൻ പ്രേക്ഷകർ വരാത്തതെന്നും, എല്ലാ മത-രാഷ്ട്രീയ വിഭാഗങ്ങളും ഒന്നിക്കുന്ന തിയേറ്ററുകളിൽ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ലിന്‍റോ ഡേവിസ് കൂട്ടിച്ചേർത്തു.
അതേസമയം, നിയമാനുമതിയോടെ സെൻസർ ചെയ്തെത്തുന്ന ചിത്രം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ഷേണോയിസ് തിയേറ്റർ ഉടമ സുരേഷ് ഷേണോയ് ഇ ടിവി ഭാരതിനോട് പങ്കുവെച്ചത്. തിയേറ്ററിനുള്ളിൽ പ്രതിഷേധമുണ്ടായ ചരിത്രം കേരളത്തിലില്ലെന്നും സമാധാനപരമായ പ്രദർശനം സാധ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും സുരേഷ്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല. പ്രധാന മൾട്ടിപ്ലക്സുകളിലെ രാവിലത്തെ ഷോകൾ ബുക്കിംഗ് ഇല്ലാത്തതിനാൽ വ്യാപകമായി റദ്ദാക്കി. പലയിടങ്ങളിലും ഉച്ചയ്ക്ക് ശേഷമാണ് ആദ്യ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ തിയേറ്ററായ ഏരീസ് പ്ലക്സിൽ പോലും ആദ്യ ഷോയ്ക്ക് അഞ്ചിൽ താഴെ ബുക്കിംഗ് മാത്രമാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഉച്ചയ്ക്ക് ശേഷം ബുക്കിംഗിൽ നേരിയ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് തിയേറ്റർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
"സിനിമ നല്ലതാണെങ്കിൽ പിന്തുണയ്ക്കും. ടീസറിലും ട്രെയിലറിലും കാണിച്ച അജണ്ട തന്നെയാണ് സിനിമയുടെ ആശയമെങ്കിൽ പ്രതിഷേധിക്കും," എന്ന് സോഷ്യൽ മീഡിയയിലെ പ്രമുഖ ചലച്ചിത്ര ആസ്വാദക കൂട്ടായ്മയായ 'സിനിഫൈൽ' (Cinphile) ഫൗണ്ടറും ചലച്ചിത്ര ആസ്വാദകനുമായ ബിജിത്ത് വിജയൻ ഇടിവി ഭാരതിനോട് പറഞ്ഞു. തിയേറ്ററുകളിൽ 'കേരള സ്റ്റോറി' രണ്ടാം ഭാഗത്തിന്‍റെ ആദ്യ ഷോകൾ ബുക്കിംഗ് ഇല്ലാത്തതു കാരണം റദ്ദാക്കുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നത്. ഈ സിനിമയുടെ ടീസറും ട്രെയിലറും കേരളത്തെ പൂർണ്ണമായും അപമാനിക്കുന്ന തരത്തിലാണ് പുറത്തുവിട്ടിരുന്നത്. ഇതൊരു 'അജണ്ട' സിനിമയാണെന്ന് പ്രമോഷൻ മെറ്റീരിയലുകളിലൂടെ വ്യക്തമായിരുന്നു.
പുതിയ താരങ്ങൾ അഭിനയിക്കുന്ന ചിത്രമായതുകൊണ്ടുതന്നെ, വെറുമൊരു ചീപ്പ് പബ്ലിസിറ്റി തന്ത്രമായിട്ടാണ് കേരള സ്റ്റോറിയുടെ ട്രെയിലറും ടീസറും സാധാരണ പ്രേക്ഷകർക്ക് അനുഭവപ്പെട്ടത്. കേരളത്തെ താറടിച്ചു കാണിച്ച് സിനിമ വിജയിപ്പിക്കാനുള്ള അണിയറ പ്രവർത്തകരുടെ നീക്കത്തിന്‍റെ പരിണിതഫലമാകാം ആദ്യ ഷോകൾക്ക് കാണികളില്ലാത്ത അവസ്ഥയുണ്ടാക്കിയത്. ടീസറിലും ട്രെയിലറിലും കാണിച്ച കാര്യങ്ങളല്ല സിനിമയിലുള്ളതെങ്കിൽ, സിനിമയുടെ ആശയം നല്ലതാണെങ്കിൽ അതിനെ തീർച്ചയായും പിന്തുണയ്ക്കുമെന്നും ബിജിത്ത് വിജയൻ വ്യക്തമാക്കി.
നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്തണമെന്നും ചലച്ചിത്ര ചർച്ചകൾ സജീവമാകണമെന്നും ചെറിയ സിനിമകളെ പിന്തുണയ്ക്കണമെന്നുമാണ് സിനിഫൈൽ കൂട്ടായ്മയുടെ ലക്ഷ്യം. പല തിയേറ്ററുകളിലും ഉച്ചയ്ക്കുശേഷമാണ് ആദ്യ ഷോകൾ ക്രമീകരിച്ചിരിക്കുന്നത്. ചിത്രം കണ്ട ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു.

