ETV Bharat / entertainment

മലേഷ്യയല്ല അത് ഇടുക്കിയാണ്! 40 നായ്ക്കളും ബോളിവുഡ് താരവും; 'എക്കോ'യുടെ പിന്നിലെ സാഹസികത തുറന്നുപറഞ്ഞ് ദിൻജിത്ത് അയ്യത്താൻ

എക്കോയുടെ ഡിജിറ്റൽ റിലീസ് വേളയിൽ സന്തോഷം പങ്കുവെച്ച് സംവിധായകൻ ദിൻജിത് ഇ ടിവി ഭാരതിനൊപ്പം

EKO
ദിൻജിത്, എക്കോയില്‍നിന്ന് (ETV Bharat)
author img

By ETV Bharat Entertainment Team

Published : January 3, 2026 at 12:13 PM IST

4 Min Read
Choose ETV Bharat

ആശയ മികവിൽ 2025 ഇറങ്ങിയ മലയാള സിനിമകളിൽ മുന്നിൽ ആരാ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ എക്കോ. ബാഹുൽ രമേശിൻ്റെ തിരക്കഥയിൽ ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ചലച്ചിത്രം കഴിഞ്ഞ ദിവസം മുതൽ ഒടിടിയിൽ പ്രക്ഷേപണം ആരംഭിച്ചു. നെറ്റ്ഫ്ലിക്സ് ആണ് പ്ലാറ്റ്‌ഫോം. ഡിജിറ്റൽ റിലീസ് വേളയിൽ സംവിധായകൻ ദിൻജിത് ഇ ടിവി ഭാരതിനോട് സന്തോഷം പങ്കുവെക്കുന്നു.


ഡിജിറ്റൽ റിലീസ് വേളയിൽ പോലും എക്കോ എന്ന ചലച്ചിത്രം തിയേറ്ററുകളിലും പ്രദർശനം തുടരുന്നു. സിനിമ ജനങ്ങൾ ഏറ്റെടുത്തതിന് അദ്ദേഹം നന്ദി പറയുകയാണ്. കിഷ്കിന്ധാ കാണ്ഡം എന്ന ചലച്ചിത്രത്തിന് മുമ്പ് ചെയ്യാനിരുന്ന സിനിമയാണ് എക്കോ എന്ന് സംവിധായകൻ മുൻപ് ഇ ടിവി ഭാരതിനോട് വെളിപ്പെടുത്തിയിരുന്നു. കിഷ്കിന്ധ കാണ്ഡത്തിൻ്റെ വലിയ വിജയമാണ് എക്കോ എന്ന ചലച്ചിത്രം വളരെ സ്വതന്ത്രമായി ചെയ്യാൻ ഇന്ധനം ആയതെന്നും അദ്ദേഹം പറഞ്ഞു.



വെല്ലുവിളികളെ അതിജീവിച്ച വിജയം

മൃഗങ്ങൾ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വരിക. ഈ സിനിമയുടെ തിരക്കഥ വായിച്ചു തുടങ്ങിയപ്പോൾ ആദ്യം ചലഞ്ചിങ്ങായി തോന്നിയത് ആ കാര്യം തന്നെയായിരുന്നു. അനുസരണ സ്വഭാവമുള്ള 40 ഓളം നായ്ക്കളെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മാത്രമല്ല എക്കോ എന്ന സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ തന്നെ എത്രത്തോളം ഇതിനെ നാടകീയത ഇല്ലാതെ നാച്ചുറലായി ദൃശ്യവൽക്കരിക്കാൻ സാധിക്കുമെന്ന ചിന്തകൾ ഉണ്ടായിരുന്നു. നായ്ക്കളെ കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തെടുപ്പിക്കാൻ ഉണ്ട്. നായ്ക്കൾ പറയുന്നതൊക്കെ അനുസരിക്കുമോ എന്നുള്ള ടെൻഷൻ വേറെ.

അതുമാത്രമല്ല മലേഷ്യൻ ഇനം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ബ്രീഡിനെ നമുക്ക് കണ്ടെത്തണം. മലയാള സിനിമയ്ക്ക് അധികം കണ്ടു പരിചയം ഇല്ലാത്ത മലയോര മേഖല ലൊക്കേഷനായി വേണമായിരുന്നു അതിനുപുറമേ മ്ലാത്തിച്ചേടത്തിയുടെ വീട്. ഒരു കാര്യം മനസ്സിൽ ആത്മാർഥതയോടെ ഉറപ്പിച്ചാൽ പിന്നെ അത് പ്രാവർത്തികമാക്കാൻ ഇറങ്ങിപ്പുറപ്പെടുക എന്നാണല്ലോ. എത്രയോ നാൾ അന്വേഷണം നടത്തിയ ശേഷമാണ് കുളമാവിൽ ഉള്ള ലൊക്കേഷൻ കണ്ടെത്തിയത്.

എക്കോ എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയായി നിലകൊണ്ടത് കാലാവസ്ഥ തന്നെയാണ്. കനത്ത മഴ ഒപ്പം മഞ്ഞും. കാറ്റ് വേറെ. ആകാശത്ത് ചെറുതായി മഴ പൊടിഞ്ഞാൽ പോലും നായ്ക്കൾ പുറത്തിറങ്ങിയില്ല. അതുപോലെതന്നെ അനുസരണ ശീലവും കാട്ടില്ല. മാത്രമല്ല അവർ ക്ഷീണിച്ചാലും പിന്നെ അനുസരിക്കില്ല. നായ്ക്കളുടെ സൗകര്യത്തിനനുസരിച്ചാണ് ഞങ്ങൾ രംഗങ്ങൾ ചിത്രീകരിച്ചു തീര്‍ത്തത്.

എക്കോ എന്ന സിനിമയുടെ തുടക്കം മുതൽ ചാലഞ്ച് ആയിരുന്നു. അതിന് ഏറ്റെടുത്ത് വിജയിപ്പിക്കുക എന്നുള്ളത് മാത്രമായിരുന്നു ലക്ഷ്യം.

EKO
എക്കോ (Special Arrangement)

കേരളത്തിലെ 'മലേഷ്യ'യും സോയിയും


സോയി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഒരു മലേഷ്യൻ അഭിനേത്രിയെ തന്നെ തിരഞ്ഞെടുക്കണമെന്ന് ആദ്യമേ ചിന്തിച്ചു. എക്കോയുടെ നിർമാതാവിന് മലേഷ്യയുമായി നല്ല ബന്ധമുണ്ട്. അതുകൊണ്ടുതന്നെ അവിടെയുള്ള അഭിനേതാക്കളെ കോഡിനേറ്റ് ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിട്ടില്ല. പല അഭിനേതാക്കളെയും മലേഷ്യയിൽനിന്ന് ഓൺലൈനിലൂടെയാണ് ഓഡിഷൻ ചെയ്തത്. സോയി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിംസി എന്ന മലേഷ്യൻ അഭിനേത്രിയെ നമുക്ക് ലഭിച്ചില്ലായിരുന്നുവെങ്കിൽ ആ രംഗം അത്രയും കൺവിൻസിങ്ങായി ചെയ്തെടുക്കാൻ സാധിക്കില്ലായിരുന്നു.

തിരക്കഥയിൽ പ്രസ്തുതരംഗം നടക്കുന്ന ലൊക്കേഷൻ മലേഷ്യ ആണെങ്കിലും അവിടെ പോയി ഷൂട്ട് ചെയ്യാനുള്ള ബഡ്ജറ്റ് എന്തായാലും ഞങ്ങൾക്കില്ല എന്ന് തിരിച്ചറിവ് ഉണ്ടായിരുന്നു. അപ്പോൾ പിന്നെ മലേഷ്യയായി കേരളം തന്നെ ചിത്രീകരിക്കുക എന്ന മാർഗമേ ഉണ്ടായിരുന്നുള്ളൂ. മലേഷ്യയുമായി സാമ്യം തോന്നുന്ന ഒരു പ്രദേശം തപ്പി നടക്കുന്നതിനിടയിലാണ് ഇടുക്കി വാഗമണിലെ വാഗമൺ ഹൈറ്റ്സ് എന്ന സ്ഥലം ശ്രദ്ധയിൽപ്പെടുന്നത്. അവിടെയാണ് മലേഷ്യയായി ഞങ്ങൾ ചീറ്റ് ചെയ്ത് ഷൂട്ട് ചെയ്തിരിക്കുന്നത്. വിഎഫ്എക്സിൻ്റെ പിന്തുണയോടുകൂടി പൂർണമായും ആ സ്ഥലം മലേഷ്യ ആണെന്ന് തോന്നിക്കുന്ന തരത്തിൽ മാറ്റിയെടുത്തു. സിനിമ കണ്ട് പലരും ആ സ്ഥലം മലേഷ്യ ആണെന്നാണ് വിശ്വസിച്ചിരിക്കുന്നത്. ഇപ്പോഴാണ് ആ വിവരം ഞങ്ങൾ പുറത്തു വിടുന്നതും.


സിനിമയിലെ നായ്ക്കൾ


കുരിയച്ചന്‍റെയും മ്ലാത്തിച്ചേടത്തിയുടെയും പടയാളികളാണ് ഈ സിനിമയിലെ നായ്ക്കൾ. ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷമാണ് കൊമ്പേ എന്ന സ്ഥലത്തെ ഒരു നായ് ബ്രീഡിനെ കുറിച്ച് അറിയാൻ സാധിക്കുന്നത്. തമിഴ്നാട്ടിലെ തേനിയിലുള്ള ഒരു സ്ഥലമാണ് കൊമ്പേ. ഞങ്ങൾ അവിടെ ചെല്ലുകയും നാല്പതോളം നായ്ക്കളെ സെലക്ട് ചെയ്യുകയും ചെയ്തു. അതിൽ നിന്ന് ഒരു വയസ്സിൽ താഴെയുള്ള 10 നായ്ക്കളെ സെലക്ട് ചെയ്ത് ഞങ്ങൾ സിനിമയിൽ ഉപയോഗിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഒരു വയസ്സിൽ കൂടുതലുള്ള നായ്ക്കളെ ട്രെയിൻ ചെയ്യിപ്പിച്ചാൽ അനുസരിക്കണമെന്നില്ല. സിനിമയിൽ നായ്ക്കൾ എന്തെല്ലാം ചെയ്യണമെന്നുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ഡോഗ് ട്രെയിനർക്ക് നൽകിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് ഓരോ നായ്ക്കളെയും രണ്ട് കമാൻഡ് വച്ചാണ് പഠിപ്പിച്ചത്. അതായത് എല്ലാ ഡോഗുകളും എല്ലാ ആക്ടിവിറ്റിയും പഠിച്ചിട്ടില്ല. പക്ഷേ എല്ലാ ഡോഗുകളും ഒരേപോലെ ആണെന്ന് തോന്നിപ്പിക്കാൻ സിനിമയിൽ ഞങ്ങൾ പണിയെടുത്തിട്ടുണ്ട്. ഇപ്പോൾ ആ കാര്യങ്ങൾ ആലോചിക്കുമ്പോൾ വലിയ റിസ്കാണെന്ന് തോന്നുന്നു. സംവിധായകൻ ദിൻജിത് വിശദമാക്കി.


കുരിയച്ചനായി സൗരബ്


ബോളിവുഡ് ആക്ടറായ സൗരബാണ് കുരിയച്ചൻ്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അനിമൽ പോലുള്ള വമ്പൻ സിനിമകളുടെ ഭാഗമായ വ്യക്തിയാണ് അദ്ദേഹം. പക്ഷേ ഒരു ബോളിവുഡ് നടൻ്റെ തലക്കനമൊന്നും അദ്ദേഹം നമ്മുടെ സെറ്റിൽ കാണിച്ചിട്ടില്ല. മലേഷ്യൻ സീൻ എടുക്കുന്ന സമയത്ത് കനത്ത മഴയാണ് അവിടെ. അദ്ദേഹം തോണിയിൽ ഇരിക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്ന സമയത്ത് മഴപെയ്തു. പക്ഷേ ഒരു പരാതിയും കൂടാതെ അദ്ദേഹം ആ തോണിയിൽ തന്നെ മുഴുവൻ മഴയും നനഞ്ഞു കൊണ്ടിരുന്നു. മഴ കൊള്ളുന്ന ഷോട്ട് ആക്കി ഞങ്ങൾ അത് മാറ്റി. ഒരു പരാതിയും അദ്ദേഹം പറഞ്ഞില്ല. സാധാരണ ബോളിവുഡ് അഭിനേതാക്കൾ ഒന്നും ഇത്രയധികം സഹകരണ മനോഭാവം കാണിക്കുകയില്ല.

EKO
എക്കോയില്‍നിന്ന് (Special Arrangement)
കിഷ്കിന്ധാകാണ്ഡം, എക്കോ തുടങ്ങിയ സിനിമകൾക്ക് ശേഷം ദിൻജിത് തൻ്റെ പുതിയ സിനിമയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ബാഹുൽ രമേശ് ഒപ്പം ഉണ്ടാകുമോ എന്ന് ചോദ്യത്തിന് സ്വന്തമായി എഴുതി വച്ചിട്ടുള്ള തിരക്കഥകളുമായി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത് എന്നുള്ള ഉത്തരമാണ് ലഭിച്ചത്.

Also Read: ഇരുന്ന് മാത്രമല്ല നിന്നും ബൈക്കോടിക്കും! സ്റ്റൈലിഷായി മഞ്ജു വാര്യരുടെ കിടിലന്‍ റൈഡ് - വീഡിയോ