പുരസ്‌കാരം അച്ഛന്‍റെ വിയോഗത്തില്‍ മനം നൊന്തിരിക്കുമ്പോള്‍; കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ തിളങ്ങി വയനാട്ടുകാരി- ശുഭ വയനാട് അഭിമുഖം
കേരള ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം ഹണിറോസിനൊപ്പം പങ്കിട്ട നടിയാണ് ശുഭ വയനാട്. തന്‍റെ അഭിനയ ജീവിതത്തെ കുറിച്ചും സ്വപ്‌നത്തെ കുറിച്ചുമൊക്കെ ശുഭ വയനാട് ഇ ടിവിഭാരതിനോട് വെളിപ്പെടുത്തുന്നു.

By ETV Bharat Entertainment Team
Published : May 2, 2026 at 12:56 PM IST
അക്കി വിനായക്
കലാകാരനായ അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ കലാവാസന. ആയിരത്തോളം വേദികളിൽ നാടകങ്ങളും മുന്നൂറോളം വേദികളിൽ ഏകാംഗ നാടകങ്ങളും അവതരിപ്പിച്ച് കലാ ജീവിതത്തിന് അടിത്തറയിടുന്നു. കെ പി എ സി യുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി. പറഞ്ഞുവരുന്നത് മലയാള സിനിമയിലെ പുത്തൻ താരോദയം ശുഭ വയനാടിനെ കുറിച്ചാണ്.
ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന 'ശാന്തി ദ റിഫ്ലക്ഷൻ ഓഫ് ട്രൂത്ത്' എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ശുഭയാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള 49ാമത് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും തേടിയെത്തി. അഭിനയ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന ശുഭയുടെ അച്ഛന്‍റെ സ്വപ്‌നത്തിന് മകളിലൂടെ സാക്ഷാത്കാരം. പക്ഷേ മകളുടെ വിജയവും അംഗീകാരവും കാണാൻ അച്ഛൻ ഇന്ന് ഒപ്പമില്ല. സർക്കാർ ജീവനക്കാരിയായ ശുഭ വയനാട് ജോലിത്തിരക്കുകൾക്കിടയിൽ കല കൈവിടാതെ സിനിമയെന്ന സ്വപ്‌നം തേടിപ്പിടിച്ച കഥ അഭിനയമോഹികൾക്ക് മാതൃകയാണ്. നിറത്തിന്‍റെ പേരിൽ പല സിനിമ അവസരങ്ങളും നഷ്ടപ്പെട്ടപ്പോൾ തോറ്റു പിന്മാറാൻ ശുഭ ഒരുക്കമായിരുന്നില്ല. ശുഭ തന്‍റെ ജീവിതത്തെ കുറിച്ചും സിനിമാ മോഹത്തെ കുറിച്ചും ഇ ടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.
ശുഭാരംഭം
"ഒരു കലാകാരിയായി മാറുന്നതിന് പ്രധാനകാരണം എന്‍റെ അച്ഛൻ തന്നെയാണ്. വയനാട് സുൽത്താൻ ബത്തേരിയിൽ ആണ് ഞാൻ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അച്ഛൻ പീതാംബരൻ മാസ്റ്റർ ഒരു കാഥികൻ കൂടിയാണ്. അമ്മയുടെ പേര് കസ്‌തൂരി ഭായ്. അച്ഛന്‍റെ കലാവാസനയുടെ സ്വാധീനം കുടുംബത്തിൽ നിഴലിച്ചിരുന്നു. എനിക്കൊരു അനിയത്തി കൂടിയുണ്ട്. ഞങ്ങൾ നാലുപേർ അടങ്ങുന്ന കുടുംബത്തിൽ എപ്പോഴും കലയുടെയും സംഗീതത്തിന്‍റെയും സ്പന്ദനം നിലകൊണ്ടു. ആ ഒരു താളം തന്നെയാണ് കലാ ജീവിതത്തിൽ എനിക്ക് മുന്നോട്ട് സഞ്ചരിക്കുന്നതിന് ഇന്ധനം ആയിട്ടുള്ളത്",ശുഭ വയനാട് സംസാരിച്ചു തുടങ്ങി.

"പി എസ് സി എഴുതി ഒരു സർക്കാർ ജോലി സ്വന്തമാക്കി. ജോലി ചെയ്യുമ്പോഴും മനസ്സുനിറയെ നാടകവും സംഗീതവും തന്നെയായിരുന്നു. എന്‍റെ അച്ഛൻ ഒരുപാട് അമ്പലപ്പറമ്പുകളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അമ്പലപ്പറമ്പുകൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. അച്ഛന് കേരളം അറിയപ്പെടുന്ന ഒരു അഭിനേതാവ് ആകാൻ സാധിച്ചില്ല. തനിക്ക് നേടിയെടുക്കാൻ സാധിക്കാത്തത് മകളിലൂടെ സാധിക്കണം എന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം അമേച്വര്‍ നാടകങ്ങളുടെ ഭാഗമായി. ആയിരത്തോളം വേദികളിൽ നാടകം അവതരിപ്പിച്ചു. ഇതിനിടയിൽ വനിത കലാസാഹിതി എന്ന സംഘടന സംസ്ഥാനതലത്തിൽ മികച്ച നാടക പ്രവർത്തക എന്നുള്ള ഒരു പുരസ്കാരം എനിക്ക് നൽകി. പി കെ റോസി പുരസ്കാരം എന്നാണ് അതിന്‍റെ പേര്. എംപി ബിനോയ് വിശ്വം സഖാവാണ് എനിക്ക് അന്ന് വേദിയിൽ പുരസ്കാരം നൽകിയത്. അദ്ദേഹം വഴിയാണ് കെ പി എ സി യിലേക്കുള്ള വഴി തുറന്നു കിട്ടിയത്. അത് അഭിനയ ജീവിതത്തിൽ ഒരു അടിസ്ഥാനമായി. കെ പി എസിയുടെ വിഖ്യാത നാടകമായ ഒളിവിലെ ഓർമ്മകളിൽ ഞാൻ അഭിനയിച്ചു", ശുഭ പറഞ്ഞു.
"ഒരു സർക്കാർ ജീവനക്കാരിയായ നിലകൊണ്ടു കൊണ്ട് കലാമേഖലയിൽ സജീവമാവുക അത്ര എളുപ്പമുള്ള കാര്യമല്ല. സർക്കാരിൽ നിന്ന് നാടകത്തിൽ അഭിനയിക്കാനുള്ള അനുമതി ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ കഷ്ടപ്പെട്ടാണ് പലപ്പോഴും അനുമതി വാങ്ങിയെടുത്തത്. എന്‍റെ മേലുദ്യോഗസ്ഥർക്ക് കലാമേഖലയോടുള്ള താല്പര്യം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിക്കാൻ പെർമിഷൻ ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഏകാംഗ നാടകങ്ങൾ ചെയ്‌തു തുടങ്ങിയത്. സ്വന്തമായി ആശയങ്ങൾ ഉണ്ടാക്കി പിന്നീട് ഏകാംഗ നാടകങ്ങൾ ചെയ്‌തു. ഏകദേശം 250 ഓളം വേദികളിൽ ഏകാംഗ നാടകങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ ലഹരിക്കതിരായ ഒരു ആശയം ചർച്ച ചെയ്യുന്ന നാടകമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജോലി കഴിഞ്ഞിട്ടുള്ള സമയമാണ് കലാപ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കാൻ ശ്രമിക്കുന്നത്", ശുഭ വ്യക്തമാക്കി.
സിനിമയെന്ന മോഹം
"ജോലി ചെയ്യുമ്പോഴും നാടകങ്ങളിൽ സജീവമായി പ്രവർത്തിക്കുമ്പോഴും അൾട്ടിമേറ്റ് ലക്ഷ്യം സിനിമ തന്നെയായിരുന്നു. നഗരത്തിൽ സംഘടിപ്പിക്കുന്ന സിനിമ ഓഡിഷനുകളിൽ പരമാവധി പങ്കെടുക്കാൻ ശ്രമിച്ചു. പക്ഷേ പലപ്പോഴും നിരാശയായിരുന്നു ഫലം. പല സിനിമാപ്രവർത്തകർക്കും എന്‍റെ നിറം തന്നെയായിരുന്നു പ്രശ്‌നം. നന്നായി അഭിനയിച്ചു കാണിച്ചു കൊടുത്താലും നിറത്തിന്‍റെ പേരിൽ ഒഴിവാക്കപ്പെട്ടു. പിന്നീട് വിളിക്കാം.. നിങ്ങളുടെ അഭിനയം കൊള്ളാം, പക്ഷേ ഞങ്ങളുടെ നായിക ഒരല്പം കൂടി വെളുത്ത് സുന്ദരിയാണ്… ഇത്തരം വാചകങ്ങൾ എനിക്ക് പരിചിതമായി. നായികയായി തന്നെ അഭിനയിക്കണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല. ക്യാരക്ടർ റോളുകളിൽ ഓഡിഷൻ കൊടുക്കാൻ പോകുമ്പോഴും ഇതൊക്കെ തന്നെയാണ് കേൾക്കുന്നത്. എന്‍റെ ഓർമ്മയിൽ 30-40 ഓഡിഷനുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്",ശുഭ ഓര്‍ത്തു.
"തുടർച്ചയായി സിനിമകളിൽ നിന്ന് ഒഴിവാക്കിയപ്പോഴും മനസ്സ് തളർന്നു പോയില്ല. വീട്ടുകാരുടെ പിന്തുണയും പാഷനും ശക്തിയോടെ മുന്നോട്ടുപോകാനാണ് പ്രചോദനം നൽകിയത്. ഒടുവിൽ ആഗ്രഹിച്ച അവസരം എന്നെ തേടിയെത്തുകയായിരുന്നു", ശുഭ പറഞ്ഞു.

എന്‍റെ നാടകങ്ങൾ കണ്ടിട്ടാണ് 'ശാന്തി ദി റിഫ്ലക്ഷൻ ഓഫ് ട്രൂത്ത്' എന്ന സിനിമയിൽ എനിക്ക് അവസരം ലഭിക്കുന്നത്. ഒരു വീട്ടമ്മയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും അതിജീവനവും ആണ് 'ശാന്തി ദ റിഫ്ലക്ഷൻ ഓഫ് ട്രൂത്ത്' എന്ന സിനിമയുടെ ആശയം പങ്കുവയ്ക്കുന്നത്.
"സിനിമയിൽ അവസരം ലഭിച്ചപ്പോൾ തന്നെ സർക്കാരിൽ നിന്ന് അനുമതി തേടാനുള്ള കാര്യങ്ങൾ നീക്കി. എന്‍റെ അച്ഛന്‍റെ ഏറ്റവും വലിയ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കാൻ പോകുന്നത്. എന്തു വില കൊടുത്തും എനിക്ക് സിനിമയിൽ അഭിനയിച്ചേ മതിയാകൂ. എന്‍റെ മേൽ ഉദ്യോഗസ്ഥന്റെ വലിയ പിന്തുണ തന്നെയാണ് വളരെ പെട്ടെന്ന് സിനിമയിൽ അഭിനയിക്കാൻ പെർമിഷൻ വാങ്ങി തന്നത്", ശുഭ വയനാട് കൂട്ടിച്ചേര്‍ത്തു.
"സർക്കാരിൽ നിന്ന് പെർമിഷൻ ലഭിച്ചതോടെ കഥാപാത്രത്തിന് വേണ്ടിയുള്ള ഹോം വർക്കുകൾ ഞാൻ ചെയ്യാൻ ആരംഭിച്ചു. സമാന സ്വഭാവമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ റിസർച്ച് നടത്തി. യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങൾ ഉൾക്കൊണ്ടു. സിനിമയിൽ അഭിനയിക്കുന്നതിനായി ഞാൻ എന്‍റെ ഏകാംഗ നാടകങ്ങൾ ഒരുപാട് മാറ്റിവച്ചിരുന്നു. കഥാപാത്രത്തിന്‍റെ പെർഫെക്ഷന് വേണ്ടി വളരെ മൈന്യൂട്ട് ആയ കാര്യങ്ങൾ പോലും എങ്ങനെ ചെയ്യാം എന്ന് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാൻ പഠിക്കാൻ ശ്രമിച്ചു. ചലച്ചിത്ര പ്രവർത്തകർ പങ്കുവെച്ച തിരക്കഥയിലെ ഓരോ എലമെന്‍ററിനെ കുറിച്ചും ഞാൻ പുറത്തു നിന്ന് പഠിക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമയും ഈ സിനിമയിലെ കഥാപാത്രവും മനോഹരമാക്കുക എന്നുള്ളത് മാത്രമായിരുന്നു ഉദ്ദേശം. ഒരുപാട് കഷ്ടപ്പെട്ട് ആഗ്രഹിച്ചു ലഭിച്ച വേഷമാണ്", ശുഭ വ്യക്തമാക്കി.

"നാടകത്തിൽ അഭിനയിക്കുമ്പോഴും ഒരു കഥാപാത്രത്തെ ഉൾക്കൊള്ളാൻ ഒരുപാട് കഠിനാധ്വാനം ആവശ്യമാണ്. കണ്ണാടിയുടെ മുന്നിൽ നിന്നൊക്കെ ഒരുപാട് പ്രാവശ്യം ചെയ്താണ് ഓരോ കഥാപാത്രവും ഉൾക്കൊണ്ടിരുന്നത്. അങ്ങനെയൊരു എക്സ്പീരിയൻസ് ഒരുപക്ഷേ സിനിമയിലും എനിക്ക് ഗുണം ചെയ്തു. സ്വയം പ്രിപ്പയർ ചെയ്യാൻ ഉള്ള അനുഭവസമ്പത്ത് നാടകത്തിൽ നിന്നാണ് ലഭിക്കുന്നത്",ശുഭ പറഞ്ഞു.
"ആയിരത്തിലധികം വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചതുകൊണ്ടുതന്നെ സിനിമയിലെ അഭിനയം ഒരുപാട് ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. സിനിമയിലെ അഭിനയം ബുദ്ധിമുട്ടുള്ളത് തന്നെയാണ് എങ്കിലും കുറച്ചുകൂടി എളുപ്പത്തിൽ എനിക്ക് കാര്യങ്ങൾ മനസ്സിലാക്കാനും കഥാപാത്രത്തെ അവതരിപ്പിക്കാനും സാധിച്ചു എന്നുള്ളതാണ്", ശുഭ പറഞ്ഞു.
"എന്‍റെ ആദ്യത്തെ സിനിമയല്ല 'ശാന്തി ദി റിഫ്ലക്ഷൻ ഓഫ് ട്രൂത്ത്'. 'ഒരു മാസ് കഥ വീണ്ടും' എന്ന ചിത്രത്തിൽ ഞാനൊരു ക്യാരക്ടർ റോൾ അവതരിപ്പിച്ചിരുന്നു. വിഖ്യാത അഭിനേതാവ് മാമുക്കോയ അദ്ദേഹത്തിന്‍റെ മരുമകൾ ആയിട്ടായിരുന്നു ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. അങ്ങനെയൊരു ഭാഗ്യവും എനിക്ക് ലഭിച്ചു. പക്ഷേ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്", ശുഭ പറഞ്ഞു.

"ശാന്തി എന്ന കഥാപാത്രത്തിന് സമാനമായ ഒരുപാട് വ്യക്തികളെ ഞാൻ എന്‍റെ ജീവിതത്തിൽ കണ്ടിട്ടുണ്ട്. അവരുടെയൊക്കെ അനുഭവങ്ങളും അവസ്ഥകളും കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ പ്രചോദനമായിട്ടുമുണ്ട്. പല സീനുകളെ കുറിച്ചും സംവിധായകൻ വിശദീകരിക്കുമ്പോൾ എനിക്ക് ജീവിതത്തിലെ ചില ഏടുകളും ആയി കണക്ട് ചെയ്യാൻ സാധിച്ചിരുന്നു",ശുഭ കൂട്ടിച്ചേര്‍ത്തു.
വയനാടും കലയും
"വയനാട്ടിൽ കലയെ അംഗീകരിക്കുന്ന ഒരു സമൂഹം വളർന്നുവന്നു തുടങ്ങിയിട്ടേ ഉള്ളൂ. ബേസിൽ ജോസഫ്, സണ്ണി വെയിൻ, അനുസിത്താര തുടങ്ങിയ അഭിനേതാക്കൾ വയനാടൻ മണ്ണിൽ നിന്ന് വളർന്നു വന്നെങ്കിലും അവിടത്തെ മണ്ണിന് ഇപ്പോഴും കലാമേഖലയോട് ഒരു ചെറിയ വിമുഖത ഉള്ളതുപോലെ. പ്രധാന പ്രശ്നം ചുരം തന്നെയാണ്. ചുരം കയറി കലയും കലാകാരന്മാരും പൊതുവേ എത്താറില്ല. മറുവശത്ത് കാടും കർണാടകയും.
ഉപജീവനവും അതിജീവനവും അടിസ്ഥാനപ്പെടുത്തി നിലനിന്ന ഒരു ജനതയാണ് അവിടെയുള്ളത്. ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ പലരും കലാ മേഖലയെക്കുറിച്ച് ചിന്തിച്ചില്ല. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി വരുന്നുണ്ട്. ഏതൊരു ജില്ലയിലെയും പോലെ പുരോഗതി വയനാട്ടിലും സംഭവിക്കുന്നു. ഇന്നായിരുന്നു എന്‍റെ അച്ഛൻ കലാമേഖലയിൽ സജീവമായതെങ്കിൽ ഒരുപാട് ഉയരങ്ങളിൽ എത്തിയേനെ. ഏകദേശം ഒരു 10 -15 വർഷങ്ങൾ മുമ്പ് വരെ സ്ഥിതിവിശേഷം അവിടെ അങ്ങനെയല്ല", ശുഭ പറഞ്ഞു.
"എന്‍റെ അമ്മ അധ്യാപികയാണെങ്കിലും അത്യാവശ്യം എഴുതും. ഒരുപക്ഷേ വയനാട്ടിൽ അല്ലായിരുന്നു എന്‍റെ അമ്മ ജനിച്ചതെങ്കിൽ അല്ലെങ്കിൽ തുടക്കകാലത്ത് തന്നെ വയനാട്ടിൽ നിന്ന് മാറി തിരുവനന്തപുരത്ത് അല്ലങ്കിൽ എറണാകുളത്ത് എത്തിയിരുന്നുവെങ്കിൽ ഒരു എഴുത്തുകാരി എന്നുള്ള നിലയിൽ അമ്മ കുറച്ചുകൂടി ശോഭിച്ചേനെ.
വയനാടിന്‍റെ മണ്ണിൽ ഒരു കലാമേഖലയുടെ അടിസ്ഥാനം സൃഷ്ടിക്കുന്നതിന് ഒരുപാട് കലാകാരന്മാർ ഇപ്പോൾ പ്രയത്നിക്കുന്നുണ്ട്. അതിൽ ഒരാളായി ഞാനും. എന്‍റെ ഒരുപാട് സുഹൃത്തുക്കൾ ഇപ്പോൾ അവിടെ കലാ കൂട്ടായ്മകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു", ശുഭ വ്യക്തമാക്കി..

"ആദ്യകാലത്ത് ഞാൻ നാടകങ്ങളിലേക്ക് കടന്നു വന്നപ്പോൾ എന്നെ ഒരു വിഭാഗം ആളുകൾ പടിയടച്ച് പിണ്ഡം വച്ച രീതിയിലാണ് പെരുമാറിയത്. ഞാനെന്തോ ഒരു വലിയ തെറ്റ് ചെയ്യുന്നതുപോലെ. അങ്ങനെയൊരു സമൂഹത്തിന്‍റെ ഇടയിൽ നിന്നാണ് ഞാൻ ഈ നേട്ടങ്ങളൊക്കെ കൈവരിക്കുന്നത്. സന്തോഷത്തിൽ ഉപരി അഭിമാനവും തോന്നുന്നു", താരം പറഞ്ഞു.
"ശാന്തി ദ റിഫ്ലക്ഷൻ ഓഫ് ട്രൂത്ത് എന്ന സിനിമയുടെ സംവിധായകരായ ഗോകുൽ കാർത്തികനോടും സാമ്രാജ് സാറിനോടും മറ്റു സാങ്കേതിക പ്രവർത്തകരോടും എന്‍റെ നന്ദി അറിയിക്കുന്നു. ചിത്രത്തിലെ പ്രകടനത്തിന് എനിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. പക്ഷേ ആ സന്തോഷം കാണാൻ ഞാൻ ജീവിതത്തിൽ വിജയിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച എന്‍റെ അച്ഛൻ ഒപ്പം ഇല്ല. ഇക്കഴിഞ്ഞ ഏപ്രിൽ 6 അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞു. അച്ഛന്റെ വിയോഗത്തിൽ മനം നൊന്ത് ഇരിക്കുമ്പോഴാണ് പുരസ്കാരം ലബ്ദി. പുരസ്കാരം ഞാന്‍ എന്‍റെ അച്ഛന് സമർപ്പിക്കുന്നു", ശുഭ അച്ഛനെ ഓര്‍ത്തുകൊണ്ടു പറഞ്ഞു.

"മലയാള സിനിമയിൽ നിറത്തിന്‍റെയും രൂപത്തിന്‍റെയും അടിസ്ഥാനത്തിൽ കാസ്റ്റിംഗ് നടത്തുന്ന പ്രവണത വലിയ രീതിയിൽ മാറിയിട്ടില്ല. എന്നാൽ പണ്ടത്തെക്കാൾ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട് എന്നും ശുഭ വ്യക്തമാക്കുന്നു. നിറം ഒരല്പം കുറഞ്ഞ നായികമാരും മേക്കപ്പ് ചെയ്യാത്ത അഭിനേത്രികളും ഇപ്പോൾ മലയാള സിനിമയിൽ അരങ്ങു വാഴുന്നുണ്ട്. എങ്കിൽപോലും ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകർ വെളുത്ത നിറമുള്ള വരെ കൂടുതൽ പരിഗണിക്കുന്നതുപോലെ. എങ്കിലും സിനിമകളിൽ നിറം കുറഞ്ഞ അഭിനേതാക്കളെ കാണുമ്പോൾ എന്നെപ്പോലുള്ളവർക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നു. നമ്മളെപ്പോലുള്ളവർക്കും വലിയ സാധ്യത തെളിയുന്നല്ലോ എന്ന് ചിന്തിക്കും. തമിഴ് സിനിമകളിലൊക്കെ എന്നെപ്പോലുള്ളവരെ വിളിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്" ,ശുഭ വയനാട് പ്രതികരിച്ചു.
Read More: |

