''ബാലയ്യ കഴുത്തുവച്ച് ഒരു ഏണി പൊട്ടിച്ചു... അതേപടി ചെയ്യാൻ സുരേഷ് ഗോപിയെ വെല്ലുവിളിച്ചു''; സ്റ്റണ്ട് മാസ്‌റ്റർ മാഫിയ ശശി ഇടിവി ഭാരതിനോട് മനസ് തുറക്കുന്നു
മലയാള സിനിമയിലെ തൻ്റെ ദീർഘകാല അനുഭവങ്ങൾ പങ്കുവച്ച് സ്‌റ്റണ്ട് മാസ്‌റ്റർ മാഫിയ ശശി. ഇടിവി ഭാരതുമായി പങ്കുവച്ച പ്രത്യേക അഭിമുഖം.

Published : February 27, 2026 at 7:29 PM IST
അക്കി വിനായക്
എറണാകുളം: ബാലയ്യ കഴുത്തുവച്ച് ഒരു ഏണി പൊട്ടിച്ചു.. ഒറിജിനൽ ഏണിയും കൊണ്ടുവന്ന ആൾ പറഞ്ഞു സുരേഷ് ഗോപിയെ കൊണ്ട് ഇതൊന്നു പൊട്ടിച്ചു കാണിക്കൂ... മലയാള സിനിമയിൽ സംഘട്ടനം എന്ന ടൈറ്റിൽ കാർഡിന് വളരെ സുപരിചിതമായ ഒരേ ഒരു പേരു മാത്രമേയുള്ളൂ, മാഫിയ ശശി. മലയാള സിനിമയിൽ അഭിനയ മോഹവുമായി കടന്നുവന്ന ചെറുപ്പക്കാരൻ പിന്നീട് ആക്ഷൻ ഡയറക്‌ടറായി പേരെടുക്കുന്നു. അപകടങ്ങൾ ഒന്നും തന്നെ സംഭവിക്കാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുറഞ്ഞ ബജറ്റിൽ മികച്ച നിലവാരമുള്ള റിയലിസ്‌റ്റിക് ഫൈറ്റുകൾ ഒരുക്കിയാണ് മാഫിയ ശശി മലയാള സിനിമ പ്രവർത്തകരുടെ പ്രിയ തോഴനായി മാറിയത്.

1982 ലാണ് പൂച്ച സന്യാസി എന്ന ഹരിഹരൻ ചിത്രത്തിലൂടെ അഭിനേതാവായി ശശിധരൻ എന്ന മാഫിയ ശശി കടന്നുവരുന്നത്. പിന്നീട് ആക്ഷൻ ഡയറക്‌ടറായിട്ടുള്ള വളർച്ചയിൽ പിന്തുണയായത് സാക്ഷാൽ മമ്മൂട്ടി. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ആക്ഷൻ ഡയറക്‌ടറായി അരങ്ങേറുന്നു. മാഫിയ എന്ന പേര് സമ്മാനിച്ചത് ഇന്ത്യൻ സിനിമ ഇതിഹാസം ധർമേന്ദ്ര. ആക്ഷൻ സംവിധായകനായി കരിയറിൽ 40 വർഷം പിന്നിടുന്ന വേളയിൽ വിശേഷങ്ങൾ പങ്കുവെച്ച് മാഫിയ ശശി ഇടിവി ഭാരതിനോട് സംസാരിക്കുകയാണ്. ചെന്നൈയിലെ വസതിയിൽ നിന്നാണ് മാഫിയ ശശി ഇടിവി ഭാരതിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയത്.
ശശിധരൻ മാഫിയ ശശിയാകുന്ന കഥ ഒന്നു പറയാമോ?

ആക്ഷൻ സംവിധാനം എന്നത് മനസിൽ ഉണ്ടായിരുന്ന കാര്യമല്ല. അഭിനയ മോഹമായാണ് സിനിമയിൽ അവസരം തേടി ഇറങ്ങി പുറപ്പെട്ടത്. ആദ്യചിത്രം ഹരിഹരൻ സംവിധാനം ചെയ്‌ത പൂച്ച സന്യാസി. അതൊരു കോമഡി സിനിമയായിരുന്നു. ഒരു നാടകത്തിനിടയിൽ രാവണൻ സീതയെ കട്ടുകൊണ്ടു വരുന്നതുപോലെയുള്ള രംഗം ഒറിജിനലായി, സീതയായിട്ട് അഭിനയിച്ച നടിയെ തട്ടിക്കൊണ്ട് പോകുന്നതുപോലെയാണ് സിനിമയുടെ ആശയം പുരോഗമിക്കുന്നത്. അതിലൊരു കോളജ് സ്‌റ്റുഡൻ്റ് ആയിട്ടാണ് ഞാൻ വേഷമിട്ടത്.
മേൽപ്പറഞ്ഞ സിനിമയിലെ നാടകരംഗത്തിൽ ഞാൻ ഹനുമാൻ ആയിട്ട് വേഷമിട്ടിട്ടുണ്ട്. ഈ നാടകം നടക്കുമ്പോൾ അവിടെ സംഭവിക്കുന്ന കാര്യങ്ങളൊക്കെ നോക്കിക്കാണുന്ന പാവം ഹനുമാൻ. സീതയായി അഭിനയിക്കുന്ന നടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ അവരെ പിടിക്കാൻ ബൈക്കിലും കാറിലും ആയിട്ട് ഒരു ചെയ്‌സ് രംഗമുണ്ട്. അതാണ് കരിയറിലെ ആദ്യ ആക്ഷൻ സീക്വൻസ്. പക്ഷേ അപ്പോൾ ഞാൻ അഭിനയിക്കുകയായിരുന്നു.

പിന്നീട് ഭീമൻ രഘു നായകനായ ഭീമൻ എന്ന ചിത്രത്തിൽ ഒരു റസിലറായി വേഷമിട്ടു. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ച് പോരുകയായിരുന്നു. തുടർച്ചയായി സിനിമകൾ ലഭിച്ചുകൊണ്ടിരുന്നെങ്കിലും കിട്ടുന്നതൊക്കെ വില്ലനും ഗുണ്ടയും പോലുള്ള വേഷങ്ങൾ ആയിരുന്നു. എങ്ങനെ നോക്കിയാലും ആക്ഷൻ രംഗങ്ങളിലാണ് അഭിനയിക്കാൻ അവസരം കൂടുതൽ ലഭിച്ചുകൊണ്ടിരുന്നത്. അന്ന് ഇതുപോലെയുള്ള ചെറിയ വേഷങ്ങൾ ചെയ്യുന്നതിന് വലിയ വരുമാനം ഒന്നും ലഭിക്കില്ല. ഞാനാണെങ്കിൽ കളരിയൊക്കെ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ആക്ഷൻ രംഗങ്ങളിൽ നന്നായി പെർഫോം ചെയ്യാനും സാധിച്ചിരുന്നു.

അപ്പോഴാണ് സ്‌റ്റണ്ട് യൂണിയനിൽ ഉള്ള ചിലർ ഉപദേശിച്ചത്. എന്തിന് ഈ ചെറിയ വേഷങ്ങൾ ചെയ്‌ത് മുന്നോട്ടുപോകണം. വരൂ ഫൈറ്റ് യൂണിയനിൽ ചേരു.. വരുമാനം മുന്നിൽ കണ്ടിട്ടാണ് ഫൈറ്റ് യൂണിയനിൽ അംഗമായത്. തുടർന്ന് പ്രസിദ്ധരായ പല ആക്ഷൻ സംവിധായകരോടൊപ്പം ചേർന്നു പ്രവർത്തിച്ചു. തെലുഗുവിലെ വലിയ ആക്ഷൻ ഡയറക്‌ടറായ രാജു മാസ്‌റ്റർ, ഷാഹുൽ മാസ്‌റ്റർ.. അങ്ങനെ ഒരുപാട് ആക്ഷൻ ഡയറക്‌ടറോടൊപ്പം സഹായിയായി പ്രവർത്തിച്ച് മുന്നോട്ടുപോയി.

ഒടുവിൽ ത്യാഗരാജൻ മാസ്‌റ്ററുടെ കൂടെയെത്തി. ത്യാഗരാജൻ മാസ്‌റ്ററുടെ കൂടെ അദ്ദേഹത്തിൻ്റെ അവസാന ഘട്ടം വരെ ഉണ്ടായിരുന്നു. ഒരുപാട് നാൾ മികച്ച സംഘടന സംവിധായകരോടൊപ്പം പ്രവർത്തിച്ച എക്‌സ്‌പീരിയൻസ് കൈമുതലായപ്പോൾ സ്വതന്ത്ര ആക്ഷൻ ഡയറക്‌ടർ ആകാമെന്ന് തീരുമാനമെടുത്തു. അങ്ങനെയാണ് ഫാസിൽ സംവിധാനം ചെയ്‌ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ ആക്ഷൻ സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്നത്.
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ ആരാണ് താങ്കളെ റെക്കമെൻ്റ് ചെയ്‌തത്?

മലയാളത്തിൽ അക്കാലത്ത് ആക്ഷൻ സംവിധായകർ പൊതുവേ കുറവായിരുന്നു. ത്യാഗരാജൻ മാസ്‌റ്റർ തന്നെയാണ് പ്രശസ്‌തൻ. പിന്നീട് മലേഷ്യ ഭാസ്‌കർ, ബാഷാ തുടങ്ങിയ അന്യഭാഷ ആക്ഷൻ സംവിധായകനായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ എന്നെ വിളിച്ച് അവസരം നൽകുന്നത് നമ്മുടെ സ്വന്തം മമ്മൂക്കയാണ്. ഇവിടെ പ്രശസ്‌തരായ പല സംവിധായകർക്കും, അഭിനേതാക്കൾക്കും അവസരം ലഭിക്കുന്നതിൽ മമ്മൂട്ടി എന്ന പേര് വളരെയധികം പ്രസക്തമാണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ഹിറ്റായപ്പോൾ പിന്നീട് ഐവി ശശി സാറിൻ്റെ കള്ളനും പൊലീസും എന്ന സിനിമ ചെയ്യാൻ അവസരം ലഭിച്ചു. തുടർന്ന് എന്നെ വിളിക്കുന്നത് സിബി മലയിൽ സാറാണ്. അദ്ദേഹത്തിൻ്റെ വളയം എന്ന സിനിമയിൽ ആക്ഷൻ സംവിധാനം ചെയ്‌തു. പിന്നീട് അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടില്ല..
ശശിധരൻ എന്ന പേരുമാറി മാഫിയ ശശി ആകുന്നത് എങ്ങനെ?
മലയാളത്തിൽ അത്യാവശ്യം സിനിമകളൊക്കെ ചെയ്‌ത് മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നപ്പോഴാണ് ഹിന്ദിയിൽ നിന്നും ഒരു ചിത്രം ചെയ്യാൻ അവസരം ലഭിക്കുന്നത്. അതിനുമുമ്പ് ഒരു കാര്യം പറയട്ടെ. സുരേഷ് ഗോപിയുടെ മാഫിയ എന്ന സിനിമ വളരെ പ്രശസ്‌തമാണ് ഇവിടെ. ആ സിനിമയിലൂടെയാണ് മാഫിയ എന്ന പേര് എനിക്ക് ലഭിച്ചതെന്ന് തെറ്റായ ധാരണ ഇവിടെയുണ്ട്. എന്നാൽ അങ്ങനെ ഒരു പേര് കിട്ടുന്നതിന് ഈ മാഫിയ എന്ന സിനിമ കാരണവുമാണ്.
എൻ്റെ പേരിനു മുന്നിലുള്ള മാഫിയ എന്ന പ്രയോഗം മലയാള സിനിമയായ മാഫിയ അല്ല ഹിന്ദി സിനിമയായ മാഫിയയാണ്. ധർമ്മേന്ദ്ര നായകനായ ചിത്രം. പക്ഷേ ആ സിനിമ മലയാള സിനിമയായ മാഫിയ എന്ന സിനിമയുടെ ആശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്‌ത ചിത്രമാണ്. ഡയറക്‌ട് റീമേക്കല്ല.
ഹിന്ദി മാഫിയ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ മലയാളത്തിൽ കൂടി പ്രശസ്‌തനായ ആർ കെ നായർ ആയിരുന്നു. അദ്ദേഹമാണ് എൻ്റെ പേര് ഈ സിനിമയ്ക്ക് വേണ്ടി നിർദേശിക്കുന്നത്. ആക്ഷൻ സിനിമകളിലൂടെ പ്രശസ്‌തിയാർജിച്ച പ്രേംലാൽ മേത്തയാണ് ഹിന്ദി മാഫിയ ചെയ്യുന്നത്. കുറഞ്ഞ ബഡറ്റിൽ വളരെ വേഗതയിൽ ആക്ഷൻ സീനുകൾ ഷൂട്ട് ചെയ്യുന്ന സംഘട്ടന സംവിധായകൻ ആരാണ് എന്നുള്ള അന്വേഷണമാണ് എന്നിലേക്ക് എത്തുന്നത്. വലിയ പ്രൊഡക്ഷൻ കമ്പനിയാണ് ധർമേന്ദ്രയുടെ ആ ചിത്രം ചെയ്യുന്നതെങ്കിലും, ആ സിനിമയ്ക്ക് ബജറ്റും സമയവും ഒരല്‌പം കുറവായിരുന്നു.
അങ്ങനെ സംവിധായകനും നിർമ്മാതാവും എന്നെ കാണാൻ മദ്രാസിലെ വീട്ടിൽ വന്നു. ഞാൻ ചെയ്‌ത ഏതെങ്കിലും ഒരു സിനിമ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. ആ സമയത്ത് മമ്മൂട്ടി നായകനായ 'കിളിപേച്ച് കേൾക്കവ' എന്ന ചിത്രം മദ്രാസിൽ നിറഞ്ഞ സദസിൽ പ്രദർശനം നടത്തുകയായിരുന്നു. ഞാൻ അവരെയും കൂട്ടി ആ സിനിമ കാണാൻ പോയി. വളരെ ചെറിയ ബജറ്റിൽ രണ്ടുദിവസം കൊണ്ടാണ് ആ സിനിമയുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചതെന്ന് ഞാൻ പറഞ്ഞു. സിനിമയിലെ ആക്ഷൻ അംഗങ്ങൾ കണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടു. രണ്ടുദിവസം കൊണ്ട് എങ്ങനെയാണ് ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്‌ത് തീർത്തതെന്ന് അവർ അത്ഭുതപ്പെട്ടു. കാരണം ആ സമയത്ത് ബോളിവുഡിൽ ഒക്കെ ഒരു ചെറിയ ആക്ഷൻ സീൻ ചെയ്യാൻ പോലും കുറഞ്ഞത് 10 ദിവസം എടുക്കും.
അങ്ങനെ അവർ ഹിന്ദി മാഫിയ സിനിമയ്ക്ക് വേണ്ടി എന്നെ ഫിക്‌സ് ചെയ്‌തു. ഒരുപാട് ആക്ഷൻ സീനുകൾ ഉള്ള സിനിമയായിരുന്നു. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ 14 ആക്ഷൻ സീനുകൾ ഉണ്ട് ആ സിനിമയിൽ. ബാബു ആൻ്റണിയാണ് പ്രധാന വില്ലൻ. ഏകദേശം മലയാളം മാഫിയ പോലെ തന്നെയാണ് സിനിമ. കുറച്ചു മാറ്റങ്ങൾ മാത്രമേയുള്ളൂ. മലയാളത്തിൽ സുരേഷ് ഗോപി ചെയ്‌ത വേഷം ചെയ്‌തത് ധർമ്മേന്ദ്രയാണ്. അന്നത്തെ ബോളിവുഡ് സ്‌റ്റൈലിൽ നിന്ന് മാറി ചെയ്‌ത ഒരു ചിത്രമായിരുന്നു അത്. റിയലിസ്‌റ്റിക് ആയ സംഘട്ടന സംവിധാനം ധർമ്മേന്ദ്രയ്ക്ക് നന്നായി ഇഷ്‌ടപ്പെട്ടു.
ധർമ്മേന്ദ്രയുമായി വർക്ക് ചെയ്‌ത എക്‌സ്‌പീരിയൻസ്
അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. ഒരു ഓർമ്മ വിശദീകരിക്കാം. എനിക്ക് ഹിന്ദി അക്കാലത്ത് നന്നായി അറിയില്ല. ഒന്നോ രണ്ടോ വാക്കുകൾ വച്ചാണ് ഈ ആക്ഷൻ സംവിധാനം മുഴുവൻ ചെയ്‌തുകൊണ്ടിരിക്കുന്നത്. കുതിര ലായത്തിൽ വച്ച് ഒരു ആക്ഷൻ സീക്വൻസ് പ്ലാൻ ചെയ്‌തു. കുതിരലായം മൊത്തത്തിൽ സെറ്റ് ഇട്ടിരിക്കുകയാണ്. കൊറിയോഗ്രാഫി ഞങ്ങൾ കൃത്യമായി പ്ലാൻ ചെയ്‌തു.
ബാബു ആൻ്റണിയും ധർമ്മേന്ദ്രയും ഷോട്ടിൽ ഉണ്ട്. ടേക്ക് എടുക്കുന്ന സമയത്ത് ബാബു ആൻ്റണി കുതിര ലായത്തിൻ്റെ ഒരു ഭാഗത്ത് പിടിച്ച് അറിയാതെ ശക്തി കൊടുത്ത് വലിച്ചു. ഇത് മൊത്തം സെറ്റായിരുന്നത് കൊണ്ട് തന്നെ അതെല്ലാം കൂടി പൊളിഞ്ഞു ബാബു ആൻ്റണിയുടെ ദേഹത്തേക്ക് വീണു. ഒരു ഭാഗം ധർമേന്ദ്രയുടെ കൈയിലും പതിച്ചു. ചെറിയ പരിക്ക് പറ്റി. ബാബു ആൻ്റണിക്കും വലിയ കുഴപ്പമൊന്നുമില്ല. കാർഡ് ബോർഡും പ്ലൈവുഡും ഒക്കെ ഉപയോഗിച്ചാണല്ലോ സെറ്റ് ചെയ്‌തിരിക്കുന്നത്. അതൊന്നും അത്ര അപകടകാരിയല്ല.
പക്ഷേ ധർമ്മേന്ദ്ര പെട്ടെന്ന് കയറി ചൂടായി. അദ്ദേഹം പിണങ്ങുകയും സെറ്റിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്‌തു. സംവിധായകനും നിർമാതാവും എന്തുചെയ്യണമെന്നറിയാതെ ടെൻഷൻ അടിച്ച് നിന്നു. കുറച്ചുകഴിഞ്ഞ് അദ്ദേഹം വീട്ടിൽ നിന്നും വിളിച്ചു എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം എന്നോട് മാപ്പ് പറയുകയാണ്. ക്ഷമിക്കണം, അങ്ങനെ ഒരു അപകടം നേരിട്ട് കണ്ടപ്പോൾ ടെൻഷൻ ആയി പോയി. നാളെ രാവിലെ തന്നെ ഞാൻ വന്ന് ആ രംഗം അഭിനയിക്കാം. ധർമ്മേന്ദ്ര പറഞ്ഞു. ഇന്ത്യൻ സിനിമയിലെ മുടി ചൂടാ മന്നനാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെ ഒരാൾക്ക് എന്നെ വിളിച്ച് ഇങ്ങനെ പറയേണ്ട ഒരു കാര്യവുമില്ല. അദ്ദേഹത്തിൻ്റെ വലിയ മനസ്.

വേറൊരു ഓർമ്മ കൂടി പറയാം. അക്കാലത്ത് തെന്നിന്ത്യൻ സിനിമകളുടെ ആക്ഷൻ രംഗങ്ങളുടെ ക്യാമറാമാൻ വില്യംസ് ആണ്. അദ്ദേഹത്തെ വെല്ലാൻ ആരുമില്ല. ഒരു ഫൈറ്ററെ പോലെ പെരുമാറുന്ന ക്യാമറാമാൻ. മാഫിയ എന്ന ഹിന്ദി ചിത്രത്തിൻ്റെ ക്യാമറാമാൻ പാടി സാറാണ്. പക്ഷേ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ ഞങ്ങൾ വില്യംസിനെ കൊണ്ടുവന്നു. ക്ലൈമാക്‌സ് രംഗത്തെ ആക്ഷൻ ചെയ്യാനാണ് വില്യംസിനെ ഞങ്ങൾ കൊണ്ടുവന്നത്.
ചെന്നൈയിലെ ചോളവാരത്ത് ആണ് ലൊക്കേഷൻ. 100 കാറിൻ്റെ അകമ്പടിയോടുകൂടി വരുന്ന നായകൻ. പിന്നീട് ഫൈറ്റ് അതാണ് പ്ലാൻ. വില്യംസ് സാറിനെ ആ സിനിമയിലേക്ക് റെക്കമെൻ്റ് ചെയ്‌തത് ഞാനാണ്. വില്യം സാറിൻ്റെ പിടിവാശിയും ചൂടും മലയാളത്തിലെ ഒട്ടുമിക്ക സീനിയർ അഭിനേതാക്കൾക്കും സംവിധായകർക്കും അറിയാം. വില്യംസ് സാറിന് സൂപ്പർസ്‌റ്റാർ എന്നോ ചെറിയ സ്‌റ്റാർ എന്നോ ഒന്നുമില്ല. അങ്ങനെ വില്യം സാർ ഒരു ഷോട്ട് വെച്ച സമയത്ത് ധർമ്മേന്ദ്ര വന്നിട്ട് പറഞ്ഞു ഇവിടെ ക്യാമറ വെക്കാൻ പാടില്ല.
എൻ്റെ ഈ ഭാഗത്ത് ക്യാമറ വെക്കാൻ ഞാൻ അനുവദിക്കാറില്ല. ഉടൻ വില്യംസ് സാർ ചോദിച്ചു ആരു പറഞ്ഞു, ഇവിടെ ക്യാമറ വയ്ക്കാൻ പാടില്ല എന്ന്. ധർമ്മേന്ദ്ര എതിർത്തു. പക്ഷേ വില്യംസ് സാർ വാശിക്ക് ധർമ്മേന്ദ്ര എതിർത്ത ഭാഗത്തുതന്നെ ക്യാമറ വച്ചിട്ട് പറഞ്ഞു, ഈ ഷോട്ട് എടുത്തിട്ട് വൈകുന്നേരം ഞാൻ ഫിലിം പ്രോസസ് ചെയ്‌തു കാണിച്ചു തരാം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഇന്ന് തന്നെ ഞാൻ എൻ്റെ കരിയർ അവസാനിപ്പിക്കും. പിന്നെ ധർമ്മേന്ദ്ര ഒന്നും മിണ്ടിയില്ല. പക്ഷേ അദ്ദേഹത്തിന് അപ്പോഴും എതിർപ്പുണ്ടായിരുന്നു. വൈകുന്നേരം ഫിലിം പ്രോസസ് ചെയ്‌ത് വില്യംസ് ഷോട്ട് ധർമ്മേന്ദ്രയ്ക്ക് കാണിച്ചുകൊടുത്തു. ഒരു പ്രശ്‌നവുമില്ല. മനോഹരം. ധർമ്മേന്ദ്രയ്ക്ക് ആ ഷോട്ട് വല്ലാതെ ഇഷ്‌ടപ്പെടുകയും ചെയ്‌തു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ എന്തൊക്കെയോ സമ്മാനങ്ങൾ ധർമേന്ദ്ര വില്യംസ് സാറിന് കൊടുത്തിരുന്നു.
ഇനി പേര് വന്ന കാര്യം പറയാം.. സെറ്റിൽ ധർമേന്ദ്ര സാർ എന്നെ മാഫി.. മാഫി.. എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. പിന്നെ എല്ലാവർക്കും ഞാൻ മാഫി ആയി. ആ സിനിമ ബോളിവുഡിൽ എനിക്ക് നല്ല പേര് സമ്മാനിച്ചു. തിരികെ മലയാളത്തിൽ എത്തിയപ്പോൾ മാഫിയ ശശി എന്ന പേരുമായാണ് വന്നത്. മാഫിയ ശശി എന്ന പേര് സമ്മാനിക്കുന്നത് സാക്ഷാൽ ധർമ്മേന്ദ്രയാണ്. ആ സിനിമക്ക് ശേഷം മൂന്നോ നാലോ ഹിന്ദി സിനിമകൾ ചെയ്‌തിട്ടാണ് ഞാൻ പിന്നീട് വീണ്ടും മലയാളത്തിലേക്ക് കടന്നുവരുന്നത് എന്ന് മാഫിയ ശശി പറയുന്നു.
മൂക്കില്ലാരാജ്യത്ത് എന്ന സിനിമയിലെ ബോംബ് പൊട്ടുന്ന എപ്പിക്ക് സീൻ..
ആ സിനിമയുടെ ആക്ഷൻ ചെയ്‌തിരിക്കുന്നത് ഞാൻ തന്നെയാണ്. ഒരു സീനിൽ അഭിനയിച്ചു. ആ സീനാണ് ഇപ്പോൾ ട്രെൻഡ് ആയി നിൽക്കുന്നത്. അതായത് ബോംബിൻ്റെ കീ കടിച്ചു വലിച്ചൂരിയ ശേഷം 10 വരെ എണ്ണുന്നതിനിടയിൽ ആ ബോംബ് പൊട്ടും. ബോംബ് ഒരു കൈയിൽ വച്ച് അഞ്ചുവരെ എണ്ണും. ഒരു കൈയിലെ വിരൽ എണ്ണി തീർന്നപ്പോൾ മറ്റേ കയ്യിലിരുന്ന ബോംബ് കാലിൻ്റെ ഇടയിൽ തിരുകി പത്തുവരെ എണ്ണി തീർക്കുന്നു.. ബോംബ് പൊട്ടുന്നു. കോമഡി സീൻ ആണ്. പക്ഷേ അത് ചെയ്യുന്നത് വളരെ സീരിയസ് ആയിരുന്നു. അന്ന് ഗ്രാഫിക്‌സ് ടെക്നോളജി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒറിജിനൽ ബോംബാണ് കാലിൻ്റെ താഴെ വച്ച് പൊട്ടിച്ചത്. പൊള്ളലേൽക്കാതിരിക്കാൻ നാലോ അഞ്ചോ ജീൻസ് പാൻ്റ്‌സും ധരിച്ചിരുന്നു. എന്നിട്ടും ചെറിയ രീതിയിലുള്ള പൊള്ളലേറ്റിരുന്നു. ആ രംഗം കാണുമ്പോൾ തമാശ. പക്ഷേ ആ തമാശ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായിരുന്നില്ല.
ഒരു സ്ഥിരം ശൈലി മാറ്റിപ്പിടിച്ച ചിത്രം?
ഇങ്ങനൊരു ചോദ്യം ചോദിച്ചാൽ, ദുൽഖർ സൽമാൻ്റെ ആദ്യ സിനിമയായ സെക്കൻഡ് ഷോയെ കുറിച്ച് സംസാരിക്കാം. മമ്മൂക്ക തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്‌റ്റ് ചെയ്യുന്നത്. മകനെ വെച്ച് ചെയ്യുന്ന ചിത്രമാണ്. വളരെയധികം സൂക്ഷിക്കണമെന്ന് മമ്മൂക്ക നിർദ്ദേശം നൽകിയിരുന്നു. സാധാരണ ഒരു സിനിമയിൽ 200 അടി 100 അടി ലെങ്‌തിലാണ് ആക്ഷൻ കൊറിയോഗ്രാഫി മാക്‌സിമം പ്ലാൻ ചെയ്യുന്നത്. എന്നാൽ സെക്കൻ്റ് ഷോയിൽ 300 അടിയിൽ അധികം ഏരിയയിലാണ് കൊറിയോഗ്രാഫി പ്ലാൻ ചെയ്‌തത്. കട്ട് ചെയ്‌താണ് എടുത്തതെങ്കിലും ഒറ്റ ഷോട്ടിൽ ആണ് ആ ക്ലൈമാക്‌സ് രംഗത്തെ ഫൈറ്റ് ഷൂട്ട് ചെയ്‌തിരിക്കുന്നത്.
റിയലിസ്‌റ്റിക് ആയിരിക്കണം എന്ന് സംവിധായകൻ്റെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. ദുൽഖർ അത് മനോഹരമായി ചെയ്‌തു. ഷൂട്ടിങ് നടക്കുമ്പോൾ മമ്മൂക്ക ഇടക്കിടയ്ക്ക് വിളിക്കും. പ്രശ്‌നങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കും. മമ്മൂക്ക വിളിക്കുമ്പോൾ ദുൽഖറിന് അറിയാം ഇവിടുത്തെ വിശേഷങ്ങൾ ചോദിക്കാൻ വിളിക്കുകയാണെന്ന്. എനിക്ക് കോൾ വരുമ്പോൾ തന്നെ ദുൽഖർ ചോദിക്കും വാപ്പ വിളിക്കുന്നുണ്ടല്ലോ എന്ന്.. എനിക്ക് നല്ലൊരു പേരു കിട്ടിയ ചിത്രമായിരുന്നു അത്.
ആ സിനിമയിൽ വാളുകൊണ്ട് വെട്ടുന്നതൊക്കെ ഒരു പ്രത്യേക രീതിയിലാണ്. ഒന്നും കൃത്യമായി പ്ലാൻ ചെയ്‌തല്ല. മനസിൽ തോന്നുന്നത് ചെയ്യുന്നതാണ്. അടിക്കാനും ഇടിക്കാനും നമുക്ക് പഠിച്ചിട്ട് വരാൻ സാധിക്കില്ലല്ലോ. പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ വർക്കൗട്ട് ആകുന്നു എന്നുള്ളതാണ്. എന്തൊക്കെ ഹോംവർക്ക് ചെയ്‌താലും ലൊക്കേഷനിൽ അങ്ങനെയൊക്കെ പ്രാവർത്തികമാകണമെന്നില്ല.
ഒരുകാലത്ത് വലിയ സംവിധായകരൊക്കെ ആക്ഷൻ കൊറിയോഗ്രാഫി സ്‌റ്റോറി ബോർഡ് ചെയ്‌തു കൊണ്ടുവരാൻ പറയുമായിരുന്നു. അതായത് ആക്ഷൻ രീതികൾ ഒക്കെ ഒരു പേപ്പറിൽ വരച്ച് കൊണ്ടുവരണം. നമ്മൾ ലൊക്കേഷൻ ഒക്കെ കണ്ട് കൃത്യമായി ആക്ഷൻ രംഗങ്ങൾ വരച്ചു കൊണ്ടുവരും. പക്ഷേ ഇതൊന്നും ലൊക്കേഷനിൽ പലപ്പോഴും പ്രാവർത്തികമാകാറില്ല. പേപ്പറിൽ ഉള്ള കാര്യത്തെക്കാൾ അവിടെ അപ്പോൾ ചെയ്യുന്ന കാര്യത്തിനാകും പ്രസക്തി.
സ്‌റ്റോറിബോർഡ് അവലംബിക്കുന്ന രീതി ഒക്കെ പോയി. ഇപ്പോൾ മൂന്നോ നാലോ ദിവസം ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി പ്രാക്‌ടീസ് ചെയ്യുകയാണ് രീതി. സിനിമയിൽ ഇത് എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് പ്രാക്‌ടീസ് സെഷനിൽ വച്ച് തന്നെ ഷൂട്ട് ചെയ്‌ത് എഡിറ്റ് ചെയ്‌ത് നോക്കും. പക്ഷേ മലയാള സിനിമ സംബന്ധിച്ചിടത്തോളം അത് പലപ്പോഴും പ്രാവർത്തികമാകാറില്ല. തമിഴിനും തെലുങ്കിനും ഒക്കെ അതിനു വേണ്ടി പണം മുടക്കാൻ ആളുണ്ട്. ഷൂട്ട് ചെയ്യുന്ന ഏകദേശം അതേ മുതൽ മുടക്ക് തന്നെ പ്രാക്‌ടീസ് ചെയ്യുമ്പോഴും ചിലവാകുന്നുണ്ട്.
ലൊക്കേഷനിൽ വലിയ അപകടങ്ങൾ സംഭവിച്ചിട്ടുണ്ടോ?
ചെറിയ ചെറിയ മുറിവുകളും ചെറിയ അപകടങ്ങളും സാധാരണയാണ്. അതൊന്നും എടുത്തു പറയാനും മാത്രം ഇല്ല. എല്ലാദിവസവും ലൊക്കേഷനിൽ എത്തുമ്പോൾ ദൈവത്തെ പ്രാർത്ഥിച്ചിട്ടാണ് ആരംഭിക്കാറ്. അതുകൊണ്ടുതന്നെ ഇതുവരെ വലിയ അപകടങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ആർക്കെങ്കിലും പരിക്കുപറ്റി ഷൂട്ടിങ് നിർത്തിവയ്ക്കേണ്ട അവസ്ഥയും എൻ്റെ കരിയാറിൽ സംഭവിച്ചിട്ടില്ല. ലാലേട്ടനും മമ്മൂക്കയ്ക്കും ഒക്കെ ഫൈറ്റിൻ്റെ ടെക്‌നിക് നന്നായി അറിയാവുന്ന ആൾക്കാരാണ്. ലാലേട്ടനൊക്കെ നല്ല ടൈമിംഗ് ഉണ്ട്. അതുകൊണ്ടുതന്നെ അപകടമില്ലാതെ എങ്ങനെ ഇതൊക്കെ ചെയ്യാം എന്ന് അവർക്കറിയാം.
അവർക്ക് അപകടം വരുത്തി വയ്ക്കുന്ന കാര്യങ്ങൾ ഞാനും ചെയ്‌തിട്ടില്ല. ചില ആക്ഷനുകൾ കാണുമ്പോൾ എല്ലാവരും പറയും ഡ്യൂപ്പ് എന്ന്. മമ്മൂട്ടി മോഹൻലാലും പൊതുവേ ഡ്യൂപ്പിനെ ഉപയോഗിക്കാൻ ആഗ്രഹം ഇല്ലാത്തവരാണ്. ഞാൻ ഏറ്റവും കൂടുതൽ വേരിയേഷനുകൾ ചെയ്‌തിട്ടുള്ളത് ദിലീപിൻ്റെ മൂവിയിലാണ്. അദ്ദേഹത്തിന് സീരിയസ് ഫൈറ്റും ചെയ്യും, കോമഡി കലർന്ന ഫൈറ്റും ചെയ്യും. അദ്ദേഹത്തിൻ്റെ സിനിമകളാണ് ഞാൻ ഒരുപാട് വർക്ക് ചെയ്‌തിട്ടുള്ളത്. പൃഥ്വിരാജിൻ്റെ ഫൈറ്റ് എന്ന് പറഞ്ഞാൽ പവർ ആണ്. മലയാളത്തിലെ ഏറ്റവും ഫ്ളക്‌സിബിളായ ഒരാളാണ് പ്രണവ് മോഹൻലാൽ. അതിഗംഭീരമായി അദ്ദേഹത്തിന് ഫൈറ്റ് ചെയ്യാൻ സാധിക്കും.
ആക്ഷൻ രംഗങ്ങൾ അഭിനയിക്കാൻ ഓരോ അഭിനേതാക്കൾക്കും ഓരോ ശൈലിയുണ്ട്. അത് നമ്മൾ കൃത്യമായി മനസിലാക്കിയാൽ പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുന്ന രീതിയിൽ നമുക്ക് സംഘട്ടനം സംവിധാനം ചെയ്യാൻ സാധിക്കും. അവരുടെ ശൈലി പിന്തുടരുന്നത് കൊണ്ട് തന്നെ അപകടങ്ങളും കുറയും. ശൈലിയിൽ ചില വേരിയേഷൻ കൊണ്ടുവരാനാണ് പരമാവധിയുള്ള ശ്രമം. പുതിയ തലമുറയിലെ എല്ലാ മലയാള നടന്മാർക്കും ആക്ഷനോട് വലിയ താത്‌പ്പര്യമുണ്ട്. പണ്ടൊക്കെ അത് വേണ്ട ഇത് വേണ്ട എന്നൊക്കെ പറയുന്നവർ ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയില്ല.
ആക്ഷൻ കൊറിയോഗ്രാഫർ എന്നുള്ള രീതിയിൽ മോഹൻലാൽ എപ്പോഴും ഒരു പ്രചോദനമാണ്. ഞങ്ങൾ വർക്ക് ചെയ്യുന്ന സമയത്ത് പുള്ളി പിന്നിലൂടെ വരും. ശേഷം നമ്മുടെ തോളിൽ കയ്യിട്ട് തമാശകൾ ഒക്കെ പറഞ്ഞു നിൽക്കും. നമ്മൾ എന്ത് പ്ലാൻ ചെയ്‌താലും ചെയ്യാം എന്ന് മാത്രമേ അദ്ദേഹം പറയുകയുള്ളൂ. പുള്ളിയുടെ ഈ രീതി ആർക്കും മനസിലാകില്ല. സംഭവം നമ്മളെ കൂൾ ആക്കുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വച്ച് എന്ത് വേണമെങ്കിലും പ്ലാൻ ചെയ്യാനുള്ള ഒരു ധൈര്യം നമുക്ക് ലഭിക്കും. മോഹൻലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഒരു വലിയ താരത്തെ വച്ച് നമ്മൾ വർക്ക് ചെയ്യുമ്പോൾ സ്വാഭാവികമായ ഒരു ടെൻഷൻ ഉണ്ടാകും. മോഹൻലാലിൻ്റെ ഈ ഒരു സമീപനം നമുക്കു തരുന്ന എനർജി വളരെ വലുതാണ്.
മലയാളത്തിലെ എല്ലാ നടന്മാരും നമ്മളോട് വലിയ സ്നേഹത്തിലാണ് പെരുമാറുന്നത്. നമ്മളോടൊപ്പം അവർ സമയം ചെലവഴിക്കും. നമ്മൾ ആക്ഷൻ പ്ലാൻ ചെയ്യുമ്പോൾ കൂടെ വന്ന് നിൽക്കും. മറ്റു ഭാഷകളിലെ താരങ്ങൾ അങ്ങനെയല്ല. അവർ ഒരല്‌പം ബലമൊക്കെ പിടിച്ച് ഒരു ഭാഗത്ത് മാറിയിരിക്കാറാണ് പതിവ്. എല്ലാം കണ്ടു മനസിലാക്കിയശേഷം ടേക്ക് സമയത്ത് ആകും മാർക്കിൽ വന്ന് നിൽക്കുക. ഞാനിപ്പോൾ 'ടിക്കി ടാക്ക' എന്നൊരു സിനിമ ചെയ്യുന്നു. ആസിഫ് അലിക്കൊക്കെ ആക്ഷനോടുള്ള ഒരു അഭിനിവേശം വളരെ കൂടുതലാണ്. മമ്മൂക്കയുടെ ആക്ഷൻ ശൈലി വേറൊരു തരത്തിലാണ്. പുള്ളി സെറ്റിൽ വരുമ്പോൾ ഒരല്‌പം ദേഷ്യക്കാരൻ ആണെന്ന് തോന്നും. പക്ഷേ വളരെ ശുദ്ധനായ മനുഷ്യനാണ്.
കരിയറിലെ എടുത്തു പറയേണ്ട ഒരു സിനിമയാണ് ഉടയോൻ. ഒരുപാട് പേരും പ്രശസ്‌തിയും ആ സിനിമയിലൂടെ എനിക്ക് ലഭിച്ചു. മനോഹരമായ ആ സിനിമയിൽ ലാലേട്ടൻ ആക്ഷൻ ചെയ്‌തിട്ടുണ്ട്. ഭദ്രൻ സാറിൻ്റെ സിനിമകളിൽ തുടർച്ചയായി എനിക്ക് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. ആക്ഷൻ സിനിമകൾ ഒരുക്കുന്നതിൽ ഒരു പ്രത്യേക വൈദഗ്‌ധ്യം ഉള്ള ആളാണ് ഭദ്രൻ. ഓരോ ആക്ഷൻ ചെയ്യുമ്പോഴും അദ്ദേഹം കൂടെ ഇരിക്കും. അതുകൊണ്ടുതന്നെയാണ് ഭദ്രൻ സിനിമകളിലെ ആക്ഷൻ രംഗങ്ങൾ കൂടുതൽ മികവുറ്റതായത്.
ദിലീപിനൊപ്പമുള്ള അനുഭവങ്ങൾ..
ദിലീപിൻ്റെ ഒപ്പമാണ് ഞാൻ ഏറ്റവും കൂടുതൽ സിനിമകളിൽ പ്രവർത്തിച്ചത്. സിഐഡി മൂസ എന്ന സിനിമ കരിയറിലെ പൊൻതൂവൽ ആണ്. ഫ്ലാറ്റിൻ്റെ മുകളിൽ നിന്ന് ഹരിശ്രീ അശോകൻ വീഴുന്ന സീൻ ഒക്കെ ഒറിജിനലായി ചെയ്‌തതാണ്. ഒരു ഭാഗം മാത്രമാണ് ഗ്രീൻമാറ്റ് ഉപയോഗിച്ചത്. ഒരുപാട് കോമിക് ആക്ഷൻ രംഗങ്ങൾ ആ സിനിമയിൽ ചെയ്യാൻ സാധിച്ചു. മനസിൽ ഒരല്‌പം ഹാസ്യം സൂക്ഷിക്കുന്ന ആളായതുകൊണ്ടുതന്നെ എനിക്കതൊക്കെ ആസ്വദിച്ച് ചെയ്യാനും സാധിച്ചു.
ദിലീപിൻ്റെ ഫൈറ്റ് ചെയ്യുമ്പോൾ ഒരല്‌പം കോമഡിയും കൂടെ കലരണം. വളരെ സീരിയസായി ആക്ഷൻ ചെയ്യുമ്പോൾ പോലും ദിലീപിൻ്റെ ഇൻപുട്ട് ആ ആക്ഷൻ രംഗത്തിൻ്റെ സ്വഭാവം തന്നെ മാറ്റിക്കളയും. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ചായക്കട ഫൈറ്റ് അതിനുദാഹരണം. ബിജുമേനോൻ്റെ കഥാപാത്രം വളരെ സീരിയസ് ആയി ടെററായി ഫൈറ്റ് ചെയ്യുകയാണ്. ദിലീപ് ലൊക്കേഷനിൽ വന്ന് ഇടക്കിടയ്ക്ക് നോക്കും. തനിക്ക് എന്ത് ഇൻപുട്ട് ഈ ഫൈറ്റിൽ നൽകാൻ പറ്റും എന്ന് ചിന്തിക്കും. അങ്ങനെയാണ് ആ ഫൈറ്റിനിടയിൽ ചില കോമഡി രംഗങ്ങളൊക്കെ സംഭവിക്കുന്നത്. ചൂടുവെള്ളം പുറത്തൊഴിക്കുന്നത് അടക്കമുള്ള കുറെ സീനുകൾ. അതോടെ ആ രംഗത്ത് മികച്ചുനിൽക്കുന്ന ബിജുമേനോൻ്റെ കഥാപാത്രത്തിൻ്റെ ഇംപാക്‌ട് ചെയ്ഞ്ച് ആകും. ദിലീപിൻ്റെ കഥാപാത്രം സ്കോർ ചെയ്യും. അതൊരു നല്ല കാര്യം തന്നെയാണ്. അങ്ങനെയുള്ള ഇൻപുട്ടുകളൊക്കെ സംഭവിച്ചതുകൊണ്ടാണ് ദിലീപിൻ്റെ പഴയ സിനിമകൾ ഇപ്പോഴും പ്രേക്ഷകർ വീണ്ടും വീണ്ടും കാണുന്നത്.
ശശി അതുമതി..
ബെസ്‌റ്റ് ആക്‌ടറിലെ സീൻ. ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂക്കയുടെ കഥാപാത്രം എന്നെ വിരട്ടുന്നു. ഞാൻ മാഫിയ ശശി ആയിട്ട് തന്നെയാണ് സീനിൽ അഭിനയിച്ചിരിക്കുന്നത്. ആ സിനിമയുടെ റിലീസ് കഴിഞ്ഞ ശേഷം മമ്മൂക്ക എന്നെ വിളിച്ചു. മാഫിയ എന്നത് നിൻ്റെ അച്ഛൻ്റെ പേരാണോ എന്ന് മമ്മൂക്കയുടെ കഥാപാത്രമാണ് സിനിമയിൽ ചോദിക്കുന്നുണ്ട്. ശശി അതുമതി.. ആ ഡയലോഗിൽ മമ്മൂക്ക സിനിമ കണ്ടു കഴിഞ്ഞശേഷം ഒരു അസംതൃപ്‌തി പ്രകടിപ്പിച്ചു. താങ്കളുടെ അച്ഛനെ മോശമായി പറഞ്ഞതുപോലെ തോന്നി. അത് തെറ്റായിപ്പോയി എന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ പറഞ്ഞു മമ്മൂക്ക അത് സിനിമയല്ലേ. സാരമില്ല എന്ന്. എന്നാലും മമ്മൂക്കയ്ക്ക് ഒരു അസംതൃപ്‌തി ഉള്ളതുപോലെ തോന്നി. അതാണ് മമ്മൂക്ക. ചെറിയ കാര്യങ്ങൾ പോലും ഓർത്തുവച്ച് നമ്മളോട് സംസാരിക്കും.
താങ്കൾക്ക് സിനിമയിൽ എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടോ.
ചെറിയ ചെറിയ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ പുതിയകാലത്ത് നമ്മളെ അപായപ്പെടുത്തുന്ന തരത്തിലുള്ള അപകടങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. പണ്ട് ഒരുപാട് സംഭവിച്ചിട്ടുണ്ട്. അന്ന് ഫൈറ്റേഴ്‌സിനെ ഉയർത്തുന്ന റോപ്പ് ഫ്രെയിമിൽ നിന്ന് മായ്ച്ചു കളയാനുള്ള ടെക്നോളജി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വളരെ കനം കുറഞ്ഞ റോപ്പുകളാണ് ഫൈറ്റേഴ്‌സിനെ ഉയർത്താൻ ഉപയോഗിക്കുന്നത്. സിനിമയുടെ പേര് ഓർക്കുന്നില്ല. അങ്ങനെ ഒരിക്കൽ നല്ല ഉയരത്തിൽ നിന്ന് റോപ്പ് പൊട്ടി ഞാൻ താഴെ വീണു. എനിക്കാണെങ്കിൽ അന്ന് നല്ല ഭാരവും ഉണ്ട്. റോപ്പിന് കനം കുറവും.
ഫൈറ്റ് എടുക്കുമ്പോഴുള്ള സുരക്ഷാ സംവിധാനങ്ങൾ..
ഇപ്പോഴൊക്കെ സിനിമകളിൽ ഫൈറ്റ് എടുക്കുമ്പോൾ തറയിൽ മാറ്റ് വിരിക്കാറുണ്ട്. സ്പോഞ്ച് സ്വഭാവമുള്ള മാറ്റ് ആണത്. മണ്ണും കരിയിലകളും കൊണ്ട് ഫ്രെയിമിൽ നിന്ന് മാറ്റ് മറക്കും. മറയ്ക്കാൻ സാധിക്കാത്തത് ഗ്രാഫിക്‌സ് ഉപയോഗിച്ച് മായ്ച്ചു കളയും. പണ്ട് ഇത്തരം ടെക്നോളജി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇടി കൊണ്ട് താഴെ വീഴുന്നത് ഒറിജിനൽ തറയിൽ തന്നെയാണ്. ഇപ്പോൾ ക്രെയ്‌നും റോപ്പുമൊക്കെ അതീവ സുരക്ഷ മാനദണ്ഡങ്ങൾ പ്രദാനം ചെയ്യുന്നു. വളരെ സുരക്ഷിതമായി ഫൈറ്റേഴ്‌സിനെയും അഭിനേതാക്കളെയും ഹുക്ക് ചെയ്തൊക്കെ ഉയർത്താൻ സാധിക്കും. എത്രത്തോളം സുരക്ഷാസംവിധാനങ്ങൾ ഉപയോഗിച്ചാലും അതൊക്കെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മായിച്ചു കളയാനും സാധിക്കും.
സാധാരണ ഒരു സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പ്രത്യേകം ലെൻസുകൾ ആണ് ഉപയോഗിക്കുന്നത്. സീനുകൾ എടുക്കാൻ ഉപയോഗിക്കുന്ന ലെൻസുകളിൽ നിന്ന് വ്യത്യസ്‌തമായവയാണത്. ആക്ഷൻ സ്വഭാവം മനസിലാക്കി വേണം ലെൻസുകൾ ഏതൊക്കെ വേണമെന്ന് തീരുമാനിക്കാൻ. വൈഡ് ഫ്രെയിമിനും ക്ലോസ് ഫ്രെയിമിനും ഏതൊക്കെ മെഷർമെൻ്റിലുള്ള ലെൻസുകളാണ് വേണ്ടതെന്ന് ആക്ഷൻ സംവിധായകൻ തീർച്ചയായും അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം ഓരോ ലെൻസും ഇട്ടുനോക്കി വേണം ഫ്രെയിം ഫിക്‌സ് ചെയ്യാൻ. അതൊരുപക്ഷേ ഒരുപാട് സമയം നഷ്‌ടപ്പെടുന്നതിന് കാരണമാകും. നമ്മളൊരു കൊറിയോഗ്രാഫി പ്ലാൻ ചെയ്‌താൽ, എടുക്കുന്ന ഷോട്ട് അനുസരിച്ച് ക്യാമറാമാൻ ഇന്ന ലെൻസേ ഉപയോഗിക്കൂ എന്ന് ധാരണയുണ്ടെങ്കിൽ വളരെ പെട്ടെന്ന് നിർദ്ദേശം നൽകാം.
പുതിയ തലമുറയിലെ ചെറുപ്പക്കാരോടൊപ്പം എങ്ങനെ പിടിച്ചുനിൽക്കുന്നു..
നമ്മൾ അപ്ഡേറ്റ് ആയിരിക്കുക എന്നതാണ്. ഇപ്പോൾ ഷാജി കൈലാസിൻ്റെ ജോജു ജോർജ് ചിത്രം വരവിൽ ഞാൻ വർക്ക് ചെയ്‌തു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബ്ലാക്ക് എന്ന ചിത്രം.. പ്രകാശ് വർമ്മയാണ് നായകൻ. അങ്ങനെ ഒരുപാട് പുതിയ സിനിമകളിൽ ഞാനിപ്പോൾ വർക്ക് ചെയ്യുന്നു. ഇപ്പോൾ പണ്ടത്തെപ്പോലെ ഒരു സിനിമ മുഴുവൻ നമുക്ക് ചെയ്യാൻ സാധിക്കില്ല. രണ്ടുമൂന്ന് ആക്ഷൻ സംവിധായകർ ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ഉണ്ടാകും. അവർക്കൊപ്പം നമ്മൾക്കും പെർഫോം ചെയ്യാൻ സാധിക്കുന്നുണ്ട് എന്ന് സംവിധായകർക്ക് ബോധ്യമുള്ളതു കൊണ്ടാണല്ലോ വീണ്ടും വിളിക്കുന്നത്. അപ്ഡേറ്റ് ആയിരിക്കാൻ ആണ് ഞാൻ പരമാവധി ശ്രമിക്കുന്നത്.
മലയാള സിനിമയുടെ പ്രത്യേകത...
മലയാള പ്രേക്ഷകർക്ക്, ഓവർ ദ ടോപ്പ് ഫൈറ്റ് രംഗങ്ങൾ മലയാള സിനിമയിൽ ഉപയോഗിക്കുന്നത് ഇഷ്‌ടമല്ല. മറ്റു ഭാഷകളിൽ ആണെങ്കിൽ സന്തോഷപൂർവ്വം കാണണം. റിയലിസ്‌റ്റിക് ഫൈറ്റ് ആണ് മലയാള സിനിമയുടെ പ്രത്യേകത. പണ്ടൊക്കെ റിയലിസ്‌റ്റിക് ഫൈറ്റിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. ഞാൻ ഒരുപാട് ബാലയ്യ സിനിമകളിൽ അഭിനയിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്. ബാലയ്യ അഭിനയിച്ച ഒരു തെലുഗു ചിത്രത്തിൽ അദ്ദേഹം കഴുത്തുകൊണ്ട് ഒരു ഏണി മുഴുവൻ പൊട്ടിച്ചു കളയുന്ന സീൻ ഉണ്ട്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ആ സീൻ ഇടയ്ക്കിടയ്ക്ക് കാണാൻ സാധിക്കും. അന്ന് ആ സീൻ കണ്ട് പ്രചോദനമായിട്ട് സുരേഷ് ഗോപിയുടെ ഒരു ചിത്രത്തിൽ ആ സീൻ ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
മലയാളം പ്രേക്ഷകർ മാത്രമല്ല മലയാളം സാങ്കേതിക പ്രവർത്തകരും റിയലിസത്തിന് പ്രാധാന്യം നൽകുന്നവരാണ്. അന്ന് ഈ സീൻ പ്ലാൻ ചെയ്‌തപ്പോൾ സെറ്റിലുള്ള ഒരാൾ ഒരു വലിയ ഏണി എവിടെനിന്നോ സംഘടിപ്പിച്ചുകൊണ്ട് വന്നിട്ട് ഒന്നു പൊട്ടിച്ചു കാണിക്കു എന്ന് വെല്ലുവിളിച്ചു.. മാഫിയ ശശി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
ഈ ഏണി ഒന്നു പൊട്ടിച്ചു കാണിക്കു എന്ന് അദ്ദേഹം വെല്ലുവിളിക്കുകയാണ്. സുരേഷേട്ടനും അന്ന് ലൊക്കേഷനിൽ ഉണ്ട്. അദ്ദേഹം ഇത് കണ്ടുകൊണ്ടും കേട്ട് കൊണ്ടും നിൽക്കുകയാണ്. അതാണ് നമ്മുടെ ആൾക്കാര്. ഇവിടെ അത്തരം ഓവർ ദ ടോപ്പ് കാര്യങ്ങളൊക്കെ കാണാൻ ആൾക്കാർക്ക് താത്‌പ്പര്യം ഇല്ല.
ബാലയ്യ ഒക്കെ ട്രെയിൻ ചവിട്ടി നിർത്തിയാലും അവിടത്തെ പ്രേക്ഷകർ വിശ്വസിക്കും കയ്യടിക്കും. ഇവിടെ സുരേഷ് ഗോപി എത്രയോ ആക്ഷൻ സിനിമകൾ ചെയ്‌തിരിക്കുന്നു. പക്ഷേ ഇതുപോലെ ഒരു സീൻ ചെയ്യാൻ മലയാളി പ്രേക്ഷകർ സമ്മതിക്കില്ല. അവർ കാണില്ല. അക്ഷരമാത്രം പ്രാധാന്യം നൽകി എത്രയോ സിനിമകൾ സുരേഷ് ഗോപിക്ക് വേണ്ടി ഞാൻ വർക്ക് ചെയ്‌തു. എന്തെങ്കിലും ഇതുപോലെ ഉള്ള കാര്യങ്ങൾ നമുക്കും ചെയ്യാമായിരുന്നു. പക്ഷേ സാധിക്കില്ല.

