'നിന്നെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു' എന്ന് ചിത്രാമ്മ, ഉമ്മ തന്ന് അനുഗ്രഹം; സ്റ്റാർ സിംഗർ വിജയയാത്രയെക്കുറിച്ച് ശിവപ്രിയ സുരേഷ്
സ്റ്റാർ സിംഗർ സീസൺ പത്ത് വിജയി ശിവപ്രിയ സുരേഷ് സംഗീയയാത്രയുമായി ഇ ടിവി ഭാരതിനൊപ്പം

By ETV Bharat Entertainment Team
Published : September 1, 2026 at 2:48 PM IST
|Updated : September 1, 2026 at 3:44 PM IST
അക്കി വിനായക്
ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന സ്റ്റാർ സിംഗർ സീസൺ പത്തിൽ വിജയിയായി കണ്ണൂർ സ്വദേശി ശിവപ്രിയ സുരേഷ്. ഖത്തറിൽ ജനിച്ചു വളർന്ന ശിവപ്രിയ പ്ലസ് ടു ബോർഡ് എക്സാം സമയത്താണ് റിയാലിറ്റി ഷോയുടെ ഓഡിഷനിൽ പങ്കെടുക്കുന്നതും ഭാഗമാകുന്നതും. അർജുൻ, തീർത്ഥ സത്യൻ, കൃഷ്ണശ്രീ, വൈശാഖൻ, സൂര്യനാരായണൻ തുടങ്ങിയവരാണ് ശിവപ്രിയയോടൊപ്പം ഫിനാലയിലേക്ക് എത്തിച്ചേർന്നത്. വിജയം അപ്രതീക്ഷിതവും, അഭിമാനവും സന്തോഷവും ഉളവാക്കുന്നതാണെന്ന് ശിവപ്രിയ പറയുകയുണ്ടായി. കെ എസ് ചിത്ര, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, ഡി ഇമാൻ തുടങ്ങിയവരായിരുന്നു ഫൈനൽ ജഡ്ജസ്. വിശേഷങ്ങൾ പങ്കുവെച്ച് ശിവപ്രിയ സുരേഷ് ഇ ടി വി ഭാരതിനൊപ്പം.
പ്രതിസന്ധികളെ മറികടന്ന സംഗീത യാത്ര
വളരെ ചെറുപ്പകാലം മുതൽ തന്നെ സംഗീതത്തോട് ഇഷ്ടം തോന്നിയിരുന്നു. സ്വദേശം കണ്ണൂർ ആണെങ്കിലും ജനിച്ചു വളർന്നത് ഖത്തറിലാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ഖത്തറിൽ സംഘടിപ്പിച്ച പല പരിപാടികളിലും പാടാൻ സാധിച്ചു. ചെറിയ പ്രായത്തിൽ സ്റ്റേജ് ഷോകളിൽ പാടാൻ അവസരം ലഭിച്ചതുകൊണ്ട് സഭാകമ്പം മാറിക്കിട്ടി. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൂടേ എന്ന് ചോദിക്കുമായിരുന്നു. പക്ഷേ അതിനുവേണ്ടി കേരളത്തിലേക്ക് വന്നാൽ ഏകദേശം ഒരു വർഷത്തോളം സമയം മാറ്റിവെക്കേണ്ടി വരും. അതിലൂടെ വിദ്യാഭ്യാസം മുടങ്ങും എന്നതുകൊണ്ട് ആ വഴി ചിന്തിച്ചിരുന്നില്ല.
മാസങ്ങൾക്കു മുൻപ് കണ്ണൂർ ഷെരീഫ് ഇക്കയും ഗായിക ശ്വേതാ അശോകും ഒരു പ്രോഗ്രാമിനായി ഖത്തറിൽ എത്തിയിരുന്നു. ഇരുവരും എൻ്റെ അഭ്യുദയകാംക്ഷികളാണ്. അവരുടെ പ്രോഗ്രാമിൽ ഞാനും ഭാഗമായിരുന്നു. അപ്പോഴാണ് ഷെരീഫ് ഇക്ക പറഞ്ഞത്, ജനുവരിയിൽ സ്റ്റാർ സിംഗർ സീസൺ പത്തിൻ്റെ ഓഡിഷൻ നടക്കുന്നുണ്ട്, എന്തുകൊണ്ട് ഒരു ഭാഗ്യ പരീക്ഷണം നടത്തിക്കൂടാ എന്ന്. ഞാൻ അപ്പോൾ പ്ലസ് ടൂവിന് പഠിക്കുകയാണ്. പ്ലസ് ടൂവിന് ശേഷം ഉപരിപഠനത്തിന് മുൻപായി ഒരു വർഷത്തെ ബ്രേക്ക് എടുക്കുന്നതിൽ തെറ്റില്ല എന്ന് തോന്നി. ഷെരീഫ് ഇക്കയുടെ നല്ല പിന്തുണയുണ്ടായിരുന്നു.

ഓഡിഷൻ അനുഭവങ്ങളും വിജയവും
പ്ലസ് ടൂ ബോർഡ് എക്സാം ആരംഭിക്കുന്നതിന് തൊട്ടു മുൻപാണ് സ്റ്റാർ സിംഗർ സീസൺ പത്തിൻ്റെ ഓഡിഷൻ സംഘടിപ്പിക്കുന്നത്. അങ്ങനെ വന്നു, പങ്കെടുത്തു, സെലക്ഷൻ കിട്ടി. പഠനവും ജീവിതവും ഒക്കെ വിദേശത്തായതുകൊണ്ട് ഇതുപോലൊരു വലിയ റിയാലിറ്റി ഷോയുടെ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. സീസൺ 9 കൃത്യമായി വീക്ഷിച്ചിരുന്ന ഒരാളായിരുന്നു ഞാൻ.
ഓഡിഷനു മൂന്നു പാട്ടുകളാണ് ഞാൻ പാടിയത്: കണ്ണോട് കണ്ണോരം, മധുരം ഗായത്രി മീര, ഹിന്ദി ഗാനമായ ചിക്കിലി ചമേലി. ഒരു മെലഡി ഒരു സെമി ക്ലാസിക്കൽ ഒരു ഫാസ്റ്റ് നമ്പർ എന്ന രീതിയായിരുന്നു. മെഗാ ഓഡിഷന് ചിത്രാമ്മയും (കെ എസ് ചിത്ര), സിത്താര ചേച്ചിയും വിധു ചേട്ടനും ആയിരുന്നു ജഡ്ജസ്. ഓഡിഷനിൽ പങ്കെടുക്കുമ്പോൾ വല്ലാത്ത സമ്മർദത്തിലായിരുന്നു. വേദിയിൽ ഞാൻ ഒറ്റയ്ക്ക്, ഒരു സ്പോട്ട് ലൈറ്റ് മാത്രം. അങ്ങനെ ഒരു അന്തരീക്ഷം എനിക്ക് പുതുമയുള്ളതായിരുന്നു. പാടിക്കഴിഞ്ഞപ്പോൾ സിത്താര ചേച്ചിയാണ് ബസർ അമർത്തി സെലക്ട് ആയി എന്ന് അറിയിച്ചത്. പിന്നീടുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.
തുടക്കത്തിലെ ഒരു തണുപ്പൻ മട്ട്
പ്ലസ് ടൂ ബോർഡ് പരീക്ഷയുടെ സമയത്താണ് കുറച്ച് എപ്പിസോഡുകളുടെ ഷൂട്ടിങ് നടന്നിരുന്നത്. ഷൂട്ടിങ് സമയത്ത് ഖത്തറിൽ നിന്ന് നാട്ടിലേക്ക് വരികയും, തിരികെ പോയി പരീക്ഷ എഴുതുകയും ചെയ്തിരുന്നു. മൂന്നുനാലു പ്രാവശ്യം അങ്ങനെ ചെയ്തിട്ടുണ്ട്. പരീക്ഷ പൂർത്തിയായി കഴിഞ്ഞശേഷം നാട്ടിൽ തന്നെ സെറ്റിൽ ചെയ്ത് പരിപാടിയുടെ ഭാഗമായി.
തുടക്കത്തിൽ ടെക്നിക്കൽ പരമായ കാര്യങ്ങളിൽ എനിക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. തുടർച്ചയായി യാത്ര ചെയ്യുന്നതുകൊണ്ട് തന്നെ ഇയർ ബാലൻസിങ് പ്രശ്നവും നേരിട്ടു. ഉപയോഗിച്ചിരുന്ന ഇൻ ഇയർ മോണിറ്റർ ഒന്നും കൃത്യമായിരുന്നില്ല. കൂടാതെ രണ്ടു രാജ്യങ്ങളിലെ കാലാവസ്ഥ വ്യതിയാനവും പ്രശ്നമായി. പിന്നീട് റിയാലിറ്റി ഷോയുടെ ഭാഗമാകാൻ നാട്ടിൽ സെറ്റിൽ ചെയ്തതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. 'ഹോം ടൂർ' എന്നൊരു സെഗ്മെന്റ് ഉണ്ടായിരുന്നു. അതിനുശേഷമാണ് എനിക്ക് ശരിക്ക് പെർഫോം ചെയ്യാൻ സാധിച്ചതും സാങ്കേതിക ഉപകരണങ്ങളുടെ പരിമിതികൾ തരണം ചെയ്തതും.
ഗംഭീര തിരിച്ചുവരവും വഴിത്തിരിവും
ഇമ്പ്രവൈസേഷൻ റൗണ്ട് ആയിരുന്നു റിയാലിറ്റി ഷോയിലെ എൻ്റെ വഴിത്തിരിവ്. ഒരു ഗാനം സെലക്ട് ചെയ്ത് അതിനുമുകളിൽ എലമെൻ്റുകളൊക്കെ കൂട്ടിച്ചേർത്ത് ഇമ്പ്രവൈസ് ചെയ്ത് പാടുക എന്നതായിരുന്നു ആ റൗണ്ടിൻ്റെ പ്രത്യേകത. സംഗീതജ്ഞൻ മിഥുൻ ജയരാജൻ്റെ പിന്തുണയോടുകൂടിയാണ് ആ റൗണ്ടിൽ അവതരിപ്പിക്കേണ്ട ഗാനം തിരഞ്ഞെടുത്തത്.
ഒരുപാട് ഗാനങ്ങൾ സെർച്ച് ചെയ്യുന്നതിനിടയിലാണ് ഗാന്ധർവ്വം എന്ന സിനിമയിലെ 'നെഞ്ചിൽ കഞ്ചബാണം' എന്ന ഗാനം കാണാനിടവന്നത്. ഈ ഗാനത്തെക്കുറിച്ച് ഞാൻ മിഥുൻ ചേട്ടനോട് സംസാരിച്ചു. ഒരുപാട് വർക്ക് ചെയ്യാൻ സാധ്യതകൾ ഉള്ള ഗാനമാണെന്നും നല്ല സെലക്ഷൻ ആണെന്നും അദ്ദേഹം മറുപടി പറഞ്ഞു. വാസ്തവത്തിൽ വളരെ ഹിറ്റ് ഗാനം ആണെങ്കിൽ പോലും, ഗാന്ധർവ്വത്തിലെ ഈ പാട്ട് മുഴുവനായി ഞാൻ കേട്ടിരുന്നില്ല; തുടക്കത്തിലെ വരികൾ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. എസ്.പി. ബാലസുബ്രഹ്മണ്യം സർ പാടിയ പാട്ടാണിത്. അതുകൊണ്ടുതന്നെ എത്രത്തോളം എനിക്ക് ഇത് പാടി ഫലിപ്പിക്കാൻ സാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
എനിക്ക് ആത്മവിശ്വാസം നൽകിയത് മിഥുൻ ചേട്ടൻ തന്നെയാണ്. പാട്ടിനുമുകളിൽ അഡീഷണൽ അറേഞ്ച്മെൻ്റ്സ് ചെയ്തു തന്നതും അദ്ദേഹം തന്നെ. പാട്ടിൽ ഇമ്പ്രവൈസേഷൻസ് ചെയ്തു തന്നത് ശ്വേതാ അശോക് ചേച്ചിയാണ്. ഗാനം ഷോയിൽ പാടിക്കഴിഞ്ഞപ്പോൾ ജഡ്ജസിൽ നിന്ന് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു; അതിൽ ചിത്ര ചേച്ചിയുടെ പ്രശംസ എടുത്തു പറയേണ്ടതാണ്. ഈ റിയാലിറ്റി ഷോയുടെ ഭാഗമായതിനുശേഷം ഞാൻ പാട്ടുകേൾക്കുന്ന രീതി നന്നായി മാറി. ഇന്ത്യൻ സംഗീത ലോകത്തെ വിഖ്യാതരായ വ്യക്തിത്വങ്ങളോടൊപ്പം പ്രവർത്തിച്ചപ്പോൾ അറിവും കാഴ്ചപ്പാടും ആത്മവിശ്വാസവും വർധിച്ചു.

റിയാലിറ്റി ഷോയുടെ തുടക്ക സമയത്ത് അങ്ങനെയൊരു കാര്യം നേരിട്ടിരുന്നു. എന്തുകൊണ്ട് എൻ്റെ ബെസ്റ്റ് എനിക്ക് കൊടുക്കാൻ സാധിക്കുന്നില്ല എന്ന് ചിന്തിച്ച് സങ്കടപ്പെട്ടു. നേരത്തെ ഞാൻ പറഞ്ഞതുപോലെ ഉണ്ടായിരുന്ന കുറെ പ്രശ്നങ്ങൾ എന്നെ പ്രയാസപ്പെടുത്തി. എനിക്ക് നന്നായി പാടാൻ കഴിയാത്തതിന് കാരണം ഇതൊക്കെയാണെന്ന് ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല. പലപ്പോഴും മികച്ച രീതിയിൽ പാടാൻ സാധിക്കാത്തതുകൊണ്ടുതന്നെ മാനസികമായി തളർന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി പ്രതിസന്ധികൾ തരണം ചെയ്യുമ്പോഴാണല്ലോ വിജയിക്കുന്നത്.
ബെസ്റ്റ് എപ്പിസോഡ്
അങ്ങനെ ചോദിച്ചാൽ ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്ന എപ്പിസോഡ് എടുത്തു പറയേണ്ടതായുണ്ട്. ഇതുപോലൊരു വലിയ വേദിയുടെ ഭാഗമാകാൻ സാധിച്ചു. ചിത്ര ചേച്ചിയെ പോലെ ഒക്കെയുള്ള വിഖ്യാത സംഗീതജ്ഞർക്ക് മുന്നിൽ പാടാൻ സാധിച്ചു. അവരിൽ നിന്ന് ഒരുപാട് അറിവുകൾ നമുക്ക് ലഭിച്ചു. അവരുമായി അടുത്തിടപഴകാൻ സാധിച്ചു. ഇത്തരം കാര്യങ്ങളിൽ ഒക്കെ ഞാൻ ഹാപ്പിയായിരുന്നു. പക്ഷേ ഫൈനൽ റൗണ്ടിലേക്ക് എൻ്റെ പേരും ഉണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷം സ്പെഷ്യലായി. അത് എന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. മറ്റൊരു എപ്പിസോഡ് കൂടി ഓർക്കാൻ ഉണ്ട്. ഇമ്പ്രവൈസേഷൻ റൗണ്ടിൽ ഹഹഹ ഇത് നല്ല ലാക്കാ എന്നൊരു ഗാനം ഞാൻ പാടിയിരുന്നു. ആ ഗാനം പാടിക്കഴിഞ്ഞപ്പോൾ തന്നെ ചിത്രാമ്മയും സിത്താര ചേച്ചിയും വിധു ചേട്ടനും വേദിയിലേക്ക് കയറി വരികയും നേരിട്ട് പ്രശംസിക്കുകയും ചെയ്തു. ഈ ഗാനം കഴിഞ്ഞാൽ ഉടൻതന്നെ ചിത്രാമ്മക്ക് നൽകാൻ ഞാൻ ഒരു ലഡ്ഡു കയ്യിൽ കരുതി വെച്ചിട്ടുണ്ടായിരുന്നു. ചിത്രാമ്മ അത് എൻ്റെ കയ്യിൽ നിന്നു വാങ്ങി എനിക്ക് രുചിക്കാൻ നൽകി. സംഗീത ലോകത്ത് തുടക്കം കുറിക്കുന്ന എന്നെപ്പോലൊരു പാട്ടുകാരിക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.
ഓഫ് സ്ക്രീൻ മൊമന്‍സ്
അത്തരം അനുഭവങ്ങൾ ഒരുപാടുണ്ട് പറയാൻ. പാട്ട് ഏതാണെന്ന് എനിക്ക് ഓർയില്ല. ഏതോ ഒരു പെർഫോമൻസ് കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ബ്രേക്ക് ടൈമിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് ചിത്രാമ്മ എൻ്റെ അടുത്തുണ്ട്. അമ്മയ്ക്ക് ഞാൻ പാടിയ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. നിന്നെ ആലോചിച്ച് ഞാൻ അഭിമാനം കൊള്ളുന്നു എന്ന് ചിത്രാമ്മ പറഞ്ഞു. എന്നിട്ട് ഒരു ഉമ്മ തരട്ടെ എന്ന് ചോദിച്ചു. അതിപ്പോൾ ചോദിക്കേണ്ട കാര്യമുണ്ടോ. അമ്മ എന്നെ കെട്ടിപ്പിടിച്ച് മുത്തം നൽകി. ഇതേ അനുഭവം ഒന്നിൽ കൂടുതൽ തവണ എനിക്ക് ഉണ്ടായിട്ടുണ്ട് കേട്ടോ.
ഏറ്റവും ബുദ്ധിമുട്ടി പാടിയ ഗാനം
ശൃംഗാര വേലനെ ദേവ എന്നു തുടങ്ങുന്ന പഴയ ഒരു തമിഴ് ഗാനമാണ് ഏറെ ബുദ്ധിമുട്ടി പാടിയതായി എൻ്റെ ഓർമയിൽ ഉള്ളത്. ഒന്ന് ആ ഗാനം വളരെ ടഫ് ആണ്. മാത്രമല്ല ഞാൻ ആ ഗാനം ആലപിക്കുന്ന സമയത്ത് കസു എന്നൊരു സംഗീത ഉപകരണവും സ്വയം വായിച്ചിരുന്നു. കസു എന്ന ഉപകരണം വായിക്കാൻ ഒരല്പം പ്രയാസമാണ്. നമ്മുടെ എനർജി നഷ്ടപ്പെടും. പ്രാക്ടീസ് സമയത്ത് പാടുകയും കസു വായിക്കുകയും ചെയ്തത് എന്നെ ഒരുപാട് ക്ഷീണിതയാക്കി. അതുകൊണ്ടുതന്നെ സ്റ്റേജിൽ ഈ കാര്യം വർക്കൗട്ട് ആകുമോ എന്ന സംശയവും ഉണ്ടായിരുന്നു. പക്ഷേ എല്ലാം നല്ലതുപോലെ നടന്നു. കസു എനിക്ക് ഒരു ബർത്ത് ഡേ ഗിഫ്റ്റ് ആയി ലഭിച്ചതാണ്. പക്ഷേ അത് ഞാൻ കാര്യമായി ഉപയോഗിച്ചിരുന്നില്ല. ശൃംഗാര വേലനേ ദേവ എന്ന ഗാനം പാടാമെന്ന് തീരുമാനിച്ചപ്പോഴാണ് കസുവിനെക്കുറിച്ച് ഓർക്കുന്നത്. ആ ഗാനത്തിനിടയ്ക്ക് നാദസ്വരത്തിൻ്റെ പോർഷൻ ഉണ്ട്. അതിനു പകരമാണ് കസു ഉപയോഗിക്കാം എന്ന് തീരുമാനിച്ചത്. എനിക്ക് പ്രാക്ടീസ് കുറവായതുകൊണ്ടാണ് ഒരുപാട് എനർജി നഷ്ടപ്പെട്ടത്. മൂന്നുദിവസം മാത്രമാണ് ആ ഗാനം പ്രാക്ടീസ് ചെയ്യാൻ ലഭിച്ചത്.

അങ്ങനെയൊരു സംഭവമോ കാഴ്ചപ്പാടോ എനിക്കില്ല. സ്റ്റാർ സിംഗർ എന്ന് പറയുന്നത് ഒരു കുടുംബം പോലെയായിരുന്നു. ഫൈനലിസ്റ്റായി എത്തിയവർ എല്ലാം മികച്ച ഗായകരാണ്. എല്ലാവരിൽ നിന്നും ഒരേ രീതിയിലുള്ള കോമ്പറ്റീഷൻ ആണ് നേരിടേണ്ടി വന്നത്. ആരായിരുന്നു മികച്ചത് എന്ന് ഒരു പേരെടുത്ത് പറയാനും സാധിക്കുന്നില്ല.
ഫൈനൽ
എൻ്റെ മെൻഡേഴ്സ് ആയിട്ടുള്ള ഷെരീഫ് അങ്കിൾ, മിഥുൻ ചേട്ടൻ എന്നിവരാണ് ഫൈനൽസിൽ പാടാനുള്ള പാട്ടുകൾ സെലക്ട് ചെയ്യാൻ സഹായിച്ചത്. ഒരുപക്ഷേ ഞാൻ ആയിരിക്കും ഏറ്റവും അവസാനം പാട്ടുകൾ സെലക്ട് ചെയ്തത്. പാട്ടുകൾ തിരഞ്ഞെടുക്കുന്നതിനും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. കോപ്പിറൈറ്റ് സംബന്ധമായ പ്രശ്നങ്ങൾ കാരണം എല്ലാ പാട്ടുകളും നമുക്ക് ലഭിക്കില്ല.
ഫൈനലിൽ മൂന്നു റൗണ്ട് ആണുള്ളത്. ചോയ്സ് റൗണ്ട്, ചലഞ്ച് റൗണ്ട്. മൂവിറ്റ് റൗണ്ട്. ചോയ്സ് റൗണ്ടിൽ കടൽ എന്ന സിനിമയിലെ എ ആർ റഹ്മാൻ സാറിൻ്റെ അടിയെ എന്ന ഗാനമാണ് തിരഞ്ഞെടുത്തത്. ചലഞ്ച് റൗണ്ടിൽ ശരത് സാറിൻ്റെ പ്രണതോസ്മി ഗുരുവായൂപുരേശം എന്ന ഗാനമായിരുന്നു. ആ ഗാനത്തിൻ്റെ കെ എസ് ചിത്ര വേർഷൻ ആണ് ഞാൻ പാടിയത്. മൂവിറ്റ് റൗണ്ടിൽ പഴയ ഹിന്ദി ഗാനമായ ഈനാ മിന ടിക തിരഞ്ഞെടുത്തു.
ഫൈനലിൽ പങ്കെടുക്കുന്ന സമയത്ത് ടെൻഷൻ ഇല്ലായിരുന്നു, പകരം സന്തോഷമായിരുന്നു. ഇതുവരെ നമുക്ക് എത്താൻ സാധിച്ചല്ലോ. അവസാനം നിമിഷം ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അർജുൻ ചേട്ടൻ അങ്ങനെയൊരു രീതിയായിരുന്നു. മനോഹരമായിതന്നെ ഫൈനലിൽ പാടാൻ സാധിച്ചത് കൊണ്ട് ആത്മവിശ്വാസവും സന്തോഷവും ഇരട്ടിച്ചു. പക്ഷേ ഞാൻ വിജയിക്കുമോ എന്ന രീതിയിൽ ടെൻഷനടിച്ച് അവിടെ നിന്നിട്ടേയില്ല. ഞങ്ങൾ മത്സരാർഥികൾ എല്ലാവരും തമ്മിലുള്ള ആത്മബന്ധം വലുതായിരുന്നു. അതുകൊണ്ടുതന്നെ വിജയി ആരായാലും ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷം മാത്രം. മറ്റൊരാളാണ് ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഇതേ സന്തോഷം എനിക്ക് ഉണ്ടായിരിക്കും.


