ദുഷ്‌ടനും ക്രൂരനും കൊടും വില്ലനുമായ കുംഭ..റോബോട്ടിക് വീല്‍ ചെയറില്‍ പൃഥ്വിരാജ്; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ട് രാജമൗലി
മഹേഷ് ബാബുവും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന എസ്‌എസ് രാജമൗലി ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. കുംഭ എന്ന വില്ലന്‍ വേഷത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുക.

By ETV Bharat Entertainment Team
Published : November 7, 2025 at 2:17 PM IST
പ്രേക്ഷകര്‍ കാത്തിരുന്ന എസ്.എസ് രാജമൗലി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ ചിത്രത്തിലെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ഫസ്‌റ്റ്‌ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സിനിമയില്‍ ശക്‌തനായൊരു വില്ലന്‍ വേഷത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നതെന്ന് ഫസ്‌റ്റ് ലുക്കിനൊപ്പം രാജമൗലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
കുംഭ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഒരു റോബോട്ടിക് വീല്‍ ചെയറില്‍ ഇരിക്കുന്ന പൃഥ്വിരാജിനെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. ഒരു ഭ്രാന്തനായ ശാസ്‌ത്രജ്ഞനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നതെന്നും സൂചനയുണ്ട്. താന്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രമാണിതെന്ന് ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
"കുംഭയെ അവതരിപ്പിക്കുന്നു. ഞാന്‍ ഇതുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങള്‍ക്കായി ഞാന്‍ തയ്യാറാണ്. പ്രിയങ്ക ചോപ്ര ഗെയിം ആരംഭിച്ചു. എന്‍റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി" ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ചിത്രത്തില്‍ ഏറ്റവും ദുഷ്‌ടനും ക്രൂരനും കരുത്തുമായ വില്ലനായ കുംഭയെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നതെന്നാണ് ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് രാജമൗലി കുറിച്ചത്. "ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ പൃഥ്വിരാജിന്‍റെ അടുത്തേക്ക് പോയി ഞാന്‍ പറഞ്ഞു. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് താങ്കള്‍. ദുഷ്‌ടനും ക്രൂരനും ശക്‌തനുമായ വില്ലന്‍ കുംഭയ്‌ക്ക് ജീവന്‍ നല്‍കിയത് സര്‍ഗാത്മകമായി വളരെ സംതൃപ്‌തിയേകിയ കാര്യമാണ്" -രാജമൗലി കുറച്ചു.
മഹേഷ് ബാബുവാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. താരത്തിന്‍റെ 50-ാമത് പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ പ്രീ ലുക്ക് പോസ്‌റ്റര്‍ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹോളിവുഡിലെ പ്രശസ്‌ത താരങ്ങളും സിനിമയുടെ ഭാഗമാകും.
ഗ്ലോബ് ട്രോട്ടര്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം 900 കോടി ബജറ്റിലായാണ് ഒരുങ്ങുന്നത്. പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനമയുടെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യും.
രാജൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ളതാകും സിനിമയുടെ തിയേറ്റര്‍ അനുഭമെന്നാണ് വിജയേന്ദ്ര പ്രസാദിന്‍റെ പ്രതികരണം. എംഎം കീരവാണിയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

