ഗായകനിൽ നിന്ന് ക്രൈം ത്രില്ലറിൻ്റെ തിരക്കഥാകൃത്തിലേക്ക്; 'ഉയിരി'ൻ്റെ വിശേഷങ്ങളുമായി നിഖിൽ കെ മേനോൻ
ഷാജി മാറാടിനൊപ്പം ചേർന്ന് ഒരുക്കിയ 'ഉയിർ' എന്ന ചിത്രത്തിൻ്റെ വിജയവിശേഷങ്ങളും സിനിമായാത്രയും ഇ ടിവി ഭാരതിനോട് പങ്കുവെച്ച് നിഖിൽ കെ മേനോൻ

By ETV Bharat Entertainment Team
Published : July 9, 2026 at 6:09 PM IST
അക്കി വിനായക്
സംഗീത മേഖലയിൽ നിന്ന് സിനിമാഭിനയത്തിലേക്കും സംവിധാനത്തിലേക്കും പ്രതിഭകൾ ചുവടുവെക്കുന്നത് മലയാള സിനിമയിൽ പുതിയ കാര്യമല്ല. എന്നാൽ, മുൻനിരയിൽ നിൽക്കുന്ന ഒരു ഗായകൻ സിനിമയുടെ അണിയറയിൽ തിരക്കഥാകൃത്തായി തിളങ്ങുക എന്നത് തെന്നിന്ത്യൻ സിനിമയിൽ തന്നെ അപൂർവമായൊരു കാഴ്ചയാണ്. റോഷൻ മാത്യുവിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത 'ഉയിർ' എന്ന ചിത്രത്തിലൂടെ ആ അപൂർവതയ്ക്ക് വഴിമാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകൻ നിഖിൽ കെ മേനോൻ.
പ്രേക്ഷകമനസ്സിൽ ശാന്തഭാവമുള്ള ഗായകനായി ഇടംപിടിച്ച നിഖിൽ, തിയേറ്ററുകളിൽ വൻ പ്രേക്ഷകപ്രീതി നേടുന്ന ഒരു ഇമോഷണൽ ക്രൈം ത്രില്ലറിൻ്റെ രചയിതാവായി മാറുമ്പോൾ അത് സിനിമാലോകത്തിന് വലിയൊരു സർപ്രൈസ് കൂടിയാണ്. ഷാജി മാറാടിനൊപ്പം ചേർന്ന് ഒരുക്കിയ ഈ ചിത്രത്തിൻ്റെ വിജയവിശേഷങ്ങളും സിനിമായാത്രയും നിഖിൽ കെ മേനോൻ ഇ ടിവി ഭാരതുമായി പങ്കുവെക്കുന്നു.
ഗാനരംഗത്തുനിന്ന് പെട്ടെന്നൊരു മാറ്റം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു പോലീസ് സ്റ്റോറിയുടെ തിരക്കഥാകൃത്തായുള്ള ഈ മാറ്റം എങ്ങനെയായിരുന്നു?
കരിയർ ആരംഭിച്ചത് ഗായകനായാണെങ്കിലും സിനിമയുടെ മറ്റ് സാങ്കേതിക മേഖലകളുമായി എനിക്ക് പണ്ടുമുതലേ നല്ല ബന്ധമുണ്ടായിരുന്നു. എൻ്റെ പിതാവ് ഒരു ചലച്ചിത്ര നിർമാതാവാണ്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ ധാരാളം സിനിമകൾ കാണാനും, മലയാളത്തിലെ പ്രശസ്തരായ സംവിധായകർ, തിരക്കഥാകൃത്തുക്കൾ, അഭിനേതാക്കൾ എന്നിവരെയൊക്കെ അടുത്തറിയാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സംഗീതത്തോടുള്ള താല്പര്യം കൂടിയപ്പോൾ ആ വഴിക്ക് കരിയർ ഡിസൈൻ ചെയ്തു എന്ന് മാത്രം. എങ്കിലും മനസ്സിൽ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന സിനിമയെഴുത്തും സംവിധാനവുമൊക്കെ സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ പുറത്തേക്ക് വരികയായിരുന്നു.

ഉയിർ ആണോ താങ്കൾ എഴുതുന്ന ആദ്യത്തെ ചിത്രം?
അല്ല. 2012-ൽ പുറത്തിറങ്ങിയ മൈ ഫാൻ രാമു എന്ന ചിത്രം ഞാൻ എഴുതി സംവിധാനം ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ സിനിമയുടെ രചനാവഴി എനിക്ക് തികച്ചും അപരിചിതമായിരുന്നില്ല.
സംവിധായകൻ എം പത്മകുമാറിലേക്ക് ഈ പ്രൊജക്റ്റ് എങ്ങനെയാണ് എത്തിയത്? താങ്കൾ എങ്ങനെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്താകുന്നത്?
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ചെയ്യാനാണ് ഞാൻ ആദ്യം അദ്ദേഹത്തെ സമീപിക്കുന്നത്. എന്നാൽ ആ സമയത്ത് സിഐ അൻഷാദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ തൻ്റെ ഔദ്യോഗിക ജീവിതത്തിൽ അനുഭവിച്ച ചില യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമ ചെയ്യാൻ അദ്ദേഹം തയാറെടുക്കുകയായിരുന്നു.

തുടർന്ന് നടൻ റോഷൻ മാത്യു, സംവിധായകൻ എം പത്മകുമാർ, ഞാൻ, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെല്ലാം ഒന്നിച്ച് സിഐ അൻഷാദ് സാറിനെ പോയി കാണുകയും അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങൾ വിശദമായി കേട്ടറിയുകയും ചെയ്തു. ജീവിതത്തിൽ ചിലപ്പോൾ കാഴ്ചപ്പാടുകൾ ഒരുപോലെ വരുന്ന ചില നിമിഷങ്ങളുണ്ടാകുമല്ലോ. ആ ഒത്തുചേരലിൽ എപ്പോഴോ പത്മകുമാർ സാർ എൻ്റെ ഉള്ളിലെ സിനിമാക്കാഴ്ചപ്പാടുകൾ തിരിച്ചറിഞ്ഞു. അങ്ങനെയാണ് അദ്ദേഹം എന്നെ ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായി നിശ്ചയിക്കുന്നത്.
ഷാജി മാറാടും താങ്കൾക്കൊപ്പം ഈ ചിത്രത്തിൻ്റെ തിരക്കഥയിൽ പങ്കാളിയായിട്ടുണ്ടല്ലോ?
അതെ, ഷാജി മാറാട് എന്ന മികച്ച കലാകാരൻ കൂടി ഈ ചിത്രത്തിൻ്റെ തിരക്കഥാ പങ്കാളിയാണ്. അദ്ദേഹം ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. അത് സിനിമയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. ഉയിരിൽ പൊലീസ് സർവീസിലെ ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങൾ വളരെ കൃത്യതയോടെ തന്നെ വരച്ചുകാട്ടണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് സിനിമയിലെ പൊലീസിങ്ങുമായി ബന്ധപ്പെട്ട ഭാഗങ്ങളെല്ലാം എഴുതിയത് ഷാജി മാറാടാണ്. കഥയുടെ പശ്ചാത്തലത്തിലും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളിലുമാണ് എൻ്റെ തൂലിക പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
അതുകൊണ്ട് ഞങ്ങൾ ആ ഒരു ആശയം മാത്രം കടമെടുത്ത്, ബാക്കി ഭാവനയുടെ പിൻബലത്തിലാണ് തിരക്കഥ പൂർത്തിയാക്കിയത്. കാണാതായ രണ്ട് കുട്ടികളെ കണ്ടെത്താൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മുംബൈയിലേക്ക് യാത്ര തിരിക്കുന്നതാണ് കഥ. യഥാർഥ കഥ അതുപോലെ പകർത്തി വെച്ചാൽ പ്രേക്ഷകർക്ക് അത് എത്രത്തോളം ആസ്വാദ്യകരമാകും എന്നും പറയാൻ കഴിയില്ല. സിനിമ ഒരു എൻ്റർടൈൻമെൻ്റ് മാധ്യമം കൂടിയായതുകൊണ്ട്, പൂർണമായും റിയലിസ്റ്റിക് ആയാൽ ചിലപ്പോൾ ആസ്വാദനത്തെ ബാധിച്ചേക്കാം. അതുകൊണ്ട് ഡ്രാമയ്ക്കും സിനിമയിൽ ആവശ്യത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്.

ഈ സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് അതിലെ രണ്ട് കുട്ടി കഥാപാത്രങ്ങളാണല്ലോ?
യഥാർഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആ രണ്ട് കുട്ടി കഥാപാത്രങ്ങളും. എന്നാൽ അവരുടെ ഭൂതകാല കഥ എന്താണെന്ന് സിനിമയിൽ ഒരിടത്തും ഞങ്ങൾ വിശദീകരിച്ചിട്ടില്ല. അത് മനഃപൂർവം ചെയ്തതാണ്. അവർക്ക് എന്താണ് സംഭവിച്ചത് എന്ന് യഥാർഥ ജീവിതത്തിലെ ആ കുട്ടികൾ വളർന്നു വരുമ്പോൾ, അവർക്ക് താല്പര്യമുണ്ടെങ്കിൽ ലോകത്തോട് തുറന്നു പറയട്ടെ. സിനിമയിലൂടെ അത് കൂടുതൽ വിശദമാക്കിയാൽ, ആ കുട്ടികൾ വളർന്നു വരുമ്പോൾ അവർക്കത് ഒരു ബുദ്ധിമുട്ടായി മാറിയേക്കാം.
സിനിമയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ആ രണ്ട് കുട്ടികളുടെ കാസ്റ്റിങ്. ഒരുപാട് കുട്ടികളെ സ്ക്രീൻ ടെസ്റ്റ് ചെയ്തെങ്കിലും പല സാങ്കേതിക തടസ്സങ്ങൾ കാരണം ഒന്നും ശരിയായി വന്നില്ല. ഒടുവിൽ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇപ്പോൾ സിനിമയിൽ കാണുന്ന കുട്ടികളെ ലഭിക്കുന്നത്. ശരിക്കും പറഞ്ഞാൽ അവരാണ് ഈ സിനിമയിലെ യഥാർഥ താരങ്ങൾ.
മുംബൈ, പ്രത്യേകിച്ച് ധാരാവി ഒരു പ്രധാന ലൊക്കേഷനാണല്ലോ. അവിടുത്തെ ചിത്രീകരണ അനുഭവങ്ങൾ എങ്ങനെയായിരുന്നു?
മുംബൈയിലെ യഥാർഥ ലൊക്കേഷനുകളിൽ തന്നെയാണ് ഞങ്ങൾ ഉയിർ ഷൂട്ട് ചെയ്തത്. സിനിമയുടെ ഇമ്പാക്ട് വർധിപ്പിക്കാൻ വേണ്ടിയാണ് ധാരാവി പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തത്. മലയാള സിനിമയിൽ ധാരാവിയുടെ ഉള്ളറകൾ കാണിക്കുന്ന ചിത്രങ്ങൾ പൊതുവേ കുറവാണ്. സിനിമയുടെ ചിത്രീകരണത്തിന് ഒരു മാസം മുൻപ് തന്നെ ഞങ്ങൾ മുംബൈയിലേക്ക് പോയിരുന്നു. ഞാൻ ജനിച്ചു വളർന്നത് മുംബൈയിൽ ആയതുകൊണ്ട് എനിക്ക് ആ നഗരം കുറച്ചുകൂടി സുപരിചിതമാണ്.

എന്നാൽ ആളുകൾ തിങ്ങിനിറഞ്ഞ ധാരാവിയിൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുക അത്ര എളുപ്പമല്ല. കൊച്ചിയിലെ ഒരു സാധാരണ തിരക്കുള്ള സ്ഥലത്ത്, സിനിമ വളരെയധികം പരിചയമുള്ള ജനങ്ങൾക്ക് മുന്നിൽ ഷൂട്ട് ചെയ്യുന്നത് പോലും പ്രയാസമാണ്. അപ്പോഴാണ് ഇടുങ്ങിയ ചേരികളും ലക്ഷക്കണക്കിന് ജനങ്ങളും അധിവസിക്കുന്ന ധാരാവിയിലെ ചിത്രീകരണം. വളരെയധികം കഷ്ടപ്പെട്ടാണ് മുംബൈ എപ്പിസോഡ് ഞങ്ങൾ പൂർത്തിയാക്കിയത്. എങ്കിലും നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നത് കൂടിയാണല്ലോ സിനിമ.
ജനിച്ചു വളർന്ന നഗരമാണെങ്കിലും, ഈ സിനിമയുടെ ഭാഗമായി ധാരാവിയെ അടുത്തറിഞ്ഞപ്പോൾ ഒരു വ്യക്തി എന്ന നിലയിൽ എന്ത് തോന്നി?
സിനിമയ്ക്ക് അപ്പുറത്തേക്ക്, ധാരാവിയിലെ ജീവിതം ഉള്ളിനെ ഒരുപാട് മുറിപ്പെടുത്തിയിട്ടുണ്ട്. ഒരു ശരാശരി മലയാളിയുടെ ജീവിത സാഹചര്യങ്ങളുമായി വെച്ചുനോക്കിയാൽ അവിടം നരകതുല്യമാണ്. നിലവിൽ അവിടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്, ജനങ്ങളെ മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് മാറ്റപ്പാർപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുമുണ്ട്. ഒരുപക്ഷേ ഏതാനും വർഷങ്ങൾക്കുള്ളിൽ ധാരാവിയുടെ മുഖം മാറിയേക്കാം.
എങ്കിലും നിലവിലെ കാഴ്ചകൾ ഹൃദയഭേദകമാണ്. വീടിൻ്റെ ഉമ്മറത്ത് കൂടി തന്നെയാണ് ഡ്രൈനേജ് വെള്ളം ഒഴുകുന്നത്. മഴ പെയ്താൽ ആ വെള്ളം വീടിനുള്ളിലേക്ക് കയറും. നമ്മൾ കിടക്കുന്ന കട്ടിലിന് തൊട്ടപ്പുറത്ത് കൂടി നഗരത്തിലെ മുഴുവൻ അഴുക്കും ഒഴുകുന്ന ഓടയുണ്ടെന്ന് ചിന്തിക്കാൻ പോലും നമുക്ക് കഴിയില്ല. അതിനോട് ചേർന്നാണ് അവർ ഭക്ഷണം പാകം ചെയ്യുന്നത്. പല വീടുകൾക്കും ആറടി ഉയരം പോലുമില്ല, എഴുന്നേറ്റു നിന്നാൽ തലയിടിക്കും. അഞ്ചും ആറും അംഗങ്ങളുള്ള ഒരു ഒറ്റമുറി വീടിനെ മൂന്ന് തട്ടുകളായി തിരിച്ച്, താഴെ അച്ഛനും അമ്മയും മുകളിൽ മക്കളും അതിനു മുകളിൽ മറ്റ് ബന്ധുക്കളും താമസിക്കുന്ന അവസ്ഥയുണ്ട്. വീട്ടിൽ പെൺകുട്ടികളുണ്ടെങ്കിൽ കഷ്ടപ്പാട് പറയുകയും വേണ്ട. ഒരു പെൺകുട്ടി വസ്ത്രം മാറുന്ന സമയത്ത് വീട്ടിലുള്ള മറ്റെല്ലാവരും പുറത്തിറങ്ങി നിൽക്കേണ്ടി വരും. മറാട്ടികൾ മാത്രമല്ല, ഒരുപാട് മലയാളികളും തമിഴരുമൊക്കെ അവിടെ ജീവിക്കുന്നുണ്ട്. നൊമ്പരപ്പെടുത്തുന്ന ഒരുപാട് ജീവിതക്കാഴ്ചകൾ ധാരാവി സമ്മാനിച്ചിട്ടുണ്ട്.

ഉയിർ എന്ന ഈ പേര് വളരെ ശ്രദ്ധേയമാണല്ലോ. തുടക്കം മുതൽ ഈ ടൈറ്റിൽ തന്നെയായിരുന്നോ മനസ്സിൽ?
അല്ല, ഒരുപാട് ടൈറ്റിലുകൾ ഞങ്ങൾ ഈ സിനിമയ്ക്കായി ആലോചിച്ചിരുന്നു. റാന്തൽ എന്ന പേരിൽ തന്നെയാണ് സിനിമയുടെ ആദ്യഘട്ട ജോലികളെല്ലാം പുരോഗമിച്ചത്. എന്നാൽ ആ സമയത്താണ് റോഷൻ മാത്യു നായകനായ റോന്ത് എന്ന ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് പേരുകൾക്കും തമ്മിൽ ഉച്ചാരണത്തിൽ വലിയ സാമ്യമുള്ളതുകൊണ്ട് റാന്തൽ എന്ന ടൈറ്റിൽ ഞങ്ങൾ വേണ്ടെന്നുവെച്ചു.
പിന്നീട് സംവിധായകൻ എം പത്മകുമാർ സാറാണ് ഉയിർ എന്ന പേര് നിർദ്ദേശിക്കുന്നത്. ആ പേര് സിനിമയുടെ പ്രമേയത്തോട് പൂർണമായി നീതി പുലർത്തുന്നതായിരുന്നു. മാത്രമല്ല, ഞങ്ങളെപ്പോലുള്ള സാങ്കേതിക പ്രവർത്തകർക്കും ഇത് ഒരുപോലെ യോജിക്കുന്ന ഒന്നാണ്, ഞങ്ങൾക്ക് പുതുജീവൻ നൽകിയ ചിത്രം കൂടിയാണ് ഉയിർ.
ചിത്രത്തിൽ റോഷൻ മാത്യുവിനൊപ്പം ബൈജു സന്തോഷും ഒരു പ്രധാന വേഷത്തിലുണ്ട്. അധികം കണ്ടിട്ടില്ലാത്ത ഈ ഒരു കോമ്പിനേഷനിലേക്ക് എങ്ങനെയെത്തി?
ഒരു പൊലീസുകാരൻ്റെ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞു പോകുന്ന രീതിയാണ് ഈ സിനിമയ്ക്കുള്ളത്. പക്ഷേ ഒരു പൊലീസുകാരനെ മാത്രം പിന്തുടർന്ന് കഥ മുന്നോട്ടു പോകുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർക്ക് എവിടെയെങ്കിലും ബോറടിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ഒരു കഥാപാത്രം എന്തെങ്കിലും കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യണമെങ്കിൽ മറ്റൊരു കഥാപാത്രം കൂടെ വേണമല്ലോ, അല്ലാത്തപക്ഷം സ്വയം സംസാരിക്കേണ്ടി വരും. അങ്ങനെയാണ് റോഷൻ്റെ കൂടെ നിൽക്കുന്ന ആ രണ്ടാമത്തെ പൊലീസുകാരനായി ബൈജു ചേട്ടനെ ആലോചിക്കുന്നത്.
'എന്തുകൊണ്ട് ബൈജു?' എന്ന ചോദ്യം പല ഭാഗത്തുനിന്നും ഉയർന്നിരുന്നു. കൂടെ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ എന്നതിലുപരി, നായകന് ഒരു ജേഷ്ഠൻ്റെ സ്ഥാനത്തുള്ള ആളായിരിക്കണം കൂടെയുണ്ടാകേണ്ടത്. അതിന് ഏറ്റവും അനുയോജ്യൻ ബൈജു ചേട്ടനാണെന്ന് ഞാൻ സംവിധായകനോട് വിശദീകരിച്ചു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോൾ 'ഇതിലും പൊലീസ് വേഷം തന്നെയാണോ?' എന്നായിരുന്നു ആദ്യ ചോദ്യം. എന്നാൽ കാക്കി മാത്രമേ ആവർത്തിക്കുന്നുള്ളൂ എന്നും, കഥാപാത്രം ഇതുവരെ ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ഷൂട്ടിങ് സമയത്ത് ബൈജു ചേട്ടൻ വലിയ ഇമ്പാക്ട് ഒന്നും സൃഷ്ടിച്ചതായി തോന്നിയില്ല. എന്നാൽ എഡിറ്റിങ് കഴിഞ്ഞ് സിനിമയുടെ ഫസ്റ്റ് കട്ട് കണ്ടപ്പോഴാണ് അദ്ദേഹത്തിൻ്റെ അഭിനയ പ്രാവീണ്യം എത്രത്തോളമുണ്ടെന്ന് മനസ്സിലായത്. ചില രംഗങ്ങളിലൊക്കെ അദ്ദേഹം ഞങ്ങളെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.
സിനിമയിലെ പൊലീസുകാരെക്കുറിച്ചും കേരള പൊലീസിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചും എന്താണ് പറയാനുള്ളത്?
അടുത്തിടെ കണ്ണൂർ പൊലീസ് ക്യാമ്പിലെ ട്രെയിനികളായ ഉദ്യോഗസ്ഥർക്ക് വേണ്ടി ഉയിരിൻ്റെ ഒരു സ്പെഷ്യൽ ഷോ സംഘടിപ്പിച്ചിരുന്നു. സിനിമ കണ്ട ശേഷം തങ്ങൾക്ക് ഇത് വലിയൊരു പ്രചോദനമായി എന്നാണ് അവർ പ്രതികരിച്ചത്. അത് ഞങ്ങൾക്ക് വലിയ സന്തോഷവും അഭിമാനവും നൽകി.

ഈ സിനിമയിൽ പൊലീസുകാരെ ഒരുതരത്തിലും മോശക്കാരായി കാണിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. അവർ പരസ്പരം സംസാരിക്കുമ്പോൾ പോലും ഔദ്യോഗികമായി സാർ എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു, കാരണം യഥാർഥ ജീവിതത്തിൽ അങ്ങനെയാണ്. പൊതുവേ സിനിമകളിൽ 80 ശതമാനവും പൊലീസുകാരെ കുഴപ്പക്കാരായി ചിത്രീകരിക്കുന്ന രീതിയാണ് കാണാറുള്ളത്, എന്നാൽ യഥാർഥ പൊലീസുകാർ അങ്ങനെയല്ല. ഈ സിനിമയിൽ പൊലീസുകാർ മദ്യപിക്കുന്ന സീനുകൾ പോലും ഞങ്ങൾ ഒഴിവാക്കി. ഒന്നോ രണ്ടോ സീനുകളിൽ ബൈജു ചേട്ടൻ്റെ കഥാപാത്രം സിഗരറ്റ് വലിക്കുന്നത് അല്ലാതെ മറ്റൊന്നും മോശമായി ഉൾപ്പെടുത്തിയിട്ടില്ല. കേരള പൊലീസിൻ്റെ നേർക്കാഴ്ചയായി തന്നെ ചിത്രം ഒരുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. കേരള പൊലീസ് ഞങ്ങളുടെ സിനിമ കാണാൻ തീരുമാനിച്ചത്, ഞങ്ങളുടെ സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ടത് ഒക്കെ അഭിമാനകരം.
സംഗീതത്തിൽ സജീവമായിരിക്കെ, സിനിമയെഴുത്തും സംവിധാനവുമൊക്കെ എങ്ങനെയാണ് ഒപ്പം കൊണ്ടുപോകുന്നത്?
സംഗീതം തന്നെയാണ് എൻ്റെ ജീവവായു. സിനിമ എഴുതണം, സംവിധാനം ചെയ്യണം എന്ന് പ്ലാൻ ചെയ്ത് മുന്നോട്ട് പോകുന്ന ആളല്ല ഞാൻ. സാഹചര്യങ്ങളും സമയവും ഒത്തുവരുമ്പോൾ സംഭവിക്കുന്നതാണ് സിനിമ. ഇതിനെ ഞാൻ ഒരിക്കലും ഒരു ജോലിയായി കാണുന്നില്ല, എല്ലാം പാഷൻ്റെ പുറത്ത് ചെയ്യുന്നതാണ്. 2012-ൽ മൈ ഫാൻ രാമു ചെയ്ത ശേഷം പിന്നീട് എഴുതാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങളോ ആശയങ്ങളോ ഉണ്ടായില്ല. അതിനായി ഞാൻ മനഃപൂർവം തേടിപ്പോയതുമില്ല.

ഇടയ്ക്ക് ജോഷി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതിയിരുന്നു. എന്നാൽ സമാനതകളുള്ള മറ്റൊരു മോഹൻലാൽ പ്രോജക്റ്റ് അദ്ദേഹം പ്ലാൻ ചെയ്തുകൊണ്ടിരുന്നതിനാൽ ആ സിനിമ പകുതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അതിനിടയിൽ പാട്ടുകൾ പാടി, സ്വതന്ത്ര ആൽബങ്ങൾ ചെയ്തു, കുട്ടികളെ സംഗീതം പഠിപ്പിച്ചു. 2019-ൽ കുടുംബത്തോടെ ദുബായിലേക്ക് താമസം മാറുകയും അവിടെയൊരു മ്യൂസിക് സ്കൂൾ തുടങ്ങുകയും ചെയ്തു. എന്നാൽ വില്ലനായി കൊവിഡ് എത്തിയതോടെ ക്ലാസുകൾ ഓൺലൈനായി. അങ്ങനെയാണ് വീണ്ടും കേരളത്തിലേക്ക് വരുന്നത്. ശ്രീനിവാസൻ സാർ ഒരു സിനിമയിൽ പറയുന്നതുപോലെ, 'എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ..'. അങ്ങനെ കൃത്യസമയത്ത് എന്നിലേക്ക് എത്തിച്ചേർന്ന പ്രോജക്റ്റാണ് ഉയിർ.
ഇടയ്ക്ക് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടല്ലോ?
പൊട്ടിച്ചിരിക്കുന്നു... അതൊരു വലിയ തമാശയാണ്! എൻ്റെ സിനിമയായ മൈ ഫാൻ രാമുവിൻ്റെ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുതലേദിവസമാണ് ഞാൻ ട്രിവാൻഡ്രം ലോഡ്ജിൽ അഭിനയിക്കാൻ പോകുന്നത്. ആ സമയത്ത് എനിക്കുണ്ടായിരുന്ന ടെൻഷൻ ആലോചിച്ചു നോക്കൂ.
ചിത്രത്തിൽ ഹണി റോസിൻ്റെ കഥാപാത്രം തൻ്റെ കാമുകനെ പറ്റിക്കാൻ ജയസൂര്യയുടെ കഥാപാത്രത്തെ കാമുകനായി കാണിച്ച് ഹോട്ടലിൽ റൂം എടുക്കുന്ന ഒരു സീനുണ്ട്. അങ്ങോട്ടേക്ക് ദേഷ്യത്തോടെ വരുന്ന ഹണിയുടെ യഥാർഥ കാമുകൻ്റെ വേഷമായിരുന്നു എനിക്ക്. ജയസൂര്യയെ നോക്കി 'എനിക്ക് പകരം ഇവനാണോ?' എന്ന് ചോദിക്കുന്ന ആ കഥാപാത്രത്തെ പലർക്കും ഓർമയുണ്ടാകും. അനൂപ് മേനോൻ, വി കെ പ്രകാശ്, സൈജു കുറുപ്പ് എന്നിവരുമായൊക്കെ എനിക്ക് തുടക്കം മുതലേ അടുത്ത ബന്ധമുണ്ട്. ആ കഥാപാത്രത്തിനായി കണ്ടാൽ തന്നെ ഒറ്റനോട്ടത്തിൽ അഹങ്കാരിയാണെന്നും, ഒപ്പം ഒരു പേടിത്തൊണ്ടനും പെൺകോന്തനും ആണെന്നും തോന്നുന്ന ഒരു മുഖമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ആ ചർച്ചയിലാണ് സൈജു കുറുപ്പ് എൻ്റെ പേര് നിർദ്ദേശിക്കുന്നത്. ജയസൂര്യ ആരാണെന്ന് ചോദിച്ചപ്പോൾ 'നമ്മുടെ നിഖിൽ' എന്ന് പറഞ്ഞു. ഉടനെ അനൂപേട്ടൻ 'കറക്റ്റ്' എന്ന് പറയുകയും ചെയ്തു. ഏത് അർഥത്തിലാണ് അവർ എന്നെ 'കറക്റ്റ്' എന്ന് പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല (ചിരിക്കുന്നു).

എന്തായാലും പരിചയമുള്ള കൂട്ടായ്മയായതുകൊണ്ട് ഒറ്റ ഷോട്ടിൽ, ഒന്നിലധികം ക്യാമറകൾ ഉപയോഗിച്ച് ആ സീൻ ഭംഗിയായി ചെയ്യാൻ സാധിച്ചു. ഇന്നും പലരും എന്നെ കാണുമ്പോൾ ആ ചെറിയ വേഷത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് മലയാള സിനിമയിൽ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമാണ്. അന്ന് അതിൽ പറഞ്ഞ പല കാര്യങ്ങളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും, പിൽക്കാലത്ത് പല കാര്യങ്ങളും സധൈര്യം സിനിമയിലൂടെ പറയാൻ മറ്റ് സംവിധായകർക്ക് ധൈര്യം നൽകിയത് ആ ചിത്രമായിരുന്നു.
സിനിമയെഴുത്തിലേക്കും സംവിധാനത്തിലേക്കും കടന്നെങ്കിലും സംഗീത ജീവിതം താങ്കൾക്ക് ഒഴിവാക്കാൻ കഴിയില്ലല്ലോ?
സംഗീത ജീവിതം എനിക്ക് ഒഴിവാക്കാൻ പറ്റില്ല. ഞാൻ ഒരു ഗായകൻ ആകണമെന്നത് എൻ്റെ അച്ഛൻ്റെ വലിയൊരു ആഗ്രഹമായിരുന്നു. മലയാളത്തിൻ്റെ പ്രിയ ഗായകൻ ദാസേട്ടൻ്റെ (കെ ജെ യേശുദാസ്) കീഴിലാണ് ഞാൻ സംഗീതം അഭ്യസിക്കാൻ ആരംഭിച്ചത് തന്നെ.
ദുബായ് എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി പിന്നണി ഗായകനാകുന്നത്. വിദ്യാ ജി (വിദ്യാസാഗർ) ആയിരുന്നു ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. നടൻ സുരേഷ് ഗോപി ചേട്ടനാണ് എന്നെ ജോഷി സാറിന് പരിചയപ്പെടുത്തുന്നത്. എൻ്റെ പിതാവിനെ ജോഷി സാറിനും രഞ്ജി പണിക്കർ സാറിനും ഒക്കെ നേരത്തെ തന്നെ നല്ല പരിചയമുണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം വീട്ടിലെ കുട്ടി എന്ന രീതിയിലാണ് മലയാളത്തിലെ പല സീനിയർ കലാകാരന്‍മാരും എന്നെ കണ്ടിട്ടുള്ളത്. അങ്ങനെയാണ് ദുബായ് സിനിമയിൽ എനിക്ക് പാടാൻ അവസരം ലഭിക്കുന്നത്.
വിഖ്യാത സംഗീതജ്ഞൻ വിദ്യാസാഗറിനൊപ്പമുള്ള ആദ്യ റെക്കോർഡിംഗ് അനുഭവം എങ്ങനെയായിരുന്നു?
വിദ്യാസാഗർ ജിയെ കാണാൻ ചെന്നൈയിലേക്ക് വണ്ടികയറി. യാത്രയിലുടനീളം വല്ലാത്ത ടെൻഷൻ ആയിരുന്നു മനസ്സ് നിറയെ. പക്ഷേ, ചെന്നൈയിൽ എത്തിയപ്പോൾ വിദ്യാ ജി എന്ന സംഗീത അധ്യാപകൻ എൻ്റെ എല്ലാ ടെൻഷനും മാറ്റിത്തന്നു. അദ്ദേഹം ഒരു അസാധ്യ ടീച്ചർ കൂടിയാണ്. പാടേണ്ട പാട്ട് അദ്ദേഹം കൃത്യമായി നമ്മളെ പഠിപ്പിച്ചുതരും. അങ്ങനെയൊരു പഠിപ്പിക്കൽ രീതി മലയാള സിനിമയിലെ പല സംഗീതസംവിധായകരും ചെയ്യാറില്ല.
വിദ്യാ ജി ഹാർമോണിയത്തിൽ വിരലമർത്തി പാട്ടിൻ്റെ ഓരോ നോട്ടേഷനും നമുക്ക് കൃത്യമായി പറഞ്ഞുതരും. അദ്ദേഹത്തിൻ്റെ സിനിമയിലൂടെ കരിയറിലെ ആദ്യ പാട്ട് പാടാൻ പറ്റി എന്നതിനേക്കാൾ, വിദ്യാസാഗറിനെപ്പോലൊരു വിഖ്യാതനായ സംഗീതജ്ഞൻ്റെ പക്കൽ നിന്നും രണ്ടുവരി പാട്ട് പഠിക്കാൻ പറ്റി എന്നുള്ളതാണ് ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. അദ്ദേഹത്തിൽ നിന്നും ഒരു പാട്ട് ജന്‍മം കൊള്ളുന്നത് വളരെ അടുത്തുനിന്ന് സസൂക്ഷ്മം വീക്ഷിക്കാൻ എനിക്ക് സാധിച്ചു. ആ അനുഭവം പിന്നീടുള്ള എൻ്റെ സംഗീത ജീവിതത്തിലും പഠനത്തിലുമൊക്കെ ഒരുപാട് ഉപകരിച്ചിട്ടുണ്ട്. പിന്നീട് മറ്റൊരു സിനിമയിലും വിദ്യാ ജി എന്നെ പാടാൻ വിളിച്ചു. അങ്ങനെ പതുക്കെ ആരംഭിച്ച സംഗീത യാത്രയിൽ മലയാളികൾ സ്ഥിരം കേൾക്കുന്ന ഒന്നിലേറെ ഗാനങ്ങളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ജീവിതം അങ്ങനെ പോകുന്നു.


