ജാമറുകളെ തോൽപ്പിച്ച ആ മാന്ത്രിക ഫ്രെയിം; മലയാളിയുടെ ക്യാമറയിൽ പതിഞ്ഞ കുംഭമേള ചിത്രം ലോകത്തിന് മുന്നിൽ!
തൃശൂർ തിരുവില്വാമല സ്വദേശിയായ സവാദ് മോങ്ക് പകർത്തിയ ദൃശ്യം ഇതിനോടകം 12-ഓളം അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്

By ETV Bharat Entertainment Team
Published : January 8, 2026 at 6:28 PM IST
|Updated : January 8, 2026 at 6:43 PM IST
അക്കി വിനായക്
144 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന 'മഹാ കുംഭമേള'യുടെ പുണ്യവേളയിൽ, അപ്രതീക്ഷിതമായി ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രം ലോകത്തിന് മുന്നിൽ മലയാളിയുടെ അഭിമാനമായി മാറുന്നു. തൃശൂർ തിരുവില്വാമല സ്വദേശിയായ സവാദ് മോങ്ക് (സവാദ്മോൻ അവലച്ചാംവീട്ടിൽ) പകർത്തിയ ഈ ദൃശ്യം ഇതിനോടകം 12-ഓളം അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്. 2025-ലെ ലോകം ചർച്ച ചെയ്ത ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. വിശേഷങ്ങൾ പങ്കുവെച്ച് സവാദ് ഇ ടിവി ഭാരതിനൊപ്പം ചേരുന്നു.
ജാമറുകൾക്കിടയിൽ വിരിഞ്ഞ അപ്രതീക്ഷിത ചിത്രം
കുംഭമേളയ്ക്കെത്തുന്ന സാധുക്കളുടെ കുമ്പസാരം പകർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സവാദ് കഴിഞ്ഞ വർഷം മേളയിൽ എത്തിയത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ സ്ഥാപിച്ചിരുന്ന ജാമറുകൾ കാരണം ഉദ്ദേശിച്ച ഡ്രോൺ ദൃശ്യങ്ങൾ എടുക്കാൻ സാധിച്ചില്ല. നിരാശയോടെ ഡ്രോൺ തിരിച്ചുവിളിക്കുന്നതിനിടെയാണ് സവാദിൻ്റെ കൺമുന്നിൽ ആ 'അപൂർവ കാഴ്ച' തെളിഞ്ഞത്.
'കുറെയധികം സ്വാമിമാർ ഒരു പാലത്തിലൂടെ നടന്നുവരുന്നു. പാലത്തിലൂടെ യുള്ള അവരുടെ സഞ്ചാരം മികച്ച കാഴ്ചയായിരുന്നു. പെട്ടെന്ന് സുരക്ഷാസംഘം എത്തി ആ കൂട്ടത്തെ തടഞ്ഞു. എല്ലാവരും പാലത്തിൽ നിൽക്കുന്ന സമയത്ത് അവർക്കിടയിലൂടെ ഒരു ജീപ്പ് കടന്നുവരുന്നത്. ആ ജീപ്പിനു മുകളിൽ ഒരു സന്യാസിയും'.
വിഖ്യാത ഫോട്ടോഗ്രാഫർ സ്റ്റീവ് മക്റിയുടെ ചിത്രങ്ങൾക്കൊപ്പം ഐഎഫ്എ-യിൽ ഈ മലയാളിയുടെ ചിത്രവും മാറ്റുരച്ചു എന്നത് മറ്റൊരു സവിശേഷതയാണ്.
വീണ്ടെടുത്ത ആത്മവിശ്വാസം
ഞാൻ എടുത്ത ചിത്രത്തിന് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവലുകളിലേക്ക് മത്സരങ്ങളിലേക്ക് അയക്കുന്നതിനെ കുറിച്ച് ആദ്യം ചിന്തിച്ചിരുന്നില്ല. ഏതാനും മത്സരങ്ങളിൽ കൾച്ചറൽ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ ചിത്രം ഫൈനൽ സ്റ്റേജിൽ പുറത്താക്കപ്പെട്ടതോടെ ആത്മവിശ്വാസം ഇടിഞ്ഞിരുന്നു. എന്നാൽ ഗ്രീസിൽ നടന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി അവാർഡ്‌സിൽ (ഐപിഎ) 'ഇവൻ്റ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ' ബഹുമതി ഈ ചിത്രത്തെ തേടിയെത്തിയതോടെ കഥ മാറി. വിവിധ കാറ്റഗറികളിലായി 12 ഓളം ലോകോത്തര ഫോട്ടോഗ്രാഫർമാരെ തിരഞ്ഞെടുക്കുന്ന വേദിയാണ് ഐപിഎ. ഈ ചിത്രം ലോകം കാണേണ്ടത് തന്നെയാണെന്ന് എനിക്ക് ഉറപ്പായി. ഐപിഎ പുരസ്കാര ലബ്ദിയെ തുടർന്നാണ് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരങ്ങളിലേക്ക് ഈ ചിത്രത്തെ അയക്കാൻ തീരുമാനിച്ചത്.
ലക്ഷ്യം വ്യക്തിപരമായ നേട്ടമല്ല
തൻ്റെ ഫോട്ടോഗ്രാഫി വൈദഗ്ധ്യം പ്രദർശിപ്പിക്കുക എന്നതിനെക്കാൾ ഉപരിയായി, ഇന്ത്യയുടെ പൗരാണിക സംസ്കാരം ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ ചിത്രത്തിലൂടെ സവാദ് ലക്ഷ്യമിടുന്നത്. മഹാ കുംഭമേള കാണാൻ കഴിഞ്ഞത് നമ്മുടെ തലമുറയുടെ ഭാഗ്യമാണ്. ഇനിയൊരു 144 വർഷം കഴിഞ്ഞ് ഇത് സംഭവിക്കുമ്പോൾ ഇന്നത്തെ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങൾ എങ്ങനെയാകുമെന്ന് ആർക്കും അറിയില്ല. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ സംസ്കൃതിയും ചിലപ്പോൾ മറന്നുപോകാം. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരാൾക്കും തന്നെ അടുത്ത മഹാ കുംഭമേളയ്ക്ക് സാക്ഷിയാകാനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ ചിത്രം വരുംതലമുറയ്ക്കുള്ള ഒരു ചരിത്രരേഖ കൂടിയാണ്.
വെല്ലുവിളികൾ നിറഞ്ഞ 14 വർഷം
ഫോട്ടോഗ്രാഫി ഒരു പ്രൊഫഷനായി സ്വീകരിച്ചിട്ട് ഏകദേശം 14 വർഷങ്ങൾ പിന്നിടുന്നു. കൈയിലുണ്ടായിരുന്ന ഐഫോണിൽ ചിത്രങ്ങൾ എടുത്തു തുടങ്ങി, അധികം വൈകാതെ തന്നെ പ്രൊഫഷണൽ ഡ്രോൺ ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വ്യക്തിമുദ്ര പതിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നായി ക്യാമറയിൽ പകർത്താൻ സാധിച്ചു.
ആഴ്ചകളും മാസങ്ങളും കാത്തിരുന്നും അപകടകരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തും ചിത്രങ്ങൾ എടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ അവാർഡ് എന്ന മോഹം ഉള്ളിൽ ഉദിച്ചിട്ടില്ല. ഇക്കാലമത്രയും പുരസ്കാരങ്ങൾക്ക് വേണ്ടി ഒരു ശ്രമവും നടത്തിയിട്ടുമില്ല. പക്ഷേ മഹാ കുംഭമേളക്കിടെ എടുത്ത ചിത്രം ഫോട്ടോഗ്രാഫി ബ്രില്ല്യൻസ് മാത്രമല്ല നമ്മുടെ രാജ്യത്തിൻ്റെ സംസ്കൃതിയും പൈതൃകവും ആലേഖനം ചെയ്തിരിക്കുന്ന ഒരു ഫ്രെയിം ആണത്. അടുത്തകാലത്തൊന്നും ചിലപ്പോൾ ഇനി ഒരിക്കലും കാണാനാകാത്ത ഒരു കാഴ്ച. അങ്ങനെയൊരു ചിത്രം ലോക ശ്രദ്ധ ആകർഷിക്കുന്നതിനുള്ള പ്രധാന പോംവഴിയാണ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാര വേദികൾ.
മഹാ കുംഭമേളയ്ക്കിടെ ഞാൻ എടുത്ത ഈ ചിത്രത്തെ ലോകം മുഴുവൻ ഉള്ള ഫോട്ടോഗ്രാഫി ഫെസ്റ്റിവലുകളിലേക്ക് എത്തിക്കാൻ ഞാൻ ഒറ്റയ്ക്കായിരുന്നില്ല. എന്നോടൊപ്പം ഒരു ടീം വർക്ക് ചെയ്യുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾ തന്നെയാണ് ടീം അംഗങ്ങൾ.
അവാർഡിനേക്കാൾ വലിയ അംഗീകാരങ്ങൾ
ഗ്രീസിൽ നടന്ന ഐപിഎ ഇവൻ്റിൽ ഇറ്റലിയിലെ ഉക്രേനിയൻ അംബാസിഡറുടെ ഭാര്യ സവാദിനോട് അരമണിക്കൂറോളമാണ് ആ ചിത്രത്തെക്കുറിച്ചും ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും സംസാരിച്ചത്. 'ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ' പുരസ്കാരത്തിന് അവസാന നിമിഷം വരെ സവാദ് പരിഗണിക്കപ്പെട്ടിരുന്നു. പങ്കെടുക്കാൻ എത്തിയ പല കലാകാരന്മാരുടെയും സംസാരത്തിൽ നിന്ന് ഈ വർഷത്തെ ഐപിഎ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ എന്ന പുരസ്കാരം എനിക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷകൾ ഉള്ളിൽ ഉദിച്ചു. ഗാസയിലെ യുദ്ധചിത്രങ്ങൾ പകർത്തിയ അബ്ദൽ റഹ്മാന് പുരസ്കാരം ലഭിച്ചപ്പോഴും, ലോകോത്തര ഫോട്ടോഗ്രാഫർമാർ സവാദിനെ തേടിയെത്തി പറഞ്ഞു: "ഈ പുരസ്കാരത്തിന് നിൻ്റെ ചിത്രവും അർഹമായിരുന്നു." ഒരു കലാകാരന് ഇതിൽ കൂടുതൽ എന്ത് വേണം?
13 മണിക്കൂർ നീണ്ട ആ സാഹസിക യാത്ര
ആ ചിത്രം പിറന്ന വഴി ഒരു സിനിമ പോലെ ഉദ്വേഗജനകമാണ്. ലക്നൗവിൽ നിന്ന് വെറും 2 മണിക്കൂർ യാത്ര ചെയ്യേണ്ട പ്രയാഗ് രാജിലേക്ക് സവാദിനും സംഘത്തിനും വേണ്ടിവന്നത് 13 മണിക്കൂറാണ്. പല ടാക്സികളും അങ്ങോട്ടേക്ക് പോകാനുള്ള വിസമ്മതം അറിയിച്ചതോടെ മൂന്ന് ഇരട്ടിയിലേറെ പണം നൽകി ഏകദേശം 13 മണിക്കൂറെടുത്താണ് ലക്നൗ എയർപോർട്ടിൽ നിന്ന് പ്രയാഗ് രാജിലേക്ക് യാത്ര ചെയ്തത്. നേരായ വഴി പോകാൻ ഒരിക്കലും സാധ്യമല്ലാത്തതിനാല്‍ പല ഉൾനാടൻ ഗ്രാമങ്ങളിലൂടെയുമാണ് ആ ഡ്രൈവർ കുംഭമേള വെന്യുവിലേക്ക് കൊണ്ടുപോയത്. ഓരോ ഗ്രാമത്തിൽ ചെല്ലുമ്പോഴും രണ്ടും മൂന്നും മണിക്കൂറാണ് ബ്ലോക്കിൽ പെട്ട് കിടക്കുക. പലപ്പോഴും കൂടുതൽ പണം ഡ്രൈവര്‍ക്ക് ഓഫർ ചെയ്താണ് മുന്നോട്ട് യാത്ര ചെയ്തത്. ഒടുവിൽ പ്രയാഗ് രാജ് എത്താൻ ഏതാനും കിലോമീറ്റർ മാത്രം ബാക്കിനിൽക്കെ 3500 രൂപ നൽക ബൈക്കുകളിലായിരുന്നു യാത്ര.
നിരാശയിൽ നിന്ന് പിറന്ന മാന്ത്രികത
ആദ്യ ദിവസങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ പാലങ്ങൾ അടച്ചതും കുംഭസ്നാന ചടങ്ങുകൾ തടസ്സപ്പെട്ടതും നിരാശനാക്കി. ഡ്രോൺ പറത്താൻ ശ്രമിച്ചപ്പോൾ സുരക്ഷാ സേനയുടെ ജാമറുകൾ വില്ലനായി. നമ്മുടെ സിഗ്നേച്ചർ ഉള്ള ഒരൊറ്റ ചിത്രം മാത്രമായിരുന്നു ആഗ്രഹം. പലതരം ചിത്രങ്ങൾ എടുത്തെങ്കിലും ഒരു ചിത്രത്തിനും സംതൃപ്തിപ്പെടുത്താൻ സാധിച്ചില്ല. സൂര്യോദയത്തിന് മുൻപും സൂര്യാസ്തമനസമയത്തും കുംഭമേള പരിസരത്ത് ഒരു നല്ല ചിത്രം തേടി ഞങ്ങൾ ഉണ്ടാകും. അങ്ങനെ മേളയുടെ അവസാന ദിനങ്ങളിലേക്ക് കടക്കുന്നു.
അന്നേദിവസം ഒരു മാസ് കുംഭ സ്നാനം പുലർച്ചെ നാലുമണി മുതൽ ആരംഭിക്കും. അഞ്ചുമണിക്ക് ഗംഗയുടെ തീരത്ത് എത്തി. ഡ്രോൺ ഉപയോഗിച്ചുള്ള ഏരിയൽ ഫോട്ടോഗ്രാഫി ആണ് ഞങ്ങളുടെ ഉദ്ദേശ്യം. ഫോട്ടോ എടുക്കാനായി ഡ്രോണുകൾ പറത്തുമ്പോൾ ജാമറുകൾ കാരണം ഒരു പ്രത്യേക സ്ഥലം എത്തുന്ന സമയത്ത് ജിപിഎസ് കട്ടാകും. പിന്നെ ഡ്രോണിനെ തിരിച്ചു വിളിക്കേണ്ട അവസ്ഥയാണ്. നിരവധിതവണ സ്നാനം നടക്കുന്ന ഭാഗത്തേക്ക് ഞാൻ ഡ്രോൺ പറത്തിയെങ്കിലും മൾട്ടിപ്പിൾ ജാമറുകളുടെ പ്രവർത്തനം അവിടെയുള്ള ജിപിഎസ് സംവിധാനത്തെ താറുമാറാക്കിയിരുന്നു.

ജിപിഎസ് കട്ടായി ഡ്രോൺ തിരിച്ചുവരുമ്പോൾ പെട്ടെന്നാണ് ആ കാഴ്ച കണ്ടത്—ഒരു പാലത്തിലൂടെ കൂട്ടമായി വരുന്ന സന്യാസിമാർ, അവർക്കിടയിലൂടെ ഒരു ജീപ്പ്, അതിനു മുകളിൽ മറ്റൊരു സന്യാസി! ആത്മസംതൃപ്തി നൽകുന്ന ഫ്രെയിം കയ്യിലിരിക്കുന്ന ഡ്രോൺ കൺസോളിൽ ഞാൻ കണ്ടു. സമയം പാഴാക്കാതെ അത് ക്ലിക്ക് ചെയ്യുക എന്ന ജോലി മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്.
ഇത് എഐ ചിത്രമോ?
അന്താരാഷ്ട്ര വേദികളിൽ ഈ ചിത്രം കണ്ട പലരും ഇത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണോ എന്ന് സംശയിച്ചു. ഈ കാലഘട്ടത്തിലും ഇത്രയും തീവ്രമായ സന്യാസ ജീവിതം ഉണ്ടോ എന്നായിരുന്നു അവരുടെ അത്ഭുതം. ഒടുവിൽ താൻ പകർത്തിയ വീഡിയോകൾ റഫറൻസായി കാണിച്ചാണ് ഇത് യാഥാർഥ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ടി വന്നത്. ശരീരത്തിൽ ഭസ്മം പൂശി മുടി നീട്ടി വളർത്തി കാവി വസ്ത്രധാരികളായ സന്യാസിമാർ ലോകത്തിന് അത്ഭുതമായിരുന്നു
ഗുരുതുല്യമായ അഭിനന്ദനം
ഈ ചിത്രത്തിന് എനിക്ക് ലഭിച്ച ആദ്യത്തെ അഭിനന്ദനം അടുത്ത സുഹൃത്തായ ശ്രീജേഷിൻ്റേതായിരുന്നു. അതു തന്നെയാണ് ഈ ഒരു ചിത്രത്തിന്മേൽ ആത്മവിശ്വാസം വർധിക്കാൻ പ്രേരിപ്പിച്ചത്. ശ്രീജേഷിൻ്റെ പക്കൽ നിന്ന് ഒരു നല്ല വാക്ക് ലഭിക്കുക പ്രയാസമാണ്. അത്രയും മികച്ച വിമർശകനാണ് അദ്ദേഹം. ഒരു ചെറിയ തെറ്റ് പോലും അദ്ദേഹം ചൂണ്ടിക്കാണിക്കും. ഞാൻ നിന്നെ സമ്മതിച്ചു... അങ്ങനെയായിരുന്നു ശ്രീജേഷിൻ്റെ അഭിനന്ദനം.

'അഫ്ഗാൻ ഗേളിന്' അരികിൽ ഒരു മലയാളി ഫ്രെയിം
എൻ്റെ കലാ ജീവിതത്തിൽ ഏറ്റവും അഭിമാനവും സന്തോഷവും നൽകിയ ഒരു കാര്യം കൂടി ഈ ചിത്രവുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുണ്ട്. ഐപിഎ അവാർഡ് സെറിമണിക്ക് മുൻപ് ചിത്രങ്ങളുടെ ഒരു എക്സിബിഷൻ അവരുടെ ഫോട്ടോ മ്യൂസിയത്തിൽ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. വിഖ്യാത അമേരിക്കൻ സ്ട്രീറ്റ് ഫോട്ടോഗ്രാഫർ സ്റ്റീവ് മെക്രിയുടെ 'അഫ്ഗാൻ ഗേൾ' എന്ന പ്രശസ്തമായ ചിത്രത്തിന് അടുത്തായിരുന്നു എൻ്റെ ചിത്രവും പ്രദർശനത്തിന് വച്ചിരുന്നത്. എൻ്റെ ചിത്രം ചേർത്തുവച്ചത് തന്നെ ഈ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ മഹാഭാഗ്യമായി കരുതുന്നു.
ഞാനെൻ്റെ ചിത്രത്തിന് അടുത്ത് നിൽക്കുമ്പോൾ ഒരു വിദേശ വനിത ഫോട്ടോഗ്രാഫർ അഫ്ഗാൻ ഗേൾ എന്ന ചിത്രത്തിൻ്റെ മുൻപിൽ നിന്നുകൊണ്ടാണ് എൻ്റെ ചിത്രത്തെ പ്രശംസിച്ചു സംസാരിച്ചത്. ഇതിൽ കൂടുതൽ എന്തുവേണം?
സവാദിൻ്റെ ചിത്രത്തിന് ലഭിച്ച പ്രധാനപ്പെട്ട അന്തർദേശീയ പുരസ്കാരങ്ങൾ
1. IPA- Event Photographer of the year 2025
2. GPA- Photographer of the year 2025
3. The Knights of Art People Photography awards 2025-Gold winner
4. AAP Magazine #52 Street-1st place winner
5. ND Awards-Honorable mention in Editorial :Photo Essay/Story category
6. TIFA 2025-People- Event-Silver Winner
7. NY Photography Awards 2025- People Photography-Culture - Gold Winner
8. Chromatic Awards-1st place in Culture
9. Photora Awards 2025- Documentary & Journalism-1st Place Winner
10. Refocus Awards 2025-Event-Bronze Winner
11. PISPA 2025 Photo Awards-Drone view/High Angle - Gold Winner
12. IAPA Awards 2025 - Documentary- Honorable Mention

