ന്യൂ ഇയറും തൂക്കി, ഇത് നിവിന്‍ മായ! കളങ്കാവലിനെയും മറികടന്ന് സര്‍വം മായ; രണ്ടാം വാരത്തിലും ഞെട്ടിക്കുന്ന കലക്ഷന്‍
ഇതേ കുതിപ്പ് തുടര്‍ന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ എത്തുമെന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായിരിക്കും സര്‍വം മായ.

By ETV Bharat Entertainment Team
Published : January 3, 2026 at 10:40 AM IST
നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് സര്‍വം മായ. ചിത്രം റിലീസ് ചെയ്‌ത് രണ്ടാം വാരത്തിലും ഞെട്ടിക്കുന്ന കലക്ഷനാണ് നേടിയിരിക്കുന്നത്. നിവിന്‍ പോളിയുടെ തിരിച്ചു വരവ് എന്നാണ് ചിത്രത്തെ ആരാധകര്‍ വിശേഷിപ്പിച്ചത്. ഇപ്പോഴും ചിത്രം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
റിലീസ് ചെയ്‌ത് അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ അന്‍പത് കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒന്‍പതാം ദിവസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ 84.65 കോടി രൂപയാണ് കൊയ്‌തെടുത്തത്. ഇന്ത്യയില്‍ നിന്ന് മാത്രം 40 കോടി രൂപ നെറ്റ് കലക്ഷന്‍ നേടി. വിദേശത്ത് നിന്ന് 37.5 കോടി രൂപയാണ് ചിത്രത്തിന് നേട്ടം.
പുതുവത്സരദിനത്തില്‍ കലക്ഷന്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ നേരിയ മാന്ദ്യം അനുഭവപ്പെട്ടു. ഒന്‍പതാം ദിവസം 4.9 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാല്‍ ഈ വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുമെന്ന് തന്നെയാണ് ട്രാക്കര്‍മാരും അണിയറ പ്രവര്‍ത്തകരും കരുതുന്നത്.

ചിത്രം തിയേറ്ററുകളിലേക്ക് എത്തി എട്ടാം ദിവസം 5.25 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ ഇടിവ് നികത്തിക്കൊണ്ടാണ് ഈ കുതിപ്പ്. ഏഴാം ദിവസം ബോക്‌സ് ഓഫിസില്‍ ചെറിയ മങ്ങല്‍ ഏറ്റിരുന്നുവെങ്കിലും എട്ടാം ദിവസം വീണ്ടും കുതിക്കുകയാണ്.
ആദ്യദിനം 3.35 കോടി രൂപയും രണ്ടാം ദിവസം 3.9 കോടി രൂപയും മൂന്നാം ദിവസം 4.85 കോടി രൂപയും നാലാം ദിവസം 5.8 കോടി രൂപയുമായിരുന്നു ചിത്രം നേടിയത്. ഒന്നാം ദിവസം മുതല്‍ ചിത്രത്തിന്‍റെ വരുമാനം കുത്തനെ ഉയരുന്നതാണ് ഈ ദിവസങ്ങളിലൊക്കെ കണ്ടതെങ്കില്‍ അഞ്ചാം ദിവസത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് 4.25 കോടി രൂപയാണ് നേടാനായത്. ആറാം ദിവസത്തിലും ഇതേ കലക്ഷന്‍ തന്നെയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ വീണ്ടും കുറയുന്നതാണ് കണ്ടത്. 3.50കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.

ആദ്യ ദിവസത്തെ കണക്കിനെ അപേക്ഷിച്ച് രണ്ടാം ദിവസത്തില്‍ 16.42 ശതമാനം വര്‍ധവാണുണ്ടായിരിക്കുന്നത്. ഇത് മൂന്നാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 24.36 ശതമാനമായി മാറി. നാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 19.59 ശതമാനമാണ് വര്‍ധനവ്. എന്നാല്‍ അഞ്ചാം ദിവസം 26.72 ശതമാനം മാന്ദ്യം സംഭവിക്കുന്നതാണ് കണ്ടത്. ആറാം ദിവസത്തിലും മാറ്റമൊന്നുമില്ല. ഏഴാം ദിവസത്തിനും 17.65 ശതമാനം മാന്ദ്യമുണ്ടായി. എന്നാല്‍ എട്ടാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കുതിച്ചു ചാട്ടമാണ് കണ്ടത്. 48.57 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഒരാഴ്‌ചത്തെ കണക്കാണിത്.
| Day | India Net Collection | Change(+/-) |
|---|---|---|
| Day 1 [1st Thursday] | ₹ 3.35 Cr | - |
| Day 2 [1st Friday] | ₹ 3.9 Cr | 16.42% |
| Day 3 [1st Saturday] | ₹ 4.85 Cr | 24.36% |
| Day 4 [1st Sunday] | ₹ 5.8 Cr | 19.59% |
| Day 5 [1st Monday] | ₹ 4.25 Cr | -26.72% |
| Day 6 [1st Tuesday] | ₹ 4.25 Cr | 0.00% |
| Day 7 [1st Wednesday] | ₹ 3.5 Cr | -17.65% |
| Day 8 [2nd Thursday] | ₹ 5.2 Cr | 48.57% |
| Week 1 Collection | ₹ 35.1 Cr | - |
| Day 9 [2nd Friday] | ₹ 4.90 Cr * early estimates | - |
| Total | ₹ 40.00 Cr | - |
ആഗോളതല കലക്ഷനില്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഇറെയും (82.18) ഹൃദയപൂര്‍വം(76.26) മമ്മൂട്ടിയുടെ കളങ്കാവല്‍(81.9 ആലപ്പുഴ ജിംഖാന(70.6 എന്നീ ചിത്രങ്ങളെയാണ് മറി കടന്നത്. ഇതേ കുതിപ്പ് തുടര്‍ന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ എത്തുമെന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായിരിക്കും സര്‍വം മായ.

വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്‍ തിയേറ്ററുകളില്‍ എത്തുന്നത് വരെ വേറെ മത്സരം ലഭിക്കാനില്ല, ജനുവരി 9 നാണ് ജനനായകന്‍റെ റിലീസ്. എങ്കില്‍ പോലും കുടുംബ പ്രേക്ഷകര്‍ സര്‍വം മായ തന്നെ കാണാന്‍ പ്രാധാന്യം നല്‍കുമെന്ന് തന്നെയാണ് കണക്ക് കൂട്ടല്‍.
ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിച്ചത്.


