നവമിയെ ചേര്‍ത്ത് പിടിച്ച് വേടന്‍! ആര്‍ഭാടങ്ങളില്ലാതെ വിവാഹം;റാപ്പര്‍ എത്തിയത് പതിവു പോലെ കറുപ്പ് വേഷത്തില്‍- വീഡിയോ
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് വേടനും നവമിയും വിവാഹിതരായത്. വേടന്‍ നവമിക്കായി എഴുതിയ മോണലോവ എന്ന ആല്‍ബവും ഏറെ ശ്രദ്ധ നേടിയിരുന്നു.

By ETV Bharat Entertainment Team
Published : February 25, 2026 at 10:17 AM IST
റാപ്പര്‍ വേടനും (ഹിരൺദാസ് മുരളി) എഴുത്തുകാരി നവമി ലതയും വിവാഹിതരായി. ഇരുവരും തമ്മില്‍ ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. തൃശൂരിലെ വീട്ടില്‍ വച്ച് നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചെമ്പൂക്കാവ് സബ് രജിസ്ട്രാർ കെ എം ജുജു വേടന്‍റെ മുളങ്കുന്നത്തുകാവിലെ വീട്ടിലെത്തി സ്പെഷ്യൽ മേരേജ് ആക്‌ട് പ്രകാരം ആണ് വിവാഹം നടത്തിയത്. ഭരണഘടന സാക്ഷിയാക്കിയായിരിക്കും തങ്ങളുടെ വിവാഹമെന്ന് വേടന്‍ നേരത്തെ അറിയിച്ചിരുന്നു.
പതിവ് പോലെ കറുപ്പ് വേഷത്തിലാണ് വേടന്‍ വിവാഹത്തിനായി എത്തിയത്. സാരിയണിഞ്ഞാണ് നവമി എത്തിയത്. തികച്ചും ലളിതമായ രീതിയില്‍ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും വിവാഹത്തിനായി എത്തിയത്.
ആരാധകരും സുഹൃത്തുക്കളും വധുവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍. മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമി.
കഴിഞ്ഞ ദിവസം വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ റാപ്പര്‍ വേടന്‍ പങ്കുവച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് പങ്കുവച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ ആരാധകരുടെ ശ്രദ്ധ കവരുകയും ചെയ്‌തിരുന്നു.

അടുത്തിടെ കണ്ണൂര്‍ ധര്‍മശാലയില്‍ നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്‍റെ വിവാഹ കാര്യം ആദ്യം പുറത്തുവിട്ടത്. പിന്നീട് വേടനും ഇത് സ്ഥിരീകരിക്കുകയായിരുന്നു. ഫെബ്രുവരി 24ന് തൃശൂരില്‍ വച്ചാണ് വിവാഹമെന്ന് പൊതുവേദിയില്‍ വേടന്‍ പ്രഖ്യാപിക്കുകയും ചെയ്‌തു.
ഹാപ്പിനസ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയ വേടനെ സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടയിലാണ് വേടന്‍റെ വിവാഹ കാര്യത്തെ കുറിച്ച് എം വി ഗോവിന്ദന്‍ വെളിപ്പെടുത്തിയത്.
വിവാഹം ലളിതമായ രീതിയില്‍
കൊട്ടും കുരവയും മേളവുമൊന്നുമില്ലാതെ തികച്ചും ലളിതമായ രീതിയിലായിരുന്നു വിവാഹം. വേടന്‍റെ കല്യാണ കുറിയിലെ വരികള്‍ പോലും വളരെ ലളിതമായിരുന്നു.
"സ്നേഹിതരെ, ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം. എന്ന്, അന്‍പോടെ നവമിയും വേടനും, “ എന്നാണ് വേടന്‍റെ കല്യാണക്കുറിയിലെ വാക്കുകൾ.

2025 ല്‍ പുറത്തിറക്കിയ മോണലോവ എന്ന പ്രണയഗാനം തന്‍റെ പ്രണയിനിക്ക് വേണ്ടിയാണ് എഴുതിയിരുന്നതെന്ന് വേടന്‍ വെളിപ്പെടുത്തിയിരുന്നു. കാമുകിയെ അഗ്നിപര്‍വതത്തോട് ഉപമിച്ചാണ് വേടന്‍ പാട്ടെഴുതിയത്. ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്‌തിരുന്നു.
മികച്ച ഗാനരചിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് വേടന്‍ എത്തിയപ്പോള്‍ നവമിയും കൂടെയുണ്ടായിരുന്നു. പലപ്പോഴും പൊതുവേദികളില്‍ വേടനൊപ്പം പ്രണയിനിയും പ്രത്യക്ഷപ്പെടാറുണ്ട്.
സമൂഹത്തിൽ ദളിതരടക്കമുള്ള പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളെയും അതിനെതിരെ അവർ നടത്തുന്ന പോരാട്ടങ്ങളെയും കുറിച്ചുള്ള പാട്ടുകളാണ് വേടനെ ജനപ്രിയമാക്കിയത്.

