70 ഡമ്മി തോക്കുകളും 500 ആനക്കൊമ്പുകളും! 'കാട്ടാളൻ്റെ' ആർട്ട് വർക്കുകൾക്ക് പിന്നിലെ കഠിനാധ്വാനം; വിശേഷങ്ങളുമായി സുനിൽ ദാസ്
കാട്ടാളൻ, ശ്രദ്ധേയമായ ചത്താപ്പച്ച, മാര്‍ക്കോ എന്നീ സിനിമകളുടെ കലാസംവിധായകന്‍ സുനിൽ ദാസ് വിശേഷങ്ങളുമായി ഇ ടിവിഭാരതിനൊപ്പം

By ETV Bharat Entertainment Team
Published : June 2, 2026 at 2:57 PM IST
|Updated : June 4, 2026 at 4:51 PM IST
അക്കി വിനായക്
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഇന്ന് മലയാള സിനിമയ്ക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്. വേറിട്ട കഥാപരിസരങ്ങളും പരീക്ഷണാത്മകമായ ആശയങ്ങളും കൊണ്ട് മലയാളം വിസ്മയിപ്പിക്കുമ്പോൾ, അണിയറയിലെ മലയാളി സാങ്കേതിക പ്രവർത്തകർക്ക് തമിഴിലും തെലുങ്കിലും ഉൾപ്പെടെ അന്യഭാഷകളിൽ വൻ ഡിമാന്‍ഡാണ്. ഛായാഗ്രഹണം, ചിത്രസംയോജനം, കലാസംവിധാനം തുടങ്ങിയ മേഖലകളിലെല്ലാം മലയാളിയുടെ കയ്യൊപ്പ് പതിയാറുണ്ട്. ഈ നിരയിൽ ഇന്ത്യൻ സിനിമ ഇപ്പോൾ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു പേരാണ് സുനിൽദാസ്.
'ബറോസ്' എന്ന വമ്പൻ ചിത്രത്തിലൂടെ പ്രൊഡക്ഷന്‍ ഡിസൈൻ രംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം, 'മാർക്കോ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര പ്രൊഡക്ഷന്‍ ഡിസൈനറായി അരങ്ങേറ്റം കുറിച്ചു. അടുത്തിടെ തിയേറ്ററുകളിൽ ജനപ്രീതി നേടിയ 'കാട്ടാളൻ', ശ്രദ്ധേയമായ 'ചത്താപ്പച്ച' എന്നീ സിനിമകളുടെ കലാസംവിധായകനും സുനിൽദാസ് ആണ്. ഫൈൻ ആർട്സ് പഠനവും പ്രവാസജീവിതവും ഒടുവിൽ സ്വപ്നതുല്യമായ സിനിമാപ്രവേശവും വരെയുള്ള തൻ്റെ വിശേഷങ്ങൾ സുനിൽദാസ് ഇ ടിവി ഭാരതുമായി പങ്കുവെക്കുന്നു.
ചെറുപ്പകാലം മുതൽക്കേ ഉള്ളിൽ വളർന്ന കലാവാസനയാണ് സിനിമയിലേക്ക് എത്തിച്ചത്. എങ്ങനെയായിരുന്നു ആ തുടക്കം?
ചെറുപ്പം മുതലേ കലയോട് വലിയൊരു അഭിനിവേശമുണ്ടായിരുന്നു. ചിത്രരചനയിലായിരുന്നു ആദ്യം കൈ തെളിഞ്ഞത്. പതിയെപ്പതിയെ ഏതൊരു ചെറുപ്പക്കാരനെയും പോലെ സിനിമ എൻ്റെയും സ്വപ്നമായി മാറി. എന്നാൽ പലരെയും പോലെ അഭിനയത്തോടോ സംവിധാനത്തോടോ ആയിരുന്നില്ല എനിക്ക് താല്പര്യം. സിനിമയുടെ ദൃശ്യഭംഗി നിശ്ചയിക്കുന്ന 'ആർട്ട് ഡയറക്ഷൻ' (കലാസംവിധാനം) മേഖലയിലായിരുന്നു എൻ്റെ കണ്ണ്.
ഒരു മിഡിൽ ക്ലാസ് കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുമ്പോൾ സിനിമ വലിയൊരു കടമ്പയാണല്ലോ. അവസരങ്ങൾക്കായി കാത്തിരിക്കാൻ സാധിക്കുമായിരുന്നോ?
സിനിമ നമ്മൾ വിചാരിക്കുന്നതുപോലെ പെട്ടെന്ന് കയ്യെത്തിപ്പിടിക്കാവുന്ന ഒരു മേഖലയല്ല എന്ന കൃത്യമായ തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു ഇടത്തരം കുടുംബത്തിൽ നിന്ന് വരുമ്പോൾ, സിനിമയിലെ അവസരങ്ങൾക്ക് വേണ്ടി മാത്രം ജീവിതത്തിലെ വലിയൊരു സമയം മാറ്റിവെക്കാൻ എനിക്ക് സാമ്പത്തിക സാഹചര്യം അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് ഫൈൻ ആർട്സ് ഡിഗ്രിയും എൻ്റെ കലാവാസനയും വെച്ച് പരസ്യചിത്രങ്ങളുടെ മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങി.
പിന്നീട് വന്ന പ്രവാസജീവിതം സിനിമാസ്വപ്നങ്ങളെ ബാധിച്ചോ?
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്ക് വേണ്ടിയാണ് മറ്റേതൊരു മലയാളിയെയും പോലെ ഞാനും പ്രവാസലോകത്തേക്ക് വണ്ടി കയറിയത്. എന്നാൽ അവിടെയും ഭാഗ്യവശാൽ എനിക്ക് എൻ്റെ പ്രൊഫഷനുമായി, അതായത് കലാമേഖലയുമായി ബന്ധപ്പെട്ട ജോലികൾ തന്നെ ചെയ്യാൻ സാധിച്ചു. ചെയ്യുന്ന ജോലികളൊക്കെയും സിനിമയോട് അത്രമേൽ ചേർന്നുനിൽക്കുന്നവ ആയതുകൊണ്ടുതന്നെ എനിക്ക് ഒരിക്കലും മടുപ്പോ പരാജയബോധമോ തോന്നിയില്ല. സിനിമയെന്ന സ്വപ്നം എന്നിൽ നിന്ന് അകന്നുപോകുന്നതായും എനിക്ക് തോന്നിയിരുന്നില്ല.

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തിയ ശേഷമുള്ള രണ്ടാം ഘട്ടം തികച്ചും സ്വപ്നതുല്യമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു ആ മാറ്റം?
അതെ, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ ജീവിതത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചത് എൻ്റെ ഏറ്റവും വലിയ സ്വപ്നസാഫല്യത്തോടെയായിരുന്നു. മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനറായ സന്തോഷ് രാമനും ഞാനും ഫൈൻ ആർട്സ് കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. നാട്ടിൽ തിരിച്ചെത്തിയ ശേഷം സന്തോഷിൻ്റെ പുതിയ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. ആ സിനിമയുടെ പേരാണ് ബറോസ്. പ്രവൃത്തിക്കുന്ന ആദ്യ ചിത്രം തന്നെ സംവിധാനം ചെയ്യുന്നത് മലയാളത്തിൻ്റെ മോഹൻലാൽ. മാത്രമല്ല ട്രൂ ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയും. ഒരുപക്ഷേ സ്വപ്നതുല്യമായ തുടക്കം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
തുടക്കക്കാരൻ എന്ന നിലയിൽ ബറോസ് പോലൊരു പ്രോജക്ടിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിനെ എങ്ങനെ നോക്കിക്കാണുന്നു?
ഏകദേശം രണ്ട് വർഷത്തോളം ബറോസ് എന്ന ചിത്രത്തിൽ ഞാൻ പ്രവർത്തിച്ചു. ഇത്രയും വലിയ ചിത്രത്തിൽ ആദ്യം തന്നെ പ്രവർത്തിക്കാൻ സാധിച്ചത് വലിയ ഭാഗ്യം. അതുമാത്രമല്ല ഒരു സാങ്കേതിക പ്രവർത്തകന്‍ എന്നുള്ള രീതിയിൽ നമുക്ക് ലഭിക്കുന്ന എക്സ്പീരിയൻസും വളരെ വലുതായിരുന്നു. അതൊരു സാധാരണ ചിത്രമല്ല കൂറ്റൻ സെറ്റുകൾ അടക്കം ഡിസൈൻ ചെയ്യുന്നതിൽ ഞാനും ഭാഗമായി. മാത്രമല്ല മലയാളത്തിൻ്റെ വിഖ്യാത സംവിധായകൻ ജിജോ പുന്നൂസ്, സന്തോഷ് ശിവൻ, മോഹൻലാൽ തുടങ്ങിയ അധികായന്മാർക്കൊപ്പം തുടക്കത്തിൽ തന്നെ പ്രവർത്തിക്കാൻ സാധിക്കുന്നത് ചെറിയ കാര്യമല്ല.
ഒരു സംവിധായകൻ എന്ന നിലയിൽ മോഹൻലാലിനൊപ്പമുള്ള അനുഭവം എങ്ങനെയുണ്ടായിരുന്നു?
സിനിമയുടെ വിജയ പരാജയങ്ങളെ കുറിച്ചല്ല ഞാൻ പറയുന്നത്, മറിച്ച് ഞാൻ പ്രവർത്തിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തനായ സംവിധായകരിൽ ഒരാളായിരുന്നു ലാലേട്ടൻ. ഞാൻ ആ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനിങ് മേഖലയിൽ പുതുതായി ജോയിൻ ചെയ്ത ഒരു സഹായി മാത്രമായിരുന്നു. എന്നാൽ സിനിമയിലെ മറ്റു സാങ്കേതിക പ്രവർത്തകർ വളരെയധികം എക്സ്പീരിയൻസും വർഷങ്ങളുടെ സീനിയോറിറ്റിയും ഉള്ളവരായിരുന്നു.
ഒരു പുതുമുഖ സംവിധായകനായിട്ടുകൂടി അവരെയൊക്കെ അത്ഭുതപ്പെടുത്താനും, കൃത്യമായി കോഡിനേറ്റ് ചെയ്യാനും ലാലേട്ടന് സാധിച്ചു. ഒരു കാര്യം സാങ്കേതിക പ്രവർത്തകർക്ക് എക്സ്പ്ലൈൻ ചെയ്ത് മനസ്സിലാക്കിത്തരാൻ അദ്ദേഹം അഗ്രഗണ്യനാണ്. ഒരു മികച്ച അഭിനേതാവ് എന്നതിലുപരി, പതിറ്റാണ്ടുകളായി ചലച്ചിത്ര മേഖലയിലുള്ള അദ്ദേഹത്തിൻ്റെ അനുഭവസമ്പത്ത് ആ മേക്കിങ്ങിൽ ഉടനീളം കാണാമായിരുന്നു.
പ്രീപ്രൊഡക്ഷൻ സമയത്തൊക്കെ ഓരോ ആഴ്ചയിലും മൂന്നും നാലും തവണയാണ് ലാലേട്ടൻ നമ്മളോട് കാര്യങ്ങൾ നേരിട്ട് ചർച്ച ചെയ്യാനും പ്ലാൻ ചെയ്യാനും വന്നിരുന്നത്.

ഒരു 2ഡി സിനിമയ്ക്കും ഒറിജിനൽ ത്രീഡി സിനിമയ്ക്കും കലാസംവിധാനം ഒരുക്കുന്നതിലെ പ്രത്യേകതകൾ?
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമ സംവിധാനം ചെയ്ത ജിജോ പുന്നൂസ് സാർ ആണല്ലോ ബറോസ് എന്ന സിനിമയുടെ തിരക്കഥാകൃത്ത്. സിനിമയുടെ ജോലികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ മുംബൈയിൽ നിന്നൊക്കെയുള്ള വളരെ സീനിയർ ആയിട്ടുള്ള സാങ്കേതിക പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി ജിജോ സാർ മൂന്ന് ദിവസത്തെ ക്ലാസ് നൽകിയിരുന്നു. ഒരു ഒറിജിനൽ ത്രീഡി സിനിമ ചെയ്യുമ്പോൾ അവലംബിക്കേണ്ട കാര്യങ്ങൾ, മാതൃകകൾ എന്നിവയൊക്കെ വിശദീകരിച്ചു. നിരവധി ത്രീഡി സിനിമകൾ കണ്ടു. ഒരുപക്ഷേ ആ ഒരു സെഷൻ കഴിഞ്ഞപ്പോൾ തന്നെ ഒരു ത്രീഡി ചിത്രത്തെ സംബന്ധിച്ചിട്ടുള്ള ഏകദേശ ധാരണ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ടായിരുന്നു.

ഒരു സാധാരണ 2ഡി സിനിമയും ഒറിജിനൽ ത്രീഡി സിനിമയും തമ്മിൽ കലാസംവിധാനത്തിൽ ഉള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
ത്രീഡി സിനിമയിൽ പ്രവർത്തിക്കുമ്പോൾ ആർട്ട് പ്രോപ്പർട്ടികളുടെ കൃത്യമായ പ്ലേസ്മെൻ്റ് തന്നെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇതിൽ ക്യാമറയുടെ തൊട്ടുമുന്നിലിരിക്കുന്ന വസ്തുവിൻ്റെയും ഏറ്റവും പിന്നിലിരിക്കുന്ന വസ്തുവിൻ്റെയും ഡീറ്റെയിൽസ് ഒരുപോലെ ആയിരിക്കണം.
സാധാരണ 2ഡി സിനിമകളിൽ പിന്നിലെ ഔട്ട് ഓഫ് ഫോക്കസ് വരുന്ന ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ആർട്ട് പ്രോപ്പുകളിൽ അത്രയും ഡീറ്റൈലിംഗ് നോക്കാറില്ല. വലിയ വൈഡ് ഫ്രെയിം ആണെങ്കിൽ പോലും ദൂരെയുള്ള വസ്തുക്കളുടെ കൃത്യത കുറവായിരിക്കും. പക്ഷേ ത്രീഡി സിനിമകളിൽ ഇതുപോലുള്ള യാതൊരുവിധ കോംപ്രമൈസും സാധ്യമല്ല. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന അത്ര ദൂരത്തിരിക്കുന്ന ചെറിയൊരു വാളോ കല്ലോ എന്തോ ആകട്ടെ, അതിനും ക്യാമറയ്ക്ക് മുന്നിലിരിക്കുന്ന വസ്തുവിൻ്റെ അത്ര തന്നെ പ്രാധാന്യമുണ്ട്.
ഇപ്പോൾ 2ഡി സിനിമകളിലും വലിയ രീതിയിൽ ഡീറ്റൈലിംഗ് ശ്രദ്ധിക്കാറുണ്ടല്ലോ?
ശരിയാണ്. ഇപ്പോഴത്തെ മോസ്റ്റ് മോഡേൺ ക്യാമറകൾ ഉപയോഗിക്കുന്നത് കൊണ്ട് 2ഡി സിനിമകളിലും പരമാവധി കോംപ്രമൈസ് ഇല്ലാതെ തന്നെയാണ് ഇപ്പോൾ കലാസംവിധാനം ഒരുക്കുന്നത്. കാരണം, ഇതൊക്കെ പിന്നീട് ഒടിടിയിലോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകർ 4K റെസലൂഷനിലാണ് കാണുന്നത്. എല്ലാ കാര്യങ്ങളും അതിൽ വ്യക്തമായി കാണാൻ സാധിക്കും.
ഇപ്പോഴത്തെ ചില നിരൂപകർ സിനിമയിലെ ചില ഫ്രെയിമുകൾ ഫ്രീസ് ചെയ്തു വെച്ച്, സൂം ചെയ്ത് സ്ക്രീൻഷോട്ട് എടുത്ത് 'ഡീറ്റൈലിംഗ് ഇല്ല' എന്നൊക്കെ സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെടാറുണ്ട്.
മാർക്കോ എന്ന ചിത്രത്തിലേക്ക് സ്വതന്ത്ര കലാസംവിധായകനായി എത്തുന്ന പശ്ചാത്തലം എന്തായിരുന്നു?
സംവിധായകൻ ഹനീഫ് അദേനി മുൻപ് ചെയ്ത ഒരു ചിത്രത്തിൽ കുറച്ചുദിവസം ഞാൻ പ്രോജക്ട് ഡിസൈനിങ് മേഖലയിൽ പ്രവർത്തിച്ചിരുന്നു. അന്ന് എൻ്റെ വർക്കുകളോട് അദ്ദേഹത്തിന് തോന്നിയ ഒരു താല്‍പര്യമാണ് മാർക്കോ എന്ന ചിത്രത്തിലേക്ക് കലാസംവിധാനം ഒരുക്കാനായി എന്നെ ക്ഷണിക്കാൻ പ്രേരകമായത്. ഹനീഫ് തന്നെയാണ് മാർക്കോയുടെ നിർമാതാക്കളായ ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിന് എന്നെ പരിചയപ്പെടുത്തുന്നത്. തുടർന്ന് സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചപ്പോൾ നിർമാതാവ് ഷെരീഫ് മുഹമ്മദിന് എൻ്റെ മേലുള്ള ആത്മവിശ്വാസം വർധിച്ചു. അങ്ങനെയാണ് സ്വതന്ത്ര കലാസംവിധായകനായുള്ള എൻ്റെ ആദ്യ ചിത്രം സംഭവിക്കുന്നത്.

ഒരു സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ 'മാർക്കോ' എന്ന സിനിമ നിങ്ങൾക്ക് നൽകിയ മൈലേജ് എന്താണ്?
മാർക്കോ എനിക്ക് നൽകിയ മൈലേജ് വളരെ വലുതാണ്. ഇപ്പോൾ ഏതൊരു സിനിമാ മേഖലയിൽ പോകുമ്പോഴും "എൻ്റെ പേര് സുനിൽദാസ് എന്നാണ്, ഞാൻ സിനിമയിൽ പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി ചെയ്യുന്നു" എന്ന് പറയുമ്പോൾ പെട്ടെന്ന് ആളുകൾക്ക് എന്നെ തിരിച്ചറിയാൻ സാധിക്കുന്നത് മാർക്കോ എന്ന സിനിമ കാരണമാണ്. ആ സിനിമയിലെ വർക്ക് നന്നായിരുന്നു എന്ന തരത്തിലുള്ള പ്രശംസകൾ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അടുത്തിടെ ഒരു ഹിന്ദി സിനിമയുടെ ചർച്ചകൾക്ക് വേണ്ടി ഞാൻ മുംബൈയിൽ പോയിരുന്നു. അന്ന് ആ സിനിമയുടെ സംവിധായകൻ അവിടുത്തെ പ്രൊഡക്ഷൻ ടീമിന് എന്നെ പരിചയപ്പെടുത്തിയത് 'മാർക്കോയുടെ പ്രൊഡക്ഷന്‍ ഡിസൈനർ' എന്ന നിലയിലായിരുന്നു. അതിൽ നിന്നുതന്നെ മാർക്കോ എന്ന ചിത്രം ഇന്ത്യയിലുടനീളമുള്ള സിനിമാ ഇൻഡസ്ട്രികളിൽ എത്രത്തോളം വലിയ ഇംപാക്ട് സൃഷ്ടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റി. മാർക്കോ എന്ന സിനിമയെപ്പറ്റിയുള്ള ഡിസ്കഷൻ ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രികളിലും സംഭവിച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്.
വളരെ കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് മാർക്കോയുടെ അണിയറപ്രവർത്തനങ്ങൾ നടന്നതെന്ന് കേട്ടിട്ടുണ്ട്. അതിൻ്റെ പ്രീ-പ്രൊഡക്ഷൻ ഘട്ടം എങ്ങനെയായിരുന്നു?
ഞാൻ ഇതുവരെ വർക്ക് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ഡിസ്കഷൻ നടന്നത് മാർക്കോയ്ക്ക് വേണ്ടിയായിരുന്നു. പ്രീ-പ്രൊഡക്ഷൻ സമയത്ത് ഞങ്ങൾ നടത്തിയ കൃത്യമായ പ്ലാനിങ്ങാണ് സിനിമയുടെ വിജയത്തിന് പിന്നിൽ. സംവിധായകനും അദ്ദേഹത്തിൻ്റെ അസിസ്റ്റൻസും ഞാനും എൻ്റെ ടീമും, ഒപ്പം ചിത്രത്തിൻ്റെ സഹനിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദനും ഒത്തുചേർന്ന് സിനിമയെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ഒരുപാട് ഇൻപുട്ടുകൾ നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെച്ചിരുന്നു.
ഹോളിവുഡ് ചിത്രം ജോൺ വിക്ക് അടക്കമുള്ള സിനിമകളുടെ റഫറൻസുകൾ മാർക്കോയ്ക്ക് വേണ്ടി സ്വീകരിച്ചിരുന്നോ? സിനിമയിലെ വയലൻസ് രീതികളെ എങ്ങനെയാണ് ഡിസൈൻ ചെയ്തത്?
അതെ, ജോൺ വിക്ക് അടക്കമുള്ള സിനിമകളുടെ റഫറൻസുകൾ ഞങ്ങൾ മാർക്കോയ്ക്ക് വേണ്ടി സ്വീകരിച്ചിട്ടുണ്ട്. ആ സിനിമയിലെ വയലൻസ് ഞങ്ങളുടെ പ്രധാന മോട്ടോ തന്നെയായിരുന്നു. മലയാള സിനിമയിൽ ഇത്രയും വയലൻസ് നിറഞ്ഞ ഒരു ചിത്രം ഇതിനു മുൻപ് റിലീസ് തിയേറ്ററുകളിൽ സംഭവിച്ചിട്ടില്ല എന്നത് ശരിയാണ്.
പക്ഷേ, ഇതിനേക്കാൾ വലിയ വയലൻസ് ഉള്ള സിനിമകൾ മലയാളികൾ കണ്ടിട്ടുണ്ട്. ഒടിടി അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ ആസ്വാദനത്തിൻ്റെ അതിർവരമ്പുകൾ ഒക്കെ ഒരുപാട് മാറി മറിഞ്ഞു. അതുകൊണ്ടുതന്നെ മാർക്കോയിലെ വയലൻസ് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അത്ര വലിയ അന്യമായ ഒന്നല്ല.
മാർക്കോ സംഭവിച്ചത് കൊണ്ടാണ് കേരള സമൂഹത്തിൽ വയലൻസ് വർധിച്ചത് എന്ന തരത്തിലുള്ള ചർച്ചകളിൽ യാതൊരു അടിസ്ഥാനവുമില്ല. മാർക്കോയുടെ ഇരട്ടിയിലധികം വയലൻസ് ഉള്ള കൊറിയൻ സിനിമകളും ഹോളിവുഡ് സിനിമകളും കാണാത്ത പ്രേക്ഷകർ ഇന്ന് കുറവാണ്. അതിലൊക്കെ കാണിച്ചിട്ടുള്ളതിൻ്റെ മൂന്നിലൊന്നു പോലും മാർക്കോ എന്ന ചിത്രത്തിൽ ഇല്ല എന്നതാണ് യാഥാർഥ്യം. ഇത്തരം വയലൻസ് ഉള്ള മറ്റുഭാഷാ ചിത്രങ്ങൾ ഒരു സെൻസർ നിബന്ധനയും ഇല്ലാതെയാണ് കേരളത്തിലെ ജനങ്ങൾ കണ്ട് ആസ്വദിക്കുന്നത്.
താങ്കളും ഇത്തരം അന്യഭാഷാ വയലൻസ് ചിത്രങ്ങളുടെ ആരാധകനാണോ?
ഞാനും മേൽപ്പറഞ്ഞ സാധാരണ പ്രേക്ഷകരിൽ ഒരാൾ തന്നെയാണ്. ഇത്തരം വയലൻസ് നിറഞ്ഞ ധാരാളം അന്യഭാഷ സിനിമകൾ ഞാനും കണ്ടിട്ടുണ്ട്. വെറുമൊരു ആസ്വാദനത്തിനപ്പുറം എൻ്റെ വ്യക്തിസ്വഭാവത്തെ ബാധിക്കുന്ന തരത്തിൽ ആ ചിത്രങ്ങളൊന്നും എന്നെ സ്വാധീനിച്ചിട്ടില്ല. പക്ഷേ, ഒരു കലാകാരൻ അല്ലെങ്കിൽ സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ ഞാൻ ചെയ്യാൻ പോകുന്ന ഒരു ചിത്രത്തിന് വേണ്ടി ധാരാളം വിഷ്വൽ റഫറൻസുകൾ നൽകാൻ അത്തരം സിനിമകൾ കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ മാർക്കോ എന്ന ചിത്രത്തിൻ്റെ ആർട്ട് വർക്കുകളിൽ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള കൃത്യമായ ഒരു മുൻധാരണ ആദ്യഘട്ടത്തിൽ തന്നെ എനിക്ക് ലഭിച്ചു.
വെട്ടുന്നു, കൊല്ലുന്നു, കുത്തുന്നു... സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഒരു ഗ്യാങ്സ്റ്റർ മീറ്റിങ് പോലെയായിരുന്നോ?
ഒരിക്കലും അല്ല. മാർക്കോ എന്ന സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയത്ത് ഞങ്ങൾ പരസ്പരം ചിരിച്ചും തമാശകൾ പറഞ്ഞും ആണ് മുന്നോട്ടുപോയിട്ടുള്ളത്. വുഡ് കട്ടർ എടുത്ത് കാലു മുറിച്ചു കളയുന്നു, ഗ്യാസ് കുറ്റിയെടുത്ത് അടിച്ചു കൊല്ലുന്നു എന്നൊക്കെ ചർച്ച ചെയ്യുമ്പോൾ ആ സീനിൻ്റെ കലാ ഘടകത്തിൽ ഉപരി മറ്റൊരുതരത്തിലുള്ള മാനസികാവസ്ഥയും ഞങ്ങൾക്കുണ്ടായിരുന്നില്ല.

കാട്ടാളൻ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് അറിയാം, ഇതൊരു സംഘർഷത്തിൻ്റെ കഥയാണ്. അതുകൊണ്ടുതന്നെ ഇതിലെ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങൾക്കായിരുന്നു ഞങ്ങൾ ആദ്യ പരിഗണന നൽകിയത്. രണ്ട് വിഭാഗം ആളുകൾക്ക് വേണ്ടി രണ്ട് തരത്തിലുള്ള തോക്കുകളാണ് ഡിസൈൻ ചെയ്യേണ്ടി വന്നത്.
ഒരു വിഭാഗത്തിന് വേണ്ടി വർത്തമാനകാലത്ത് ലഭ്യമായതിൽ വെച്ച് ഏറ്റവും മോസ്റ്റ് മോഡേൺ തോക്കുകളും, കാട്ടിൽ ജീവിക്കുന്ന മറ്റേ വിഭാഗത്തിന് വേണ്ടി നാടൻ തോക്കുകളും ആയുധങ്ങളും ഞങ്ങൾ തയാറാക്കി. നമ്പർ ടു ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഇത്തരം ആധുനിക ആയുധങ്ങൾ വളരെ എളുപ്പത്തിൽ ആക്സസിബിൾ ആണെന്ന ഒരു ലോജിക് സിനിമയ്ക്കുണ്ട്. അതുകൊണ്ട് സിനിമയുടെ തുടക്കത്തിൽ തന്നെ ഇരുവിഭാഗങ്ങളുടെയും ആയുധങ്ങളെപ്പറ്റി കൃത്യമായ ഒരു പ്രോപ്പർ ഡിസൈൻ ഞങ്ങൾ ഉണ്ടാക്കിയിരുന്നു.
വിപണിയിൽ പെട്ടെന്ന് കിട്ടാത്ത ഇത്തരം ആയുധങ്ങൾ, പ്രത്യേകിച്ച് നാടൻ തോക്കുകൾ എങ്ങനെയാണ് സിനിമയ്ക്ക് വേണ്ടി സംഘടിപ്പിച്ചത്?
അതാണ് ഞങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നമ്മൾ പ്ലാൻ ചെയ്ത പല മോഡേൺ തോക്കുകളുടെയും സിനിമ കോപ്പികൾ പെട്ടെന്ന് സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ പല തോക്കുകളും ഞങ്ങൾ സ്വന്തമായി ഉണ്ടാക്കുകയാണ് ചെയ്തത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ഫിനിഷിങ്ങിലാണ് പലതും നിർമ്മിച്ചെടുത്തത്.
പ്രത്യേകിച്ച്, കാട്ടാളൻ എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന നാടൻ തോക്കുകൾ മുഴുവനും ആർട്ട് ടീം സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ്. തോക്കുണ്ടാക്കി എന്ന് പറയുമ്പോൾ തെറ്റിദ്ധരിക്കരുത്, ഇതൊന്നും പൊട്ടുന്നതല്ല. സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഡമ്മികളാണ്.
കാട്ടാളൻ എന്ന സിനിമയ്ക്ക് വേണ്ടി എത്ര തോക്കുകൾ ഉണ്ടാക്കി?
ഏകദേശം 70 ഓളം തോക്കുകൾ ഞങ്ങൾ ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയെടുത്തു. അതിൽ പല തോക്കുകളുടെയും ഒന്നും രണ്ടും കോപ്പികൾ കരുതേണ്ടി വന്നിട്ടുണ്ട്. ഒരു ആക്ഷൻ സീനിൽ ഒരു പ്രത്യേക ആയുധം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൻ്റെ രണ്ടോ മൂന്നോ കോപ്പികൾ ഞങ്ങൾ കരുതും. കാരണം, ഒരു ആക്ഷൻ സീക്വൻസ് ഷൂട്ട് ചെയ്യുന്നത് മൂന്നും നാലും ദിവസങ്ങൾ കൊണ്ടാണ്. ഏതെങ്കിലും കാരണവശാൽ ഒരു ആയുധത്തിന് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അതിൻ്റെ പേരിൽ ചിത്രീകരണം മുടങ്ങാൻ പാടില്ലല്ലോ.
കാട്ടാളൻ എന്ന സിനിമയുടെ കഥ പശ്ചാത്തലം ആനക്കൊമ്പ് വേട്ടയുമായി ബന്ധപ്പെട്ടതാണ്. ചിത്രത്തിൽ കണ്ട ഭീമാകാരമായ ആനക്കൊമ്പുകൾ എങ്ങനെയാണ് നിർമിച്ചത്?
അതെ, ഈ സിനിമയുടെ കഥ മുന്നോട്ടുപോകുന്നത് തന്നെ ആനക്കൊമ്പ് വേട്ടയെ അടിസ്ഥാനമാക്കിയാണ്. ചിത്രത്തിന് വേണ്ടി ഏകദേശം 500 ഓളം ആനക്കൊമ്പുകളാണ് ഞങ്ങൾ നിർമിച്ചെടുത്തത്. സാധാരണ ഇത്തരം പ്രോപ്പർട്ടികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരീസോ തെർമോകോളോ ഒന്നുമല്ല ഞങ്ങൾ ഇതിനായി ഉപയോഗിച്ചത്. പകരം ഫൈബർ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് 500 ആനക്കൊമ്പുകളും സൃഷ്ടിച്ചത്.
അതിന് പ്രധാന കാരണം അതിൻ്റെ ഒറിജിനാലിറ്റിയും ക്വാളിറ്റിയും നിലനിർത്താൻ വേണ്ടിയാണ്. മാത്രമല്ല, സിനിമയിൽ ഉടനീളം ഈ ആർട്ട് പ്രോപ്പർട്ടികൾ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു.
കാട്ടാളൻ്റെ ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് തായ്‌ലൻഡിലാണ്. ഈ 500 ആനക്കൊമ്പുകളും ഞങ്ങൾ കേരളത്തിൽ നിന്ന് തന്നെ നിർമിച്ച് എയർ കാർഗോ വഴി അങ്ങോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രയിലോ ഷൂട്ടിങ്ങിനിടയിലോ തട്ടോ മുട്ടോ ഉണ്ടായാലും ഒടിഞ്ഞുപോകാത്ത തരത്തിൽ അത്രയും ഉറപ്പുള്ള ഫൈബർ മെറ്റീരിയലിലാണ് ഇതൊക്കെ ഡിസൈൻ ചെയ്തത്.
കാട്ടാളൻ അടക്കമുള്ള സിനിമകളിൽ ഉപയോഗിച്ച ആർട്ട് പ്രോപ്പർട്ടികൾ ഒക്കെ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാൽ എന്ത് ചെയ്യും?
കേടുപാടുകൾ സംഭവിച്ചത് ഉപേക്ഷിക്കും. ബാക്കിയുള്ളവയെല്ലാം അതാത് സിനിമകളുടെ പ്രൊഡക്ഷൻ കമ്പനികളുടെ സ്റ്റോറുകളിലേക്ക് മാറ്റും. പ്രൊഡക്ഷൻ ഹൗസുകൾക്ക് ഇത്തരം പ്രോപ്പർട്ടികൾ സൂക്ഷിക്കാൻ വലിയ സ്റ്റോറുകൾ ഉണ്ടാകും.
ചില പ്രോപ്പർട്ടികൾ അടുത്ത സിനിമകൾ ചെയ്യുമ്പോൾ ഉപകാരപ്പെടാറുണ്ട്. ഇപ്പോൾ മാർക്കോ, കാട്ടാളൻ തുടങ്ങിയ സിനിമകൾക്ക് വേണ്ടി ഞങ്ങൾ ഉണ്ടാക്കിയ ഭൂരിഭാഗം പ്രോപ്പർട്ടികളും വളരെ സുരക്ഷിതമായി തന്നെ സ്റ്റോറുകളിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ഓങ് ബാക് സിനിമകളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ ആക്ഷൻ ഡയറക്ടർ കെച്ച കാംഫക്ഡി ആണ് കാട്ടാളൻ്റെ ആക്ഷൻ ഒരുക്കിയത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അനുഭവം എങ്ങനെയായിരുന്നു?
കെച്ച മാസ്റ്ററെപ്പോലൊരു അന്താരാഷ്ട്ര കലാകാരനോടൊപ്പം കരിയറിൻ്റെ ഈ ഘട്ടത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് തന്നെ വലിയൊരു മഹാഭാഗ്യമാണ്. കാട്ടാളൻ എന്ന സിനിമയ്ക്ക് വേണ്ടി ആനകളെ വെച്ചുകൊണ്ടുള്ള അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് അദ്ദേഹം ഡിസൈൻ ചെയ്തിരിക്കുന്നത്. ആനകളെ വെച്ചുള്ള ആക്ഷൻ നമുക്ക് പുതുമയായിരിക്കാം, പക്ഷേ മാസ്റ്റർക്ക് അത് കളിപ്പേഡാണ്.
ലോകം മുഴുവൻ ചർച്ച ചെയ്ത 'ഓങ് ബാക്' സീരീസ് സിനിമകളിൽ ആനകളെ ഉൾപ്പെടുത്തി അദ്ദേഹം ചെയ്ത സ്റ്റണ്ടുകൾ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. നമ്മൾ ഇന്ത്യൻ സിനിമകളിൽ സാധാരണ കണ്ടുവരുന്ന രീതികളൊന്നുമല്ല അദ്ദേഹത്തിൻ്റേത്.
എല്ലാ ആർട്ടിസ്റ്റുകൾക്കും വന്ന് പ്രാക്ടീസ് ചെയ്യാൻ അദ്ദേഹത്തിന് സ്വന്തമായി വലിയൊരു സ്റ്റുഡിയോ തന്നെയുണ്ട് തായ്‌ലൻഡിൽ. ഇന്ത്യൻ സിനിമയിൽ പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത മോസ്റ്റ് മോഡേൺ എക്യുമെൻ്റുകളും സ്വന്തമായി ഒരുപാട് വാഹനങ്ങളും അദ്ദേഹത്തിൻ്റെ പക്കലുണ്ട്. നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിലും എത്രയോ വലുതാണ് അദ്ദേഹത്തിൻ്റെ ആക്ഷൻ യൂണിറ്റ്.
നമ്മൾ മലയാള സിനിമകളിലൊക്കെ സെറ്റിൽ പുക ഉണ്ടാക്കാൻ ഇപ്പോഴും ചട്ടിയും കുറച്ചു കരിയും ഡീസലും ഉപയോഗിക്കുന്ന പരമ്പരാഗത രീതി തന്നെയാണ് ഭൂരിഭാഗവും പിന്തുടരുന്നത്. ഡീസൽ ഉപയോഗിച്ച് പുക സൃഷ്ടിക്കുന്ന മെഷീനുകൾ ഇവിടെയുണ്ടെങ്കിലും, ഡീസലിൻ്റെ രൂക്ഷമായ ഗന്ധവും പുകയും അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് ഇൻഡോർ സെറ്റുകളിലാണ് നമ്മുടെ എക്യുപ്മെൻ്റുകൾ കൂടുതലും ഉപയോഗിക്കാറുള്ളത്. വിശാലമായ ഔട്ട്ഡോറിലേക്ക് പോകുമ്പോൾ ഈ ഉപകരണങ്ങൾ പലപ്പോഴും പരാജയപ്പെടും, അപ്പോൾ നമ്മൾ വീണ്ടും പഴയ ചട്ടിയിലേക്ക് തന്നെ തിരിച്ചുപോകും.
എന്നാൽ കെച്ച മാസ്റ്ററുടെ യൂണിറ്റ് നമ്മളെ ഞെട്ടിച്ചു കളഞ്ഞു. എത്ര വലിയ ഔട്ട്ഡോർ പ്രദേശമാണെങ്കിലും നിമിഷനേരം കൊണ്ട് കൃത്രിമമായ പുകകൊണ്ട് മൂടാനുള്ള അത്യാധുനിക ഉപകരണങ്ങൾ അദ്ദേഹത്തിൻ്റെ പക്കലുണ്ടായിരുന്നു.
ഹോളിവുഡ് സ്റ്റൈലിൽ വർക്ക് ചെയ്യുന്ന കെച്ച മാസ്റ്ററുമായി ഒരു ആർട്ട് ഡയറക്ടർ എന്ന നിലയിൽ എങ്ങനെയാണ് മുൻകൂട്ടി കമ്മ്യൂണിക്കേറ്റ് ചെയ്തത്?
ഞങ്ങൾ മാസ്റ്ററെ ആദ്യമായി കാണുന്നത് ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചല്ല. സിനിമയുടെ ചിത്രീകരണത്തിന് എത്രയോ ദിവസങ്ങൾ മുൻപ് തന്നെ ഈ ആക്ഷൻ രംഗങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഞങ്ങൾ തുടങ്ങിയിരുന്നു. അദ്ദേഹത്തിൻ്റെ കൃത്യമായ ഇൻപുട്ടുകളും നിർദേശങ്ങളും അനുസരിച്ചാണ് ആക്ഷൻ സീനുകളിൽ ഉപയോഗിക്കേണ്ട പ്രോപ്പർട്ടികൾ ഞങ്ങളുടെ ആർട്ട് ടീം നേരത്തെ തന്നെ സജ്ജീകരിച്ചത്.
ചില പ്രോപ്പർട്ടികൾ ഞങ്ങൾ തായ്‌ലൻഡിൽ നേരിട്ട് പോയി നിർമിച്ചു, ചിലത് ഇവിടെതന്നെ ചെയ്ത് അങ്ങോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. ലൊക്കേഷൻ കാണാൻ പോകാനും അദ്ദേഹം ഞങ്ങളോടൊപ്പം വന്നിരുന്നു. ചിത്രീകരണത്തിന് മുൻപുള്ള ദിവസങ്ങളിലും ഫോണിലൂടെ ഞാനുമായും എൻ്രെ ടീമുമായും നിരന്തരം സംസാരിക്കാനും പ്ലാൻ ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
കാട്ടാളൻ സിനിമയിൽ ഒരു സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ സുനിൽദാസിന് ഏറ്റവും വലിയ ചലഞ്ച് ആയി തോന്നിയ സെറ്റ് ഏതായിരുന്നു?
അത് ഈ സിനിമയുടെ ഹൃദയഭാഗമായ കാടിനകത്തെ ആ ഗ്രാമപ്രദേശത്തിൻ്റെ സെറ്റ് തന്നെയായിരുന്നു. വാഗമണ്ണിലുള്ള ഒരു പ്രൈവറ്റ് ഫോറസ്റ്റിനുള്ളിൽ ആയിരുന്നു ആ ഗ്രാമം മുഴുവൻ ഞങ്ങൾ കൃത്രിമമായി നിർമിച്ചെടുത്തത്. വാഗമണ്ണിലെ പ്രതികൂലമായ കാലാവസ്ഥ പലപ്പോഴും സെറ്റ് നിർമാണത്തിന് വലിയ വിലങ്ങുതടിയായിരുന്നു.
സിനിമയിൽ നിങ്ങൾ കാണുന്ന കാടിനകത്തുള്ള ആ വില്ലേജ് മുഴുവൻ ആർട്ട് ടീം പൂജ്യത്തിൽ നിന്ന് കെട്ടിപ്പൊക്കിയതാണ്. ഏകദേശം 35 ദിവസത്തോളം കഠിനാധ്വാനം ചെയ്താണ് ആ ഗ്രാമത്തിൻ്റെ സെറ്റ് ഞങ്ങൾ മുഴുവനായി ഇട്ടു തീർത്തത്.
ആ ഗ്രാമത്തിനുള്ളിലെ മാരിയുടെ വീട് വളരെ സവിശേഷതകൾ നിറഞ്ഞതാണല്ലോ?
ആ ഗ്രാമത്തിനുള്ളിൽ കാണുന്ന മാരിയുടെ സെറ്റിൽമെൻ്റ് ആയ ആ വീട് പൂർണമായും സിനിമയ്ക്ക് വേണ്ടി മാത്രം ഞങ്ങൾ സൃഷ്ടിച്ചെടുത്തതാണ്. രണ്ട് നിലകളുള്ള ആ വീടിന് ഒരു അണ്ടർഗ്രൗണ്ട് രഹസ്യ സ്ഥലവും ഞങ്ങൾ നിർമിച്ചിരുന്നു.
ആ വീട് ഡിസൈൻ ചെയ്തപ്പോൾ അതിൻ്റെ മുൻവശത്ത് ഒരു വലിയ വിശാലമായ ഹാൾ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം ആക്ഷൻ സീക്വൻസുകൾ ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ സ്ഥലപരിമിതി പ്രശ്നമാകാൻ പാടില്ല.
ആ വീട് നിർമിക്കാൻ തിരഞ്ഞെടുത്ത ഗ്രൗണ്ടിൻ്റെ ഏറ്റവും അറ്റത്താണ് വീടിൻ്റെ മുൻഭാഗം വരുന്നത്. ആ ഗ്രൗണ്ടിൻ്റെ തൊട്ടുപിന്നിലേക്ക് നോക്കിയാൽ ഏകദേശം 25 അടി താഴ്ചയാണ്, അതുകൊണ്ട് മെറ്റലുകൾ ഉപയോഗിച്ച് അത്രയും ഉയരത്തിൽ അടിസ്ഥാനം കെട്ടിപ്പൊക്കിയ ശേഷമാണ് ആ വീട് നിർമിച്ചത്. ശരിക്കും ആ ഘടനയ്ക്ക് ഒരു മൂന്ന് നില കെട്ടിടത്തിൻ്റെ ഉയരമുണ്ട്.
സിനിമ സെറ്റ് വീടിൻ്റെ പ്രത്യേകതകൾ?
നമ്മൾ താമസിക്കുന്നതിനായി 50 ലക്ഷം രൂപ മുതൽമുടക്കിൽ ഒരു വീട് നിർമിച്ചു എന്ന് കരുതുക. ആ വീടിൻ്റെ അതേ വലിപ്പത്തിൽ ഒരു സിനിമാസെറ്റ് സൃഷ്ടിക്കാൻ ഏകദേശം രണ്ടു മുതൽ മൂന്നു കോടി രൂപവരെ ചെലവ് വരും.
ഒരു സാധാരണ വീട് പണിയുന്ന മെറ്റീരിയലുകൾ ഉപയോഗിച്ച് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് നമുക്ക് സിനിമാ സെറ്റ് ഉണ്ടാക്കാൻ കഴിയില്ല. സിനിമയിൽ കാണുമ്പോൾ നാല് ചുവരുകളുള്ള മുറിയായി തോന്നുമെങ്കിലും ഷൂട്ടിങ് സമയത്ത് ക്യാമറ സൗകര്യപ്രദമായി വെക്കാൻ വേണ്ടി ഈ ചുമരുകൾ പെട്ടെന്ന് ഇളക്കി മാറ്റാൻ പറ്റുന്ന രീതിയിലാണ് ഞങ്ങൾ ഡിസൈൻ ചെയ്യുന്നത്. ഇഷ്ടമുള്ള കോണിൽ ക്യാമറ വെക്കാൻ ഇത് സഹായിക്കും. ഒരു ഒറിജിനൽ വീട്ടിൽ ഞെരുങ്ങി ഇരുന്ന് ഷൂട്ട് ചെയ്യേണ്ടി വരും എന്നതുകൊണ്ടാണ് സെറ്റ് ഇടുന്നത്.
മറ്റൊരു പ്രധാന കാര്യം ഇതിൻ്റെ ബലമാണ്. ഒരു സാധാരണ വീട്ടിൽ പരമാവധി 25 പേർ ഒരുമിച്ച് നിൽക്കുമ്പോൾ, ഒരു സിനിമാ സെറ്റിനകത്ത് ഒരേസമയം നടീനടന്മാരും സാങ്കേതിക പ്രവർത്തകരുമടക്കം നൂറോ ഇരുന്നൂറോ പേർ കാണും. അടിപിടി രംഗങ്ങളിൽ ചുമരുകൾ അടിച്ചുപൊളിക്കേണ്ടി വരും (ഇതിനായി മാത്രം ചില ഭാഗങ്ങളിൽ യഥാർഥ ഇഷ്ടിക ഉപയോഗിക്കും). ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അതിശക്തമായ മെറ്റൽ ഫൗണ്ടേഷനിൽ ഇത്രയും ഉറപ്പുള്ളതും, അതേസമയം ഇളക്കി മാറ്റാൻ പറ്റുന്നതുമായ ഒരു ഘടന ഉണ്ടാക്കണമെങ്കിൽ സ്വാഭാവികമായും ചെലവ് കോടികളാകും. ചിലരൊക്കെ ചോദിക്ക് ഒരു ചെറിയ വീട് സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ചെടുക്കാൻ രണ്ടുകോടി രൂപ ആയോ എന്ന്. അതിനുള്ള ഉത്തരമാണ് ഞാനിപ്പോൾ പറഞ്ഞത്.

ആർട്ട് ഡയറക്ഷന് പകരം പൂർണമായും വിഎഫ്എക്സ് ഉപയോഗിച്ചുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഒരു കലാസംവിധായകൻ എന്ന നിലയിൽ ഇതിനെ എങ്ങനെ കാണുന്നു?
പൂർണമായി വിഎഫ്എക്സ് സാങ്കേതികവിദ്യയിലേക്ക് ചുവടുമാറിയിട്ടില്ല. നിലവിൽ പ്രാക്ടിക്കൽ എഫക്റ്റും ഗ്രാഫിക്സും പരസ്പരം സഹായിച്ചാണ് മുന്നോട്ട് പോകുന്നത്. എനിക്കും പൂർണമായി വിഎഫ്എക്സ് ഉപയോഗിക്കുന്നതിനോട് താല്‍പര്യമില്ല. വിഎഫ്എക്സ് ഉപയോഗിക്കുന്നതിനേക്കാൾ ചെലവ് കുറച്ച് പ്രാക്ടിക്കൽ ആയി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ ഞാൻ ആ വഴിയേ സ്വീകരിക്കൂ.
എങ്കിലും കമ്പ്യൂട്ടർ ജനറേറ്റീവ് ഇമേജ് മേഖലയെ തള്ളിപ്പറയാൻ പറ്റില്ല. ആക്ഷൻ രംഗങ്ങളുടെയൊക്കെ ദൃശ്യ മികവ് വർധിപ്പിക്കാൻ വിഎഫ്എക്സ് വലിയ രീതിയിൽ സഹായിക്കും. സംവിധായകരുടെ കാഴ്ചപ്പാടിനൊപ്പം നിൽക്കുക എന്നതാണ് ഒരു സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ എൻ്റെ രീതി.
കാട്ടാളൻ സിനിമയിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന സിഗരറ്റ് ലൈറ്ററുകൾ പോലും വളരെ സവിശേഷതയുള്ളതാണല്ലോ?
സിനിമ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും, ഒരു കഥാപാത്രം ഉപയോഗിക്കുന്ന ലൈറ്റർ മറ്റൊരാളുടെ കൈയിൽ ഉണ്ടാകില്ല. സാധാരണ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ലൈറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ പ്രേക്ഷകർ അത് ശ്രദ്ധിക്കില്ല. അതുകൊണ്ട് ഓരോ കഥാപാത്രത്തിൻ്റെയും സ്വഭാവ സവിശേഷതകൾ മനസ്സിലാക്കി, ഞങ്ങളുടെ ആർട്ട് ഡിപ്പാർട്ട്മെൻ്റ് തന്നെ പ്രത്യേകം കസ്റ്റമൈസ് ചെയ്ത് എടുത്തതാണ് ആ ലൈറ്ററുകൾ.
ടെക്നോളജി നമുക്ക് പൂജ്യത്തിൽ നിന്ന് ക്രിയേറ്റ് ചെയ്യാൻ പറ്റില്ലല്ലോ. അതുകൊണ്ട് സാധാരണ ലൈറ്ററുകൾ വാങ്ങി അതിൻ്റെ മേൽമൂടി മാറ്റിയും മറ്റ് ഡിസൈനുകൾ നൽകിയും കൗതുകമുള്ള രൂപത്തിലാക്കി മാറ്റുകയായിരുന്നു. ഒരു കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ വിവരിച്ചു കഴിഞ്ഞാൽ, ആ ക്യാരക്ടർ ഡിസൈന് വേണ്ട ചെറിയ കാര്യങ്ങൾ പോലും ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാറുണ്ട്.
ഡയറക്ടർ ലോകേഷ് കനകരാജ് കാട്ടാളൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലോ. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച എങ്ങനെയുണ്ടായിരുന്നു?
കാട്ടാളൻ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സസ്പെൻസ് ആണെങ്കിലും അദ്ദേഹത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കണ്ടുകഴിഞ്ഞു. അദ്ദേഹവുമായി പരിചയപ്പെട്ടപ്പോൾ ലോകേഷ് കനകരാജ് എന്നോട് പറഞ്ഞ കാര്യം മാർക്കോ എന്ന സിനിമ കണ്ടിരുന്നു എന്നാണ്. മാത്രമല്ല അതിൻ്റെ പ്രോജക്ട് ഡിസൈനിങ്ങിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അദ്ദേഹത്തെ പോലൊരു സംവിധായകൻ നമ്മുടെ വർക്കുകൾ കണ്ടിട്ടുണ്ട് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറയുന്നത് തന്നെ അഭിമാനമുള്ള കാര്യം.
മാർക്കോ, കാട്ടാളൻ എന്നീ സിനിമകൾക്ക് മുൻപ് താങ്കൾ ചെയ്ത ചത്താപ്പച്ച എന്ന ചിത്രത്തിലെ കലാസംവിധാനം കരിയറിലെ ഒരു പൊൻതൂവലായി മാറിയല്ലോ?
തീർച്ചയായും. ചത്താപ്പച്ച എന്ന സിനിമയിലെ കലാസംവിധാനം എൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണ്. ദേശീയതലത്തിൽ വരെ ആ ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനിങ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ഒരുപാട് പ്രശംസകൾ നേടിത്തരികയും ചെയ്തു. ആ സിനിമ തന്ന ആത്മവിശ്വാസമാണ് വലിയ ക്യാൻവാസിലുള്ള സിനിമകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ചെയ്യാൻ എനിക്ക് കരുത്ത് പകരുന്നത്.

