Kerala Local Body Elections2025

ETV Bharat / entertainment

"ഓണ്‍ലൈനില്‍ രണ്ടും അപകടകരമാണ്..ഒരു സംവിധായകന്‍ എന്ന നിലയില്‍ അത് എന്‍റെ പരാജയം"; എംപുരാന്‍ വിവാദത്തില്‍ പൃഥ്വിരാജ്

എംപുരാന്‍ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് പൃഥ്വിരാജ് സുകുമാരൻ. തന്‍റെ സിനിമയിലൂടെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും താരം വ്യക്‌തമാക്കി. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംവിധായകനാണെന്നും താരം കൂട്ടിച്ചേർത്തു.

Prithviraj Sukumaran  പൃഥ്വിരാജ്  എംപുരാന്‍  Empuraan
Prithviraj (ETV Bharat)
author img

By ETV Bharat Entertainment Team

Published : November 17, 2025 at 4:11 PM IST

2 Min Read
Choose ETV Bharat

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് 'എൽ2: എംപുരാൻ'. റിലീസ് ചെയ്‌ത് എട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ 'എംപുരാനു'മായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.

രാഷ്ട്രീയ സന്ദേശവും ഹിന്ദു വിരുദ്ധ പ്രചാരണവും 'എംപുരാനില്‍' ഉൾക്കൊള്ളുന്നുണ്ടെന്ന ആരോപണം താരം പൂര്‍ണ്ണമായും നിഷേധിച്ചു. തന്‍റെ സിനിമയിലൂടെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

"എനിക്ക് എന്‍റെ രാഷ്ട്രീയം പ്രകടിപ്പിക്കണമെങ്കിൽ, എനിക്കത് സോഷ്യൽ മീഡിയയിലൂടെ ചെയ്യാൻ കഴിയും. എന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ ഒരിക്കലും സിനിമ ചെയ്യില്ല," പൃഥ്വിരാജ് പറഞ്ഞു.

ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്‍റെ ഉത്തരവാദിത്തം സംവിധായകനാണെന്നും താരം കൂട്ടിച്ചേർത്തു. "പ്രേക്ഷകർക്ക് സിനിമ ആസ്വദിക്കാനായില്ലെങ്കില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അതെന്‍റെ പരാജയമാണ്. ഇതില്‍ മറ്റാരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല," താരം പറഞ്ഞു.

സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായുള്ള അഭ്യൂഹങ്ങളെയും കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചു. സിനിമയുടെ കഥ മോഹന്‍ലാല്‍ കേട്ടിരുന്നില്ലെന്ന സംവിധായകന്‍ മേജര്‍ രവിയുടെ പ്രസ്‌താവന വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. സിനിമയുടെ നിർമ്മാണം ആരംഭിക്കുന്നതിന് മുന്‍പ് മോഹൻലാലും നിർമ്മാതാവ് ഗോകുലം ഗോപാലനും തിരക്കഥ പൂർണ്ണമായി കേട്ട് അത് അംഗീകരിച്ചിരുന്നുവെന്നും പൃഥ്വിരാജ് വ്യക്‌തമാക്കി.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ചില ടോക്‌സിക് സമീപനങ്ങളെ കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചു. "സാധാരണ ചർച്ചകളെ ആളുകൾ വഴക്കുകളാക്കി മാറ്റുന്ന അപകടകരമായ ഇടമായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചാൽ ഒരു വിഭാഗം നിങ്ങളെ വില്ലന്‍ എന്ന് വിളിക്കും, മറ്റൊരു വിഭാഗം നിങ്ങളെ നായകനെ പോലെ പരിഗണിക്കും. രണ്ടും അപകടകരമാണ്," പൃഥ്വിരാജ് പറഞ്ഞു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വളർന്നുവരുന്ന കൂട്ടമനോഭാവത്തെ കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവച്ചു. ഓൺലൈനിൽ ആക്രമണത്തിന് ഇരയായ സിനിമ മേഖലയിലെ നിരവധി പേര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. "ഇതേക്കുറിച്ച് എന്നോട് പറഞ്ഞ് ആളുകൾ കരഞ്ഞിട്ടുണ്ട്. ആക്രമിക്കുന്നവർക്ക് അത് തെറ്റാണെന്ന് അറിയാം. എന്നിട്ടും അവർ അത് ചെയ്യുന്നത് ആസ്വദിക്കുന്നു," താരം പ്രതികരിച്ചു.

'വിലായത്ത് ബുദ്ധ'യാണ് പൃഥ്വിരാജിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്‌ത ചിത്രം നവംബര്‍ 21നാണ് റിലീസിനെത്തുക. എസ്‌.എസ് രാജമൗലി-മഹേഷ് ബാബു കൂട്ടുക്കെട്ടിലൊരുങ്ങുന്ന 'വാരണാസി' ആണ് പൃഥ്വിരാജിന്‍റെ മറ്റൊരു പുതിയ ചിത്രം. ശനിയാഴ്‌ച്ചയായിരുന്നു ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വച്ച് സിനിമയുടെ ടൈറ്റിലും ആദ്യ ദൃശ്യങ്ങളും രാജമൗലി പുറത്തുവിട്ടത്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

Also Read: ദുഷ്‌ടനും ക്രൂരനും കൊടും വില്ലനുമായ കുംഭ..റോബോട്ടിക് വീല്‍ ചെയറില്‍ പൃഥ്വിരാജ്; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ട് രാജമൗലി