പരിമിതികളെ പരീക്ഷണങ്ങളാക്കി മാറ്റിയ ഛായാഗ്രാഹകൻ; 'മസ്‌തിഷ്‌ക മരണ'ത്തിലെ ദൃശ്യവിപ്ലവവുമായി പ്രയാഗ് മുകുന്ദൻ
സിനിമാ യാത്രയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പ്രയാഗ് മുകുന്ദൻ ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു

By ETV Bharat Entertainment Team
Published : March 1, 2026 at 5:37 PM IST
അക്കി വിനായക്
മലയാള സിനിമയിൽ ഇന്ന് ചർച്ചാവിഷയം കൃഷാന്ത് സംവിധാനം ചെയ്ത 'മസ്തിഷ്ക മരണം: എ ഫ്രാങ്കൻബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ്' എന്ന ചിത്രമാണ്. ഫ്യൂച്ചറസ്റ്റിക് സൈബർ പങ്ക് ജോണറിൽ എത്തിയ ഈ ചിത്രം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമ്പോൾ, അതിലെ ദൃശ്യമികവ് സിനിമാ പ്രേമികളെ അമ്പരപ്പിക്കുകയാണ്. ഈ ദൃശ്യ വിരുന്നിന് പിന്നിൽ പ്രയാഗ് മുകുന്ദൻ എന്ന ഛായാഗ്രാഹകൻ്റെ കരവിരുതാണ്. ബോളിവുഡിലെ വമ്പൻ പ്രോജക്റ്റുകളിൽ നിന്ന് ആർജിച്ച അനുഭവസമ്പത്തുമായി മലയാളത്തിലേക്ക് എത്തിയ പ്രയാഗ്, ഇന്ത്യൻ സിനിമയുടെതന്നെ ഭാവി വാഗ്ദാനമാണെന്ന് അടിവരയിടുകയാണ് ഈ ചിത്രം. തൻ്റെ സിനിമാ യാത്രയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പ്രയാഗ് മുകുന്ദൻ ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു.
ചിത്രരചനയിൽ നിന്ന് സിനിമാറ്റോഗ്രഫിയിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?
ചെറുപ്പം മുതലേ ചിത്രരചനയോടും പെയിൻ്റിങ്ങിനോടും വലിയ താല്പര്യമായിരുന്നു. ആ ഒരു അഭിനിവേശമാണ് എന്നെ പതുക്കെ ഫോട്ടോഗ്രാഫിയിലേക്ക് എത്തിച്ചത്. തുടക്കകാലത്ത് ഫിലിമിൽ എക്സ്പോസ് ചെയ്ത ചിത്രങ്ങൾ എടുത്തു കൊണ്ടായിരുന്നു തുടക്കം. കലയോടുള്ള ഈ താല്പര്യം കൂടിയപ്പോൾ അനിമേഷൻ, വിഎഫ്എക്സ്, ഫിലിം മേക്കിങ് എന്നിവ പഠിക്കാൻ തീരുമാനിച്ചു. പഠനത്തിന് ശേഷം ഡോക്യുമെൻ്ററികളും ഹ്രസ്വചിത്രങ്ങളും ചെയ്തു. പിന്നീടാണ് സ്വതന്ത്ര ഛായാഗ്രഹനായി കന്നഡ സിനിമയിൽ അരങ്ങേറിയത്. കലാമേഖലയിലെ എന്തു കാര്യങ്ങളും പരീക്ഷണാത്മക രീതിയിൽ സമീപിക്കുക എന്നതാണ് എൻ്റെ പ്രത്യേകത.
സി കെ മുരളീധരൻ, സുധീർ പൽസാനി തുടങ്ങിയ പ്രമുഖരോടൊപ്പം ബോളിവുഡിൽ പ്രവർത്തിച്ച അനുഭവം എങ്ങനെയായിരുന്നു?
പഠനശേഷം സി കെ മുരളീധരൻ, സുധീർ പൽസാനി തുടങ്ങിയ വിഖ്യാത ക്യാമറാമാൻന്മാരോടൊപ്പം ബോളിവുഡ് ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചു. ഇതിനിടയിൽ സുജിത്ത് വാസുദേവിനോടൊപ്പം പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലും ക്യാമറ ഡിപ്പാർട്ട്മെൻ്റിൽ പ്രവർത്തിച്ചിരുന്നു. സി കെ മുരളീധരൻ സാറിനോടൊപ്പം പികെ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇൻ്റേൺ ആയി വർക്ക് ചെയ്തത്.
പി കെ എന്ന സിനിമയുടെ മുംബൈ ഷെഡ്യൂൾ ആയിരുന്നു ഞാൻ അസിസ്റ്റ് ചെയ്തത്. അതൊരു വലിയ ഭാഗ്യമായിരുന്നു. അമീർഖാൻ ചിത്രം ആണല്ലോ അത്. തുടക്കകാലത്ത് ഒരു അസിസ്റ്റന്റിന് കാര്യങ്ങൾ കണ്ടു മനസ്സിലാക്കുക എന്നതിനപ്പുറം ഒന്നും തന്നെ ചെയ്യാനില്ല. സി കെ മുരളീധരൻ സാറിനെ പോലെയുള്ളവർ പറഞ്ഞു തരുന്ന കാര്യങ്ങൾ നോട്ടുകൾ ആയി എഴുതിയെടുക്കുക. ഹാർഡ് ഡിസ്ക് കൊണ്ട് കൊടുക്കുക വാങ്ങുക. അതൊക്കെയാണ് ജോലി. പക്ഷേ ഫിലിം മേക്കിങ് എന്ന പ്രോസസ് വളരെ അടുത്തുനിന്ന് നോക്കിക്കാണാൻ സാധിക്കും. അവർ ഒരു സീനിനു വേണ്ടി ലൈറ്റ് അപ്പ് ചെയ്യുന്ന രീതി. ഇന്ത്യയിലെ തന്നെ വിഖ്യാതനായ ഒരു നായകനെ കൊണ്ട് അഭിനയിപ്പിക്കുന്ന രീതി. വി എഫ് എക്സിന്റെ ഇമ്പ്ലിമെന്റേഷൻ. അങ്ങനെ എല്ലാം നമുക്ക് കണ്ടു പഠിക്കാം. അത് ചെറിയ കാര്യമല്ല. മാത്രമല്ല ഇന്ത്യയിലെ തന്നെ വലിയ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പെടുന്ന ഒരു സിനിമാ ലൊക്കേഷൻ എങ്ങനെ ഹാൻഡിൽ ചെയ്യുന്നു എന്നുള്ളത് കണ്ടു മനസ്സിലാക്കേണ്ട കാര്യം തന്നെയാണ്. എവിടെയൊക്കെ പോയി പഠിച്ചാലും അങ്ങനെയൊരു എക്സ്പീരിയൻസ് നമുക്ക് ലഭിക്കില്ല.

ഞാൻ ചെല്ലുമ്പോൾ വലിയൊരു ഫ്ലോറിൽ വിഎഫ്എക്സ് സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. ഫിലിം അക്കാദമിയിലെ ചെറിയ ഗ്രീൻ സ്ക്രീനുകൾ മാത്രം കണ്ട് പരിചയിച്ച എനിക്ക്, നൂറിരട്ടി വലിപ്പമുള്ള ഒരു ഫ്ലോർ നിറയെ ഗ്രീൻ സ്ക്രീൻ അറേഞ്ച് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. പാകിസ്താനിൽ നടക്കുന്ന ഒരു രംഗമായിരുന്നു അത്. ചെറിയ സെറ്റ് വർക്കുകൾ മാത്രം ഉപയോഗിച്ച് വിഎഫ്എക്സിലൂടെ ആ ഫ്ലോറിനെ പാകിസ്താനാക്കി മാറ്റുന്ന ആ സാങ്കേതിക വിദ്യ നേരിട്ട് കാണാനായത് വലിയൊരു അനുഭവമായിരുന്നു.
സംവിധായകൻ കൃഷാന്തുമായുള്ള സൗഹൃദം തുടങ്ങുന്നത് എവിടെ വെച്ചാണ്?
മുംബൈ ഐഐടിയിൽ റിസർച്ച് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവിടുന്ന് പാസ് ഔട്ട് ആയ കൃഷാന്തുമായി പരിചയപ്പെടുന്നത്. അക്കാലത്ത് സ്വതന്ത്ര സിനിമകൾ സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഞങ്ങൾ തമ്മിൽ ധാരാളം ചർച്ചകൾ നടന്നിരുന്നു. പിന്നീട് രണ്ടുപേരും രണ്ടു വഴിക്ക് യാത്ര ആരംഭിച്ചു. പക്ഷേ അപ്പോഴും പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കാനും സംസാരിക്കാനുമുള്ള സമയം ഞങ്ങൾ എപ്പോഴെങ്കിലുമൊക്കെ കണ്ടെത്തിയിരുന്നു. ആ സൗഹൃദമാണ് 'സംഘർഷഘടന', 'മസ്തിഷ്ക മരണം' എന്നീ ചിത്രങ്ങളിലേക്ക് എത്തിച്ചത്.

കന്നഡ സിനിമയിലേക്കുള്ള അരങ്ങേറ്റം 'തുർത്ത് നിർഗമന' എന്ന ചിത്രത്തിലൂടെയായിരുന്നുവല്ലോ. ആ അവസരം എങ്ങനെയാണ് ലഭിച്ചത്?
'തുർത്ത് നിർഗമന' എന്ന ചിത്രം ഒരു എക്സ്പിരിമെൻ്റ മൂവിയായിരുന്നു. മുംബൈയിലെ പഴയ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ. കൂടാതെ 'കമ്മട്ടിപ്പാടം' ഒക്കെ എഡിറ്റ് ചെയ്ത ബി അജിത് കുമാർ സാറാണ് ആ സിനിമയുടെ എഡിറ്റർ. ഇവരുമായുള്ള ബന്ധമാണ് എന്നെ ആ സിനിമയിലേക്ക് എത്തിച്ചത്. ടൈം ലൂപ്പ് കോൺസെപ്റ്റിൽ പറയുന്ന വളരെ എക്സൈറ്റിംഗ് ആയ ഒരു സ്റ്റോറി ആയിരുന്നു അതിൻ്റേത്. വിഎഫ്എക്സിന് ഒരുപാട് സാധ്യതകളുള്ള സിനിമയായതുകൊണ്ട് എൻ്റെ വിഎഫ്എക്സ് പശ്ചാത്തലം ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാൻ സാധിച്ചു.
ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് വെറും രണ്ടാഴ്ച മുൻപാണ് ഞാൻ ജോയിൻ ചെയ്യുന്നത്. ലൊക്കേഷനുകൾ ഒന്നും തന്നെ കാണാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് ഒരല്പം കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. ഹേമന്ത് കുമാർ എന്നായിരുന്നു ആ സിനിമയുടെ സംവിധായകൻ്റെ പേര്. കിടിലം മനുഷ്യൻ. ആസിഡ് തിരക്കഥയിൽ എനിക്ക് തോന്നിയ കൗതുകവും സംവിധായകൻ്റെ ആത്മവിശ്വാസവും ആണ് പിന്നീടങ്ങോട്ട് എനിക്ക് ധൈര്യം നൽകിയത്. കന്നഡ സിനിമയിലെ വലിയ താരങ്ങളായ രാജ് ബി ഷെട്ടി, സുനിൽ റാ വു എന്നിവരൊക്കെയായിരുന്നു പ്രധാന അഭിനേതാക്കൾ.
ആദ്യ സിനിമയിലെ ആദ്യ ഷോട്ട് എടുക്കുമ്പോഴുള്ള അനുഭവം എന്തായിരുന്നു?
മറ്റുള്ളവർ പറയുന്നതുപോലെയുള്ള വലിയൊരു എക്സൈറ്റ്മെൻ്റ് ആ സമയത്ത് എനിക്കുണ്ടായിരുന്നില്ല. കാരണം അന്ന് ഞാൻ തുടർച്ചയായി ഡോക്യുമെൻ്ററികളും പരസ്യചിത്രങ്ങളും ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രമുഖ ഛായാഗ്രാഹകർക്കൊപ്പം പ്രവർത്തിക്കുന്നതുകൊണ്ട് ഒരു പ്രോജക്റ്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന ഒരു ലാഘവത്തോടെയാണ് ഞാൻ ആദ്യ സിനിമയിലേക്കും എത്തിയത്. പക്ഷേ സിനിമയുടെ പകുതിയോളം ചിത്രീകരിച്ചു കഴിഞ്ഞപ്പോഴാണ് ഇത് എൻ്റെ ആദ്യ സിനിമയാണല്ലോ എന്നും ഈയൊരു നിമിഷത്തിന് വേണ്ടിയാണല്ലോ ഞാൻ ഇത്രയും കാലം സ്വപ്നം കണ്ടതെന്നും തിരിച്ചറിഞ്ഞത്.
മലയാളത്തിലെ ആദ്യ ചിത്രം 'സംഘർഷഘടന'യാണെങ്കിലും ആദ്യം തിയേറ്ററിലെത്തിയത് 'മസ്തിഷ്ക മരണം' ആണല്ലോ?
സംഘർഷഘടനയാണ് ആദ്യചിത്രം എങ്കിലും പ്രേക്ഷകർക്ക് മുന്നിലെത്തിയത് മസ്തിഷ്ക മരണമാണ്. സംഘർഷഘടന ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. യഥാർഥത്തിൽ സിബി മലയിൽ സാറിൻ്റെ ഒരു സിനിമയിൽ ഞാൻ ജോയിൻ ചെയ്തിരുന്നതാണ്. ലൊക്കേഷൻ കാണുന്നതടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ആ പ്രോജക്ട് നീട്ടിവെച്ചു. ആ സമയത്ത് എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് മുംബൈയിലെ ഒരു സുഹൃത്തിൻ്റെ ആന്തോളജി സിനിമയുടെ ചർച്ചകൾ വരുന്നത്. ആ കഥയെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ കൃഷാന്തിനെ വിളിച്ചത്. അന്ന് കൃഷാന്തിൻ്റെ ഒരു പ്രോജക്ട് മുടങ്ങിയിരിക്കുന്ന സമയമായിരുന്നു. ആ സംഭാഷണത്തിനിടയിലാണ് കൃഷാന്ത് 'സംഘർഷഘടന'യുടെ ആശയം പറയുന്നത്. അങ്ങനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒട്ടനവധി പരീക്ഷണങ്ങളോടെ ആ സിനിമ സംഭവിക്കുകയായിരുന്നു.

മസ്തിഷ്ക മരണത്തിലേക്ക് താങ്കൾ എങ്ങനെയാണ് എത്തിയത്?
'സംഘർഷഘടന' എന്ന സിനിമയുടെ ഫെസ്റ്റിവൽ പ്രദർശനങ്ങളുമായി ബന്ധപ്പെട്ട ഒരു യാത്രയ്ക്കിടയിലാണ് കൃഷാന്ത് ഈ സിനിമയുടെ വൺലൈൻ എന്നോട് പറയുന്നത്. ഒരു ക്യാമറാമാൻ എന്ന നിലയിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്താൻ സാധ്യതയുള്ള കഥയായിരുന്നു ഇത്. അങ്ങനെയൊരു കാര്യം തന്നെയാണ് എന്നെ കൂടുതൽ എക്സൈറ്റ്മെന്റിലേക്ക് കൊണ്ടുവന്ന് എത്തിച്ചത്. മലയാള സിനിമയുടെ സാഹചര്യത്തിൽ ഇങ്ങനെയൊരു സബ്ജക്ട് 'പോസിബിൾ' ആക്കി എടുക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. സംവിധായകൻ വളരെ ഡീറ്റെയിൽഡ് ആയ സ്കെച്ചുകളിലൂടെയാണ് സിനിമയുടെ കളർ ടോണും പശ്ചാത്തലവും വിശദീകരിച്ചത്. പ്രീ-പ്രൊഡക്ഷൻ സമയത്ത് തന്നെ ഇതെല്ലാം കൃത്യമായി പ്ലാൻ ചെയ്തിരുന്നു.
സിനിമയുടെ പശ്ചാത്തലമായ 'റെട്രോ ഫ്യൂച്ചറിസം' എന്ന ജോണറിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോ?
'മസ്തിഷ്ക മരണം' ഒരു റെട്രോ ഫ്യൂച്ചറിസ്റ്റിക് ആശയം ചർച്ച ചെയ്യുന്ന സിനിമയാണ്. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത ജോണറാണിത്. ഉദാഹരണത്തിന്, 2045-ൽ നടക്കുന്ന കഥയാണെങ്കിലും ഉപയോഗിക്കുന്നത് പഴയ സിആർടി മോണിറ്ററുകളാവാം, പക്ഷേ അതിൽ അത്യാധുനികമായ ടച്ച് ടെക്നോളജി ഉണ്ടാകും. ടെക്നോളജി അതിൻ്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും കാഴ്ചയിൽ ഒരു 'റെട്രോ ഫീൽ' നൽകുന്നതാണ് ഇതിൻ്റെ സ്റ്റൈൽ. ഒരു സൈബർ പങ്ക് ലോകം സൃഷ്ടിക്കുമ്പോൾ നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്ന് വലിയൊരു ലോകം ദൃശ്യങ്ങളിലൂടെ പണിയാനാണ് ഞങ്ങൾ ശ്രമിച്ചത്.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ എലമെന്റും വളരെ കൃത്യമായിരിക്കണം. ചെറിയൊരു പിഴവ് വന്നാൽ പോലും അത് സിനിമയുടെ മൊത്തം ടോണിനെ ബാധിക്കും. അതീവ ശ്രദ്ധയോടെയാണ് ഓരോ സീനും ട്രീറ്റ് ചെയ്തത്. ഭാഗ്യവശാൽ, ഈ സിനിമ പ്ലാൻ ചെയ്യാനും ഷൂട്ട് ചെയ്യാനും ഞങ്ങൾക്ക് ധാരാളം സമയം ലഭിച്ചു. അതൊരു വലിയ അനുകൂല ഘടകമായിരുന്നു.
താങ്കളുടെ സിനിമകളിലെ ദൃശ്യമികവിന് പിന്നിൽ പ്രിപ്പറേഷൻ ബുക്ക് എന്നൊരു രീതി ഉണ്ടല്ലോ?
എല്ലാ സിനിമയ്ക്കും ഞാൻ ഒരു പ്രിപ്പറേഷൻ ബുക്ക് സൂക്ഷിക്കാറുണ്ട്. തിരക്കഥ ലഭിച്ചാൽ ഉടൻ എൻ്റെ കാഴ്ചപ്പാടിൽ ആ സിനിമയിൽ എന്തൊക്കെ പരീക്ഷണങ്ങൾ നടത്താമെന്ന് അതിൽ കുറിച്ചു വെക്കും. ഷോട്ടുകൾ, ക്യാമറ ആംഗിൾ, ലെൻസ് പ്രോപ്പർട്ടീസ് തുടങ്ങി എല്ലാ കാര്യങ്ങളും ഓരോ സീനിനും അനുസരിച്ച് എഴുതും. എൻ്റെ സഹായികൾ നൽകുന്ന ഇൻപുട്ടുകളും അതിൽ ചേർക്കാറുണ്ട്. ഈ ബുക്ക് നോക്കിയാൽ സിനിമയുടെ കളർ പാറ്റേണും ഫീലും എനിക്ക് മുൻകൂട്ടി മനസ്സിലാക്കാം. പിന്നീട് സംവിധായകനുമായി ഇത് ചർച്ച ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ കൂടി നിർദേശങ്ങൾ കൂടി ചേരുന്നതോടെ ആ ദൃശ്യഭാഷ കൂടുതൽ കരുത്തുറ്റതാകും.
ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതുമ തോന്നിയ ചില മൊമൻ്റുകൾ ഏതൊക്കെയായിരുന്നു?
ഈ സിനിമയുടെ ഒരു പ്രത്യേക രംഗത്തിൽ സ്പ്ലിറ്റ് സ്ക്രീൻ എന്നൊരു രീതി അവലംബിച്ചിട്ടുണ്ട്. അതായത് ഒരു ഫ്രയിമിൽ പകുതി ഭൂമിക്ക് മുകളിലും പകുതി ഭൂമിക്ക് താഴെയുമായി ഉൾപ്പെടുത്തുന്ന രീതി. അങ്ങനെ കുറച്ച് പരീക്ഷണാടിസ്ഥാനത്തിലുള്ള കാര്യങ്ങൾ ഈ സിനിമയിൽ കാണാൻ സാധിക്കും. വി എഫ് എക്സിൻ്റെ പിന്തുണ പരമാവധി കുറച്ചുകൊണ്ട് ഈ രംഗങ്ങളൊക്കെ എങ്ങനെ ഷൂട്ട് ചെയ്യാം എന്ന് ഞങ്ങൾ വളരെ സുദീർഘമായി ചർച്ച ചെയ്തു. പണ്ട് ചാർലി ചാപ്ലിൻ സിനിമകളിലൊക്കെ ഉപയോഗിച്ചിട്ടുള്ള ഫോഴ്സ്ഡ് പെർസ്പെക്റ്റീവ് എന്ന രീതി അവലംബിക്കാം എന്ന് തീരുമാനിച്ചു. അതായത് ഫോർ ഗ്രൗണ്ടിൽ ചില ഒബ്ജക്ടുകൾ വച്ച് ഒരു ഇലൂഷൻ ഫ്രെയിമിൽ സൃഷ്ടിക്കുന്ന രീതി. ക്ലോക്ക് ടവറിൽ നിന്ന് ചാപ്ലിൻ താഴേക്ക് വീഴാൻ പോകുന്ന ഒരു വീഡിയോ ഒക്കെ നമ്മൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ആ രീതി തന്നെയാണ്.
ഇതുപോലെയുള്ള കാര്യങ്ങൾ കൃഷാന്തിനോട് പറഞ്ഞാൽ ഫുൾ സപ്പോർട്ട് ആണ്. 100% അദ്ദേഹം നൽകുന്ന പിന്തുണ ഒരു സുഹൃത്ത് എന്നുള്ള നിലയിലും സാങ്കേതിക പ്രവർത്തകൻ എന്നുള്ള നിലയിലും നമുക്ക് ഒരുപാട് എനർജി നൽകും. എന്ത് നിർദ്ദേശം പറഞ്ഞാലും അതിനൊരു പ്ലാൻ ഉണ്ടാക്കി നമുക്ക് ചെയ്യാൻ ശ്രമിക്കാം എന്നാകും സംവിധായകൻ മറുപടി പറയുക. അത് നടക്കുമോ ഇല്ലയോ എന്നുള്ള കാര്യം പിന്നെ. മലയാള സിനിമയിൽ ഒരുപാട് വർഷങ്ങൾക്കുശേഷമാണ് ഫോഴ്സ് പെർസ്പെക്ടീവ് എന്ന രീതിയിൽ ധാരാളം രംഗങ്ങൾ ഷൂട്ട് ചെയ്ത ഒരു സിനിമ പുറത്തിറങ്ങുന്നത്.

വളരെയധികം പിക്സഡ് ഡെൻസിറ്റി കൂടിയ വാളുകളാണ് അവ. അത്രയും മികച്ച എൽഇഡി വാളുകൾ നമ്മളെ സിനിമയിൽ ഒരു വെർച്വൽ വേൾഡ് സൃഷ്ടിക്കാനായി കൊണ്ടുവരാൻ സാധിക്കില്ല. ബഡ്ജറ്റ് തന്നെയാണ് പ്രശ്നം. അപ്പോൾ നമുക്ക് താങ്ങാൻ സാധിക്കുന്ന ഇവിടെ ലഭ്യമായ എൽഇഡി വാളുകൾ കൊണ്ടുവന്ന് അതിന്റെ പരിമിതികൾ മനസ്സിലാക്കി, ആ പ്രശ്നങ്ങൾ ഫ്രെയിമിൽ വരാത്ത രീതിയിൽ രംഗങ്ങൾ ചിത്രീകരിക്കാം എന്നുള്ളതായിരുന്നു ചലഞ്ച്.
സിനിമയ്ക്കായി ചില ഉപകരണങ്ങൾ സ്വന്തമായി നിർമിച്ചെടുത്തു എന്ന് കേട്ടു, അത് എന്തിനായിരുന്നു?
ഗെയ്മിംഗ് സ്റ്റൈലിലുള്ള പിഒവി ഷോട്ടുകൾക്കായി ക്യാമറ മൗണ്ട് ചെയ്യാവുന്ന ഹെൽമെറ്റുകളും റിഗ്ഗുകളും ഞങ്ങൾ പ്രത്യേകം ചെയ്തെടുത്തതാണ്. ഇത്തരം എക്യുമെൻ്റുകൾ പുറത്തുനിന്ന് ഹയർ ചെയ്യാനുള്ള ഭീമമായ തുക ഒഴിവാക്കാനായിരുന്നു ഇത്. എൻ്റെ സുഹൃത്തായ സെൽവൻ എന്ന ആർട്ടിസ്റ്റാണ് ഇത് നിർമിക്കാൻ സഹായിച്ചത്.
ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ഒട്ടും ബഡ്ജറ്റ് ഇല്ലാത്ത ചിത്രമാണിതെന്ന് കരുതണ്ട. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല ബഡ്ജറ്റിൽ തന്നെയാണ് മസ്തിഷ്കമരണം ഒരുങ്ങിയിരിക്കുന്നത്. പക്ഷേ മറ്റുള്ള ബിഗ് ബഡ്ജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ മലയാള സിനിമയുടെ പരിമിതി എല്ലാവർക്കും അറിയാവുന്നതാണ്.
സിനിമയിലെ യുദ്ധരംഗങ്ങൾ ചിത്രീകരിച്ചത് എങ്ങനെയായിരുന്നു?
യുദ്ധരംഗം പൂർണമായും ഗ്രീൻ സ്ക്രീനിൽ ഷൂട്ട് ചെയ്യാതെ ഒറിജിനലായി ചിത്രീകരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. തീ ഒക്കെ ഗ്രാഫിക്സിൽ ചെയ്യാൻ വളരെ എളുപ്പമാണ്. എന്നാൽ ഒറിജിനാലിറ്റിക്ക് വേണ്ടി ടയറുകളും മറ്റു വസ്തുക്കളും കത്തിച്ച് ഞങ്ങൾ യഥാർഥ തീ ഉണ്ടാക്കി തന്നെയാണ് ഷൂട്ട് ചെയ്തത്. അനിമോട്രോണിക്സ് ധാരാളം യൂസ് ചെയ്തു. അതുപോലെ റോബോട്ടുകളുടെ കാര്യമെടുത്താൽ, സിനിമയിൽ കാണുന്നവയുടെ മുക്കാൽ ഭാഗവും ഞങ്ങൾ അനിമോട്രോണിക്സ് വഴി ഒറിജിനലായി ചെയ്തെടുത്തതാണ്. അതിൻ്റെ പൂർണതയ്ക്ക് വേണ്ടി മാത്രമേ വിഎഫ്എക്സ് ഉപയോഗിച്ചിട്ടുള്ളൂ.

ബാക്ക് പ്രൊജക്ഷൻ എന്ന പഴയ രീതി ഇതിൽ പരീക്ഷിച്ചു എന്ന് കേട്ടല്ലോ?
പണ്ടത്തെ സിനിമകളിൽ സാധാരണയായി കണ്ടുവരുന്ന രീതിയാണിത്. എന്നാൽ ഇന്നത്തെ സാങ്കേതികവിദ്യയുടെ സഹായം ഉള്ളതുകൊണ്ട് ഇത് വളരെ ഇഫക്റ്റീവ് ആയി ഉപയോഗിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഉദാഹരണത്തിന്, മഴയും ഇടിമിന്നലുമുള്ള രാത്രിയിൽ ഒരു കാർ ഓടുന്ന രംഗം. അത്തരമൊരു സാഹചര്യത്തിൽ കാറിൽ ക്യാമറ റിഗ് ചെയ്ത് പുറത്ത് ഷൂട്ട് ചെയ്യുക പ്രായോഗികമല്ല. അവിടെ സാധാരണയായി വിഎഫ്എക്സ് ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഞങ്ങൾ അവിടെ ബാക്ക് പ്രൊജക്ഷൻ ഉപയോഗിച്ചു. അത് ഷൂട്ടിങ് എളുപ്പമാക്കുകയും ഒപ്പം മികച്ച ഒറിജിനാലിറ്റി നൽകുകയും ചെയ്തു.
ഇതുപോലെയുള്ള പരീക്ഷണങ്ങൾ നമ്മൾ പറയുമ്പോൾ അതിന് ഉൾക്കൊള്ളാൻ മനസ്സുള്ള സാങ്കേതിക പ്രവർത്തകരും ഉണ്ടെങ്കിൽ മാത്രമാണ് ഏതൊരു കാര്യത്തിനും വിജയം സംഭവിക്കുകയുള്ളൂ. നമ്മൾ ഒരു കാര്യം പറയുമ്പോൾ ആരെങ്കിലും ഒരാൾ നെഗറ്റീവ് പറഞ്ഞാൽ അത് ബുദ്ധിമുട്ടാകും.
മസ്തിഷ്ക മരണം എന്ന സിനിമയുടെ കളർ ടോൺ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ?
നിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു മാസം മുൻപ് തന്നെ ഡിഐ ആർട്ടിസ്റ്റ് അർജുനുമായി ചർച്ചകൾ തുടങ്ങിയിരുന്നു. ഡിജിറ്റൽ ലൈറ്റുകളുടെ വരവോടെ ഇന്ന് കളറുകൾ ഫ്രെയിമിൽ കൊണ്ടുവരുന്നത് എളുപ്പമാണ്. എങ്കിലും, ഒരു പരീക്ഷണം നടത്തുമ്പോൾ അത് പാളിപ്പോകാൻ പാടില്ല എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ഇതിനായി ഏകദേശം ഒരു ടിബി റഷ് ഞങ്ങൾ പ്രീ-പ്രൊഡക്ഷൻ സമയത്ത് തന്നെ ഷൂട്ട് ചെയ്തു നോക്കി. എൽഇഡി ലൈറ്റുകളുടെ സ്വഭാവവും ഗ്ലയറും ഫ്രെയിമിൽ എങ്ങനെ വരും എന്ന് കൃത്യമായി മനസ്സിലാക്കി. അനാമോർഫിക് ലെൻസിലാണ് ചിത്രം ഷൂട്ട് ചെയ്തത്. സിനിമയിൽ ഉപയോഗിക്കുന്ന ലൈറ്റുകളുടെ ഇന്റെൻസിറ്റി, സ്വഭാവം എന്നിവയൊക്കെ ആദ്യമേ തന്നെ ഞങ്ങൾ മനസ്സിലാക്കി വച്ചു. ഇതെല്ലാം വർക്കാകുമെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഞങ്ങൾ സെറ്റിലേക്ക് പോയത്.
പണ്ടത്തെക്കാളും കളറുകൾ ഫ്രെയിമിൽ കൊണ്ടുവരാൻ പുതിയകാലത്ത് എളുപ്പമാണ്. ഡിജിറ്റൽ ലൈറ്റുകൾ കടന്നുവന്നതോടെ ആ ജോലി എളുപ്പമായി. പണ്ടാണെങ്കിൽ പലതരം ഫിൽറ്ററുകൾ ഉപയോഗിച്ചാണ് കളർ ലൈറ്റുകൾ സൃഷ്ടിക്കുന്നത്.
ക്യാമറയ്ക്ക് പിന്നിൽ നിൽക്കുമ്പോൾ താങ്കളുടെ ആ ഒരു ദൃശ്യബോധം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരു ടെക്നീഷ്യന്‍ എന്നുള്ള രീതിയിൽ നമ്മൾ സ്ഥിരമായി ഒരു ജോലി തന്നെ ചെയ്യുമ്പോൾ അത് നമ്മൾക്ക് ഇഷ്ടപ്പെട്ട കാര്യം എല്ലാം സംഭവിക്കുന്നത് ഒരു മസിൽ മെമ്മറി പോലെയാണ്. ഒരു ഫ്രെയിം ഷൂട്ട് ചെയ്യാൻ ക്യാമറ സെറ്റ് ചെയ്തു വച്ചു കഴിഞ്ഞാൽ എന്തൊക്കെ എവിടെയൊക്കെ വേണമെന്ന് എനിക്കറിയാം. പ്ലാനിങ്ങിന് അനുസരിച്ച് ഒരു രംഗം ഒരുക്കിയാൽ ടെക്നിക്കൽ വശങ്ങൾ ഒക്കെ നേരത്തെ പറഞ്ഞതുപോലെ മസിൽ മെമ്മറി പോലെ സംഭവിക്കും.
സിനിമറ്റോഗ്രാഫി എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അണ്ടർസ്റ്റാൻഡിംഗ് ആണ്. നമ്മൾ യാത്ര ചെയ്യുമ്പോൾ കാണുന്ന കാഴ്ചകൾ, മഴ പെയ്യുമ്പോൾ ഉള്ള ദൃശ്യങ്ങൾ, തീ കത്തുമ്പോഴുള്ള ഭംഗി ഇതൊക്കെ മനസ്സിൽ ഒരു ഫ്രെയിം പോലെ പതിയും. ക്യാമറ ഒരു ഉപകരണം മാത്രമാണ്, മനസ്സിലെ കാഴ്ചകളെ പുറത്തെത്തിക്കാനുള്ള മാർഗം. പിന്നെ വേണ്ടത് ചില തിരിച്ചറിവുകളാണ്. ഉദാഹരണത്തിന് ഒരു തീ കത്തുമ്പോഴുള്ള എക്സ്പോഷർ ആയിരിക്കില്ല തീ ആളിക്കത്തി കഴിഞ്ഞാൽ. അത് തിരിച്ചറിയാനുള്ള ഒരു ബോധം ഉണ്ടാകണം. ടെക്നിക്കൽ പരമായി സിനിമറ്റോഗ്രാഫി എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങളാണ്. സ്കൾപ്‌ചേഴ്സ്, പെയിൻ്റിങ്ങുകൾ എന്നിവയൊക്കെ എന്നിൽ സ്വാധീനം ചെലുത്തുന്ന കാര്യങ്ങൾ ആയതിനാൽ അതും എൻ്റെ സിനിമറ്റോഗ്രാഫി ജീവിതത്തെ ഡിസൈൻ ചെയ്യാൻ സഹായിച്ചിട്ടുണ്ട്.

ഒരു സിനിമാറ്റോഗ്രാഫർ എന്നുള്ള രീതിയിൽ ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയ കാഴ്ചകൾ ഏറെയാണ്. അതിലൊന്ന് തമിഴ്നാട്ടിലെ കൂവാഗം ഫെസ്റ്റിനെ കുറിച്ചുള്ള ഡോക്യുമെൻ്ററി ചെയ്യുന്ന സമയത്ത് ആയിരുന്നു. അറവാൻ ദൈവത്തിൻ്റെ പത്നിമാരായി എത്തുന്ന ഭക്തനായ ആയിരക്കണക്കിന് സ്ത്രീജനങ്ങൾ. അർജുനൻ്റെ മകനായ അറവാൻ ഒരു ക്ഷേത്ര യുദ്ധത്തിൽ മരിക്കുന്നതും അതിനെ തുടർന്ന് അറവാൻ്റെ ഭാര്യ അലമുറയിട്ട് കരയുന്നതുമാണ് കൂവാഗം ഫെസ്റ്റിൻ്റെ അടിസ്ഥാന ആശയം. ഏറ്റവും കൂടുതൽ ട്രാൻസ്ജെൻഡേഴ്സ് ആണ് അവിടെ എത്തുന്നത്. അതിനു കാരണം വിഷ്ണു മോഹിനി രൂപം എടുത്താണ് അറവാനെ വിവാഹം ചെയ്തത്. ചരിത്രം പറയാനാണെങ്കിൽ ഒരുപാടുണ്ട്. നൂറുകണക്കിന് ആയിരക്കണക്കിന് സ്ത്രീകളുടെ ഇമോഷൻസ് ആണ് ഒരു ക്യാമറയിലൂടെ എനിക്ക് അന്ന് ഒപ്പിയെടുക്കേണ്ടി വന്നത്. അന്ന് അവിടെ കണ്ട കാഴ്ചകൾ ഒപ്പിയെടുക്കാൻ നമുക്കിപ്പോൾ ഉള്ള ലേറ്റസ്റ്റ് ടെക്നോളജി ഒന്നും മതിയാകാതെ വരും എന്ന് ഒരു തിരിച്ചറിവ് എനിക്കുണ്ടായി. ആയിരത്തോളം മുഖങ്ങൾ ആയിരത്തോളം കണ്ണുകൾ ആയിരത്തോളം ഇമോഷനുകൾ. ഇതിൽ ഏതു മുഖമാണ് ഞാൻ ഒപ്പിയെടുക്കേണ്ടത് എന്ന ഒരു കൺഫ്യൂഷൻ അത് വളരെ വലുതാണ്. ചിലപ്പോൾ റെക്കോർഡ് ബട്ടൺ അമർത്താതെ നമ്മൾ കാഴ്ചകൾ മാത്രം നോക്കി നിന്നുപോകും.
സിനിമയിൽ ഇത്തരം ഒരു ലൈഫ് മൊമെൻ്റ് ഉണ്ടാകുന്നത് കുറവാണ്. ആക്ഷനും കട്ടിനും ഇടയിലുള്ള ജീവിതം ആണല്ലോ സിനിമ. അവിടെ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് അറിയുകയും ചെയ്യാം. മസ്തിഷ്കമരണം എന്ന സിനിമയെ സംബന്ധിച്ചിടത്തോളം ചില സീനുകൾ ചെയ്യാൻ എനിക്ക് ഒരു ചെറിയ ഭയം ഉണ്ടായി. അതിന് ഭയം എന്ന് പറയാമോ എന്ന് എനിക്കറിയില്ല. അനാമോർഫീക് ലെൻസും, ക്യാമറയും ഷോൾഡർ പാർഡിൽ വച്ച് അതുമായി തീയുടെ ഇടയിലൂടെ ഓടുന്നതും, ചെളിയിലൂടെ ഓടുന്നതും എനിക്കൊരു അല്പം ഭയമുണ്ടാക്കി. ഭയമെന്നു പറയുന്നത് അതിനെ എങ്ങനെ ഡീൽ ചെയ്യും എന്നുള്ള കാര്യത്തിലാണ്. കാരണം അപകടം സംഭവിക്കാൻ പാടില്ലല്ലോ.


