ETV Bharat / entertainment

തിരുപ്പൂരിലെ 8 വയസ്സുകാരൻ പറഞ്ഞ വാക്ക്, അന്താരാഷ്ട്ര തലത്തിൽ 45 അവാർഡുകൾ; ബട്ടർഫ്ലൈ ഗേൾ 85 വിശേഷങ്ങളുമായി പ്രശാന്ത് മുരളി

ബട്ടർഫ്ലൈ ഗേൾ 85 ൻ്റെ വിശേഷങ്ങളും കാനോൻ R5C എന്ന അത്യാധുനിക ക്യാമറ പരീക്ഷിച്ചതിൻ്റെ അനുഭവങ്ങളും പങ്കുവെച്ച് പ്രശാന്ത് മുരളി ഇ ടിവി ഭാരതിനൊപ്പം

PRASHANTH MURALI , BUTTERFLY GIRL 85
ബട്ടർഫ്ലൈ ഗേൾ 85 വിശേഷങ്ങളുമായി പ്രശാന്ത് മുരളി (Special Arrangement)
author img

By ETV Bharat Entertainment Team

Published : February 24, 2026 at 7:09 PM IST

11 Min Read
Choose ETV Bharat

അക്കി വിനായക്

അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ 45-ഓളം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'ബട്ടർഫ്ലൈ ഗേൾ 85' റിലീസിന് തയാറെടുക്കുകയാണ്. പൈസ പൈസ, ലാൽബാഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രം നവമാധ്യമങ്ങൾ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. കൊച്ചിയിലും തിരുപ്പൂരിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ വിശേഷങ്ങളും കാനോൻ R5C എന്ന അത്യാധുനിക ക്യാമറ പരീക്ഷിച്ചതിൻ്റെ അനുഭവങ്ങളും പ്രശാന്ത് മുരളി ഇ ടിവി ഭാരതുമായി പങ്കുവെക്കുന്നു.

ബട്ടർഫ്ലൈ ഗേൾ 85' എന്ന വ്യത്യസ്തമായ പേരിന് പിന്നിലെന്താണ്? സിനിമയുടെ പ്രമേയം എങ്ങനെ രൂപപ്പെട്ടു?

സിനിമയിലെ പ്രധാന കഥാപാത്രത്തിൻ്റെ ഇൻസ്റ്റഗ്രാം ഐഡിയാണ് 'ബട്ടർഫ്ലൈ ഗേൾ 85'. രണ്ടാമത്തെ ലോക്ക്ഡൗൺ കാലത്തെ വിരസതയിൽ നിന്നാണ് ഇങ്ങനെയൊരു ചിന്തയുണ്ടാകുന്നത്. എൻ്റെ സുഹൃത്തുക്കളായ കലാകാരന്‍മാരെ ചേർത്തുനിർത്തി ക്രിയാത്മകമായി എന്ത് ചെയ്യാം എന്ന ആലോചന ഒരു സിനിമയിൽ എത്തി നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഒരു പ്രധാന ഘടകമായി വരുമ്പോഴും, ഒരു പെൺകുട്ടി തൻ്റെ ജീവിതത്തിലെ ട്രോമകളെ അതിജീവിക്കാൻ സോഷ്യൽ മീഡിയയെ എങ്ങനെ ഉപയോഗിക്കുന്നു എന്ന വേറിട്ട ആശയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ശ്രീധന്യ വിശ്വനാഥ് ആണ് ഈ വേഷം മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നത്.

കാനോൻ R5C എന്ന ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ മുഴുനീള സിനിമയാണിതെന്ന് കേട്ടു. എന്തുകൊണ്ടാണ് ഇത്തരമൊരു പരീക്ഷണം?

അതെ, ഇന്ത്യയിൽ തന്നെ ഈ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ ഫീച്ചർ ഫിലിമുകളിൽ ഒന്നാണിത്. ഇതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. വളരെ ചെറിയ ബോഡി ആണെങ്കിലും 8കെ ക്വാളിറ്റിയിൽ 'റോ' ഫൂട്ടേജുകൾ ഷൂട്ട് ചെയ്യാൻ ഇതിന് സാധിക്കും. നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ അംഗീകരിച്ച ക്യാമറയാണിത്. ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ അനിൽ വിജയ് ഒരു 'കാനോൻ കേരള എക്സ്പ്ലോറർ' കൂടിയാണ്. ഈ ക്യാമറ നമ്മുടെ സിനിമ ചെയ്യാൻ ഉപയോഗിക്കാം എന്ന് തീരുമാനിച്ചപ്പോൾ തന്നെ കാനൻ ഇന്ത്യയുമായി ഞങ്ങൾ ബന്ധപ്പെട്ടു. തുടർന്ന് അവരുടെ ഭാഗത്തുനിന്നുള്ള സഹകരണം ലഭിക്കുകയുണ്ടായി. ഈ സിനിമയുടെ പ്രീമിയർ പോലും കാനോൻ ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.

ഗറില്ലാ ഷൂട്ടിങ് രീതി ഈ സിനിമയിൽ പരീക്ഷിച്ചിട്ടുണ്ടല്ലോ, ഈ ക്യാമറ അതിന് എത്രത്തോളം സഹായിച്ചു?

ഈ സിനിമയ്ക്ക് അത് അത്യാവശ്യമായിരുന്നു. കൊച്ചിയിലെയും തിരുപ്പൂരിലെയും ആൾക്കൂട്ടത്തിനിടയിൽ അവർ അറിയാതെ തന്നെ കഥാപാത്രങ്ങളെ ഒപ്പിയെടുക്കുന്ന 'ഗറില്ല ഷോട്ടുകൾ' ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. റെഡ് പോലെയുള്ള വലിയ സിനിമ ക്യാമറകൾ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ആളുകളുടെ ശ്രദ്ധ അതിലേക്ക് പോകും. എന്നാൽ കാനോൻ R5C അതിൻ്റെ വലിപ്പക്കുറവ് കൊണ്ട് ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്ന് തിരിച്ചറിയപ്പെടില്ല. ഇത് ഞങ്ങൾക്ക് വലിയ സ്വാതന്ത്ര്യം നൽകി. ഷൂട്ടിങ്ങിന് മുൻപ് തന്നെ ഞങ്ങൾ ഇതിൻ്റെ വിഷ്വലുകൾ ഷൂട്ട് ചെയ്ത് കളർ ഗ്രേഡിങ് നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയിരുന്നു.

prashanth murali, Butterfly Girl 85
പ്രശാന്ത് മുരളി (Special Arrangement)



സിനിമയുടെ കഥയും കഥാപാത്രത്തെയും പറ്റി കൂടുതലായി വിശദീകരിക്കാമോ?


ഞാൻ പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് നമ്മളിൽ പലരും സോഷ്യൽ മീഡിയ ഐഡൻ്റിറ്റിയിലാണ് ജീവിക്കുന്നത്. ഒരാളെക്കുറിച്ച് അറിയാൻ നമ്മൾ ആദ്യം നോക്കുന്നത് അയാളുടെ പ്രൊഫൈലുകളാണ്. പക്ഷേ, 90 ശതമാനം ആളുകളുടെയും യഥാർഥ ജീവിതം ഇതിൽ നിന്നു തീർത്തും വ്യത്യസ്തമായിരിക്കും. സോഷ്യൽ മീഡിയയിലെ ആ 'മിഥ്യ'യിൽ നിന്നും തൻ്റെ യഥാർഥ സ്വത്വത്തിലേക്കുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് ഈ സിനിമ.

ഇന്നത്തെ തലമുറ വൈറലാകാൻ വേണ്ടി എന്തും ചെയ്യാൻ തയാറാകുന്നവരാണ്. എന്നാൽ ഈ സിനിമ സോഷ്യൽ മീഡിയയെ വെറുതെ കുറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്. മറിച്ച്, അതിൻ്റെ പോസിറ്റീവ് വശങ്ങളെയും കാണിക്കുന്നുണ്ട്. പ്രധാന കഥാപാത്രം തൻ്റെ മാനസികമായ ആഘാതങ്ങളെയും ഐഡൻ്റിറ്റി ക്രൈസിസിനെയും അതിജീവിക്കാൻ സോഷ്യൽ മീഡിയയെ ഒരു ഉപകരണമാക്കുന്നത് എങ്ങനെയെന്ന് സിനിമ വരച്ചുകാട്ടുന്നു.

സിനിമയുടെ ലൊക്കേഷൻ തിരുപ്പൂരിൽ വയ്ക്കാനുള്ള കാരണം?


ഈ സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് കിടക്കുകയാണ് തിരുപ്പൂർ എന്ന സ്ഥലം. വസ്ത്രവുമായി ബന്ധപ്പെട്ട വളരെയധികം പ്രശസ്തമായ സ്ഥലമാണ് തിരുപ്പൂർ. സസ്‌റ്റൈനബിൾ ഫാഷൻ എന്നൊരു കാര്യമുണ്ട്. അതായത് പഴയ ഒരു വസ്ത്രത്തിൽ നിന്നും പുതിയൊരു പ്രോഡക്റ്റ് ഉണ്ടാക്കിയെടുക്കുക. ഉദാഹരണത്തിന് ഒരു ജീൻസ് പാൻ്റിൽ നിന്ന് വളരെ ഫാഷനബിൾ ആയിട്ടുള്ള ഒരു ബാഗ് സൃഷ്ടിച്ചെടുക്കുക. അപ് സൈക്കിൾ എന്നാണ് ഈ പ്രോസസിന് പറയുന്നത്. കേരളത്തിൽ ഒരുപാട് പേർ ഇപ്പോൾ ഈ കാര്യം ചെയ്യുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ ഈ ഒരു കാര്യം ആദ്യമായി അവതരിപ്പിച്ചത് ഒരു സ്ത്രീയാണ്. ഈയൊരു കാര്യം ഈ സിനിമയുടെ കഥയുമായി ചേർത്ത് നിർത്താൻ ഉള്ള ഒരു ശ്രമം ഞാൻ നടത്തിയിട്ടുണ്ട്. കഥയിലെ കേന്ദ്ര കഥാപാത്രമായ പെൺകുട്ടിയുടെ കുട്ടിക്കാലം തിരുപ്പൂരാണ്. ആ കഥാപാത്രത്തിൻ്റെ അതിജീവനത്തിൽ വസ്ത്രങ്ങൾക്ക് പ്രധാനമായ ഒരു പങ്കുണ്ട്. അതുകൊണ്ടുതന്നെ കോട്ടൺ സിറ്റി എന്നറിയപ്പെടുന്ന തിരുപ്പൂരിൽ സിനിമ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. സസ്‌റ്റൈനബിൾ ഫാഷൻ എന്ന കാര്യത്തിലൂടെയാണ് ഈ സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രത്തിൻ്റെ വളർച്ചയും അതിജീവനവും ഞങ്ങൾ വരച്ചുകാട്ടിയിരിക്കുന്നത്.

ഉണങ്ങിയ പുല്ലുകൾ വളർന്നു നിൽക്കുന്ന ഗോൾഡൻ നിറത്തിലുള്ള തിരുപ്പൂരായിരുന്നു ഈ സിനിമയുടെ കഥാപാശ്ചാത്തലത്തിന് യോജിച്ചത്. അതുകൊണ്ടുതന്നെ വേനൽക്കാലത്താണ് ഞങ്ങൾ ഈ സിനിമയുടെ ചിത്രീകരണം നടത്തിയത്.

തിരുപ്പൂരിലെ ചിത്രീകരണം വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്ന് കേട്ടു. ആ അനുഭവങ്ങൾ എങ്ങനെയുണ്ടായിരുന്നു?

പ്രധാനമായും ഫ്ലാഷ് ബാക്ക് രംഗങ്ങളാണ് തിരുപ്പൂരിൽ ഷൂട്ട് ചെയ്യുന്നത്. അതായത് പ്രധാന കഥാപാത്രമായ പെൺകുട്ടിയുടെ കുട്ടിക്കാലം. തിരുപ്പൂരിലെ ചൂട് എല്ലാവർക്കും ധാരണ ഉണ്ടാകുമെന്ന് കരുതുന്നു. ഷൂട്ടിങ് നടക്കുന്ന സമയത്ത് പ്രധാന വെല്ലുവിളി വെയിലും ചൂടും തന്നെയായിരുന്നു.

20- 25 വർഷങ്ങൾ പിന്നിലുള്ള തിരുപ്പൂർ ചിത്രീകരിക്കാൻ അവിടുത്തെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് ഞങ്ങൾ യാത്ര ചെയ്തു. വാഹനങ്ങൾ എത്താൻ പോലും ബുദ്ധിമുട്ടുള്ള ഇടങ്ങൾ, താമസ സൗകര്യങ്ങളുടെ കുറവ്, ഭക്ഷണം എന്നിങ്ങനെ പ്രതിസന്ധികൾ ഒരുപാടുണ്ടായിരുന്നു. പലപ്പോഴും അവിടുത്തെ ഗ്രാമങ്ങളിലെ വീടുകളിൽ നിന്നുതന്നെ ഭക്ഷണം വാങ്ങി കഴിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അവിടെത്തന്നെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന സാഹചര്യവും ഉണ്ടായി. ഈ സിനിമയുടെ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കാക്കളും വളരെയധികം കഷ്ടപ്പെട്ട് പല പ്രതിസന്ധികളും അതിജീവിച്ച് തന്നെയാണ് ചിത്രീകരണം സാധ്യമാക്കിയത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത കാര്യങ്ങളാണ് ബട്ടർഫ്ലൈ ഗേൾ 85 എന്ന സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗമായി തിരുപ്പൂരിൽ എത്തിയപ്പോൾ അനുഭവിക്കാൻ സാധിച്ചത്. ജീവിതത്തിൽ ഒരിക്കലും ആ നിമിഷങ്ങൾ മറക്കാൻ ഇടയില്ല.

prashanth murali, Butterfly Girl 85
ബട്ടർഫ്ലൈ ഗേൾ 85 (Special Arrangement)
പരസ്യചിത്രങ്ങളിൽനിന്ന് സിനിമയിലേക്കെത്തുമ്പോൾ മേക്കിങ്ങിൽ വലിയ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ താങ്കളെ 'റീഡിസൈൻ' ചെയ്ത നിമിഷങ്ങൾ ഈ സിനിമയിലുണ്ടോ?ഞാൻ ഇരുന്നൂറോളം പരസ്യചിത്രങ്ങൾ ചെയ്തൊരാളാണ്. പരസ്യങ്ങളിൽ എപ്പോഴും ദൃശ്യഭംഗിക്കാണ് മുൻതൂക്കം. എൻ്റെ മുൻപത്തെ ചിത്രമായ ലാൽബാഗിൽ പോലും ആ ഒരു സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ ബട്ടർഫ്ലൈ ഗേൾ 85-ലേക്ക് എത്തിയപ്പോൾ എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്—ഒരു സിനിമയുടെ മേക്കിങ്ങിനേക്കാൾ അതിൻ്റെ കഥ പറയുന്ന രീതിയിലാണ് സംവിധായകൻ ശ്രദ്ധിക്കേണ്ടതെന്ന്.

എൻ്റെ ഉള്ളിലെ പരസ്യചിത്ര സംവിധായകനെ പുറത്തുനിർത്തുക എന്നതായിരുന്നു വലിയ വെല്ലുവിളി. നമ്മൾ മസിൽ മെമ്മറി എന്ന് പറയുന്നതുപോലെ, അറിയാതെ ആ പഴയ ശൈലി പുറത്തുവരും. ആ മനോഭാവത്തിൽ നിന്നു പുറത്തുകടന്ന് സിനിമയെ കൂടുതൽ ആഴത്തിൽ സമീപിക്കാൻ ഈ ചിത്രം എന്നെ സഹായിച്ചു.

തിരുപ്പൂരിലെ നാല് ദിവസത്തെ ഏകാന്തവാസം താങ്കളിലെ എഴുത്തുകാരനെ സ്വാധീനിച്ചു എന്ന് കേട്ടു. അത് എങ്ങനെയായിരുന്നു?



എൻ്റെ ഉള്ളിലെ സംവിധായകനെ ഡെപ്ത് ഉള്ളതാക്കാൻ ബട്ടർഫ്ലൈ ഗേൾ 85 എന്ന സിനിമ സഹായിച്ചിട്ടുണ്ട്. ഈ സിനിമയുടെ ലൊക്കേഷൻ കാണുന്നതിന്റെ ഭാഗമായി തിരുപ്പൂർ ഞങ്ങളെത്തുകയുണ്ടായി. അവിടുത്തെ മണ്ണും പ്രകൃതിയും ജനങ്ങളും ജീവിതവും ഒരു പെയിൻ്റിങ് പോലെ മനസ്സിൽ വരച്ചിട്ടു. തുടർന്ന് എൻ്റെ ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകരെ തിരിച്ചയച്ച് ഞാൻ നാല് ദിവസം അവിടെ ഒറ്റയ്ക്ക് താമസിച്ചു. അവിടുത്തെ പാറക്കെട്ടുകളിലും വീട്ടുപടിക്കലും ഇരുന്ന് ആ മണ്ണും മനുഷ്യരെയും അടുത്തറിഞ്ഞു. ആ നാല് ദിവസമാണ് ഈ സിനിമയുടെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ ഞാൻ മാറ്റിയെഴുതിയത്. എന്നിലെ മറ്റൊരു കലാകാരനെ ഞാൻ അവിടെ കണ്ടെത്തുകയായിരുന്നു.

ആ ഏകാന്തതയിലാണ് കഥയിലെ പല മെറ്റഫറുകളും സബ്‌ടെക്സ്റ്റുകളും എനിക്ക് ലഭിച്ചത്. മുൻപൊക്കെ എൻ്റെ ഐഡിയകളിൽ മാത്രം വിശ്വസിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. എന്നാൽ തിരുപ്പൂർ എന്നെ നല്ലൊരു കേൾവിക്കാരനാക്കി. മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാനും അതിലെ ഗുണപരമായ കാര്യങ്ങൾ സ്വീകരിക്കാനും ഞാൻ പഠിച്ചു.

ആ ഗ്രാമത്തിൽ വച്ച് കണ്ടുമുട്ടിയ ഒരു ചെറിയ കുട്ടി പറഞ്ഞ കാര്യം പോലും ഞാൻ ഈ സിനിമയിൽ ഉൾപ്പെടുത്തി. അവൻ എന്നോട് ഇവിടെ വച്ച് ഷൂട്ട് ചെയ്യാൻ പോകുന്ന സിനിമയുടെ പേര് എന്താണെന്ന് ചോദിച്ചു. ബട്ടർഫ്ലൈ ഗേൾ എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അവൻ വളരെ കൗതുകത്തോടെ പട്ടാംപൂച്ചി പൊണ്ണ എന്ന് തിരിച്ചു ചോദിച്ചു. അവൻ ഇങ്ങനെ തിരിച്ചു ചോദിച്ചത് എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്തു. കഥയിലെ കേന്ദ്ര കഥാപാത്രത്തിൻ്റെ ഇൻസ്റ്റഗ്രാം ഐഡിക്ക് എങ്ങനെ ഈ പേര് വന്നു എന്നതിനുള്ള സബ് ടെക്സ്റ്റ് ആയിരുന്നു അത്. കുട്ടിക്കാലത്ത് എപ്പോഴോ ആരോ പറഞ്ഞ ഈയൊരു വാക്ക് അവളുടെ മനസ്സിൽ കിടന്നിട്ടുണ്ടാകാം. അങ്ങനെ ഒരു ആംഗിൾ ഈ സിനിമയിൽ ആ കുട്ടിയുടെ വാക്കുകളിലൂടെ എനിക്ക് കൊണ്ടുവരാൻ സാധിച്ചു. എട്ടു വയസ്സുള്ള ആ പയ്യൻ്റെ വാക്കുകൾ എൻ്റെ മനസ്സ് തുറപ്പിച്ചു. ലോകത്തെയും സിനിമയെയും പുതിയൊരു ആംഗിളിൽ നോക്കിക്കാണാൻ എന്നെ പ്രേരിപ്പിച്ചു.

prashanth murali, Butterfly Girl 85
പ്രശാന്ത് മുരളി (Special Arrangement)
പരസ്യചിത്രങ്ങളും സിനിമയും ഒരേസമയം കൊണ്ടുപോകുന്ന ഒരാളാണ് താങ്കൾ. ഇവ രണ്ടും തമ്മിലുള്ള ക്രാഫ്റ്റിലെ വ്യത്യാസത്തെ എങ്ങനെ കാണുന്നു?പരസ്യവും സിനിമയും തികച്ചും വ്യത്യസ്തമായ രണ്ട് ക്രാഫ്റ്റുകളാണ്. പരസ്യങ്ങൾ കൂടുതൽ 'സ്പെസിഫിക്' ആണ്. ഉദാഹരണത്തിന്, ഒരു കറി പൗഡറിൻ്റെ പരസ്യം ചെയ്യുമ്പോൾ അവിടെ ഭാര്യയും ഭർത്താവും ഉണ്ടെങ്കിലും, ആ പ്രോഡക്റ്റ് വാങ്ങാനുള്ള തീരുമാനം എടുക്കുന്നത് ഭാര്യയാണ് എന്ന 'സ്ട്രാറ്റജി' വേണം ഉപയോഗിക്കാൻ. ടാർഗറ്റ് ഓഡിയൻസ് വളരെ കൃത്യമാണ്. എന്നാൽ സിനിമ അങ്ങനെയല്ല, അത് വലിയൊരു ജനവിഭാഗത്തെയാണ് അഭിമുഖീകരിക്കുന്നത്. ഒരു കാലഘട്ടത്തിൽ സിനിമയും പരസ്യവും ഒരുമിച്ച് കൊണ്ടുപോയിട്ടുള്ള ആളാണ് ഞാൻ. പരസ്യത്തിൻ്റെ മേക്കിങ് ശൈലി സിനിമയെ സ്വാധീനിക്കാറുണ്ടെങ്കിലും, ആശയപരമായി ഇവ രണ്ടും രണ്ട് വഴിക്കാണ് സഞ്ചരിക്കുന്നത്.സിനിമയിലെ കേന്ദ്ര കഥാപാത്രമായ പെൺകുട്ടിയെയും അവളുടെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയെയും കണ്ടെത്തിയത് എങ്ങനെയായിരുന്നു?ശ്രീധന്യ വിശ്വനാഥ് ആണ് ഈ സിനിമയിലെ പ്രധാന വേഷം ചെയ്യുന്നത്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ചൊരു പ്രോജക്ട് ചെയ്യാം എന്ന ഉറപ്പിന്മേലാണ് ശ്രീധന്യ ഈ ചിത്രത്തിലേക്ക് വരുന്നത്. എന്നാൽ അവളുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ അനുയോജ്യമായ ഒരാളെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. നടത്തത്തിലും നോട്ടത്തിലും ഒരുപോലെയിരിക്കുന്ന പെർഫക്റ്റ് കാസ്റ്റിംഗ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ആദ്യം പരിഗണിച്ച രണ്ട് കുട്ടികൾ ആ കഥാപാത്രത്തിന് യോജിച്ചില്ല. അങ്ങനെയിരിക്കെയാണ് ശ്രീധന്യയെ കാണാൻ പോയപ്പോൾ അവളുടെ സഹോദരിയുടെ മകളെ കാണുന്നത്. ഇഷിക കൃഷ്ണ എന്ന ആ മോളുടെ രൂപവും ഭാവവും എന്റെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമാണെന്ന് എനിക്ക് തോന്നി. ശ്രീധന്യയുമായുള്ള രൂപസാദൃശ്യം വലിയൊരു പ്ലസ് പോയിന്റായിരുന്നു. ഒരു ഓഡിഷൻ പോലെ ചില കാര്യങ്ങൾ ചെയ്യിച്ചു നോക്കിയപ്പോൾ അവൾ അത് മനോഹരമായി അവതരിപ്പിച്ചു. അങ്ങനെയാണ് ഇഷിക ഈ സിനിമയുടെ ഭാഗമാകുന്നത്.



താങ്കളുടെ ആദ്യചിത്രമായ 'പൈസ പൈസ' റിലീസ് ചെയ്തിട്ട് 13 വർഷങ്ങൾ പിന്നിടുന്നു. ഇന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഈ സിനിമ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ സിനിമയുടെ ജനനം എങ്ങനെയായിരുന്നു?

ആയിരം രൂപ 5000 രൂപ 10000 രൂപ ഇതൊക്കെ നിസ്സാരമായി ഉണ്ടാക്കാൻ സാധിക്കുന്നവരും സാധിക്കാത്തവരും നമ്മുടെ സമൂഹത്തിൽ ഉണ്ട്. എൻ്റെ ജീവിതവുമായി ഈ സിനിമയുടെ കഥയ്ക്ക് ബന്ധമുണ്ട്. ഇന്നത്തെപ്പോലെ യുപിഐ ( സൗകര്യങ്ങളില്ലാത്ത കാലം. ഒരു സുഹൃത്തിന് അടിയന്തരമായി കുറച്ച് പണം ബാങ്ക് വഴി അയച്ചുകൊടുക്കാമെന്ന് ഞാൻ ഏറ്റു. പണം എൻ്റെ കൈവശമുണ്ടായിട്ടും ബാങ്കിലെത്താൻ വൈകിയതും അന്നുണ്ടായ സാങ്കേതിക തടസ്സങ്ങളും എന്നെ വലിയ സമ്മർദത്തിലാക്കി. ആ ഒരു മണിക്കൂർ ഞാൻ അനുഭവിച്ച ടെൻഷൻ ചെറുതല്ല.

പണത്തിൻ്റെ വലിപ്പമല്ല, മറിച്ച് അത് ആവശ്യമുള്ള സമയത്ത് ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധിയാണ് ആ സിനിമ ചർച്ച ചെയ്തത്. നിസ്സാരമെന്ന് തോന്നുന്ന തുക പോലും ഒരു നിശ്ചിത സമയത്തിനുള്ളിൽ കിട്ടിയില്ലെങ്കിൽ അതിന് കോടികളുടെ മൂല്യം വരും. ഈ ഒരു ഐറണി എല്ലാ കാലത്തെയും പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.

prashanth murali, Butterfly Girl 85
പൈസാ പൈസാ (Special Arrangement)


2013-ൽ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ സിനിമയ്ക്ക് അർഹിച്ച വിജയം ലഭിച്ചില്ല എന്ന് തോന്നിയിട്ടുണ്ടോ?


2013 ജൂണിലായിരുന്നു റിലീസ്. മഴക്കാലവും സ്കൂൾ തുറക്കുന്ന സമയവും ഒക്കെയായതിനാൽ തിയേറ്ററുകളിൽ വലിയ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല. ഇന്നത്തെപ്പോലെ മൾട്ടിപ്ലക്സുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത് ഒരു സിനിമ കാണാൻ ആളുകൾ എത്തുക എന്നത് വെല്ലുവിളിയായിരുന്നു. ഒരു 'റോങ്ങ് ടൈം റിലീസ്' ആയിരുന്നു അതെന്ന് പറയാം. എങ്കിലും മറാട്ടിയിലേക്ക് ആ ചിത്രം റീമേക്ക് ചെയ്യപ്പെട്ടതും ഇപ്പോൾ ഡിജിറ്റൽ റിലീസിന് ശേഷം ലഭിക്കുന്ന സ്വീകാര്യതയും ഒരു സംവിധായകൻ എന്ന നിലയിൽ വലിയ സന്തോഷം നൽകുന്നു. ഒരു സിനിമ തിയേറ്ററിലെത്തിയാൽ ഫിലിമേക്കറുടെ ഉത്തരവാദിത്വം കഴിഞ്ഞു. സിനിമയുടെ വിജയ പരാജയം നിശ്ചയിക്കുന്നത് പ്രേക്ഷകരാണ്. രണ്ടാണെങ്കിലും നമ്മൾ ഒരേ അർഥത്തിൽ സ്വീകരിക്കണം.




ഈ സിനിമയുടെ റീമേക്ക് താങ്കൾ കണ്ടിട്ടില്ല എന്ന് പറഞ്ഞു കേട്ടല്ലോ, വാസ്തവം ഉണ്ടോ?



അതേ ഞാൻ കണ്ടിട്ടില്ല. ചില കാര്യങ്ങൾ അങ്ങനെയാണ് നമുക്ക് താൽപര്യം തോന്നണമെന്നില്ല. സിനിമകളുടെ കാര്യത്തിലും അങ്ങനെയാണ്. ഓരോരുത്തരുടെയും ആസ്വാദനരീതി വ്യത്യസ്തമാണ്. ബാഹുബലി എന്ന സിനിമ ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ആ സിനിമയുടെ ആദ്യത്തെ അരമണിക്കൂർ ഞാൻ കണ്ടു. പിന്നീട് തുടർന്ന് കാണാൻ എനിക്ക് പ്രേരണ ഉണ്ടായില്ല. അതിപ്പോൾ തെറ്റ് പറയാൻ സാധിക്കില്ല. മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങൾ വിഭിന്നമാണ്. പക്ഷേ സിനിമകൾ കൊമേഴ്സ്യൽ സിനിമ എന്നോ ആർട്ട് സിനിമ എന്നോ വേർതിരിവില്ലാതെ ഞാൻ കാണും. ഇവിടെ ഹിറ്റായ എത്രയോ സിനിമകൾ പലർക്കും ഇഷ്ടമല്ല. മനുഷ്യരുടെ അഭിരുചി വ്യത്യസ്തമാണ്.



താങ്കൾക്ക് ഇഷ്ടപ്പെട്ട 5 സിനിമകൾ സജസ്റ്റ് ചെയ്യാമോ?


താഴ്വാരം, ഷോഷാങ് റെഡംഷൻ, ഹിന്ദി ചിത്രമായ വൺസ് എഗൈൻ. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നു കൂടിയാണ് വൺസ് എഗൈൻ. ഈ സിനിമയുടെ തിരക്കഥയും സംവിധാനവും അഭിനയവും ഒക്കെ ഏതൊരു ഫിലിം മേക്കർ ആകാൻ ആഗ്രഹിക്കുന്നവർക്കും പ്രചോദനം നൽകുന്നതാണ്.

മറ്റൊരു ചിത്രം തമിഴ് സിനിമ നായകനാണ്. തെലുഗു ചിത്രമായ കെയർ ഓഫ് കാഞ്ചന പാലം മികച്ച ഒരു സൃഷ്ടിയാണ്. 35 ലക്ഷം രൂപ മുതൽമുടക്കിൽ ചെയ്ത ചിത്രം വലിയ വിജയമായി. ഇതൊരു ഉഗ്രൻ സിനിമയാണ്. ഇതിൻ്റെ ഒരു കോപ്പി വേർഷൻ മലയാളത്തിൽ വന്നിട്ടുണ്ട്.

prashanth murali, Butterfly Girl 85
പ്രശാന്ത് മുരളി (Special Arrangement)
സോഷ്യൽ മീഡിയയിലൂടെ താങ്കൾ ഫിലിം മേക്കിംഗ് ടെക്നിക്കുകൾ സൗജന്യമായി പങ്കുവെക്കാറുണ്ടല്ലോ. എന്താണ് ഇതിന് പിന്നിലെ പ്രചോദനം?

എനിക്കറിയാവുന്ന കാര്യങ്ങൾ മറ്റൊരാൾക്ക് പങ്കുവെക്കുന്നത് എനിക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. എൻ്റെ തുടക്കകാലത്ത് കാര്യങ്ങൾ പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല. ഇന്ന് മലയാളത്തിൽ ഹിറ്റായി നിൽക്കുന്ന ഒരു യുവസംവിധായകൻ പണ്ട് അഭിനയമോഹവുമായി എന്നെ കാണാൻ വന്നപ്പോൾ, സാങ്കേതിക വശങ്ങൾ കൂടി പഠിക്കാൻ ഞാൻ ഉപദേശിച്ചിരുന്നു.

സിനിമ പഠിപ്പിക്കുന്ന പല സ്ഥാപനങ്ങളും വൻതുക ഫീസ് വാങ്ങുന്നുണ്ടെങ്കിലും കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരാൾ അവസരം ചോദിക്കേണ്ടത് എങ്ങനെയാണെന്ന് പോലും പലർക്കും അറിയില്ല. അത്തരം കാര്യങ്ങൾ ലളിതമായി പറഞ്ഞു കൊടുക്കുമ്പോൾ അത് ഒരുപാട് ചെറുപ്പക്കാർക്ക് സഹായകരമാകുന്നുണ്ട്.


ബട്ടർഫ്ലൈ ഗേൾ 85 പ്രേക്ഷകരിലേക്ക് എത്തുകയാണ്. എന്താണ് പറയാനുള്ളത്?


മാർച്ച് 6-ന് ചിത്രം തിയേറ്ററുകളിൽ എത്തും. വളരെ മികച്ച ഒരു ആശയം ലളിതമായി അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരങ്ങൾ പോലെ തന്നെ മലയാളീ പ്രേക്ഷകരും ഈ കൊച്ചു ചിത്രത്തെ നെഞ്ചിലേറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Also Read: നാല്‍പത് വര്‍ഷത്തിന് ശേഷം! കമല്‍ഹാസനെ വാരിപ്പുണര്‍ന്ന് അമിതാഭ് ബച്ചന്‍; കൽക്കി 2898 എഡി ചിത്രീകരണം ആരംഭിച്ചു