'പരാശക്തി'ക്ക് യുഎ സർട്ടിഫിക്കറ്റ്; ചിത്രം നാളെ തിയേറ്ററുകളിലേക്ക്
പരാശക്തി നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Published : January 9, 2026 at 8:42 PM IST
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ക്ക് സെൻസർ ബോർഡ് യുഎ സർട്ടിഫിക്കറ്റ് നൽകി. ഇതോടെ ചിത്രം നേരത്തെ നിശ്ചയിച്ച പ്രകാരം നാളെ ( ജനുവരി 10) തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്.
അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുഗു താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. രണ്ട് മണിക്കൂർ 42 മിനിറ്റാണ് ചിത്രത്തിൻ്റെ റൺ ടൈം. ചിത്രത്തിൻ്റെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. ശ്രീ ഗോകുലം മൂവീസിൻ്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ടനറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ജനനായകന് പിന്നാലെ പരാശക്തിക്കും നേരത്തെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. നേരത്തെ 23 കട്ടുകളാണ് ചിത്രത്തിന് സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നത്. ഇത് കൂടാതെ 15 കട്ടുകൾ കൂടി ബോർഡ് നിർദ്ദേശിച്ചു.
ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ ചിത്രം കൈകാര്യം ചെയ്യുന്നതിനാൽ അതിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നായിരുന്നു സെൻസർ ബോർഡ് പറഞ്ഞിരുന്നത്. എന്നാൽ സെൻസർ ബോർഡ് നിർദ്ദേശിച്ച തിരുത്തലുകൾ ചിത്രത്തിൻ്റെ പ്രധാന്യത്തേയും കഥയേയും ദുർഭലപ്പെടുത്തുമെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം.
ശിവകാർത്തികേയന്‍റെ 25-ാമത്തെ ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ കേന്ദ്ര റെയിൽവേയിലെ എഞ്ചിനീയറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് പരാശക്തി.
ശിവകാർത്തികേയനൊപ്പം സുധ കൊങ്കര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. രവി മോഹന്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. സൂര്യ, നസ്രിയ, ദുൽഖർ സൽമാൻ, വിജയ് വർമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജിവി പ്രകാശ് ആണ് സംഗീത സംവിധാനം. അമരന് ശേഷം ശിവകാര്‍ത്തിയേനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് പരാശക്തി. ജിവി പ്രകാശിന്‍റെ നൂറാമത്തെ ചിത്രമാണിത്.
വിജയ് ചിത്രമായ ജനനായകനും റീലിസിന് എത്തുന്നുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് പരാശക്തിയുടെ പ്രീ- റിലീസ് ചടങ്ങില്‍ ശിവകാര്‍ത്തിയേകന്‍ പറഞ്ഞിരുന്നു. എന്നാൽ ജനനായകൻ്റെ റിലീസ് മാറ്റിയതോടെ ഒരുപാട് പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്.
നേരത്തെ ദീപാവലി റിലീസായാണ് ചിത്രം തീരുമാനിച്ചതെന്നും എന്നാല്‍ ജനനായകന്‍ ആ സമയം റിലീസ് ചെയ്യുന്നുണ്ടെന്നറിഞ്ഞ് മാറ്റി വയ്ക്കുകയായിരുന്നുവെന്നുമാണ് ശിവകാര്‍ത്തികേയന്‍ ചടങ്ങില്‍ പറഞ്ഞത്. ഉദയനിധി സ്‌റ്റാലിൻ്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയൻ്റ് മൂവീസ് ആണ് പരാശക്തി വിതരണം ചെയ്യുന്നത്.

