ഇതാണ് നിവിന്‍ മായ…! ബോക്‌സ് ഓഫിസില്‍ കൊടുങ്കാറ്റായി സര്‍വം മായ; പതിനൊന്നാം ദിവസവും കുതിച്ചുയര്‍ന്ന് കലക്ഷന്‍
നിവിന്‍റെ ആദ്യ 100 കോടി ചിത്രമാണ് സര്‍വം മായ. ആ സുവര്‍ണ നേട്ടവും സര്‍വം മായയ്ക്ക് തന്നെ.

By ETV Bharat Entertainment Team
Published : January 5, 2026 at 1:49 PM IST
അഖില്‍ സത്യന്‍റെ സംവിധാനത്തില്‍ പിറന്ന സര്‍വം മായ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി പത്തു ദിവസം പിന്നിടുമ്പോള്‍ 100 കോടി ക്ലബില്‍ ഇടം പിടിച്ചു.
പലപ്പോഴും മാസ് ആക്ഷന്‍ ത്രില്ലര്‍ സിനിമകളാണ് അതിവേഗം കുതിച്ച് 100 കോടി ക്ലബിലൊക്കെ ഇടം പിടിക്കുന്നത്. നാട്ടുമ്പുറവും സാധാരണ മനുഷ്യരുടെ അവരുടെ പ്രശ്‌നങ്ങളുമൊക്കെ പറയുന്ന ഒരു ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രം ഇത്രയുമധികം ആളുകള്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുന്നത് പതിവില്ലാത്തതാണ്.

നല്ല സിനിമകള്‍ വന്നാല്‍ പ്രേക്ഷകര്‍ അത് ഏറ്റെടുക്കും എന്നതിന് തെളിവാണ് ഈ ചിത്രം. അത്രയും അടുക്കും ചിട്ടയോടും കൂടിയാണ് അഖില്‍ സത്യന്‍ ഈ ചിത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അതോടൊപ്പം നിവിന്‍ എന്ന നടന്‍റെ തിരിച്ചു വരവും. ഇതു രണ്ടും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഡിസംബര്‍ 25 ന് ആഗോളതലത്തിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന കണക്കനുസരിച്ച് സര്‍വം മായ റിലീസായി പതിനൊന്നാം ദിവസം പിന്നിട്ടപ്പോഴേക്കും 109.65 കോടി രൂപയാണ് ലോകമെമ്പാടുനിന്നുമായി വാരിക്കൂട്ടിയത്. മലയാളത്തില്‍ നിന്ന് മാത്രം 50.6 കോടി രൂപ ചിത്രത്തിന് ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും 50 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. അതോടെ മലയാളത്തില്‍ നിന്നും വിദേശത്ത് നിന്നും ഒരേപോലെ കലക്ഷന്‍ നേടുന്ന സുവര്‍ണ നേട്ടവും സര്‍വം മായയ്ക്ക് ലഭിച്ചു.
നിവിന്‍റെ ആദ്യ 100 കോടി ചിത്രമാണ് സര്‍വം മായ . പത്തു ദിവസം കൊണ്ട് 101 കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രം സ്വന്തമാക്കിയത്. ചിത്രം 100 കോടിയിലെത്തിയ വിവരം ആരാധകര്‍ നന്ദിയറിയിച്ചുക്കൊണ്ട് നിവിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
പതിനൊന്നാം ദിനം 5.75 കോടി രൂപയും പത്താം ദിവസം4.9 കോടി രൂപയും 4.85 കോടി രൂപ എട്ടാം ദിവസം 5.2 കോടി രൂപ എന്നിങ്ങനെയാണ് രണ്ടാം വാരത്തിലെ കണക്കുകള്‍.
ആദ്യദിനം 3.35 കോടി രൂപയും രണ്ടാം ദിവസം 3.9 കോടി രൂപയും മൂന്നാം ദിവസം 4.85 കോടി രൂപയും നാലാം ദിവസം 5.8 കോടി രൂപയുമായിരുന്നു ചിത്രം നേടിയത്. ഒന്നാം ദിവസം മുതല്‍ ചിത്രത്തിന്‍റെ വരുമാനം കുത്തനെ ഉയരുന്നതാണ് ഈ ദിവസങ്ങളിലൊക്കെ കണ്ടതെങ്കില്‍ അഞ്ചാം ദിവസത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് 4.25 കോടി രൂപയാണ് നേടാനായത്. ആറാം ദിവസത്തിലും ഇതേ കലക്ഷന്‍ തന്നെയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ വീണ്ടും കുറയുന്നതാണ് കണ്ടത്. 3.50കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. എട്ടാം ദിവസം 5.25 കോടി രൂപയാണ് ലഭിച്ചത്.

മറ്റു ഭാഷകളായ കന്നഡയില്‍ നിന്ന് ഇതിനോടകം 25 ലക്ഷവും തെലുഗുവില്‍ നിന്ന് നാലു ലക്ഷവും തമിഴില്‍ നിന്ന് 12 ലക്ഷം രൂപയും കേരളത്തില്‍ നിന്ന് 3.5 കോടി രൂപയുമാണ് ആദ്യദിന കലക്ഷന്‍. പിന്നീടുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് കുത്തനെ ഉയരുന്നത് കാണാം. ചില ദിവസങ്ങളില്‍ മാത്രമാണ് നേരിയ മാന്ദ്യം സംഭവിച്ചിട്ടുള്ളത്. വാരന്ത്യത്തിലെ കേരളത്തിലെ തിയേറ്റര്‍ ഒക്യുപ്പന്‍സി 63.20 ശതമാനമാണ്.
ലോകമെമ്പാടുനിന്നുമായി സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചതോടെ തിയേറ്ററുകളൊക്കെ ഹൗസ് ഫുള്ളാണ്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ഷോകളുടെ എണ്ണം വര്‍ധിപ്പിച്ചു. ടിക്കറ്റ് വില്‍പ്പനയും കുതിക്കുകയാണെന്ന് നിവിന്‍ പോളി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ക്രിസ്‌മസ് റിലീസായി മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന്‍റെ വൃഷഭ, ഉണ്ണി മുകുന്ദന്‍റെ മിണ്ടിയും പറഞ്ഞും, ഷെയ്‌ന്‍ നിഗത്തിന്‍റെ ഹാല്‍ എന്നി ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനെയൊക്കെ മറികടന്നാണ് നിവിന്‍ പോളിയുടെ സര്‍വം മായ ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നത്.
യർഫ്‌ളൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് സര്‍വം മായ നിര്‍മിച്ചത്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

