പത്രവാർത്തയിൽ കണ്ട ആ 'വിവാഹത്തട്ടിപ്പ്'; നിഖിലയുടെ 'പെണ്ണുകേസ്' ഉണ്ടായത് ഇങ്ങനെ, തുറന്നുപറഞ്ഞ് സംവിധായകൻ
വിവാഹ തട്ടിപ്പ് പ്രമേയമാക്കിയ നിഖില വിമൽ ചിത്രം ജനുവരി 10ന് റിലീസ് ചെയ്യും. ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന സ്ത്രീപക്ഷ സിനിമയാണ്.

By ETV Bharat Entertainment Team
Published : January 9, 2026 at 5:17 PM IST
ദളപതി വിജയ് നായകനായി എത്തുന്ന ജനനായകൻ എന്ന ചിത്രത്തിൻ്റെ റിലീസ് മാറ്റിവച്ച പശ്ചാത്തലത്തിൽ നിഖില വിമൽ പ്രധാന വേഷത്തിലെത്തുന്ന പെണ്ണുകേസ് എന്ന ചിത്രം നേരത്തെ തിയറ്ററുകളിലെത്തും. ഇതോടെ ജനുവരി 10ന് തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ഒരു പത്രത്തിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മനസിൽ രൂപപ്പെട്ട ആശയമാണ് ഫെബിൻ സിദ്ധാർഥ് ഇപ്പോൾ ചലച്ചിത്ര ഭാഷ്യം നൽകി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ആ പത്രവാർത്ത നൽകിയ ചിന്തയിൽ നിന്നാണ് പെണ്ണുകേസ് എന്ന സിനിമയുടെ കഥാതന്തു വികസിപ്പിച്ചെടുത്തതെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. മലയാളം മാധ്യമ മേഖലയിൽ നിന്ന് ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്ന ഫെബിൻ സിദ്ധാർഥൻ്റെ കന്നി സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
മാധ്യമ പ്രവർത്തനത്തിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് അദ്ദേഹം സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ജനപ്രിയ താരം നിഖില വിമലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൻ്റെ ആദ്യ സിനിമയായ പെണ്ണുകേസിൻ്റെ വിശേഷങ്ങളും അണിയറ അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു സംവിധായകൻ ഫെബിൻ സിദ്ധാർഥ്.
കഴിഞ്ഞവർഷം ഡിസംബർ മാസത്തിൽ തന്നെ പെണ്ണ് കേസ് എന്ന സിനിമയുടെ പോസ്റ്റ്‌മോർട്ടം ജോലികൾ പോലെ പ്രധാനപ്പെട്ട പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഞങ്ങൾ പൂർത്തിയാക്കിയിരുന്നു. എപ്പോൾ വേണമെങ്കിലും സിനിമ റിലീസ് ചെയ്യാം എന്ന തയ്യാറെടുപ്പും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. വളരെ യാദൃശ്ചികമായാണ് ജനനായകൻ എന്ന സിനിമയുടെ റിലീസിങ് മാറ്റിവെച്ചത്.
സ്വാഭാവികമായും ചാർട്ട് ചെയ്ത ഒരു പടം മാറിയപ്പോൾ തിയേറ്ററുകളിൽ ഒരു ഗ്യാപ്പ് വന്നു. അവിടെ പെണ്ണ് കേസ് എന്ന സിനിമയ്ക്ക് ഒരു സ്ലോട്ട് പെട്ടെന്ന് തന്നെ ലഭിക്കുകയായിരുന്നു. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. കിട്ടിയ അവസരത്തിൽ ചലച്ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഭഗവാൻ ദാസേട്ടൻ്റെ രാമരാജ്യം എന്ന സിനിമ കഴിഞ്ഞിട്ട് മൂന്നു വർഷങ്ങൾ പിന്നിടുന്നല്ലോ?
മലയാളത്തിലെ എൻ്റർടൈൻമെൻ്റ് ചാനലുകളിൽ വീഡിയോ എഡിറ്ററായി പ്രവർത്തിച്ചുകൊണ്ടാണ് എൻ്റെ കരിയർ ആരംഭിക്കുന്നത്. ജോലി ചെയ്യുമ്പോഴും സിനിമ തന്നെയായിരുന്നു മനസ് നിറയെ. ഭഗവാൻ ദാസേട്ടൻ്റെ രാമരാജ്യം എന്ന സിനിമയുടെ തിരക്കഥാകൃത്താണ് ഞാൻ.ഒരു സംവിധായകൻ ആകണമെന്ന ഉദ്ദേശത്തിൽ തന്നെയാണ് മലയാള സിനിമയിലേക്ക് ഞാൻ കടന്നുവന്നത്. ഒരു സാധാരണക്കാരന് സിനിമ എത്തിപ്പിടിക്കാൻ അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കഷ്ടപ്പെട്ടു. ആ യാത്രയിൽ ലഭിച്ച അവസരമാണ് ഭഗവാൻ ദാസേട്ടൻ്റെ രാമരാജ്യം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതാൻ ലഭിച്ചത്. സത്യത്തിൽ ആ സിനിമയ്ക്ക് മുൻപ് തന്നെ മനസിൽ ഉദിച്ച ആശയമായിരുന്നു പെണ്ണ് കേസ്. ഈ സിനിമയ്ക്ക് ശേഷം പെണ്ണ് കേസ് എന്ന ചലച്ചിത്രം സംഭവിക്കാൻ മൂന്നുവർഷം എടുത്തു എന്നുള്ള സമയപരിധി വലിയൊരു കാലയളവായി എനിക്ക് തോന്നിയിട്ടില്ല. കൃത്യമായ പ്ലാനിങ്ങും എഴുത്തും ഒക്കെ ഈ കാലയളവിൽ നടക്കുന്നുണ്ടായിരുന്നു.

മിഷ്കിൻ്റെ സിനിമകൾ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത് നരേൻ പ്രധാന വേഷത്തിൽ എത്തിയ അഞ്ചാതെ എന്ന ചലച്ചിത്രം എല്ലാവർക്കും ഓർമയുണ്ടാകും. ആ സിനിമയിൽ ഒരു സാധാരണക്കാരൻ ഭാര്യയുടെ തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങുന്ന ഒരു രംഗമുണ്ട്. എല്ലാവരും ആ സീനിൽ നരേൻ്റെ പ്രകടനത്തെയാണ് പുകഴ്ത്തിയത് എങ്കിലും എന്നെ സ്വാധീനിച്ചത് ആ സാധാരണക്കാരൻ്റെ മാനസികാവസ്ഥയായിരുന്നു. ആ ഒരു പ്രത്യേക രംഗവും പെണ്ണുകേസ് എന്ന സിനിമ സംഭവിക്കാൻ എനിക്ക് പ്രചോദനമായി.
ഈ സിനിമയുടെ ആശയവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ പ്രധാന കഥാപാത്രങ്ങളായി വേണ്ടിയിരുന്നത് ഒരു പെൺകുട്ടിയും ഒരു പൊലീസ് ഓഫിസറുമായിരുന്നു. ജോ ആൻഡ് ജോ പോലുള്ള സിനിമകൾ ഇറങ്ങി നിഖില വിമലിന് അത്യാവശ്യം പ്രേക്ഷകപ്രീതി ലഭിച്ചു തുടങ്ങുന്ന സമയത്താണ് അവരോട് കഥ പറയാമെന്ന് ഞാൻ തീരുമാനിക്കുന്നത്. ഞാനും എന്നോടൊപ്പം പ്രവർത്തിക്കുന്ന രശ്മിയും ചേർന്നാണ് നിഖിലയെ കാണാൻ പോയത്. ഞാനൊരു നല്ല കഥപറച്ചിൽുകാരനല്ല എന്ന ബോധ്യമുള്ളതിനാൽ രശ്മിയാണ് കഥ നരേറ്റ് ചെയ്തത്.

കഥ പറഞ്ഞു തീർത്തപ്പോൾ തന്നെ നിഖിലയ്ക്ക് അത് ഇഷ്ടപ്പെട്ടതായി അറിയിച്ചു. അവർ ചോദിച്ച സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞതോടെ പ്രോജക്ട് ഓൺ ആവുകയായിരുന്നു. ഇൻ്റർവ്യൂകളിൽ തഗ് മറുപടികൾ പറയുന്ന സ്വഭാവം നിഖിലയ്ക്കുണ്ടെങ്കിലും ഞങ്ങളോട് വളരെ പ്രഫഷണലായാണ് അവർ പെരുമാറിയത്. ചിത്രീകരണത്തിലുടനീളം നിഖിലയുടെ ഭാഗത്തുനിന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഒരു പുതുമുഖ സംവിധായകനായ എനിക്ക് ഈ ചിത്രം വലിയ ടെൻഷനുകൾ ഇല്ലാതെ സുഗമമായി പൂർത്തിയാക്കാൻ സാധിച്ചത് അവരുടെ പ്രഫഷണലായ സമീപനം കൊണ്ടാണ്.
നായിക പ്രാധാന്യമുള്ള സിനിമയ്ക്ക് ഒരു നിർമാതാവിനെ കണ്ടെത്തുക പ്രയാസമുള്ള കാര്യമായിരുന്നോ?
ഈ ഫോർ എൻ്റർടൈൻമെൻ്റ്സിൽ കഥ പറഞ്ഞ മാത്രയിൽ തന്നെ അവർ സിനിമ നിർമിക്കാമെന്ന് സമ്മതിച്ചു. നിഖില പ്രോജക്ടിന് സമ്മതം മൂളുന്നു, പ്രൊഡക്ഷൻ ഹൗസ് മുന്നോട്ട് വരുന്നു. പറയുമ്പോൾ എല്ലാം വളരെ എളുപ്പത്തിൽ നടന്നുവെന്ന് തോന്നാം. പക്ഷേ ഒരു സിനിമ സംഭവിക്കുന്നതിൻ്റെ എല്ലാ പ്രതിസന്ധികളും ഞാൻ നേരിട്ടിട്ടുണ്ട്. ചിത്രീകരണ സമയത്ത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല എന്നത് വാസ്തവമാണ്. പ്രതിസന്ധികൾ മുഴുവൻ നിർമാതാക്കളിലേക്കും ആക്ടേഴ്സിലേക്കും എത്തുന്നത് വരെയായിരുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ഓടി നടന്ന് വിവാഹ തട്ടിപ്പ് നടത്തുന്ന പെൺകുട്ടിയുടെ കഥയായതിനാൽ, പറ്റിക്കപ്പെടുന്ന ഭർത്താക്കന്മാരുടെ കാസ്റ്റിങ് വലിയ വെല്ലുവിളിയായിരുന്നു. പല അഭിനേതാക്കളെയും ഈ വേഷങ്ങളിലേക്ക് ആലോചിച്ചു. ഒടുവിൽ ഓരോ ജില്ലകളിൽ നിന്നുമുള്ള അഭിനേതാക്കളെ തന്നെ നിശ്ചയിച്ചു. വ്യത്യസ്തമായ സ്ലാങ്ങുകൾ വേണമെന്നത് നിർബന്ധമായിരുന്നു, എന്നാൽ മാത്രമാണ് ഒരു ഓൾ കേരള ഇമ്പാക്ട് ലഭിക്കുകയുള്ളൂ.
ട്രെയിലറിൽ വിവാഹ തട്ടിപ്പ് ഹാസ്യത്തിൻ്റെ മേമ്പൊടിയിൽ കാണിച്ചിട്ടുണ്ടെങ്കിലും സിനിമ പൂർണമായും ഒരു കോമഡി ചിത്രമല്ല. ഹാസ്യത്തിലൂടെ വളരെ ആഴത്തിലുള്ള ഇമോഷനുകൾ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. മറ്റുള്ളവരുടെ സങ്കടം ചിലപ്പോൾ കാണുന്നവർക്ക് തമാശയായി തോന്നാം, അത്തരം ഒരു ട്രീറ്റ്മെൻ്റ് ആണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. മുഴുനീള ഹാസ്യ ചിത്രം എന്ന രീതിയിൽ ഈ സിനിമയെ വിലയിരുത്തരുത്. ഇതിൽ പ്രണയവും പ്രതികാരവും ഇമോഷൻസും തമാശയും എല്ലാം ഒരേപോലെ അടങ്ങിയിരിക്കുന്നു.

കൃത്യസമയത്ത് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചതും ഔട്ട്പുട്ട് കണ്ടപ്പോൾ തോന്നിയ സന്തോഷവുമാണ് എന്നെ സംബന്ധിച്ചിടത്തോളം ഓർമയിൽ നിൽക്കുന്നത്. ഈ സിനിമയുടെ മൈസൂർ ഷെഡ്യൂൾ അവസാനിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു വേദന തോന്നിയിരുന്നു. ആ നഗരത്തോട് വല്ലാത്തൊരു ഇഷ്ടം എപ്പോഴോ മനസ്സിലുണ്ടായി. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ച ആ നാളുകൾ എന്നും പ്രിയപ്പെട്ടവയാണ്.
പൊതുവേ കേരളം എന്ന് പറയുമ്പോൾ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെയാണല്ലോ പറഞ്ഞുപോകുന്നത്. ഇതിനിടയിലുള്ള സ്ഥലങ്ങൾ പലപ്പോഴും ചർച്ച ചെയ്തു പോകാറില്ല. അങ്ങനെയൊരു ചർച്ചയ്ക്ക് വേണ്ടിയാണ് ഹരി പത്തനാപുരത്തെ കാസ്റ്റ് ചെയ്യുന്നത്. ആസിഫ് വർക്ക് ചെയ്ത മറ്റൊരു സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടായിരുന്നു.
ആസിഫ് പറഞ്ഞെങ്കിലും ഹരി പത്തനാപുരം നന്നായി അഭിനയിക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. ഹരി പത്തനാപുരം അഭിനയിച്ച ചില സീനുകൾ ആസിഫ് തന്നെ തൻ്റെ മൊബൈലിൽ എനിക്ക് കാണിച്ചുതന്നു. നോക്കുമ്പോൾ അദ്ദേഹം വളരെ നാച്ചുറൽ ആയാണ് പ്രകടനം കാഴ്ചവയ്ക്കുന്നത്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.
ഈ സിനിമയുടെ സമയം അദ്ദേഹത്തെ കൊണ്ട് നോക്കിക്കമായിരുന്നില്ലേ ?
ഈ സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്തുടനീളം അദ്ദേഹം ഒരിക്കൽപോലും ജ്യോതിഷ കാര്യങ്ങളെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടില്ല. പുള്ളി എന്താ അങ്ങനെ സംസാരിക്കാത്തതെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. സമയം നല്ലതാണോ എന്ന് അങ്ങോട്ട് കയറി ചോദിക്കുന്നത് ശരിയല്ലല്ലോ. ചിലപ്പോഴൊക്കെ ഷൂട്ടിങ് ഷെഡ്യൂളിൻ്റെ കാര്യങ്ങൾ അദ്ദേഹത്തിൻ്റെ മുന്നിലിരുന്ന് ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അപ്പോഴെങ്കിലും നാളെ നല്ല ദിവസമല്ല, നാളെ രാഹുകാലം ഈ സമയത്താണ്, ഉച്ച കഴിഞ്ഞിട്ട് ഷൂട്ട് ചെയ്യുന്നതാകും നല്ലത് എന്നൊക്കെ പറയുമെന്ന് കരുതി. പക്ഷേ അദ്ദേഹം പറഞ്ഞില്ല. അദ്ദേഹം സെറ്റിൽ എത്തിയപ്പോൾ ഒരു അഭിനേതാവായിട്ട് മാത്രമാണ് നിലനിന്നത്.
നിഖില വിമലും ഹക്കീം ഷായും?
നിഖില വിമൽ കേന്ദ്ര കഥാപാത്രമായതുകൊണ്ട് പെണ്ണുകേസ് ഒരു വുമൺ ഓറിയൻ്റഡ് സിനിമ തന്നെയാണ്. എന്നാൽ നിഖിലയുടെ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുണ്ട് ഹക്കീം ഷാ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കഥാപാത്രത്തിന്. മലയാള സിനിമയിലെ ബ്രില്യൻ്റ് ആക്ടേഴ്സിൽ ഒരാളാണ് ഹക്കീം. അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ സിനിമകളിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. ഹക്കീമിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുമ്പോൾ പരസ്പരം പറയും, ബോളിവുഡിലൊക്കെയുള്ള രാജ്കുമാർ റാവുവിനെപ്പോലുള്ള നടന്മാരുണ്ടല്ലോ, മലയാളത്തിലെ രാജ്കുമാർ റാവു ആണ് ഹക്കീം ഷാ എന്ന്.

ഈ സിനിമയിൽ നിഖിലയും ഹക്കീം ഷായും ഒരുമിച്ചു വരുന്ന സീനുകളാണ് മർമപ്രധാനമായ രംഗങ്ങൾ. വളരെ കംഫർട്ടബിളായി വർക്ക് ചെയ്യാൻ സാധിക്കുന്ന അഭിനേതാക്കളാണ് ഇരുവരും. അതുകൊണ്ടുതന്നെ എനിക്ക് അവരോട് സുഹൃത്തുക്കളോടെന്നപോലെ സംസാരിക്കാമായിരുന്നു. ഇത് ഒരു പുതിയ സംവിധായകൻ എന്ന നിലയിലുള്ള എൻ്റെ ടെൻഷൻ പരമാവധി കുറച്ചു തരും. കഥാപാത്രങ്ങളെ ഉൾക്കൊണ്ട് കഴിഞ്ഞാൽ വളരെ ഈസിയായിട്ടാണ് അവർ കാര്യങ്ങൾ ഡെലിവർ ചെയ്യുന്നത്. നമ്മളെ ടെൻഷൻ ആക്കുന്ന ഒരു കാര്യവും അവരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. നമ്മൾ മനസ്സിൽ കണ്ടതിനു മുകളിലാണ് അവരുടെ ഇൻപുട്ട്.

മാത്രമല്ല നിഖിലയ്ക്ക് നന്നായി ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട്. നിഖില ഈ സിനിമയിൽ ഹാസ്യം ചെയ്യുന്നതിനേക്കാൾ, നിഖില കാരണം മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് കോമഡിയായി പ്രേക്ഷകന് അനുഭവപ്പെടുക. എന്തായാലും രണ്ട് മണിക്കൂർ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള എല്ലാ വകയും പെണ്ണുകേസ് എന്ന ചലച്ചിത്രം ഒരുക്കി വച്ചിട്ടുണ്ട്. ഹാസ്യത്തിൻ്റെ മേമ്പൊടിയുള്ള സ്ത്രീപക്ഷ സിനിമയാണിത്.

