പ്രധാനമന്ത്രിയെ നേരില്‍ കണ്ട് രശ്‌മികയും വിജയ് ദേവരകൊണ്ടയും; വിവാഹ സത്കാരത്തിന് പ്രത്യേക ക്ഷണം- തരംഗമായി ചിത്രങ്ങള്‍
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ക്ഷണം. റിസപ്‌ഷന്‍ മാര്‍ച്ച് നാലിന്.

By ETV Bharat Entertainment Team
Published : February 27, 2026 at 4:31 PM IST
തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും ഒരു സിനിമ കാണുന്നത് പോലെയായിരുന്നു ഇരുവരുടെയും പ്രണയം ആരാധകര്‍ ആസ്വദിച്ചിരുന്നത്.
ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സിനിമാ- രാഷ്‌ട്രീയ രംഗത്തുള്ളവരും ആരാധകരുമൊക്കെ ഈ തെന്നിന്ത്യന്‍ താരദമ്പതികളെ ആശംസകള്‍ കൊണ്ട് മൂടുകയാണ്.
രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ഐടിസി മെമന്റോസിൽ ഇന്നലെ (ഫെബ്രുവരി 26) ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് 100 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാര്‍ച്ച് നാലിന് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ താജ് കൃഷ്‌ണ ഹോട്ടലില്‍ വച്ച് ഗംഭീര റിസപ്‌ഷന്‍ നടക്കും.
The #VIROSH Jodi personal Invitation 🤩@TheDeverakonda & @iamRashmika personally met Hon'ble Prime Minister @narendramodiji invited for the grand reception in Hyderabad ❤️❤️✨#VijayDeverakonda #RashmikaMandanna #ViRoshWedding pic.twitter.com/Y23v5XduyD
— Vamsi Kaka (@vamsikaka) February 27, 2026
ഈ വിരുന്ന് സത്കാരത്തിലേക്ക് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ താരദമ്പതികള്‍ ക്ഷണിച്ചതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. വിവാഹ സത്കാരത്തിന് ക്ഷണിക്കാനായി പ്രധാനമന്ത്രിയെ കണ്ടുമുട്ടുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചിത്രത്തില്‍ രശ്‌മികയും വിജയ്‌യും പ്രധാനമന്ത്രിയുമായി ഊഷ്‌മളമായി ഇടപഴകുന്നത് കാണാം. ആദരസൂചകമായി ദമ്പതികള്‍ പ്രധാനമന്ത്രിക്ക് ഒരു ഷാള്‍ സമ്മാനിക്കുകയും ചെയ്‌തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് കത്ത് അയച്ചിരുന്നു. വിവാഹത്തിന് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാന മന്ത്രി അറിയിച്ചു. വിജയ്‌യുടെയും രശ്‌മികയുടെയും ജീവിതത്തില്‍ പുതിയതും മനോഹരവുമായ ഒരു അധ്യായത്തിന്‍റെ തുടക്കം കുറിക്കുന്നു എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളുമെന്ന് കത്തില്‍ പ്രധാനമന്ത്രി കുറിച്ചു.
അതേസമയം പ്രധാനമന്ത്രിയെ കാണുന്നതിന് മുന്‍പ് ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിവാഹത്തിന് ക്ഷണിക്കാനായി എത്തിയിരുന്നു. ഷായുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു. വിവാഹ ക്ഷണക്കത്തിനൊപ്പം വെള്ളിയില്‍ നിര്‍മിച്ച ഗണേശ വിഗ്രഹവും സമ്മാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്തി റെഡ്‌ഡിയേയും വിരുന്ന് സത്കാരത്തില്‍ ക്ഷണിക്കാനായി വിജയ് എത്തിയിരുന്നു.
വലിയ ആഘോഷ പരിപാടിയാണ് വിവാഹത്തിന് മുന്നോടിയായി ഉദയ്പൂരില്‍ നടന്നത്. പൂള്‍ പാര്‍ട്ടി, അത്താഴ വിരുന്ന്, സൗഹൃദ ക്രിക്കറ്റ് മത്സരം, ഹല്‍ദി, സംഗീത് നൈറ്റ് എന്നിവയോടെയാണ് വിവാഹത്തിന്‍റെ ആഘോഷങ്ങള്‍ നടന്നത്. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഇന്നലെ രണ്ട് ആചാര പ്രകാരവും വിവാഹം നടന്നു. രാവിലെ തെലുഗു ആചാര പ്രകാരവും വൈകുന്നേരം കൊടുവ ആചാര പ്രകാരവുമായിരുന്നു വിവാഹം.
Also Read:വിജയ് ദേവരകൊണ്ടയും രശ്‌മികയും വിവാഹിതരായി, ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ പുറത്ത്

