"ഞാൻ അപ്രത്യക്ഷനായാൽ നീ എന്തുചെയ്യും?" വിങ്ങുന്ന ഓർമയായി അനിൽ പനച്ചൂരാൻ
പനച്ചൂരാൻ്റെ അഞ്ചാം ചരമവാർഷികത്തിൽ തൻ്റെ പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമകൾ ഇ ടിവി ഭാരതിനോട് പങ്കുവെക്കുകയാണ് കവി മുരുകൻ കാട്ടാക്കട

By ETV Bharat Entertainment Team
Published : January 5, 2026 at 6:00 PM IST
മലയാളിയുടെ പ്രിയ കവി അനിൽ പനച്ചൂരാൻ ഇല്ലാതെ അഞ്ച് വർഷം. അക്ഷരങ്ങൾ കൊണ്ട് വിപ്ലവവും പ്രണയവും നെയ്ത ആ തൂലിക ചലനം നിലച്ചിട്ട് കാലമേറെയായെങ്കിലും, ഓരോ മലയാളിയുടെയും ഉള്ളിൽ ആ വരികൾ ഇന്നും മുഴങ്ങുന്നുണ്ട്. പനച്ചൂരാൻ്റെ അഞ്ചാം ചരമവാർഷികത്തിൽ തൻ്റെ പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമകൾ ഇ ടിവി ഭാരതിനോട് പങ്കുവെക്കുകയാണ് കവി മുരുകൻ കാട്ടാക്കട.
അക്ഷരങ്ങൾ കൊണ്ടുള്ള പോരാട്ടം
വളരെ നിഷ്കളങ്കനായ നിസ്വനായ ഒരു കവിയായിരുന്നു അനിൽ പനച്ചൂരാൻ എന്ന് മുരുകൻ കാട്ടാക്കട പറയുകയുണ്ടായി. ഗുണവാൻ്റെ ദോഷത്തിൻ്റെ കണികയിൽ ആയിരിക്കും ഏതൊരാളുടെയും ശ്രദ്ധ. ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുമ്പോഴും പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം ബീഡി വലിച്ചിട്ടുണ്ട് എന്ന കാര്യത്തെ ഉയർത്തിക്കാട്ടാൻ ഇവിടെ ഒരു വിഭാഗം ശ്രമിക്കും. അതുപോലെതന്നെയാണ് അനിലിൻ്റെയും കാര്യം. അയാളുടെ ഗുണങ്ങളെക്കുറിച്ച് കൃത്യമായി വ്യാഖ്യാനിക്കപ്പെടാതെ പോയിട്ടുണ്ട്. വലയിൽ വീണ കിളികളാണു നാം.. സാധാരണക്കാരുടെ ഹൃദയത്തിൽ സ്പർശിച്ച എത്രയെത്ര കവിതകൾ. താനുമായി അദ്ദേഹത്തിനും മരണംവരെ നല്ല ആത്മബന്ധം ഉണ്ടായിരുന്നു എന്ന് മുരുകൻ കാട്ടാക്കട വെളിപ്പെടുത്തി.
മരണത്തിന് മുൻപേ കുറിച്ച പ്രവചന വരികൾ
അദ്ദേഹത്തിന്റെ അവസാനം നാളുകളെ കുറിച്ച് ആലോചിക്കുമ്പോൾ ഹൃദയം നുറങ്ങുന്ന വേദന ഇപ്പോഴും ഉണ്ടെന്ന് മുരുകൻ കാട്ടാക്കട പറയുന്നു. പോസ്റ്റ് കോവിഡ് പ്രശ്നങ്ങളാണ് അദ്ദേഹത്തെ കൊണ്ടുപോയത്. മരണശേഷം അദ്ദേഹത്തിൻ്റെ പത്നി പറഞ്ഞ ചില വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു.
മരണത്തിനുമുമ്പ് അദ്ദേഹം പറയുമായിരുന്നു- 'എടീ നമ്മുടെ പ്രശ്നങ്ങളൊക്കെ മാറും ഈ കോവിഡ് ഒന്ന് കഴിഞ്ഞോട്ടെ. ഞാൻ എഴുതി വച്ചിരിക്കുന്ന തിരക്കഥ, എൻ്റെ കവിതകൾ ഇതൊക്കെ വാങ്ങാൻ ആളുണ്ടാകും. നമ്മുടെ പ്രശ്നങ്ങളൊക്കെ തീരാൻ പോവുകയാണ്' എന്ന്.
മരണശേഷം ഒരിക്കൽ ആ വീട്ടിൽ പോകാൻ ഒരു സാഹചര്യം ഉണ്ടായി. അപ്പോൾ പനച്ചൂരാൻ്റെ ഭാര്യ അദ്ദേഹം അവസാനം എഴുതിവച്ച ചില കവിതകൾ എന്നെ എടുത്തു കാണിച്ചു. ആ കവിതകളിലെ രണ്ടു വരി എൻ്റെ ഹൃദയത്തിൽ വല്ലാതെ സ്പർശിച്ചു. ആ വരികൾ ഇങ്ങനെയായിരുന്നു. ഞാൻ പെട്ടെന്ന് അപ്രത്യക്ഷനായാൽ നീ എന്തു ചെയ്യും? ഇങ്ങനെയൊരു ചോദ്യം ഈ കവിത എഴുതുന്നതിനു മുൻപ് പനച്ചൂരാൻ തന്നെ പത്നിയോട് ചോദിച്ചിരുന്നു. അപ്പോൾ ഭാര്യ പറഞ്ഞ മറുപടി ഇങ്ങനെ? അങ്ങനെയൊക്കെ എന്തിനാ ഇപ്പോൾ പറയുന്നത്? അപ്രത്യക്ഷനായാലും ഇവിടെയൊക്കെ തന്നെ ഉണ്ടാകുമല്ലോ. അവരുടെ മറുപടിക്ക് മറ്റൊരു മറുപടി എന്ന രീതിയിലാണ് ആ കവിത. നീ അറിയാതെ വന്ന് നിൻ്റെ അധരങ്ങളിൽ ഞാനൊരു ചുംബനം നൽകും.
ആ വരികളിൽ വ്യക്തമാണ് അദ്ദേഹത്തിൻ്റെ ഭാര്യയോടുള്ള പ്രണയം. അദ്ദേഹത്തിൻ്റെ അവസാന വാക്കുകൾ. അദ്ദേഹത്തിൻ്റെ കർമ്മം അവസാനിപ്പിച്ച് ഈ ലോകം വിട്ടുപോയി എന്ന് ആശ്വസിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. മുരുകൻ കാട്ടാക്കട പറയുന്നു.
നിസ്വനായ നിഷ്കളങ്കനായ ഒരു കവി. ഈയൊരു വാക്കുകൾ പനച്ചൂരാനെ ഒരിക്കൽക്കൂടി വിശേഷിപ്പിച്ചു കൊണ്ടാണ് മുരുകൻ കാട്ടാക്കട തൻ്റെ വാക്കുകൾ ഉപസംഹരിച്ചത്.

