"എന്‍റെ എക്കാലത്തെയും യാത്രാ പങ്കാളി..പിറന്നാൾ ആശംസകൾ പി!, നല്ല വികാരങ്ങളാള്‍ ഈ ദിവസം നിറഞ്ഞുനിൽക്കട്ടെ"; പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സുപ്രിയയും മോഹന്‍ലാലും
പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി ഭാര്യ സുപ്രിയ മേനോനും മോഹന്‍ലാലും. പൃഥ്വിരാജിന്‍റെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് സുപ്രിയയും മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പിറന്നാൾ ആശംസകൾ പി എന്നാണ് സുപ്രിയ കുറിച്ചത്.

By ETV Bharat Entertainment Team
Published : October 16, 2025 at 2:14 PM IST
പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി ഭാര്യ സുപ്രിയ മേനോന്‍. പൃഥ്വിരാജിന്‍റെ 43-ാം ജന്മദിനത്തിലാണ് താരത്തിന് ഹൃദയം തൊടുന്ന ആശംസകളുമായി സുപ്രിയ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. പൃഥ്വിരാജിന്‍റെ ക്യൂട്ട് ചിത്രവും സുപ്രിയ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു.
"പിറന്നാൾ ആശംസകൾ പി! സിനിമ, യാത്ര, ഒഴിവ് സമയം എന്നിവയിലൂടെ സന്തോഷകരമായ ഒരു മികച്ച വർഷം ആശംസിക്കുന്നു! എന്‍റെ എക്കാലത്തെയും യാത്രാ പങ്കാളിക്ക്, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു!", ഇപ്രകാരമാണ് സുപ്രിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം പി & എസ്, ഹാപ്പി ബർത്ത്ഡേ, അവര്‍ ഫേവ്, ദാദാലൗവ് എന്നീ ഹാഷ്‌ടാഗുകളും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.
പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും രംഗത്തെത്തി. സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും ഈ ദിവസം നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. പൃഥ്വിരാജിന്‍റെ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
"പ്രിയപ്പെട്ട പൃഥ്വി, ജന്മദിനാശംസകൾ! സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിങ്ങളുടെ ഈ ദിവസം നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു!", ഇപ്രകാരമാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
അതേസമയം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് 'ഖലീഫ'യുടെ ആദ്യ ഗ്ലിംപസ് പുറത്തുവിട്ടു. 'ദി ബ്ലഡ് ലൈന്‍' എന്ന ടൈറ്റിലോടു കൂടിയാണ് ഫസ്‌റ്റ് ഗ്ലിംപ്‌സ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആമിര്‍ അലിയുടെ പാരമ്പര്യം വിളിച്ചോതുന്നതാണ് 'ഖലീഫ'യുടെ ആദ്യ ഗ്ലിംപ്‌സ്.
അടുത്ത വര്‍ഷം ഓണം റിലീസായാകും ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഇക്കാര്യം പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. ഓഗസ്‌റ്റിലാണ് സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ ആരംഭിച്ചത്. ഇന്ത്യ, ദുബൈ, യുകെ, നേപ്പാള്‍ എന്നിവിടങ്ങളാണ് സിനിമയുടെ മറ്റ് പ്രധാന ലൊക്കേഷനുകള്‍.
'പോക്കിരി രാജ'യ്‌ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വീണ്ടും പൃഥ്വിരാജിനൊപ്പം സഹകരിക്കുന്നതില്‍ താന്‍ അതിയായ സന്തോഷത്തിലാണെന്ന് സംവിധായകന്‍ വൈശാഖ് നേരത്തെ അറിയിച്ചിരുന്നു. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
ജിനു എബ്രഹാം ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ലണ്ടന്‍ ബ്രിഡ്‌ജ്', 'മാസ്‌റ്റേഴ്‌സ്', 'കടുവ', 'കാപ്പ' എന്നീ സിനിമകള്‍ക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വ്വഹിച്ചു. ജേക്‌സ് ബിജോയ് ആണ് സംഗീതം.

