''ഉച്ചത്തിൽ മിടിക്കല്ലേ നീ എൻറെ ഹൃദന്തമേ സ്വച്ഛശാന്തം എന്നോമൽ മയങ്ങിടട്ടേ...'' ഭാവഗായകൻ്റെ വേർപാടിന് ഇന്നേക്ക് ഒരാണ്ട്
വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ അലയടിക്കുന്ന ഭാവതീവ്രമായ ആലാപനം... സംഗീത പ്രേമികളുടെ തീരാ നഷ്‌ടം....

By ETV Bharat Entertainment Team
Published : January 9, 2026 at 10:59 AM IST
ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് മലയാളത്തിന്‍റെ ഭാവഗായകന്‍ എന്നെന്നേക്കുമായി യാത്രയായിട്ട് ഇന്നേക്ക് ഒരു വർഷം. മലയാളിയെ പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ, വേദനയുടെ, സംഗീതത്തിന്‍റെ ഭാഷ പഠിപ്പിച്ച മനുഷ്യന്‍.. കാലത്തിന് സ്‌പർശിക്കാനാവാത്ത നിത്യഹരിതസ്വരം... വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ അലയടിക്കുന്ന ഭാവതീവ്രമായ ആലാപനം... സംഗീത പ്രേമികളുടെ തീരാ നഷ്‌ടം.
ഓലഞ്ഞാലിക്കുരുവി.. കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീലെ.. ശാരദാംബരം ചാരു ചന്ദ്രികാ.. ആലിലത്താലിയുമായ് വരുമീ.. മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസ ചന്ദ്രിക വന്നു... നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളേ.. തേരിറങ്ങും മുകിലേ എന്നിങ്ങനെ മലയാളിയുടെ മനസിനെ പ്രണയാർദ്രമാക്കിയ ഒട്ടേറെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്നു. അദ്ദേഹത്തിൻ്റെ ഓർമകള്‍ക്ക് മരണമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിരഹവും പ്രണയവും മാത്രമല്ല, 90 കളിലെ യുവത്വത്തെ ആവേശത്തിലാഴ്ത്തിയ പ്രായം നമ്മിൽ മോഹം നൽകി തുടങ്ങി പുതിയ കാല കൗമാരങ്ങളെ അടക്കി ഭരിച്ച ഇനി കണ്ണീരൊന്നും വേണ്ട... മനം പൊള്ളും നോവും വേണ്ട... തുടങ്ങിയ വരികളും ജയചന്ദ്രന്‍റെ ശബ്‌ദ മാന്ത്രികതക്ക് മുന്നിൽ അനായാസം വഴങ്ങി. 80 കളിലെ "സ്വർണഗോപുര നർത്തകീ ശിൽപം കണ്ണിന് സായൂജ്യം നിൻ രൂപം..." എന്നു തുടങ്ങി 2020 കളിലെ പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന ഗാനം വരെ ഒരോ തുലാസിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നു.
സുപ്രഭാതം പാടിയുണര്‍ത്താന്‍ മലയാളികള്‍ക്ക് ജയേട്ടൻ വേണം. പണിതീരാത്തവീട് എന്ന ചിത്രത്തിലെ 'സുപ്രഭാതം' ഗാനത്തിലൂടെയാണ് ജയചന്ദ്രൻ ആദ്യത്തെ സംസ്ഥാന പുരസ്‌കാരത്തിലേക്ക് ചുവട് വക്കുന്നത്. പിന്നീട്, രാഗം ശ്രീരാഗം.. തിളക്കത്തിലെ നീയൊരു പുഴയായ്... തുടങ്ങീ ഗാനങ്ങളിലൂടെയും അനായാസമായ ആലാപനത്തിന് കേരള സർക്കാർ മികച്ച ഗായകനെന്ന അംഗീകാരം നൽകി. ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ... ശ്രീനാരായണഗുരു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവായി.
"റാസാത്തി ഉന്നയ് കാണാതെ നെഞ്ച് കാത്താടി പോലാട്‌ത്..." എന്ന് ജയചന്ദ്രൻ പാടിക്കയറിയത് തമിഴ് ജനതയുടെ ഇദയത്തിലാണ്. പിന്നീടിന്നോളം കൃത്യമായി പറഞ്ഞാല്‍ 41 വർഷം വൈദേഹി കാത്തിരുന്താൾ എന്ന തമിഴ് ചിത്രത്തിലെ ജയചന്ദ്രൻ്റെ റാസാത്തി ഗാനം നിത്യ ഹരിതമായി നിലകൊള്ളുന്നു.
ന്യൂ ജനറേഷൻ്റെ ഇൻസ്റ്റ റീല്‍സുകളിലടക്കം ട്രെൻഡിങ്ങാണ് 40 വയസുള്ള ഈ ഗാനം. കൂടാതെ എണ്‍പതുകളിലെ തമിഴ് കൗമാരത്തിനെ തൊട്ടുണർത്തിയ "മയങ്കിനേൻ സൊല്ല തയങ്കിനേൻ" എന്നിവയുൾപ്പെടെ തമിഴ് ഭാഷയിൽ നിരവധി ജനപ്രിയ ഹിറ്റുകൾ സൃഷ്‌ടിച്ചു. മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് തിരശീല വീണിട്ട് ഒരാണ്ട്.

