യൂട്യൂബിൽ തരംഗമായി 'മാളൂട്ടി'; 35 വർഷങ്ങൾക്ക് ശേഷം കുഴൽക്കിണറിലെ ആ കുഞ്ഞ് വീണ്ടും അത്ഭുതം കാട്ടുന്നു
ചിത്രത്തിൻ്റെ സാങ്കേതിക വശങ്ങളിൽ താൻ സംതൃപ്തനല്ലെന്ന് ചിത്രത്തിൻ്റെ സിനിമറ്റോഗ്രാഫർ വേണു ഐഎസ്‌സി ഇ ടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു

By ETV Bharat Entertainment Team
Published : March 4, 2026 at 1:47 PM IST
|Updated : March 4, 2026 at 5:08 PM IST
മലയാള സിനിമയുടെ ചരിത്രത്തിൽ ഭയത്തിൻ്റെയും സ്നേഹത്തിൻ്റയും കരുതലിൻ്റെയും നീറ്റലായി മാറിയ 'മാളൂട്ടി' വീണ്ടും ചർച്ചയാകുന്നു. 1990ല്‍ ഭരതൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ സിനിമയായിരുന്നു മാളൂട്ടി. ജയറാമും ഉർവശിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ബേബി ശ്യാമിലിയാണ് കേന്ദ്രബിന്ദു. ഒരു കുഴൽ കിണറിൽ വീണു പോകുന്ന പെൺകുഞ്ഞ്. ആ കുഞ്ഞിനെ രക്ഷിക്കാൻ നടത്തുന്ന രക്ഷാപ്രവർത്തനം. ചിത്രത്തിലെ പ്രകടനത്തിന് ബേബി ശ്യാമിലിക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. ജോൺ പോളിൻ്റെ രചനയിൽ എത്തിയ ചിത്രം അക്കാലത്ത് സാമ്പത്തിക വിജയം നേടി. കുറഞ്ഞ ബഡ്ജറ്റിൽ അക്കാലത്ത് മലയാളത്തിൻ്റെ ലഭ്യമായ ടെക്നോളജിയിൽ ചെയ്തെടുത്ത മാളൂട്ടി ഒരുപാട് നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ പതിറ്റാണ്ടുകൾക്ക് ശേഷം ഈ ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സൃഷ്ടിക്കുന്ന തരംഗം ചലച്ചിത്ര ലോകത്തെയാകെ അത്ഭുതപ്പെടുത്തുകയാണ്. ഒരു പഴയ സിനിമയുടെ ക്ലിപ്പിംഗിന് ലഭിക്കുന്ന ശരാശരി കാഴ്ചക്കാരെക്കാൾ എത്രയോ മടങ്ങ് അധികം ആളുകളാണ് ഇപ്പോൾ യൂട്യൂബിൽ മാളൂട്ടിയെ തിരയുന്നത്.
സിനിമയുടെ ഡിജിറ്റൽ റൈറ്റ്സുള്ള കമ്പനി നാല് വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത ഒരു സീൻ ഇപ്പോൾ 84 ലക്ഷത്തിലധികം ആളുകളാണ് കണ്ടുതീർത്തത്. സാധാരണഗതിയിൽ പഴയ മലയാളം സിനിമാ ക്ലിപ്പുകൾക്ക് ലഭിക്കുന്ന 4-6 ലക്ഷം വ്യൂസ് എന്ന കണക്കിനെയെല്ലാം മാളൂട്ടി കാറ്റിൽ പറത്തിക്കഴിഞ്ഞു. ഇതിൽ വലിയൊരു വിഭാഗം അന്യഭാഷാ പ്രേക്ഷകരും വിദേശികളുമാണെന്നതാണ് ശ്രദ്ധേയം. സിനിമയുടെ ഫുൾ വീഡിയോ ആകട്ടെ ഇതിനോടകം 25 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.
അടുത്തിടെ നടി ഉർവശി ഒരു അഭിമുഖത്തിൽ മാളൂട്ടിയിലെ കുഴൽക്കിണർ രംഗങ്ങളുടെ സാങ്കേതിക പെർഫെക്ഷനെക്കുറിച്ച് സംസാരിച്ചിരുന്നു. അക്കാലത്ത് ലഭ്യമായ പരിമിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെയാണ് ആ രംഗങ്ങൾ ചിത്രീകരിച്ചതെന്ന ഉർവശിയുടെ വാക്കുകൾ പുതിയ തലമുറയ്ക്കിടയിൽ വലിയ ക്യൂരിയോസിറ്റി ഉണ്ടാക്കി. ഇതാണ് സിനിമയുടെ ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിക്കാൻ കാരണമായത്.
അതേസമയം ചിത്രത്തിൻ്റെ സാങ്കേതിക വശങ്ങളിൽ താൻ സംതൃപ്തനല്ലെന്ന് ചിത്രത്തിൻ്റെ സിനിമറ്റോഗ്രാഫർ വേണു ഐഎസ്‌സി ഇ ടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. മാളൂട്ടി എന്ന സിനിമ ചെയ്യുമ്പോൾ ടെക്നിക്കൽ പരമായി കുറച്ചുകൂടി ശ്രദ്ധിക്കാവുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അന്നത് ആഴത്തിൽ ചെയ്യാനുള്ള ശ്രമം നടത്തിയില്ല. അന്ന് ചെയ്ത കാര്യങ്ങൾ പിൽക്കാലത്ത് വീണ്ടും കാണുമ്പോൾ കുറച്ചുകൂടി നന്നാക്കി ചെയ്യാമായിരുന്നു എന്ന് തോന്നൽ ഉണ്ടാകും. ഞാൻ എൻ്റെ കാര്യത്തെ അതായത് സിനിമയുടെ സിനിമറ്റോഗ്രാഫി മേഖലയെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് പറയുന്നത്. മറ്റുള്ള കാര്യങ്ങളില്‍ ഞാൻ അഭിപ്രായം പറയുന്നതിൽ അർഥമില്ല. അതുകൊണ്ടുതന്നെ ഫണ്ട് ചെയ്ത സിനിമകൾ ഞാൻ വീണ്ടും കാണാൻ ശ്രമിക്കാറുമില്ല.
മാളൂട്ടി എന്ന സിനിമയുടെ ആശയം മികച്ചതാണ് ആ പരീക്ഷണം മുന്നോക്ക പരമാണ്. പക്ഷേ ടെക്നിക്കൽ പരമായി അന്നും ഇന്നും ഞാൻ ആ സിനിമയിൽ സംതൃപ്തനല്ല. അന്ന് ആ സിനിമ ചെയ്യുമ്പോൾ കുഴൽ കിണറിനുള്ളിലെ ദൃശ്യങ്ങളൊക്കെ ഒപ്പിയെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടി. സമാന്തരമായി ഒരു ഹോളൊക്കെ സൃഷ്ടിച്ച് അതിനുള്ളിൽ ക്യാമറ ഇറക്കിവച്ചാണ് അന്ന് ഷൂട്ട് ചെയ്തത്. അത്രയും കഷ്ടപ്പെട്ട കാര്യങ്ങളിൽ ഒരല്പം കൂടി ശ്രദ്ധ ചെലുത്താമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു- വേണു വിശദമാക്കി.
എന്തൊക്കെയായാലും മലയാളികളുടെ മനസ്സിൽ മാളൂട്ടി എന്ന ചിത്രം ഹൃദയത്തിൽ സ്ഥാനം പിടിച്ച ഒന്നാണ്. പഴമയുടെ മങ്ങൽ പുതിയ കാലത്തിൻ്റെ ആസ്വാദനത്തിന് വിലങ്ങു തടിയാകുന്നില്ല. മലയാള സിനിമയുടെ മൈൽ സ്റ്റോൺ ആയി മാളൂട്ടി നിലനിൽക്കുന്നു.
Also Read: കമൽഹാസനെ അമ്പരപ്പിച്ചു, രാജമൗലി തേടിയെത്തി; രാധികയെ 80-കാരിയാക്കിയ മലയാളി മാജിക്

