ETV Bharat / entertainment

ഷാജി പാപ്പനും പിള്ളേരും വരുന്നുണ്ടേ... 'ആട് 3' പാക്കപ്പ്

ഒൻപത് മാസം വ്യത്യസ്‌ത ഷെഡ്യൂളുകളിലായി 127 ദിവസങ്ങൾ നീണ്ടു നിന്ന മാരത്തോൺ ചിത്രീകരണമാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

MALAYALAM MOVIE AADU 3  AADU 3 PACKUP  JAYASURYA  LATEST MALAYALAM MOVIE TO RELEASE
Aadu 3 packup (Instagram@vishnu s rajan)
author img

By ETV Bharat Kerala Team

Published : January 11, 2026 at 2:27 PM IST

3 Min Read
Choose ETV Bharat

'കൊന്ത ഇട്ട ശ്രീരാമൻ അല്ലിയോടാ...

അത് പിന്നെ സാറേ ഞങ്ങൾ ദൈവങ്ങൾക്ക് ജാതിയും മതവും ഒന്നും ഇല്ലല്ലോ അതൊക്കെ മനുഷ്യൻമാർക്ക് അല്ലിയോ...'

'ആട് 2' സിനിമയിലെ വളരെ പ്രശസ്‌തമായ ഒരു ഡയോലാഗിണിത്. മലയാളികൾ ആരും തന്നെ മറക്കാൻ ഇടയില്ലാത്ത ഡയലോഗ്. ഷാജി പാപ്പനും അറക്കൽ അബുവും കുട്ടൻ മൂങ്ങയുമെല്ലാം മലയാളികളുടെ മനസിൽ ഇടം പിടിച്ച കഥാപാത്രങ്ങളാണ്.

'പറപ്പിച്ച് വിട് പാപ്പാ'... 'മിണ്ടാതിരിയെടാ ഒടുന്നത് തന്നെ ഭാഗ്യം'.... എന്ന് തുടങ്ങി സിനിമയിലെ നിരവധി ഡയലോഗുകൾ ഇപ്പോഴും നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവയാണ്.

MALAYALAM MOVIE AADU 3  AADU 3 PACKUP  JAYASURYA  LATEST MALAYALAM MOVIE TO RELEASE
'ആട് 3' പാക്കപ്പ് (Instagram@vishnu s rajan)

2015 ലാണ് ആട് സിനിമയുടെ ഒന്നാം ഭാഗമായ 'ആട് ഒരു ഭീകര ജീവയാണ്' റിലീസ് ആകുന്നത്. അപ്പോൾ തന്നെ ഷാജി പാപ്പാനെയും പിള്ളേരെയും മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പിന്നീട് 2017 ലാണ് രണ്ടാം ഭാഗമായ 'ആട് 2' വരുന്നത്. അതും സൂപ്പർ ഹിറ്റായിരുന്നു.

ഇപ്പോഴിതാ ഷാജി പാപ്പനും പിള്ളേരും 'ആട് 3'ലൂടെ എത്തുമ്പോൾ വലിയ ആവേശത്തിലാണ് പ്രേക്ഷകർ. ഈ വർഷം സിനിമാ പ്രേമികൾ ആകാക്ഷയോടെ കാത്തിരിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടെയാണ് ആട് 3.

ഇപ്പോൾ ചിത്രത്തിൻ്റെ ചിത്രീകരണം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്ത് വന്നികൊണ്ടിരിക്കുന്നത്. ഒൻപത് മാസം വ്യത്യസ്ഥ ഷെഡ്യൂളുകളിലായി 127 ദിവസങ്ങൾ നീണ്ടു നിന്ന മാരത്തോൺ ചിത്രീകരണമാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ചിത്രം മാർച്ച് 19 ന് തിയേറ്ററിൽ എത്തും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസാണ്. ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ വലിയ മുതൽമുടക്കിലാണ് തിയേറ്ററുകളിൽ എത്താൻ പോകുന്നത്.

അമ്പത് കോടിയോളം രൂപയുടെ മുതൽമുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. ആട്, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് ചലച്ചിത്രലോകം.

ഒരു പുതിയ കഥ പറയുന്നതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് മുൻകഥാപാത്രങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുകയെന്നത്. അത് പരമാവധി രൂപപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടന്ന് സംവിധായകനായ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി.

പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ, ചിറ്റൂർ, തിരുച്ചെന്തൂർ ഇടുക്കി ജില്ലയിലെ തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രഞ്‌ജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമ്മജൻ ബൊൾഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ, ഹരികൃഷ്‌ണൻ, വിനീത് മോഹൻ, എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ് - ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്‌റ്റ്യൂം - ഡിസൈൻ - സ്‌റ്റെഫി സേവ്യർ, സ്‌റ്റിൽസ് - വിഷ്‌ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

Also Read: 'ആശാന്‍' വരുന്നു; കേരളത്തില്‍ അവതരിപ്പിക്കാന്‍ ദുല്‍ഖറിന്‍റെ വേഫെറർ