ETV Bharat / entertainment

​ഭ്രാന്തൻ്റെ കൈയിലെ ക്യാമറയും രാഷ്ട്രീയ ഗൂഢാലോചനകളും; അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി പരീക്ഷണ ചിത്രം 'റോട്ടൻ സൊസൈറ്റി'

'റോട്ടൻ സൊസൈറ്റി' എന്ന സിനിമയുടെ ആഖ്യാന ശൈലി തികച്ചും പരീക്ഷണാത്മകവും മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്തതുമാണ് എന്ന് സംവിധായകൻ എസ് എസ് ജിഷ്ണു ദേവ്

Malayalam Experimental Film Rotten Society Set for US OTT Release
റോട്ടൻ സൊസൈറ്റി (Special Arrangement)
author img

By ETV Bharat Entertainment Team

Published : July 9, 2026 at 12:18 PM IST

4 Min Read
Choose ETV Bharat

ലയാള ചലച്ചിത്രത്തിന് അഭിമാനമായി മാറുകയാണ് 'റോട്ടൻ സൊസൈറ്റി' (Rotten Society) എന്ന പരീക്ഷണാത്മക ചിത്രം. ഏറ്റവും കൂടുതൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും 150ലധികം പുരസ്കാരങ്ങൾ ഇതിനോടകം ചിത്രം വാരിക്കൂട്ടുകയും ചെയ്തു. അന്തർദേശീയ തലത്തിൽ ഇത്രയധികം ശ്രദ്ധ നേടുന്ന ചുരുക്കം ചിത്രങ്ങളിൽ ഇടം പിടിക്കുകയാണ് റോട്ടൻ സൊസൈറ്റി. ഏറ്റവും കൂടുതൽ ഫെസ്റ്റിവൽ പുരസ്കാരങ്ങൾ കരസ്ഥമാക്കുന്ന 'ഫൗണ്ട് ഫൂട്ടേജ്' ഫീച്ചർ ഫിലിം എന്ന് അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ചിത്രം ഇടംപിടിച്ചു.

ഈ ചരിത്ര നേട്ടത്തിന് പിന്നാലെ, ചിത്രം പ്രമുഖ അമേരിക്കൻ ഒടിടി വിതരണ കമ്പനിയായ പിഒവി ഹൊറർ (POV Horror) ഏറ്റെടുത്തു. 2026 ജൂലൈ 19-ന് ഔദ്യോഗികമായി റോട്ടൻ സൊസൈറ്റി' പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. എസ് എസ് ജിഷ്ണു ദേവ് രചനയും സംവിധാനവും നിർവഹിച്ച 'റോട്ടൻ സൊസൈറ്റി' ഒരു സോഷ്യോ -സറ്റയർ-ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്.

Malayalam Experimental Film Rotten Society Set for US OTT Release
'റോട്ടൻ സൊസൈറ്റി'യില്‍നിന്ന് (Special Arrangement)

വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ടി സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൺ, സ്നേഹൽ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

'റോട്ടൻ സൊസൈറ്റി' എന്ന സിനിമയുടെ ആഖ്യാന ശൈലി തികച്ചും പരീക്ഷണാത്മകവും മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്തതുമാണ് എന്ന് സംവിധായകൻ എസ് എസ് ജിഷ്ണു ദേവ് പറഞ്ഞു. കാണാതാകുന്ന ഒരു വാർത്താ റിപ്പോർട്ടറെയും അയാളുടെ ഡിജിറ്റൽ ക്യാമറയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനകളും ഒരു കൊലപാതകവും റെക്കോർഡ് ചെയ്യപ്പെട്ട ഈ ക്യാമറ ഒരു ഭ്രാന്തൻ്റെ കൈകളിൽ അകപ്പെടുന്നതും തുടർന്ന് സമൂഹത്തിലെ വിചിത്രമായ യാഥാർഥ്യങ്ങൾ അയാൾ അതിലൂടെ പകർത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

Malayalam Experimental Film Rotten Society Set for US OTT Release
'റോട്ടൻ സൊസൈറ്റി'യില്‍നിന്ന് (Special Arrangement)

രാഷ്ട്രീയ ഗൂഢാലോചനകൾ, ഒരു കൊലപാതകത്തിൻ്റെ രഹസ്യങ്ങൾ, അധികാര വർഗത്തിൻ്റെ അഴിമതി എന്നിവയെല്ലാം ഈ ഭ്രാന്തൻ കഥാപാത്രത്തിൻ്റെ ക്യാമറക്കണ്ണിലൂടെയാണ് പ്രേക്ഷകർ കാണുന്നത്. അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെയും രാഷ്ട്രീയ നാടകങ്ങളെയും കടുത്ത വിമർശനത്തിന് വിധേയമാക്കുന്ന ഒരു സോഷ്യൽ സറ്റയറാണ് ചിത്രം. വലിയ ലൈറ്റിങ് സംവിധാനങ്ങളോ സിനിമാറ്റിക് ഗിമ്മിക്കുകളോ ഇല്ലാതെ തികച്ചും റോ ആയാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിൻ്റെ അതിപ്രസരമില്ലാതെ, ദൃശ്യങ്ങളിലെ സ്വാഭാവിക ശബ്ദങ്ങൾക്കാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്- സംവിധായകൻ പറഞ്ഞു.

Malayalam Experimental Film Rotten Society Set for US OTT Release
എസ് എസ് ജിഷ്ണു ദേവ് (Special Arrangement)

സിനിമയുടെ സിനിമാറ്റോഗ്രാഫി, എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. സിനിമയുടെ വിജയത്തിൻ്റെ നിർണായക ഘടകമായ സൗണ്ട് എഫക്ട്സ് ചെയ്തിരിക്കുന്നത് ഷാബുവും സൗണ്ട് ഡിസൈൻ ശ്രീ വിഷ്ണു ജെ എസും ആണ്.


പൂർണമായും ഫൗണ്ട് ഫൂട്ടേജ് രീതിയിലാണ് റോട്ടൻ സൊസൈറ്റി ചിത്രീകരിച്ചിരിക്കുന്നത്. കഥാപാത്രങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന ക്യാമറകളിൽ നിന്നോ അല്ലെങ്കിൽ യാദൃച്ഛികമായി കണ്ടെടുത്ത വീഡിയോ ക്ലിപ്പുകളിൽ നിന്നോ ഉള്ള ദൃശ്യങ്ങൾ കോർത്തിണക്കിയാണ് ഇത്തരം സിനിമകൾ നിർമിക്കുന്നത്. റിയലിസ്റ്റിക് അനുഭവവും അതീവ ഉദ്വേഗവും പ്രേക്ഷകന് നൽകാൻ ഈ ശൈലിക്ക് കഴിയുന്നു. ഹോളിവുഡിൽ ഹൊറർ സിനിമകൾ ധാരാളമായി ഈ ശൈലി ഉപയോഗിച്ച് അവതരിപ്പിച്ചു കാണാറുണ്ട്. എന്നാൽ റോട്ടൻ സൊസൈറ്റി പോലുള്ള സറ്റയർ വിഭാഗത്തിലെ സിനിമകൾ ഈ രീതിയിൽ ചിത്രീകരിക്കുന്നത് വിരളമാണ്. ഫിലിം ഫെസ്റ്റിവലുകളിൽ റോട്ടൻ സൊസൈറ്റി ശ്രദ്ധേയമാകാനും കാരണം ഇത് തന്നെയാണ്.

Malayalam Experimental Film Rotten Society Set for US OTT Release
'റോട്ടൻ സൊസൈറ്റി'യില്‍നിന്ന് (Special Arrangement)

നെലസ് അക്കാഡമി അവാർഡ് (നൈജീരിയ ), ടോപ് ഇൻഡീ ഫിലിം അവാർഡ്‌സ് (ജപ്പാൻ ), വെഗാസ് മൂവി അവാർഡ്‌സ് ( യു എസ് എ ) , ന്യൂയോർക് ഒനിറോസ് ഫിലിം അവാർഡ്‌സ്, സെപ്‌സ്റ്റോൺ മൂവി അവാർഡ്‌സ് , പതിനൊന്നാമത് രാജസ്ഥാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അഞ്ചാമത് മുംബൈ ഇൻഡീ ഫിലിം ഫെസ്റ്റിവൽ, മൈസൂർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അഹമ്മദാബാദ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി 100 ലധികം ഫെസ്റ്റിവലുകളിൽ നിന്നാണ് 150 അവാർഡുകൾ നേടി റോട്ടൻ സൊസൈറ്റി ചരിത്രത്തിൻ്റെ ഭാഗമായി മാറിയത്. പുതുമയാർന്ന ദൃശ്യാവിഷ്കാരത്തിലൂടെയും മൂർച്ചയേറിയ സാമൂഹിക വിമർശനത്തിലൂടെയും രാജ്യാന്തര ജൂറിയുടെ പ്രശംസ പിടിച്ചുപറ്റാൻ യുകെ ഫിലിം റിവ്യു തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ചിത്രത്തിന് സാധിച്ചു.

Malayalam Experimental Film Rotten Society Set for US OTT Release
റോട്ടൻ സൊസൈറ്റി (Special Arrangement)
സിനിമയിലെ ഏറ്റവും ശക്തമായ രൂപകം ഒരു കഥാപാത്രം ക്യാമറയെ 'ജീസസ്' എന്ന് വിളിക്കുന്നതാണ്. മനുഷ്യർക്ക് പരസ്പരം സത്യങ്ങൾ ഒളിച്ചുവെക്കാം, എന്നാൽ സർവസാക്ഷിയായ ദൈവത്തിൽ നിന്ന് ഒന്നും മറയ്ക്കാനാവില്ല. ഇവിടെ ക്യാമറ സമൂഹത്തിലെ നന്മകളെയും രാഷ്ട്രീയക്കാരുടെ ക്രൂരമായ കൊലപാതകങ്ങളെയും ഒരേപോലെ ഒപ്പിയെടുക്കുന്ന സർവസാക്ഷിയായ ദൈവമായി മാറുന്നു. ഇരുട്ടിലെ സത്യങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന, ഒടുവിൽ കുറ്റവാളികളുടെ വിധി നിർണയിക്കാൻ പോകുന്ന ഒരു ആത്യന്തിക നീതിപീഠമായിട്ടാണ് ആ കഥാപാത്രം ഈ ഡിജിറ്റൽ ഉപകരണത്തെ ആരാധിക്കുന്നത്.
Malayalam Experimental Film Rotten Society Set for US OTT Release
'റോട്ടൻ സൊസൈറ്റി'യില്‍നിന്ന് (Special Arrangement)

സമൂഹത്തിലെ ഏറ്റവും വലിയ അഴിമതികളും കപടമുഖങ്ങളും ക്യാമറയിൽ പകർത്തി ലോകത്തിന് കാട്ടിക്കൊടുക്കുന്നത് ഒരു ഭ്രാന്തൻ കഥാപാത്രമാണ്. ബുദ്ധിയുള്ള മനുഷ്യർ സ്വാർഥതയ്ക്കും അധികാരത്തിനും വേണ്ടി അന്ധരായി ജീവിക്കുമ്പോൾ, ഈ ഭ്രാന്തൻ ഒന്നിനെയും ഭയക്കാതെ സത്യത്തിൻ്റെ പ്രവാചകനായി മാറുന്നു എന്നത് വ്യവസ്ഥിതിക്ക് നേരെയുള്ള കനത്ത പരിഹാസമാണ്. ചത്തൊടുങ്ങുന്ന ജീവനുകളും അഴുകുന്ന വ്യവസ്ഥിതിയും സിനിമയുടെ പേരായ 'റോട്ടൻ സൊസൈറ്റി'യെ ദൃശ്യപരമായിത്തന്നെ പ്രതിഫലിപ്പിക്കുന്നു. അധികാരമുള്ളവർ സാധാരണക്കാരനെ ചൂഷണം ചെയ്ത് ഇല്ലാതാക്കുന്നതിനെയാണ് ഈ അഴുകലിൻ്റെ ദൃശ്യങ്ങൾ ഓർമിപ്പിക്കുന്നത്- സംവിധായകൻ തൻ്റെ സിനിമയെക്കുറിച്ച് വിശദീകരിച്ചു.

ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങൾക്കായി ആഗോളതലത്തിൽ ശ്രദ്ധേയരായ 'പി ഓ വി ഹൊറർ' പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നതോടെ, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളിലേക്ക് ഈ മലയാള പരീക്ഷണ ചിത്രം നേരിട്ടെത്തും. വലിയ താരനിരകളില്ലാതെ, ശക്തമായ പ്രമേയവും വേറിട്ട അവതരണ ശൈലിയും കൊണ്ട് അന്താരാഷ്ട്ര തലത്തിൽ മലയാളത്തിൻ്റെ പെരുമ ഉയർത്തിയ 'റോട്ടൻ സൊസൈറ്റി'ക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

Malayalam Experimental Film Rotten Society Set for US OTT Release
America Book of Records (Special Arrangement)

മലയാള സിനിമ ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ടെങ്കിലും, പരീക്ഷണ ചിത്രങ്ങൾക്കും സ്വതന്ത്ര സിനിമകൾക്കും ഇന്നും തിയേറ്ററുകളിലോ മുഖ്യധാര വിപണിയിലോ വലിയ പിന്തുണ ലഭിക്കാറില്ല. ഈയൊരു സാഹചര്യത്തിലാണ് 'റോട്ടൻ സൊസൈറ്റി'യുടെ വിജയം പ്രസക്തമാകുന്നത്. ശക്തമായ ഒരു ആശയവും വ്യത്യസ്തമായ ആഖ്യാന ശൈലിയും ഉണ്ടെങ്കിൽ ലോകസിനിമയുടെ നെറുകയിൽ മലയാളത്തിൻ്റെ പതാക പാറിക്കാൻ കഴിയുമെന്ന് ഈ ചിത്രം തെളിയിക്കുന്നു.

Also Read: 'കിരീടം' ഒരു നടൻ്റെ ജീവിതത്തിൽ അപൂർവമായി സംഭവിക്കുന്ന ചിത്രം; ഫോര്‍കെ പ്രീമിയറിന് ശേഷം വൈകാരികമായി പ്രതികരണവുമായി മോഹൻലാൽ