ETV Bharat / entertainment

ഒഎൻവി അല്ല ഷിബു എഴുതട്ടെ എന്ന് ജോഷി; 31 വർഷത്തിന് ശേഷം വിസ്മൃതിയിൽ നിന്ന് വീണ്ടെടുക്കപ്പെട്ട 'യവന കഥ'യെക്കുറിച്ച് ഷിബു ചക്രവര്‍ത്തി

എഴുതിയ വരികളിൽ ഒരു കവിതയുണ്ടെങ്കിൽ അതിൻ്റെ കാവ്യനീതി പോലെ വർഷങ്ങൾക്കുശേഷം യവന കഥയിൽ നിന്നു വന്ന ഇടയകന്യക കേരളം മുഴുവൻ ഏറ്റുപാടുന്നു

Lyricist Shibu Chakravarthy on the Unexpected Triumph of 'Yavana Kadhayile'
31 വർഷത്തിന് ശേഷം വിസ്മൃതിയിൽ നിന്ന് വീണ്ടെടുക്കപ്പെട്ട 'യവന കഥ'യെക്കുറിച്ച് ഷിബു ചക്രവര്‍ത്തി (Special Arrangement)
author img

By ETV Bharat Entertainment Team

Published : August 27, 2026 at 1:11 PM IST

5 Min Read
Choose ETV Bharat

അക്കി വിനായക്

ഒരു ഹിറ്റ് സിനിമയിലെ ഒരു സീനിൽ മാത്രം കടന്നുവന്നു പോകുന്ന ഒരു പഴയ മലയാള ഗാനത്തിന് കേരളക്കരയെ ഒന്നടങ്കം കീഴ്‌പ്പെടുത്താൻ സാധിക്കുമോ. സാധിക്കും. 1995ൽ പുറത്തിറങ്ങേണ്ടിയിരുന്ന അന്ന എന്ന സിനിമയിലെ 'യവന കഥയിലെ...' എന്ന് തുടങ്ങുന്ന ഗാനമാണ് ബെത്‌ലഹേം കുടുംബയൂണിറ്റ് എന്ന നിവിൻ പോളി ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കീഴടക്കുന്നത്. വിഖ്യാത സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ ഈണങ്ങളിൽ പിറന്ന ഗാനം. യേശുദാസിൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്, ഷിബു ചക്രവർത്തിയുടെ വരികൾ. ദാസേട്ടനോടൊപ്പം ചിത്രയും ചേർന്ന് ആലപിച്ച ഗാനം. നിർഭാഗ്യമെന്നു പറയട്ടെ ജോഷിയുടെ സംവിധാനത്തിൽ അരവിന്ദ് സ്വാമിയെ നായകനായി പുറത്തിറങ്ങേണ്ടിയിരുന്ന അന്ന എന്ന ചിത്രം വെളിച്ചം കണ്ടില്ല. ഓഡിയോ കാസറ്റുകളിലൂടെ അന്നയിലെ ഗാനങ്ങൾ പ്രശസ്തമായങ്കിലും കാലഘട്ടത്തിൻ്റെ മാറ്റം യവനകഥയിലെ എന്നു തുടങ്ങുന്ന ഗാനത്തെ വിസ്മൃതിയിലേക്ക് കൊണ്ടുപോയി. ഗാനം ബെത്‌ലഹേം കുടുംബയൂണിറ്റിലൂടെ വീണ്ടും ഒരു ഓർമപ്പെടുത്തൽ ആയപ്പോൾ ലഭിച്ചത് ഒരു പുതിയ സിനിമ ഗാനത്തിന് ലഭിക്കുന്ന സ്വീകാര്യതയെക്കാൾ പതിന്മടങ്ങ് പ്രേക്ഷക പിന്തുണ.


പ്രശസ്ത കഥാകൃത്ത് എൻ മോഹനൻ്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യാതിരുന്ന ചിത്രമായിരുന്നു അന്ന. അരവിന്ദ് സ്വാമിക്കൊപ്പം മീനയും പ്രധാന വേഷത്തിൽ. മികച്ച സാങ്കേതിക സംവിധാനത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം. ഔസേപ്പച്ചനും ഷിബു ചക്രവർത്തിക്കും ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഗാനം. ഗാനഗന്ധർവൻ യേശുദാസിന് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്ന ഗാനം. അന്നയുടെ റെക്കോർഡിങ് കഴിഞ്ഞശേഷം ഏഴു വർഷത്തോളം ഈ സിനിമയുടെ അവസ്ഥയെക്കുറിച്ച് ഔസേപ്പച്ചനോട് യേശുദാസ് നിരന്തരം തിരക്കുമായിരുന്നു. ഒരുപക്ഷേ സംവിധായകൻ ജോഷിയുടെ കൂടി ആത്മവിശ്വാസത്തിൻ്റെ ബലത്തിലാണ് ഷിബു ചക്രവർത്തി ഈ ഗാനം എഴുതാൻ സിനിമയുടെ ഭാഗമായത്. സംവിധായകൻ ജോഷിക്ക് ഏറെ വിശ്വാസമുള്ള ഗാനരചയിതാവ് ആയിരുന്നു ഷിബു ചക്രവർത്തി. പഴയ പാട്ടുകൾ പുതിയകാലത്ത് തരംഗമാക്കുന്നതിൽ ഔസേപ്പച്ചൻ്റെ ഈണങ്ങൾ മുൻപന്തിയിലാണ്. രേഖാചിത്രം എന്ന സിനിമയിലൂടെ ദേവദൂതർ പാടി എന്ന ഗാനം പുതിയ കാലഘട്ടത്തിൽ വമ്പൻ വൈറലായി. ഇതേ ഗാനം തന്നെ എന്നാത്താൻ കേസുകൊട് എന്ന ചിത്രത്തിലൂടെയും പുതിയ കാലഘട്ടത്തിൻ്റെ തരംഗമായി. ഗാനത്തിൻ്റെ വിശേഷങ്ങൾ പങ്കുവെച്ച് മലയാളത്തിൻ്റെ പ്രിയപ്പെട്ട ഗാനരചയിതാവ് ഷിബു ചക്രവർത്തി ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു.

Lyricist Shibu Chakravarthy on the Unexpected Triumph of 'Yavana Kadhayile'
അന്ന (Special Arrangement)
യവന കഥ തരംഗം അപ്രതീക്ഷിതം

യവന കഥയിൽ നിന്നു വന്ന ഇടയകന്യകേ. 31 വർഷം മുൻപ് പുറത്തിറങ്ങിയ ഈ ഗാനം തരംഗമാകുന്നതിൻ്റെ നെറുകയിലാണ് ഞാനിപ്പോൾ. കഴിഞ്ഞ മൂന്നുദിവസമായി ആ സന്തോഷം തുടരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രത്തിലെ ഒരു സീനിലോ മറ്റോ ആണ് യവന കഥ എന്ന ഗാനം വന്നു പോകുന്നത്. പക്ഷേ അത് ഒരു തരംഗമായി, അപ്രതീക്ഷിതം.

ഈയൊരു ഗാനം ജനങ്ങളുടെ ഹൃദയത്തിൽ എക്കാലവും ഇടം പിടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആഗ്രഹിച്ചിരുന്ന ഒരു കാര്യം സാധിച്ച ആത്മസംതൃപ്തിയിലാണ്. ഒരു തലമുറ മുൻപ് വരെ ഉള്ളവർക്ക് ഒരുപക്ഷേ ഈ ഗാനം സുപരിചിതമായിരിക്കും. നിർഭാഗ്യവശാൽ അന്ന എന്ന സിനിമ പുറത്തിറങ്ങിയില്ല. സിനിമയുടെ നിർഭാഗ്യം ഏതെങ്കിലും കാരണത്താൽ ഗാനത്തെയും ബാധിച്ചിട്ടുണ്ട്. എന്നെങ്കിലും ഈയൊരു ഗാനം ജനങ്ങൾ വേണ്ട രീതിയിൽ സ്വീകരിക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഞങ്ങൾ ഒരുപാട് നടത്തി. ഒടുവിൽ അർഹിച്ച അംഗീകാരം ലഭിച്ചു.

Lyricist Shibu Chakravarthy on the Unexpected Triumph of 'Yavana Kadhayile'
ഷിബു ചക്രവര്‍ത്തി (Special Arrangement)

ഇത് വിലമതിക്കാനാകാത്ത അംഗീകാരം

എഴുതിയ വരികളിൽ ഒരു കവിതയുണ്ടെങ്കിൽ അതിൻ്റെ കാവ്യനീതി പോലെ വർഷങ്ങൾക്കുശേഷം യവന കഥയിൽ നിന്നു വന്ന ഇടയകന്യക കേരളം മുഴുവൻ ഏറ്റുപാടുന്നു. ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം പുതിയ തലമുറയിലെ കുട്ടികളാണ് ഈ ഗാനം ഇപ്പോൾ ഏറെ ഇഷ്ടപ്പെടുന്നതും കേൾക്കുന്നതും പ്രചരിപ്പിക്കുന്നതും. 31 വർഷങ്ങൾ മുൻപ് പുറത്തിറങ്ങിയ ഗാനമാണ് ഇത്. ഇപ്പോൾ ഒരു 25- 28 വയസ്സുള്ളവർ ജനിച്ചിട്ട് പോലുമില്ല. അവരൊക്കെ ജനിക്കുന്നതിനു മുമ്പുള്ള ഒരു ഗാനം കേട്ട് ഇഷ്ടപ്പെട്ട് പുതിയ കാലഘട്ടത്തിൻ്റെ ഭാഗമാക്കുക. അത് വിലമതിക്കാനാകാത്ത അംഗീകാരം തന്നെയാണ്. 70കളിലും 80കളിലും ഒക്കെ ജനിച്ചവർക്ക് യവന കഥ പ്രിയപ്പെട്ട ഒരു ഗാനം തന്നെയാണ്. അവർ ഈ ഗാനം ഇപ്പോഴും ഹൃദയത്തിൻ്റെ ഒരു ഭാഗത്ത് സൂക്ഷിക്കുന്നുമുണ്ട്. ഇന്നത്തെ തലമുറയിലുള്ളവർക്കിടയിലേക്ക് ഗാനത്തെ കൊണ്ട് ചെന്നെത്തിക്കാൻ ബെത്‌ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയുടെ സാങ്കേതിക പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

Lyricist Shibu Chakravarthy on the Unexpected Triumph of 'Yavana Kadhayile'
ഷിബു ചക്രവര്‍ത്തി, ജോഷി (Special Arrangement)
ജോഷി -ഷിബു ചക്രവർത്തി ആത്മബന്ധംജോഷി സാറിന് ഷിബു ചക്രവർത്തി എന്ന ഗാനരചയിതാവ് എക്കാലത്തും പ്രിയപ്പെട്ടവൻ തന്നെയായിരുന്നു. അതിൽ യാതൊരു സംശയവും വേണ്ട. എൻ മോഹനൻ എന്ന വിഖ്യാത എഴുത്തുകാരനാണ് അന്ന എന്ന സിനിമയുടെ തിരക്കഥാകൃത്ത്. അദ്ദേഹം ഒരേയൊരു നിബന്ധന മാത്രമാണ് സംവിധായകൻ ജോഷി സാറിനോട് മുന്നോട്ടുവച്ചത്. ഈ സിനിമയിലെ ഗാനങ്ങൾ ഒഎൻ വി കുറുപ്പ് സാർ തന്നെ എഴുതണം. ആ ഒരു ആവശ്യത്തോട് എനിക്കും യോജിപ്പുണ്ടായിരുന്നു, ഒഎൻവി സർ എഴുതട്ടെ. ഏതെങ്കിലും രീതിയിൽ ഞാനും ഈ സിനിമയുടെ ഭാഗമാണല്ലോ എനിക്ക് അതിൽ സന്തോഷമേയുള്ളൂ. എൻ്റെ ഗുരുതുല്യനായ മനുഷ്യനാണല്ലോ ഒഎൻവി സർ. പക്ഷേ ആ കാര്യത്തോട് ജോഷി സാറിന് ഒരിക്കലും യോജിക്കാനായില്ല. അദ്ദേഹം കർക്കശമായി പറഞ്ഞു, ഈ സിനിമയിലെ ഗാനങ്ങൾ ഷിബു തന്നെ എഴുതും. സംവിധായകൻ ജോഷി സാറിൻ്റെ തീരുമാനത്തിന് മുന്നിൽ ആത്മബന്ധം മാത്രമാണ് അടിസ്ഥാനം. ഒരിക്കലും ഒഎൻവി കുറുപ്പ് സാറിനേക്കാൾ മഹത്വമുള്ളവനല്ല ഞാൻ.

ഷിബു ചക്രവർത്തി എന്ന എന്നോട് ജോഷി സാറിനുള്ള സ്നേഹത്തിൻ്റെ പ്രതിഫലനമായിരുന്നു ആ തീരുമാനം. അങ്ങനെയൊരു തീരുമാനത്തെ എഴുത്തിൻ്റെ ഗുണനിലവാരവുമായി ബന്ധപ്പെടുത്തി സംസാരിക്കാനും ആഗ്രഹിക്കുന്നില്ല. പക്ഷേ ജോഷി സാറിൻ്റെ ആ ഒരു തീരുമാനം എൻ്റെ മുന്നിൽ വലിയൊരു റെസ്പോൺസിബിലിറ്റിയുടെ കോട്ടയാണ് സൃഷ്ടിച്ചത്. ഒഎൻവി സാർ എഴുതുന്ന പാട്ടിൻ്റെ ഒരംശമെങ്കിലും ഗുണനിലവാരമുള്ള വരികൾ എന്നിൽ നിന്ന് സംഭവിക്കണം. അങ്ങനെയൊരു കാര്യത്തിൽ ഞാൻ ബാധ്യസ്ഥൻ ആവുകയായിരുന്നു. ഒരുപക്ഷേ അങ്ങനെ ഒരു ബാധ്യത മുന്നിൽ വന്നതുകൊണ്ട് ആകണം അന്ന എന്ന സിനിമയിലെ പാട്ടുകൾ എൻ്റെ കരിയറിലെ ഏറ്റവും മികച്ച സൃഷ്ടികളായി സ്വയം കണക്കാക്കുന്നു.

Lyricist Shibu Chakravarthy on the Unexpected Triumph of 'Yavana Kadhayile'
ഷിബു ചക്രവര്‍ത്തി, ജോഷി (Special Arrangement)
യവന കഥ... എന്ന ആദ്യ വരിയുടെ ജനനം

മറ്റൊരു ഗാനം കമ്പോസ് ചെയ്തിട്ട് അത് പോരാ എന്നുള്ള എൻ്റെ വാശിയുടെ പുറത്താണ് ഈയൊരു ഗാനം എഴുതുന്നത്. ഔസേപ്പച്ചൻ അടക്കമുള്ള സംഗീതസംവിധായകർ ഒരു ട്യൂൺ നമ്മുടെ മുന്നിലേക്ക് വയ്ക്കുമ്പോൾ മനസ്സിൽ സ്ട്രൈക്ക് ചെയ്യുന്ന ആദ്യത്തെ വാക്ക്... അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. ആദ്യത്തെ വാക്കിൽ നിന്നാകും ആദ്യത്തെ വരികൾ സംഭവിക്കുക.

ഔസേപ്പച്ചനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻ്റെ ട്യൂണിനു മുകളിൽ എനിക്ക് വരികൾ എഴുതാൻ കുറച്ചുകൂടി എളുപ്പമാണ്. അങ്ങനെ സംഭവിക്കാറുണ്ട്. അരവിന്ദ് സ്വാമിക്ക് വേണ്ടിയോ മോഹൻലാലിന് വേണ്ടിയോ മമ്മൂട്ടിക്ക് വേണ്ടിയോ നമ്മൾ പാട്ട് എഴുതുമ്പോഴും ആ പാട്ടിനു മുകളിൽ ഒരു പക്ഷേ നമ്മൾ നമ്മളെ തന്നെയാണ് മറ്റൊരു രൂപത്തിൽ മുന്നിൽ കാണുന്നത്. യവന കഥയിൽ നിന്നു വന്ന ഇടയകന്യക എന്ന് എഴുതാൻ മറ്റൊരു കാരണം കൂടിയുണ്ട്. എൻ്റെ ചിരകാല ഇഷ്ടം ആയിട്ടുള്ള 'യവന സുന്ദരി സ്വീകരിക്കുകീ...' എന്നൊരു ഗാനം തന്നെയാണ്. വർഷങ്ങളായി മനസ്സിൽ കോറിയിട്ട പോലെ കിടക്കുന്ന ഗാനം. ഒരുപക്ഷേ ആ ഗാനത്തിൻ്റെ ഇഷ്ടത്തിൽ നിന്ന് ജനിച്ചതാകാം യവന കഥ... എന്ന് തുടങ്ങുന്ന വരികൾ. അത് നേരിട്ടോ അല്ലാതെയോ സംഭവിച്ചതാകാം. ഓരോ പാട്ടിൻ്റെയും വരികളുടെ ജനനത്തിന് പിന്നിലെ കൃത്യമായ ഒരു കാരണം ഒരിക്കലും പറയാൻ സാധിക്കില്ല. എന്ത് വികാരത്തിൻ്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വരികൾ മനസ്സിൽ തോന്നിയത് എന്ന് ചോദിച്ചാൽ ഉത്തരം പറയാനാകാതെ ഞാൻ ബുദ്ധിമുട്ടും. അതങ്ങനെ തോന്നി എഴുതി.

Also Read: മുണ്ടൂരി വരൻ, അമ്പരന്ന് വധു! എയറിൽ പറന്ന് ഡംബലും കോടാലിയും; ധൂമകേതു വരുന്നു