'കിരീടം' ഒരു നടൻ്റെ ജീവിതത്തിൽ അപൂർവമായി സംഭവിക്കുന്ന ചിത്രം; ഫോര്‍കെ പ്രീമിയറിന് ശേഷം വൈകാരികമായി പ്രതികരണവുമായി മോഹൻലാൽ
48 വർഷത്തെ സിനിമാജീവിതത്തിൽ എടുത്തു പറയേണ്ട സിനിമകളിൽ ഒന്നാണ് കിരീടം എന്ന് മോഹൻലാൽ

By ETV Bharat Entertainment Team
Published : July 8, 2026 at 6:41 PM IST
ഒരു അഭിനേതാവിൻ്റെ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കുന്ന സിനിമകളിൽ ഒന്നാണ് കിരീടം എന്ന് നടൻ മോഹൻലാൽ. കഴിഞ്ഞദിവസം കിരീടം സിനിമയുടെ ഫോര്‍കെ ഡിജിറ്റൽ പ്രീമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ ഫോറം മാളിൽ ഇന്നലെയാണ് കിരീടത്തിൻ്റെ പ്രീമിയർ സംഘടിപ്പിച്ചത്. സംവിധായകൻ സിബി മലയിൽ, നടൻ മോഹൻലാൽ, നിർമ്മാതാവ് ദിനേശ് പണിക്കർ അടക്കമുള്ളവർ ചിത്രത്തിൻ്റെ പോർക്ക് ഡിജിറ്റൽ പ്രീമിയർ ഷോ കാണാൻ സന്നിഹിതരായി.
48 വർഷത്തെ സിനിമാജീവിതത്തിൽ എടുത്തു പറയേണ്ട സിനിമകളിൽ ഒന്നാണ് കിരീടം എന്ന് മോഹൻലാൽ ഷോ കഴിഞ്ഞശേഷം പ്രതികരിച്ചു. തൻ്റെ കരിയറിൽ ആദ്യമായി ഒരു ദേശീയ പുരസ്കാരം നേടിത്തന്ന ചിത്രം കൂടിയാണ് കിരീടം. ചിത്രത്തിൻ്റെ പുതിയ ഡിജിറ്റൽ പതിപ്പ് കണ്ടപ്പോൾ സന്തോഷവും, അന്ന് സിനിമയിൽ പ്രവർത്തിച്ച ലോഹിതദാസ് അടക്കമുള്ളവരുടെ വിയോഗം മനസ്സിൽ വിങ്ങലും സമ്മാനിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
കിരീടം സിനിമ ഇപ്പോൾ തിയേറ്ററിൽ കണ്ടുകൊണ്ടിരുന്നപ്പോൾ 37 വർഷം താൻ അറിയാതെ പിന്നിലേക്ക് സഞ്ചരിച്ചു എന്നും അദ്ദേഹം പറഞ്ഞു. പ്രതിഭകളുടെ ഒരു സംഗമം ആയിരുന്നു കിരീടം സിനിമ എന്നും അദ്ദേഹം വ്യക്തമാക്കി. കിരീടം പോലെയുള്ള സിനിമകൾ സൃഷ്ടിച്ച പ്രതിഭകളുടെ വിയോഗം മലയാള സിനിമയുടെ നഷ്ടമാണ്. 37 വർഷങ്ങൾക്ക് മുൻപത്തെ സാങ്കേതിക പരിമിതിയിൽ കിരീടം പോലൊരു ചിത്രം ഒരുക്കാൻ സാധിച്ചത് വലിയ കാര്യമാണ്. ഇന്നാണ് കിരീടം സംഭവിച്ചിരുന്നത് എങ്കിൽ സാങ്കേതികപരമായി ചിത്രം ഒരുപാട് മുകളിൽനിന്നേനെ. കിരീടത്തിൻ്റെ ആശയം പുതിയകാലത്തും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യമികവും സാങ്കേതികമികവും വീണ്ടെടുത്ത് കിരീടം സിനിമ ഫോര്‍കെ ഡിജിറ്റൽ പതിപ്പ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ മുൻകൈയെടുത്ത നാഷണൽ ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷനും മറ്റുള്ളവർക്കും മോഹൻലാൽ നന്ദി രേഖപ്പെടുത്തി. കിരീടം എപ്പോൾ കണ്ടാലും താൻ വല്ലാതെ ഇമോഷണൽ ആകുമെന്നും, പ്രിവ്യൂ ഷോയുടെ ഇൻ്റര്‍വെലിനു ശേഷമാണ് തിയേറ്ററിൽ എത്താൻ സാധിച്ചതെങ്കിലും സിനിമ കണ്ടു തുടങ്ങിയപ്പോൾ കണ്ണുനിറഞ്ഞുവെന്നും മോഹൻലാൽ വേദിയിൽ പറഞ്ഞു.


