ബെത്‌ലഹേം കുടുംബയൂണിറ്റ് ഓർഗാനിക് ആയി സംഭവിച്ച തിരക്കഥ; കൈയടിക്ക് വേണ്ടി എഴുതിയതല്ല
'ബെത്ലഹേം കുടുംബയൂണിറ്റ്' ചിത്രത്തിൻ്റെ വിശേഷങ്ങളും തിരക്കഥാ അനുഭവങ്ങളും പങ്കുവെച്ച് തിരക്കഥാകൃത്ത് കിരൺ ജോസി

By ETV Bharat Entertainment Team
Published : September 2, 2026 at 2:54 PM IST
അക്കി വിനായക്
ഒരു സിനിമ തിയേറ്ററുകളിൽ വലിയ വിജയമാകുന്നതിനപ്പുറം പ്രേക്ഷകരെ പൂർണമായും സംതൃപ്തിപ്പെടുത്തുക എന്നത് അപൂർവമായ ഒരു അനുഭവമാണ്. അത്തരത്തിൽ റിലീസ് ചെയ്ത നാൾ മുതൽ പ്രേക്ഷകരുടെ പ്രശംസനേടി തിയേറ്ററുകളിൽ മുന്നേറുകയാണ് ഗിരീഷ് എ ഡി - നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങിയ 'ബെത്ലഹേം കുടുംബയൂണിറ്റ്'. ചിത്രത്തിൻ്റെ വിശേഷങ്ങളും തിരക്കഥാ അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് തിരക്കഥാകൃത്ത് കിരൺ ജോസി ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു.
ബെത്ലഹേം കുടുംബയൂണിറ്റ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ വിജയത്തിൽ എന്താണ് പറയാനുള്ളത്?
സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ആദ്യമേ തന്നെ എല്ലാവർക്കും നന്ദി അറിയിക്കുന്നു. കഴിഞ്ഞ ഒരു നാലഞ്ചു വർഷമായി സംവിധായകൻ ഗിരീഷ് എ ഡി യുമായി നല്ല സൗഹൃദമുണ്ട്. പരിചയപ്പെട്ട കാലം മുതൽക്ക് തന്നെ അദ്ദേഹം ഈ സിനിമയുടെ ആശയം എന്നോട് ചർച്ച ചെയ്തിരുന്നു. അന്ന് സിനിമയുടെ തിരക്കഥ രൂപം പ്രാപിച്ചിട്ടുണ്ടായിരുന്നില്ല, കൃത്യമായ ഒരു ക്ലൈമാക്സിലും എത്തിയിരുന്നില്ല. എന്നാൽ ആശയം കേട്ടപ്പോൾ ഇതിൽ ഒരു നല്ല സിനിമയ്ക്കുള്ള സാധ്യതകൾ ഉണ്ടെന്ന് എനിക്ക് തോന്നി. പിന്നീട് 'പ്രേമലു' രണ്ടാം ഭാഗത്തിൻ്റെ ജോലികൾ പകുതി വഴിയിൽ നിന്നപ്പോഴാണ് ഗിരീഷേട്ടൻ ഈ പ്രോജക്റ്റിലേക്ക് ഗൗരവമായി തിരിഞ്ഞത്. നിവിൻ പോളിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ഞങ്ങൾ പെട്ടെന്ന് തന്നെ എഴുത്തിലേക്ക് കടക്കുകയുമായിരുന്നു. ഒരുമിച്ച് എഴുതിയാലോ എന്ന് ഗിരീഷേട്ടൻ ചോദിച്ചു. അങ്ങനെയാണ് ഞാൻ ഒഫീഷ്യലായി ഈ സിനിമയുടെ ഭാഗമാകുന്നത്.
ഗിരീഷ് എഡിയുമായുള്ള സൗഹൃദം പ്രൊഫഷണൽ തലത്തിലേക്ക് മാറിയത് എങ്ങനെയാണ്?
ഗിരീഷേട്ടൻ്റെ മുൻപ് ചെയ്ത ഷോർട്ട് ഫിലിമുകളായ 'മൂക്കുത്തി', 'വിശുദ്ധ ആംബ്രോസ്' ഒക്കെ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ഞാൻ തുടക്കത്തിൽ ചെയ്ത 'ദൂരെ' എന്ന ഷോർട്ട് ഫിലിം ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ അദ്ദേഹത്തിന് അയച്ചുകൊടുത്തതോടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. കൊവിഡ് കാലത്താണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാകുന്നത്. അപ്പോഴേക്കും തണ്ണീർ മത്തന്‍ ദിനങ്ങൾ റിലീസ് ചെയ്തിരുന്നു. പിന്നീട് അതൊരു പ്രൊഫഷണൽ ബന്ധത്തിലേക്ക് വളർന്നു. ഗിരീഷ് ചേട്ടനോടൊപ്പം മുൻപ് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ളതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ സിനിമകളുടെ റൈറ്റിംഗ് പ്രോസസ് എന്താണെന്ന് എനിക്കറിയാം. അദ്ദേഹത്തോടൊപ്പം സിനിമകൾ എഴുതുന്നത് വളരെ ആസ്വാദ്യകരമായ കാര്യമാണ്. നമ്മൾ ഇഷ്ടപ്പെടുന്ന ജോലി സന്തോഷത്തോടെ ചെയ്യുക എന്നൊക്കെ പറയും പോലെയാണത്.
ഈ സിനിമ അടിമുടി പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തിയത് എങ്ങനെ കാണുന്നു?
ഒരു ആശയത്തെ അടിസ്ഥാനമാക്കി എഴുതുമ്പോൾ ആ രംഗങ്ങൾ നമ്മളുമായി കണക്ട് ആകുന്നുണ്ടോ എന്നാണ് ആദ്യം നോക്കുന്നത്. ഞങ്ങളും സാധാരണക്കാരാണ്; ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നവർ. ഒരു വലിയ വിഭാഗം ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് ഞങ്ങൾ എന്ന് വിശ്വസിക്കുന്നു. ഞങ്ങൾക്ക് കഥാപാത്രങ്ങളോടും പശ്ചാത്തലത്തോടും കണക്ഷൻ സൃഷ്ടിക്കാൻ കഴിഞ്ഞാൽ ജനങ്ങൾക്കും സിനിമ എളുപ്പം റിലേറ്റ് ചെയ്യാൻ സാധിക്കും. തിയേറ്ററിൽ കൈയടി കിട്ടണം എന്ന കണക്കുകൂട്ടലിൽ അല്ല, കഥയുടെയും കഥാപാത്രങ്ങളുടെയും യാത്രക്കൊപ്പം സഞ്ചരിക്കുകയാണ് ഞങ്ങൾ ചെയ്തത്. വളരെ ഓർഗാനിക്കായി സംഭവിച്ച ഒന്നാണ് ഇതിൻ്റെ തിരക്കഥ.

ഒരു സീനിൽ നിന്ന് അടുത്ത സീനിലേക്ക് എത്തുമ്പോൾ തിരക്കഥയിൽ എന്ത് രീതിയിലുള്ള പ്ലാനിങ്ങാണ് നടത്തിയിരുന്നത്?
എല്ലാ സീനിനെക്കുറിച്ചും കൃത്യമായ മുൻധാരണയോടെ ആയിരിക്കില്ല ചിലപ്പോൾ എഴുതി തുടങ്ങുന്നത്. എന്നാൽ സിനിമയുടെ തുടക്കത്തെയും അവസാനത്തെയും പറ്റി വ്യക്തമായ ഒരു ബ്ലൂപ്രിൻ്റ് ഞങ്ങളുടെ കൈയിലുണ്ടാകും. ജസ്റ്റിൻ്റെയും ആഷ്‌ലിയുടെയും പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. ഇവരുടെ പ്രണയം സഫലമാകുമോ, പിരിയുമോ, അതോ വീണ്ടും ഒന്നിക്കുമോ എന്നൊക്കെയുള്ള തീരുമാനം ആദ്യമേ എടുത്തിരുന്നു. ഏത് സാഹചര്യത്തിലാണ് ആഷ്‌ലിക്ക് ജസ്റ്റിനോട് ഇഷ്ടം തോന്നുന്നത്, എപ്പോഴാണ് തിരിച്ച് ഇഷ്ടം തോന്നുന്നത് എന്നതൊക്കെ ആദ്യമേ പ്ലാൻ ചെയ്യണം. ഏതൊക്കെ കഥാപാത്രങ്ങൾ എപ്പോഴൊക്കെ കടന്നുവരണം എന്നൊക്കെ ധാരണ സൃഷ്ടിക്കും. ശേഷമാണ് ഡ്രാഫ്റ്റിംഗ് എന്ന പ്രോസസിലേക്ക് കടക്കുന്നത്.
കോമഡി രംഗങ്ങൾ എഴുതുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?
ഒരു പരിധിവരെ നമ്മുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളെ വിശ്വസിച്ചു മുന്നോട്ടു പോവുക എന്നതാണ് കോമഡി എഴുതുമ്പോൾ ചെയ്യുന്ന രീതി. ഒരു ഡയലോഗ് എഴുതുമ്പോൾ അത് കേട്ടിട്ട് നമുക്ക് ചിരി വരുന്നുണ്ടോ എന്ന് ആദ്യം നോക്കും. അത് പിന്നീട് ചളിയായി പോയോ എന്ന് തിരിച്ചും മറിച്ചും ചിന്തിക്കും. നമ്മുടെ സർക്കിളിലുള്ള വ്യക്തികളോടോ അഭിനേതാക്കളോടോ സീൻ വായിച്ചു കേൾപ്പിക്കുന്ന സമയത്ത് നമുക്ക് ലഭിച്ച ചിരി അവർക്കും കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കും. കിട്ടിയില്ലെങ്കിൽ അത് ഒഴിവാക്കും. നമ്മൾ സീൻ വായിച്ചു കേൾപ്പിക്കുന്ന വ്യക്തികൾ ലൈറ്റ് മൈൻഡ്ഡും ജഡ്ജ്മെൻ്റ് ഉള്ളവരും ആണെന്ന് ഉറപ്പാക്കണം. നമ്മൾ ചിരിച്ചതൊക്കെ അവരും ചിരിക്കുകയാണെങ്കിൽ ആ സീൻ വർക്ക് ഔട്ട് ആയി എന്ന് ഉറപ്പിക്കാം. വലിയ കോമഡിയാണെന്ന് കരുതി എഴുതിവയ്ക്കുന്ന കാര്യങ്ങൾ ചിലപ്പോൾ പ്രേക്ഷകർക്ക് കണക്ട് ആയി എന്ന് വരില്ല. സ്വന്തം കാഴ്ചപ്പാടുകളുടെയും വിശ്വാസത്തിൻ്റെയും അടിസ്ഥാനത്തിലാണ് കോമഡി എഴുതുന്നത്. സിനിമ കണ്ട് പ്രേക്ഷകർ ചിരിച്ചെങ്കിൽ നമ്മുടെ കാഴ്ചപ്പാടുകൾ കറക്റ്റ് ആണെന്ന് മനസ്സിലാക്കാം.
ക്ലൈമാക്സിലെ ചാക്യാർകൂത്തും ഫൈറ്റും പോലുള്ള രംഗങ്ങൾ ഒരുക്കിയ റിസ്ക് എന്തായിരുന്നു?
ക്ലൈമാക്സിലെ നിർണായകമായ രംഗം. ശ്യാം മോഹൻ അവതരിപ്പിച്ച ചാക്യാർകൂത്തും, ഫൈറ്റും. ഈ സിനിമയുടെ ക്ലൈമാക്സ് അപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ധാരണയുണ്ടായിരുന്നു. കുടുംബയൂണിറ്റ് സംഗമം. അവിടെ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിക്കുമെന്നതിനെക്കുറിച്ചും ഞങ്ങൾ ചിന്തിച്ചു. ക്ലൈമാക്സ് ഒരുപാട് സീരിയസ് ആയി പോകാനും പാടില്ല. പ്രേക്ഷകർക്ക് ചിരി കിട്ടുകയും വേണം എന്നാൽ ഇമോഷൻ കൃത്യമായി അവതരിപ്പിക്കുകയും വേണം. അങ്ങനെയാണ് ഹരിയുടെ ചാക്യാർകൂത്തും ബാധ കൂടുന്നതും ഒക്കെ കൊണ്ടുവരാം എന്ന് തീരുമാനിച്ചത്. അതൊരു റിസ്ക് അല്ലേ എന്ന് ചോദിച്ചാൽ.. അത് ഓക്കെ ആയിരിക്കുമെന്ന് മനസ്സു പറഞ്ഞു. കോമഡിയുടെ കാര്യത്തിൽ പറഞ്ഞതുപോലെ എല്ലാം ഒരു ഗഡ് ഫീലിംഗ് ആണ്. ഇത് പ്രേക്ഷകർക്ക് കണക്ട് ആകും എന്നൊരു ശുഭപ്രതീക്ഷ. വളരെ മനോഹരമായി ക്ലൈമാക്സ് രംഗം ഗിരീഷേട്ടൻ ആവിഷ്കരിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ പ്രകടനവും എടുത്തുപറയേണ്ടത് തന്നെ. ശ്യാം വളരെ കൺവിൻസിങ് ആയി കഥാപാത്രത്തെ അവിടെ അവതരിപ്പിച്ചു. അതൊരു വലിയ ഇമ്പോർട്ടൻ്റ് ഘടകം ആയിരുന്നു. പ്രേക്ഷകർക്ക് ഇത്തരം എക്സെൻട്രിക്കായ കാര്യങ്ങൾ കാണാൻ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്.
ലൊക്കേഷനിലെ അനുഭവങ്ങളും അഭിനേതാക്കളുടെ ഇമ്പ്രവൈസേഷനും എങ്ങനെയുണ്ടായിരുന്നു?
വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഞാൻ ലൊക്കേഷൻ സന്ദർശിച്ചിട്ടുള്ളത്. എങ്കിലും അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ ഗിരീഷേട്ടൻ പറയാറുണ്ട്. ആർട്ടിസ്റ്റിൻ്റെ ഇമ്പ്രവൈസേഷനെക്കുറിച്ചൊക്കെ പറയുമ്പോൾ എടുത്തുപറയേണ്ടത് സുരേഷ് കൃഷ്ണ ചേട്ടനെക്കുറിച്ചാണ്. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കൗണ്ടറുകൾ ആണ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും ലഭിക്കുക. സിനിമയിൽ അദ്ദേഹത്തിൻ്റെ കഥാപാത്രം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്.
പഴയ സിനിമകളിലെ റഫറൻസുകളും ട്രോളുകളും ഈ സിനിമയിൽ എങ്ങനെയാണ് ഉൾപ്പെടുത്തിയത്?
നിത്യജീവിതത്തിൽ എടുത്ത് പ്രയോഗിക്കുന്ന പഴയ സിനിമാ ഡയലോഗുകൾ മനഃപൂർവം കുത്തിക്കയറ്റാൻ ശ്രമിച്ചിട്ടില്ല. മറ്റു സിനിമകളുടെ റഫറൻസുകൾ എഴുത്തിൻ്റെ ഘട്ടത്തിൽ നൈസർഗികമായി കടന്നുവന്നതാണ്. കുറെയധികം റഫറൻസുകൾ എടുത്തു കൂട്ടി ഉപയോഗിക്കാമെന്ന് ഞങ്ങൾ ചിന്തിച്ചിട്ടേയില്ല.
സംഗീത് പ്രതാപ് ഒരു ഫിലിം മേക്കറുടെ റോൾ ആണ് ബെത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. തലയിൽ കെട്ട് ഒക്കെയായി മോണിറ്ററിന് പിന്നിൽ കഥാപാത്രം ഇരിക്കുന്നു. ഇടക്കാലത്ത് ഒട്ടേറെ ട്രോളുകളിൽ നിറഞ്ഞ സിനിമയാണ് പൃഥ്വിരാജിൻ്റെ ഹീറോ. അതിൽ അഭിനയിച്ച ഒട്ടേറെ കഥാപാത്രങ്ങളുടെ ഡയലോഗുകൾ ട്രോളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു. തലൈവാസൽ വിജയുടെ സ്റ്റണ്ട് മാസ്റ്റർ കഥാപാത്രം ആക്ഷൻ വിളിക്കുന്നതിന് പകരം അയ്യപ്പ എന്നാണ് പറയുന്നത്. അത് വലിയ ട്രോൾ ആയിരുന്നു. സംഗീത് ഈ സിനിമയിൽ അവതരിപ്പിച്ച ഫിലിം മേക്കർ കഥാപാത്രം ആക്ഷൻ എന്ന് വിളിക്കുന്നതിന് പകരം അയ്യപ്പ എന്ന് വിളിച്ചാൽ നന്നായിരിക്കും എന്ന് തോന്നി. അവിടെ ഒരു ചിരി കിട്ടും. അതുപോലെതന്നെ സുരേഷ് കൃഷ്ണ ചേട്ടൻ്റെ കോളജ് ഫൈറ്റ് സീൻ. ആ കഥാപാത്രം അവിടെ എന്തൊക്കെയായിരിക്കും ചെയ്യുക എന്ന് എഴുതുന്ന സമയത്ത് നമ്മൾ ഇരുത്തി ചിന്തിക്കും. അങ്ങനെയാണ് തുടരുമെന്ന സിനിമയിലെ ലാലേട്ടൻ്റെ വൈറൽ ചാട്ടം അവിടെ ചെയ്യാമെന്ന് തീരുമാനിച്ചത്. സുരേഷേട്ടനും അങ്ങനെ ചാടട്ടെ.

ഒരേ സംവിധായകൻ്റെ ചിത്രങ്ങളിൽ കഥാപാത്രങ്ങളുടെ ആവർത്തനം ഉണ്ടാകാതിരിക്കാൻ എത്രത്തോളം ശ്രദ്ധിച്ചിരുന്നു?
'ബെത്ലഹേം കുടുംബയൂണിറ്റ്' എന്ന സിനിമയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾക്ക് അനുസരിച്ചാണ് മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ആവർത്തനം സംഭവിക്കില്ല. ഉദാഹരണത്തിന്, 'പ്രേമലു' സിനിമയിൽ മമിത അവതരിപ്പിച്ച റീനു എന്ന കഥാപാത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണ് ആഷ്‌ലി. രണ്ടും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്. അതുകൊണ്ടുതന്നെ ഒരേ വ്യക്തി തന്നെ തുടർച്ചയായി സിനിമകളുടെ ഭാഗമായപ്പോൾ കഴിഞ്ഞ കഥാപാത്രത്തിൻ്റെ ബാക്കി പത്രങ്ങൾ പുതിയ കഥാപാത്രത്തിൽ പ്രതിഫലിക്കും എന്ന ഭയം ഉണ്ടായിരുന്നില്ല. നിവിൻ പോളിയായാലും മമിതയായാലും വളരെയധികം റേയ്ഞ്ചുള്ള ആക്ടേഴ്സ് ആണ്. അവർക്ക് ഓരോ കഥാപാത്രത്തെയും ഏതുരീതിയിൽ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാം. എഴുതുന്ന സമയത്ത് ഞങ്ങളും എൻജോയ് ചെയ്താണ് ഓരോ സീനും പൂർത്തിയാക്കിയത്.

എഴുതുന്ന സമയത്ത് തന്നെ ഞങ്ങളും ചിരിക്കുന്നുണ്ട്. നല്ല മൊമെൻ്റ് എഴുതുമ്പോൾ അത് ഞങ്ങളും ഫീൽ ചെയ്യും. എഴുതുന്നതിൽ ഏത് സീൻ ആയിരിക്കും ആൾക്കാർ കൂടുതൽ ഏറ്റെടുക്കുക എന്നൊന്നും അപ്പോൾ തിരിച്ചറിയാൻ സാധിക്കില്ല. കാരണം മികച്ചതെന്ന് തോന്നിയാൽ മാത്രമേ ഒരു കാര്യം പേപ്പറിൽ രേഖപ്പെടുത്താറുള്ളൂ. എഴുതുന്നതിൽ ഭൂരിഭാഗം കാര്യങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നു. ചില കാര്യങ്ങൾ കുറച്ചു കൂടുതൽ ഇഷ്ടപ്പെടും ചില കാര്യങ്ങൾ കുറച്ച് ഇഷ്ടപ്പെടും. ഏതാണത് ഏതാണ് ഇത് എന്ന് പറയാൻ സാധിക്കില്ല. അതുപോലെതന്നെ അഭിനേതാക്കളുടെ പ്രകടനം അക്ഷരങ്ങളുടെ പത്തു മടങ്ങ് മുകളിൽ നിൽക്കും. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം നിവിൻ പോളിയെ പോലുള്ള ആർട്ടിസ്റ്റുകൾ നമുക്ക് ഔട്ട്പുട്ട് നൽകും. ഉദാഹരണത്തിന് കോളജിൽ വച്ച് മമിതയുടെ കഥാപാത്രം നിവിൻപോളിയുടെ കഥാപാത്രത്തെ നുള്ളുന്ന രംഗം. അതങ്ങനെ എഴുതാം. ഫീൽ ചെയ്യാം. പക്ഷേ അവരുടെ പ്രകടനം കൊണ്ട് ആ രംഗം എത്രയോ മുകളിൽ പോയി.
'പ്രേമലു 2' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അതിനെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയുന്നതിൽ ഞാൻ ആളല്ല. എന്തായാലും ഒന്നു പറയാം; 'പ്രേമലു' രണ്ടാം ഭാഗം തൽക്കാലം നടക്കാൻ സാധ്യതയില്ല. നമുക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ആ സിനിമയുടെ തിരക്കഥ എഴുതി പൂർത്തിയാക്കിയതാണ്. സോഷ്യൽ മീഡിയയിൽ സംഭവിക്കുന്ന വിവാദങ്ങളെക്കുറിച്ച് ഇനി ചർച്ച ചെയ്തിട്ട് കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഈ പോയിൻ്റിൽ ആ പടം ഇല്ല എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. കൂടുതൽ ആധികാരികമായി അതിനെക്കുറിച്ച് സംവിധായകനാണ് പറയേണ്ടത്. തിരക്കഥ പൂർത്തിയാക്കി പ്രീ-പ്രൊഡക്ഷൻ ആരംഭിച്ച ശേഷമാണ് സിനിമ മുന്നോട്ടുപോകാത്ത ഒരു അവസ്ഥ ഉണ്ടായത്.
അടുത്തതായി എന്തൊക്കെയാണ് പുതിയ പ്രോജക്ടുകൾ?
ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ ഇപ്പോൾ. അതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻതന്നെ ഉണ്ടാകും.

