ETV Bharat / entertainment

പേടിപ്പിക്കാൻ മാത്രമല്ല, ഞെട്ടിക്കാനും! 'കറക്കം' വിശേഷങ്ങളുമായി സംവിധായകൻ സുഭാഷ് ലളിത സുബ്രഹ്മണ്യൻ, ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ് അഭിമുഖം

"കറക്കം’' സിനിമയുടെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവച്ച് സംവിധായകൻ സുഭാഷ് ലളിത സുബ്രഹ്മണ്യൻ.

SUBHASH LALITHA SUBRAMANIAN  KARAKKAM MOVIE  MALAYALAM HORROR MOVIE  ENTERTAINMENT NEWS
Subhash Lalitha Subramanian interview (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2026 at 2:46 PM IST

9 Min Read
Choose ETV Bharat

അക്കി വിനായക്

ലയാളത്തിൽ വീണ്ടും പുതുമയുള്ള ഒരു ഹൊറർ ചിത്രം കൂടി എത്തുന്നു. ശ്രീനാഥ് ഭാസിയും മിന്നൽ മുരളി ഫെയിം ഫെമിനാ ജോർജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് "കറക്കം". സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന "കറക്കം’' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ കഴിഞ്ഞദിവസം റിലീസ് ആയി. മോളിവുഡിൽ തുടക്കം കുറിക്കുന്ന ക്രൗൺ സ്റ്റാർസ് എൻ്റർടൈമെൻ്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവരാണ് നിർമ്മാതാക്കൾ.

തൻ്റെ ആദ്യചിത്രമായ ചാൾസ് എൻ്റർപ്രൈസസ് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് തന്നെ കറക്കം എന്ന സിനിമയുടെ ആശയം പ്രാവർത്തികമായി എന്ന് സംവിധായകൻ സുഭാഷ് ലളിത സുബ്രഹ്മണ്യൻ പറഞ്ഞു. സിനിമാ വിശേഷങ്ങൾ സംവിധായകൻ ഇ ടിവി ഭാരതുമായി പങ്കുവയ്‌ക്കുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സിനിമയെക്കുറിച്ച് സംവിധായകൻ

SUBHASH LALITHA SUBRAMANIAN  KARAKKAM MOVIE  MALAYALAM HORROR MOVIE  ENTERTAINMENT NEWS
കറക്കം പോസ്റ്റർ (ETV Bharat)

"എൻ്റെ ആദ്യത്തെ സിനിമയായ ചാൾസ് എൻ്റർപ്രൈസസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആ സമയത്താണ് ധനുഷ് എന്ന ഒരു വ്യക്തി കറക്കം എന്ന സിനിമയുടെ ഫസ്റ്റ് തോട്ട് എന്നോട് പങ്കുവയ്ക്കുന്നത്. ഒരു ഹൊറർ സബ്ജക്ട് ആയതുകൊണ്ട് തന്നെ എനിക്ക് വളരെ പെട്ടെന്ന് തന്നെ സബ്‌ജക്‌റ്റിൽ ഒരു കൗതുകം തോന്നി.

ഞാൻ ഒരുപാട് ഹൊറർ സിനിമകൾ കാണുന്ന ആളാണ്. ഹൊറർ സിനിമകൾ ഞാൻ ഇഷ്ടപ്പെടുന്നു. ഇവിടെ റിലീസ് ചെയ്യുന്ന എല്ലാ ഹൊറർ സിനിമകൾക്കും ഒരു പ്രത്യേക ടെബ്ലറ്റ് ഉണ്ട്. അതായത് സമാധാനപൂർണമായി നീങ്ങുന്ന ഒരു ജീവിതം. ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഒരു സൂപ്പർ നാച്ചുറൽ കോൺടാക്ട് പ്രധാന കഥാപാത്രത്തിന് സംഭവിക്കുന്നു. പ്രേതം അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. കഥാന്ത്യത്തിൽ പ്രേതം പ്രകൃതിയിൽ ലയിക്കുന്നു. പലതരം ഹൊറർ സിനിമകൾ ഇപ്പോൾ റിലീസ് ചെയ്യുന്നുണ്ട്.

വളരെ സീരിയസായ 'ഡിയേസ് ഇറെ' പോലുള്ള കഥകളും രോമാഞ്ചം, സർവ്വം മായ പോലുള്ള ഹൊറർ കോമഡി ഫീൽ ഗുഡ് സബ്ജക്ടുകളും ഇവിടെ സംഭവിക്കുന്നു. അതായത് എല്ലാ സിനിമകളുടെയും ടെംപ്ലേറ്റ് സമാനമാണ്. ആവിഷ്കാരമാണ് മാറുന്നത്. കറക്കം എന്ന സിനിമയും അങ്ങനെ തന്നെ. അതായത് സമാന ടെമ്പ്ലേറ്റിൽ നിന്നുകൊണ്ട് വ്യത്യസ്തമായ ഒരു ആവിഷ്കാരം.

ഈ സിനിമയുടെ ട്രെയിലറിലറിൽ അവസാനം പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ ഒരു വാചകം മനപ്പൂർവ്വം നൽകിയിരിക്കുന്നതും ഞാൻ ഈ മേൽ പറഞ്ഞ കാര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് നോ പ്ലാൻ ടു ചേഞ്ച് നോ പ്ലാൻ ടു ഇമ്പ്രസ്.

സംവിധായകനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും....

തുടർച്ചയായി ഇവിടെ ഹൊറർ സിനിമകൾ സംഭവിക്കുന്നുണ്ടല്ലോ?

തുടർച്ചയായി കേരളത്തിൽ ഹൊറർ സിനിമകൾ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ജോലികൾ ആരംഭിച്ച സിനിമയാണ് കറക്കം. എനിക്ക് തോന്നുന്നു ലോക എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുമ്പോൾ കറക്കം എന്ന സിനിമയുടെ പ്രാരംഭഘട്ട നടപടികൾ ആരംഭിച് ഒരുപാട് മുന്നോട്ടു പോയിരുന്നു.

ലോകയ്‌ക്ക് ശേഷം ഫാൻ്റസി ഹൊറർ സിനിമകൾ ധാരാളം ഇവിടെ റിലീസ് ചെയ്തു. ഹൊറർ ജോണർ ആണെങ്കിലും വ്യത്യസ്തമായ ആവിഷ്കാരത്തിലൂടെ പുറത്തിറങ്ങിയത് കൊണ്ട് തന്നെ ആ സിനിമകളൊക്കെ പ്രേക്ഷകർ സ്വീകരിച്ചു. പ്രേക്ഷകർ എപ്പോഴും കൗതുകത്തോടെ കാണാൻ ആഗ്രഹിക്കുന്ന ജോണർ തന്നെയാണ് ഹൊറർ. മുൻ മാതൃകകൾ ഒന്നുമില്ലാതെ നല്ലത് എന്തു കൊടുത്താലും പ്രേക്ഷകർ സ്വീകരിക്കും.

SUBHASH LALITHA SUBRAMANIAN  KARAKKAM MOVIE  MALAYALAM HORROR MOVIE  ENTERTAINMENT NEWS
സുഭാഷ് ലളിത സുബ്രഹ്മണ്യൻ (ETV Bharat)

ഇപ്പോൾ ഹൊറർ കോമഡിയാണ് ട്രെൻഡ്. ഞങ്ങടെ സിനിമയിൽ കോമഡിക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഞങ്ങളുടെ ജോണർ ഹൊറർ മ്യൂസിക്കൽ ആണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളും അവർക്ക് പിന്നാലെ സഞ്ചരിക്കുന്ന 5 പ്രേതങ്ങളും. അങ്ങനെയുണ്ടാകുന്ന നുറുങ്ങ് കോമഡികളാണ് ഈ സിനിമയുടെ ഹാസ്യ വശം. ചിരിപ്പിക്കാൻ വേണ്ടി മാത്രം ഒരു ട്രാക്ക് ഈ സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ചെയ്തിട്ടില്ല" അദ്ദേഹം പറഞ്ഞു.

സംവിധായകന് ഇഷ്ടപ്പെട്ട ഹൊറർ സിനിമകൾ?

എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഹൊറർ ചിത്രം എന്ന് ഞാൻ വിലയിരുത്തുന്ന ഒരു സിനിമ മലയാളത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് ആണ്. ആ സിനിമയ്ക്ക് മുൻപും ശേഷവും അതുപോലൊരു ചിത്രം ഇവിടെ സംഭവിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മലയാളി പ്രേക്ഷകരെ ഇത്രയധികം ഇൻഫ്ലുവൻസ് ചെയ്തിട്ടുള്ള മറ്റൊരു ഹൊറർ സിനിമയും ഇവിടെ സംഭവിച്ചിട്ടില്ല.

എനിക്ക് ഹൊറർ സിനിമകൾ കാണുന്നത് ഇഷ്ടമുള്ള സംഗതിയാണ്. എല്ലാ ഭാഷയിലുള്ള സിനിമകളും കാണും. ടോക്ക് ടു മീ പോലെയുള്ള സിനിമകൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ക്ലാസിക് പരിവേഷമില്ലെങ്കിലും പിന്നീട് സംഭവിച്ച രോമാഞ്ചം ഹിന്ദി ചിത്രമായ സ്ത്രീ ഇതൊക്കെ വലിയ കൊമേഷ്യൽ വിജയം നേടിയ സിനിമകളാണ്. ഈയൊരു പാറ്റേൺ തന്നെയാണ് കറക്കം എന്ന സിനിമയിലും ഞങ്ങൾ പിന്തുടരുന്നത്.പ്രധാന കഥാപാത്രങ്ങൾക്ക് പിന്നാലെ നൃത്തം ചെയ്‌ത് നടക്കുന്ന ഒരു കൂട്ടം പ്രേതങ്ങൾ. കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് കൗതുകം തോന്നാം.

സിനിമയുടെ എഴുത്ത്?

ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. പൊന്നാനിയാണ് സ്വദേശം. ചെറുപ്പകാലം മുതൽ തന്നെ സിനിമ ഒരു സ്വപ്നമായി കൂടെ കൂടി. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഷോർട്ട് ഫിലിമുകൾ ചെയ്തു. ചില ഷോർട്ട് ഫിലിമുകൾ ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായം നേടി. തുടർന്ന് സിനിമ സ്വപ്നവുമായി കൊച്ചിയിലേക്ക് വണ്ടി കയറുകയായിരുന്നു. ഒരുപാട് അഭിനേതാക്കളെയും നിർമാതാക്കളെയും കണ്ടു. പരാജയങ്ങളിൽ വീണു പോയില്ല. അങ്ങനെയിരിക്കയാണ് ഞാൻ ഉർവശി ചേച്ചി അഭിനയിച്ച ഒരു വെബ് സീരീസ് കാണാനിടയാകുന്നത്. ചേച്ചിയെ അഭിനന്ദിക്കാൻ ആയിട്ടാണ് ഞാൻ വിളിക്കുന്നത്.

SUBHASH LALITHA SUBRAMANIAN  KARAKKAM MOVIE  MALAYALAM HORROR MOVIE  ENTERTAINMENT NEWS
സുഭാഷ് ലളിത സുബ്രഹ്മണ്യൻ (ETV Bharat)

അഭിനന്ദനങ്ങൾ അറിയിച്ചു കഴിഞ്ഞപ്പോൾ ചേച്ചി പേഴ്‌സണൽ ആയിട്ടുള്ള കാര്യങ്ങൾ എന്നോട് സംസാരിച്ചു. അതിലൂടെ ചലച്ചിത്ര മോഹിയായ ഒരു കഥലാകാരനെ ചേച്ചി തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് എനിക്ക് പറ്റിയ എന്തെങ്കിലും സബ്ജക്ട് ഉണ്ടോ എന്ന് ഉർവശി ചേച്ചി ചോദിക്കുന്നത്. പിറ്റേദിവസം തന്നെ ഒരു കഥ ഉർവശി ചേച്ചിക്ക് അയച്ചുകൊടുത്തു. കഥാതന്തു ഇഷ്ടപ്പെട്ടതോടെ അതൊരു പ്രോജക്ട് ആയി. അതാണ് എൻ്റെ ആദ്യ സിനിമയായ ചാൾസ് എൻ്റർപ്രൈസസ്. നമ്മുടെ ഏതൊരു കാര്യവും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ പ്രകൃതി തന്നെ നമുക്കത് കൊണ്ട് തരും. അതിന് ഞാൻ ഒരു ഉദാഹരണമാണ്.

എൻ്റെ കുട്ടിക്കാലവും എൻ്റെ ഗ്രാമവും എന്നിലെ കലാകാരനെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിൽ ജനിച്ചുവളർന്നിട്ടുള്ള ഏതൊരാൾക്കും ഒരുപാട് ഫാൻ്റസി കഥകളുടെ ശേഖരം തന്നെ മനസ്സിൽ ഉണ്ടാകും. ചെറുപ്പത്തിൽ ബന്ധുക്കളെല്ലാം കൂടിയിരിക്കുമ്പോൾ ഹൊറർ കഥകൾ പറയും. നമ്മൾ ഭക്ഷണം കഴിക്കാൻ വേണ്ടിയൊക്കെ അമ്മമാർ ചില പേടിപ്പിക്കുന്ന കഥകൾ പറയും. നാട്ടിലെ ചില പ്രദേശങ്ങളെ ചുറ്റിപ്പറ്റി പേടിപ്പിക്കുന്ന കഥകൾ ഉണ്ടാകും. ചില കഥകൾ വീണ്ടും കേൾക്കാൻ തന്നെ ഭയമാണ്. ഇതിൻ്റെയൊക്കെ ഒരു എലമെൻ്റ് നമ്മുടെ മനസ്സിൽ മരണം വരെ ഉണ്ടാകും എന്നുള്ളത് വാസ്തവമാണ്.

ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നതുപോലെ പ്രേതമുണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നു. കറക്കം എന്ന സിനിമയുടെ കോ-റൈറ്റർ കൂടിയാണ് ഞാൻ. അതുകൊണ്ടുതന്നെ സിനിമ എഴുതുന്ന സമയത്ത് നമ്മുടെ മനസിലുള്ള ചില ഫാൻ്റസി അനുഭവങ്ങൾ രൂപ മാറ്റം വരുത്തി പോളിഷ് ചെയ്ത് തിരക്കഥയിൽ ഉൾപ്പെടുത്തും. ഇത്തരം കാര്യങ്ങൾ പല പ്രേക്ഷകർക്കും വളരെ എളുപ്പം കണക്ട് ചെയ്യാൻ സഹായിക്കും.

കറക്കമെന്ന സിനിമ ഒരു ട്രിപ്പാണ്. നാലുപേരുടെ ജീവിതത്തിലേക്ക് അഞ്ചു പ്രേതങ്ങൾ കടന്നുവരുന്നു. അതിൽ രണ്ടു പേർക്ക് പ്രേതങ്ങളെ കാണാം രണ്ടുപേർക്ക് പ്രേതങ്ങളെ കാണാൻ സാധിക്കില്ല. പ്രേക്ഷകരെ തിയറ്റർ പേടിപ്പിക്കണമെന്ന് ഉദ്ദേശത്തിൽ അല്ല ഈ സിനിമ ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ അടിസ്ഥാന ആസ്വാദന ഘടകം ഫണ്ട് തന്നെയാണ്.

ഫാൻ്റസി ട്രിപ്പ് സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ആ ഒരു മൂഡിൽ വളരെ എൻജോയ് ചെയ്ത് ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ചെറിയ സിനിമ കൂടിയാണിത്. രണ്ടു മണിക്കൂറിൽ താഴെയാണ് സിനിമയുടെ ദൈർഘ്യം. വളരെ ഫാസ്റ്റ് ആയി മുന്നോട്ടു പോകുന്ന തിരക്കഥ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പ്രേക്ഷകൻ്റെ ശ്രദ്ധ തിരിഞ്ഞു പോകുന്ന ഒരു മൊമെൻ്റും ഈ സിനിമയിൽ ഇല്ല.

SUBHASH LALITHA SUBRAMANIAN  KARAKKAM MOVIE  MALAYALAM HORROR MOVIE  ENTERTAINMENT NEWS
കറക്കം പോസ്റ്റർ (ETV Bharat)

ശ്രീനാഥ് ഭാസി

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ശ്രീനാഥ് ഭാസി. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ മഞ്ഞുമ്മൽ ബോയ്‌സിൻ്റെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളാണ് അദ്ദേഹം. 15 വർഷമായി അദ്ദേഹം സിനിമയിൽ നിലനിൽക്കുന്നു. മലയാളത്തിലെ ഒട്ടുമിക്ക വലിയ സംവിധായകരും അദ്ദേഹത്തെ തങ്ങളുടെ സിനിമകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീനാഥുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ എനിക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല. എൻ്റെ സിനിമയിലും എൻ്റെ സെറ്റിലും അദ്ദേഹം വളരെ മികച്ച കോൺട്രിബ്യൂഷൻ ആണ് നൽകിയത്.

മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ സമയത്താണ് ഞാൻ അദ്ദേഹത്തോട് ഈ സിനിമയുടെ കഥ പറയുന്നത്. പിന്നീട് തിരക്കഥ വായിച്ചു കേൾപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ചാണ്. കറക്കം എന്ന സിനിമയുടെ തിരക്കഥ ഫസ്റ്റ് ഹാഫ് വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീനാഥ് ഭാസി ഈ സിനിമയുടെ ഭാഗമാകാം എന്ന് സമ്മതിച്ചു. മനുഷ്യരുടെ പിറകെ നൃത്തം ചെയ്തുകൊണ്ട് സഞ്ചരിക്കുന്ന ഒരു കൂട്ടം പ്രേതങ്ങൾ. ആശയം മികച്ചത് എന്നതായിരുന്നു ശ്രീനാഥിൻ്റെ പക്ഷം.

ഒരുപാട് ഹിറ്റ് സിനിമകൾ ശ്രീനാഥ് ഭാസിയുടെ സംഭാവനയായി മലയാളത്തിനു ലഭിച്ചിട്ടുണ്ട്. അമൽ നീരദ് അടക്കമുള്ള സംവിധായകർ അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തി. ഡാ തടിയാ, ഭീഷ്‌മപർവ്വം അങ്ങനെ എത്രയോ ഹിറ്റ് സിനിമകളുടെ ഭാഗമാണ് ശ്രീനാഥ്. എന്നാൽ അദ്ദേഹത്തിൻ്റെ കരിയറിൽ പരാജയ ചിത്രങ്ങളും ഉണ്ട്. ഒരു സിനിമ തുടങ്ങുമ്പോൾ അല്ലെങ്കിൽ ചിത്രീകരണം നടക്കുമ്പോഴൊക്കെ ആ സിനിമയുടെ വിജയ ഘടകങ്ങളെ പറ്റിയാകും നമ്മൾ ചിന്തിക്കുന്നത്.

ഒരു അഭിനേതാവിനെ സംബന്ധിച്ചിട്ടുള്ള വിവാദങ്ങൾ നല്ലൊരു സിനിമ വരുന്നതോടുകൂടി കെട്ടിടങ്ങും. ശ്രീനാഥ് ഭാസി എന്ന നടനെ വിമർശിക്കുമ്പോൾ ജേക്കബിൻ്റെ സ്വർഗരാജ്യം, ഹോം, പ്രണയം തുടങ്ങിയ ഒരുപാട് സിനിമകളിലെ നല്ല കഥാപാത്രങ്ങൾ പലപ്പോഴും മറന്നു പോകുന്നുണ്ട്. അയാൾ ഒരു നല്ല നടനല്ല എങ്കിൽ 15 വർഷം മികച്ച സിനിമകളുടെ ഭാഗമായി ഇവിടെ നിലനിൽക്കാൻ സാധിക്കില്ലല്ലോ. എന്നെ സംബന്ധിച്ചിടത്തോളം ശ്രീനാഥ് ഭാസിയെ സംബന്ധിച്ചിട്ടുള്ള വിവാദങ്ങൾ മറ്റുള്ളവർ കേട്ട് പറഞ്ഞ കഥകൾ മാത്രമാണ്.

സിദ്ധാർഥ് ഭരതൻ

ഒരു പൊലീസുകാരൻ്റെ വേഷമാണ് സിദ്ധാർഥ് ഭരതൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. രസികനായ ഒരു കഥാപാത്രമാണ്. അദ്ദേഹത്തിൻ്റെ ഒരു ഹ്യൂമർ കോമിക് വശം കറക്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിൽ ബോധ്യപ്പെടും. കുഞ്ചൻ എന്നാണ് ആ കഥാപാത്രത്തിൻ്റെ പേര്. കുഞ്ചൻ നമ്പ്യാർ എന്ന് വിളിക്കുന്നു. പൊതുവേ കുഞ്ചൻ നമ്പ്യാർ എന്നത് ഹാസ്യത്തിൻ്റെ അടിസ്ഥാനമാണല്ലോ. ആ കഥാപാത്രത്തിൻ്റെ പൂർവികരിൽ ആരോ രസികന്മാർ ഉണ്ടായിരിക്കാം. അങ്ങനെ ഇട്ടുകൊടുത്ത പേരായിരിക്കാം കുഞ്ചൻ നമ്പ്യാർ.

അഭിറാം രാധാകൃഷ്ണൻ

അഭിറാം സിനിമയുടെ ഭാഗമായത് ഇപ്പോൾ ഡബിൾ ധമാക്ക ലഭിച്ചത് പോലെയാണ്. വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം തന്നെയാണ് ഈ സിനിമയിൽ അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചർച്ചകൾ തുടങ്ങുന്ന സമയത്ത് ഭരതനാട്യം റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മോഹിനിയാട്ടം റിലീസ് ചെയ്തപ്പോൾ അഭിറാം എന്ന നടൻ്റെ ജനപിന്തുണ വളരെയധികം വർധിച്ചു.

നാല് പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ. ഹാസ്യം തന്നെയാണ് അഭിറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അടിസ്ഥാനം. അദ്ദേഹത്തിൻ്റെ കഥാപാത്രം ഒരു പാരസൈക്കോളജിസ്റ്റ് ആണ്. ചില സിനിമകളിൽ ചില കഥാപാത്രങ്ങൾ എഴുതുമ്പോൾ ഒരു പാർട്ടിക്കുലർ ആക്ടർ ആ വേഷം ചെയ്യാൻ കൃത്യമായിരിക്കും. അതുപോലെതന്നെയാണ് കറക്കമെന്ന സിനിമയിലെ അഭിറാമിൻ്റെ വേഷവും. വേറൊരു ഓപ്ഷനെ കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കേണ്ടി വന്നില്ല. അടുത്ത സുഹൃത്ത് കൂടി ആയതുകൊണ്ട് കാസ്റ്റിങ് കുറച്ചുകൂടി എളുപ്പമായി.

എറണാകുളം വാഗമൺ രാമേശ്വരം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇതൊരു ജനുവരി മാസത്തിൽ നടക്കുന്ന കഥയാണ്. പക്ഷേ വേനൽ കാലത്താണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ ചിലതൊക്കെ നമ്മൾ ആഗ്രഹിക്കുമ്പോൾ പ്രകൃതിയും ഒപ്പം നിൽക്കും. വാഗമണ്ണിൽ ഞങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് വേനൽക്കാലമായിട്ട് കൂടി നല്ല തണുപ്പും മുടൽ മഞ്ഞും ഉണ്ടായിരുന്നു.

ഞങ്ങളുടെ കഥാപാത്രത്തിന് ആവശ്യമായ സാഹചര്യം പ്രകൃതി തന്നെ ഒരുക്കി തരികയായിരുന്നു. വേനൽ ആയിരുന്നിട്ട് കൂടി തണുപ്പിൻ്റെ കാഠിന്യം വളരെയധികം കൂടുതലായിരുന്നു. മാത്രമല്ല ശക്തമായ കാറ്റും. ഒരു പരിധിക്ക് അപ്പുറം കഴിയുമ്പോൾ ഷൂട്ടിങ് ഒരൽപം ബുദ്ധിമുട്ടുള്ള കാര്യമായി. പ്രത്യേകിച്ചും തുടർച്ചയായി ഞങ്ങൾക്ക് രാത്രി മാത്രം ഷൂട്ട് ചെയ്യേണ്ടതുണ്ടായിരുന്നു. പക്ഷേ അവരെ പ്രവർത്തകരും വലിയ പിന്തുണയോടെ ഒറ്റക്കെട്ടായി ഒപ്പം നിന്നു. സംവിധായകൻ വിശദീകരിച്ചു.

SUBHASH LALITHA SUBRAMANIAN  KARAKKAM MOVIE  MALAYALAM HORROR MOVIE  ENTERTAINMENT NEWS
കറക്കം പോസ്റ്റർ (ETV Bharat)

ഉർവശി

ആദ്യ സിനിമ ഉർവശി ചേച്ചിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. നമ്മൾ മോഹൻലാൽ മമ്മൂട്ടി എന്ന് പറയുന്നതുപോലെ തന്നെയാണ് ഉർവശി ചേച്ചിയും. ഉർവശി ചേച്ചിയുടെ ശിഷ്യനാണ് ഞാൻ എന്ന് പറയാൻ എനിക്ക് അഭിമാനം ഉണ്ട്. എൻ്റെ സിനിമ ജീവിതത്തിൽ വളരെയധികം പ്രചോദനമായ വ്യക്തിയാണ് ഉർവശി. ഇപ്പോഴും ചേച്ചിയുമായി നിരന്തരം സംസാരിക്കും. നമ്മുടെ വർക്കിൻ്റെ വിശദാംശങ്ങൾ പങ്കുവയ്ക്കും.

ഉർവശി ചേച്ചിയെ ഡയറക്റ്റ് ചെയ്യുമ്പോൾ ഒരു സംവിധായകൻ എന്നുള്ള അർത്ഥം കൃത്യമായി ഞാൻ പഠിക്കുകയായിരുന്നു. ചേച്ചി ഒരു കഥാകൃത്ത് കൂടിയാണ്. അതുകൊണ്ടുതന്നെ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ചേച്ചിയുടെ ഭാഗത്തുനിന്ന് മികച്ച ഇൻപുട്ട് ആണ് ലഭിച്ചിട്ടുള്ളത്.

ALSO READ: ഇന്ത്യൻ നാവികസേനയുടെ സമയോചിത ഇടപെടൽ; ചരക്കുകപ്പലിനെതിരായ കൊള്ളക്കാരുടെ അക്രമശ്രമം തകര്‍ത്തു