ETV Bharat / entertainment

സൂപ്പർതാരമായിട്ടും ബസ്സിൽ യാത്ര! ജഗതി ശ്രീകുമാർ എന്ന ലളിത മനുഷ്യൻ; അപൂർവ കഥകൾ

ജഗതി ശ്രീകുമാറിൻ്റെ 75-ാം ജന്മദിനത്തിൽ അദ്ദേഹത്തിൻ്റെ അസാമാന്യ അഭിനയത്തെയും ലാളിത്യത്തെയും സംവിധായകൻ ദീപു കരുണാകരൻ അനുസ്മരിക്കുന്നു.

Jagathy Sreekumar health updates Crazy Gopalan Lavangu Vasu Deepu Karunakaran Jagathy memories Jagathy Sreekumar 75th birthday
ദീപു കരുണാകരൻ, ജഗതി ശ്രീകുമാർ (ETV Bharat, Special Arrangement)
author img

By ETV Bharat Entertainment Team

Published : January 5, 2026 at 10:49 AM IST

6 Min Read
Choose ETV Bharat

ലയാളത്തിൻ്റെ മഹാനടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം ജന്മദിനം. പൂർണ ആരോഗ്യവാനായി അദ്ദേഹം കർമരംഗത്ത് സജീവമായിരുന്നുവെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മലയാള സിനിമയ്ക്ക് കുറഞ്ഞത് അഞ്ഞൂറോളം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയെങ്കിലും ഇതിഹാസ താരം ഇതിനോടകം തന്നെ സമ്മാനിക്കുമായിരുന്നു.

സിനിമാരംഗത്ത് നിന്ന് അരങ്ങൊഴിഞ്ഞ ചില സമാനതകളില്ലാത്ത കലാകാരന്മാരെ മുൻനിർത്തി അവരുടെ സിംഹാസനങ്ങൾ ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്ന് മലയാളികൾ പലപ്പോഴും പറയാറുണ്ട്. എന്നാൽ ജഗതി ശ്രീകുമാറിൻ്റെ കാര്യത്തിൽ ആ സിംഹാസനം മലയാള സിനിമയിൽ എന്നും അദ്വിതീയമായി ഒഴിഞ്ഞുതന്നെ കിടക്കുകയാണ്. ജഗതി ശ്രീകുമാറിനോളം വലിയൊരു പ്രതിഭാധനനായ മറ്റൊരു നടൻ അദ്ദേഹത്തിന് മുൻപോ അതിനു ശേഷമോ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻ്റെ കരിയറിൻ്റെ തുടക്കകാലത്ത് അടൂർ ഭാസിയുടെ പകരക്കാരൻ എന്നൊരു വിശേഷണം ലഭിച്ചിരുന്നുവെങ്കിലും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ താൻ ആരുടെയും പകരക്കാരനല്ലെന്ന് അദ്ദേഹം ലോകത്തിന് മുന്നിൽ സ്വയം തെളിയിച്ചു.

അഭിനയത്തിലെ അസാമാന്യ പ്രതിഭ

ഉദയനാണ് താരം എന്ന ചിത്രത്തിൽ അഭിനയ വിസ്മയം മോഹൻലാലിന് മേലെ നിൽക്കുന്ന പ്രകടനം കാഴ്ചവച്ചാണ് ജഗതി ശ്രീകുമാർ അന്ന് പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചത്. തൻ്റെ മീശയുടെ ആകൃതി മാത്രം വ്യത്യാസപ്പെടുത്തിക്കൊണ്ട് മുഖഭാവങ്ങളിൽ ഇത്രയധികം വ്യത്യസ്തതയും വൈവിധ്യവും കൊണ്ടുവരാൻ സാധിക്കുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം.

വില്ലനായും സ്വഭാവ നടനായാലും അതുപോലെതന്നെ പ്രേക്ഷകരെ ഒരുപോലെ പൊട്ടിച്ചിരിപ്പിക്കുന്ന കോമിക് കഥാപാത്രമായും മാറാൻ ജഗതി ശ്രീകുമാറിന് വെറും ഞൊടിയിട നേരം മാത്രം മതിയായിരുന്നു. പാസഞ്ചർ എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച ക്രൂരനായ വില്ലൻ വേഷം ഇന്നും പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

അഭിനയത്തിൻ്റെ കാര്യത്തിലും ടൈമിങ്ങിൻ്റെ കാര്യത്തിലും അദ്ദേഹത്തിനൊപ്പം പിടിച്ചുനിൽക്കാൻ മലയാളത്തിലെ ചുരുക്കം ചില താരങ്ങൾക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ എന്നതാണ് വാസ്തവം. ഓരോ ഷോട്ടിലും തൻ്റെ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ ഇമ്പ്രവൈസ് ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ അസാമാന്യ കഴിവ് ഒരുപാട് അഭിനേതാക്കളും സംവിധായകരും പലപ്പോഴായി എടുത്തു പറഞ്ഞിട്ടുള്ള കാര്യമാണ്.

ലളിതമായ ജീവിതശൈലി

താരജാടകൾ ഒട്ടുമില്ലാത്ത മലയാളത്തിലെ വലിയ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു ജഗതി ശ്രീകുമാർ. സംവിധായകൻ ജയരാജിൻ്റെ ജോണിവാക്കർ എന്ന സിനിമയുടെ ചിത്രീകരണം മൈസൂരിൽ നടക്കുമ്പോൾ അതേസമയം തന്നെ അദ്ദേഹത്തിൻ്റെ മറ്റൊരു സിനിമയുടെ ഷൂട്ടിങ് ഇടുക്കിയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കേവലം ഒരു ദിവസത്തെ ഡേറ്റ് മാത്രമാണ് ജോണിവാക്കർ എന്ന ചിത്രത്തിനായി അന്ന് അദ്ദേഹം നൽകിയിരുന്നത്. ആ സിനിമയ്ക്ക് വേണ്ടി നൽകിയിരിക്കുന്ന ഡേറ്റിൻ്റെ തലേദിവസം ഒരു സാധാരണ ട്രാൻസ്പോർട്ട് ബസ്സിൽ കയറിയാണ് അദ്ദേഹം മൈസൂരിൽ എത്തിയത്.

മലയാള സിനിമയിൽ അദ്ദേഹം കത്തിനിൽക്കുന്ന സമയത്താണ് ഇങ്ങനെ സംഭവിച്ചതെന്ന് നാം ഓർക്കണം. അത്രയും വലിയൊരു നടൻ ഒരു സാധാരണ ബസ്സിൽ കയറി മൈസൂർ വരെ യാത്ര ചെയ്ത് വെറും ഒരു ദിവസത്തെ അഭിനയത്തിനായി വരുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്നാൽ അദ്ദേഹം മൈസൂരിൽ എത്തിച്ചേർന്ന ദിവസം ചില സാങ്കേതിക കാരണങ്ങളാൽ അദ്ദേഹത്തിൻ്റെ ഭാഗങ്ങൾ ചിത്രീകരിക്കാൻ സാധിച്ചില്ല.

Jagathy Sreekumar health updates Crazy Gopalan Lavangu Vasu Deepu Karunakaran Jagathy memories Jagathy Sreekumar 75th birthday
Jagathy Sreekumar Turns 75: A Tribute to Malayalam Cinema's Comedy King (Special Arrangement)

ഈ വിവരം എങ്ങനെ ജഗതി ശ്രീകുമാറിനോട് പറയുമെന്ന് ആലോചിച്ച് സംവിധായകൻ ജയരാജ് അടക്കമുള്ളവർ വലിയ വിഷമത്തിലായി. എന്നാൽ അവർ പറയാതെ തന്നെ കാര്യങ്ങൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു. സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായതിനാൽ സിനിമയല്ലേ തടസങ്ങൾ ഒക്കെ ഉണ്ടാവുമെന്ന് പറഞ്ഞ് അദ്ദേഹം തിരിച്ച് ഇടുക്കിയിലേക്ക് പോകാൻ തയ്യാറെടുത്തു. പ്രൊഡക്ഷൻ കാറിൽ കൊണ്ടുവിടാമെന്ന് കൺട്രോളർ നിർബന്ധിച്ചെങ്കിലും താൻ ഇങ്ങോട്ട് വന്നത് ബസ്സിലല്ലേ അതുകൊണ്ട് അങ്ങോട്ടും ബസ്സിൽ തന്നെ പോകാമെന്ന് പറഞ്ഞ് അദ്ദേഹം അത് സ്നേഹപൂർവം നിരസിച്ചു.

യാത്രകളിലെ ഓർമകൾ

വർഷങ്ങൾക്ക് മുൻപ് ജഗതി ശ്രീകുമാർ സഞ്ചരിച്ചിരുന്ന കാർ വലിയൊരു അപകടത്തിൽപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ വാഹനം ഓടിച്ചിരുന്നത് അനിൽ പെരുമ്പാവൂർ എന്ന ഡ്രൈവറായിരുന്നു. ആ സമയത്ത് നടൻ ജയറാം നായകനായി അഭിനയിക്കുന്ന തിരുവമ്പാടി തമ്പാൻ എന്ന സിനിമയിലാണ് അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഷൂട്ടിങ് തുടങ്ങാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം തിരുവമ്പാടി തമ്പാൻ എന്ന സിനിമയുടെ സെറ്റിലേക്ക് തൻ്റെ സ്വന്തം കാറിൽ യാത്ര തിരിച്ചത്. തമിഴ്നാട്ടിലായിരുന്നു ആ സിനിമയുടെ ചിത്രീകരണം നിശ്ചയിച്ചിരുന്നത്. യാത്രയ്ക്കിടെ കേരള അതിർത്തി പിന്നിട്ടപ്പോൾ തന്നെ കണ്ട ഒരു ചെറിയ പെട്ടിക്കടയുടെ മുന്നിൽ വണ്ടി നിർത്താൻ അദ്ദേഹം ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇനി ഇപ്പോൾ നമ്മളെ ഇവിടെ കണ്ടാൽ ആര് തിരിച്ചറിയാനാണ് എന്ന് ചോദിച്ചുകൊണ്ട് താൻ ആ കടയിൽ വണ്ടി ഒതുക്കാൻ നിർദേശിച്ചു. അവിടെനിന്ന് പാളയംതോടൻ പഴം വാങ്ങി കഴിക്കുന്നതിനിടയിലാണ് സമീപത്തുള്ള പഴയൊരു സിനിമ തീയറ്റർ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.

തീയറ്ററിലെ നിമിഷങ്ങൾ

പഴയകാലത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ കോളാമ്പി വച്ച് പാട്ടൊക്കെ കേൾപ്പിക്കുന്ന അത്തരമൊരു തീയറ്റർ കണ്ടപ്പോൾ അദ്ദേഹത്തിന് വലിയ താത്പര്യം തോന്നി. ആ നൊസ്റ്റാൾജിയയിൽ അദ്ദേഹം തീയറ്ററിനുള്ളിൽ കയറി സിനിമ കാണാൻ തീരുമാനിച്ചു. സാധാരണ ബെഞ്ചുകൾ മാത്രമുള്ള ആ തീയറ്ററിൽ അദ്ദേഹം ഇരുന്നു. രജനികാന്തിൻ്റെ ഏതോ ഒരു പഴയ സിനിമയാണ് അന്ന് അവിടെ പ്രദർശിപ്പിച്ചിരുന്നത്. ഒരു കൊച്ചു കുട്ടിയെപ്പോലെ സ്ക്രീനിൽ രജനികാന്തിനെ കാണുമ്പോൾ കൈകൊട്ടുകയും ആർപ്പുവിളിക്കുകയും ചെയ്യുന്ന ജഗതിയെ താൻ ഇന്നും ഓർക്കുന്നുണ്ടെന്ന് ഡ്രൈവർ അനിൽ പിൽക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

സംവിധായകൻ ദീപു കരുണാകരൻ്റെ വാക്കുകൾ

ജഗതി ശ്രീകുമാറിൻ്റെ എഴുപത്തിയഞ്ചാം ജന്മദിന വേളയിൽ അദ്ദേഹവുമായുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇടിവി ഭാരതിനൊപ്പം ചേർന്നത് പ്രശസ്ത സംവിധായകൻ ദീപു കരുണാകരനാണ്. ക്രേസി ഗോപാലനിലെ ലവാങ് വാസു എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാൻ ഇടയില്ല. അതുപോലെതന്നെ ദീപു കരുണാകരൻ തന്നെ സംവിധാനം ചെയ്ത തേജാഭായി ആൻഡ് ഫാമിലി എന്ന സിനിമയിലും ജഗതി ശ്രീകുമാർ അവിസ്മരണീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വളരെ ചെറുപ്പം മുതൽക്കേ തനിക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിത്വമാണ് ജഗതി ശ്രീകുമാറെന്ന് ദീപു കരുണാകരൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ മക്കളോട് തനിക്ക് വലിയ സൗഹൃദമുണ്ട്. തൻ്റെ പിതാവിനെയും സഹോദരിയെയും ജഗതി ശ്രീകുമാറിന് നേരത്തെ തന്നെ അറിയാമായിരുന്നു.

Jagathy Sreekumar health updates Crazy Gopalan Lavangu Vasu Deepu Karunakaran Jagathy memories Jagathy Sreekumar 75th birthday
ദീപു കരുണാകരൻ (ETV Bharat)

വിനയത്തിൻ്റെ പാഠങ്ങൾ

വളരെ കുട്ടിക്കാലം മുതൽ തന്നെ തന്നെ കാണുന്ന അമ്പിളി ചേട്ടൻ ക്രേസി ഗോപാലൻ എന്ന സിനിമയുടെ സെറ്റിലെത്തിയപ്പോൾ സർ എന്നാണ് തന്നെ അഭിസംബോധന ചെയ്തതെന്ന് ദീപു ഓർക്കുന്നു. അദ്ദേഹത്തിൻ്റെ മകൻ്റെ പ്രായം മാത്രമുള്ള തനിക്ക് അങ്ങനെയൊരു ബഹുമാനം അദ്ദേഹം നൽകിയത് വലിയ അത്ഭുതമായിരുന്നു. മലയാള സിനിമയിൽ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചില സാംസ്കാരികപരമായ കാര്യങ്ങൾ ജഗതി ശ്രീകുമാറിൽ നിന്ന് എല്ലാവരും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമാശകളെ വളരെ സീരിയസായി സമീപിക്കുന്ന അപൂർവം കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. സ്ക്രീനിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പല കാര്യങ്ങളും അദ്ദേഹം വളരെ ഗൗരവത്തോടെയാണ് മനസ്സിൽ പ്ലാൻ ചെയ്യുന്നത്.

അധ്വാനവും അർപ്പണബോധവും

കായികപരമായ അധ്വാനം ആവശ്യമുള്ള രംഗങ്ങൾ പോലും ഒരു മടിയും കൂടാതെ ചെയ്യാൻ അദ്ദേഹം എന്നും തയ്യാറായിരുന്നു. ഉദാഹരണത്തിന് ക്രേസി ഗോപാലൻ എന്ന സിനിമയിൽ മുട്ട പുഴുങ്ങാൻ ഇട്ടിരിക്കുന്ന വലിയൊരു പാത്രത്തിലേക്ക് അദ്ദേഹം വന്നു വീഴുന്ന ഒരു രംഗമുണ്ട്. കാണുമ്പോൾ നിസാരം എന്ന് തോന്നുമെങ്കിലും അത് ചെയ്യുക എന്നത് വളരെയധികം പ്രയാസമുള്ള കാര്യമാണ്. തേജാഭായി ആൻഡ് ഫാമിലി എന്ന സിനിമയിലും കായികപരമായി അഭിനയിക്കേണ്ട ഒരുപാട് രംഗങ്ങൾ അദ്ദേഹം തൻ്റെ പ്രായം പോലും വകവയ്ക്കാതെ സന്തോഷത്തോടെ ചെയ്തു. സ്ലാപ്സ്റ്റിക് കോമഡികൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തേക്കാൾ മികച്ച മറ്റൊരു കലാകാരൻ മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം.

കാക്കക്കുയിലിലെ ആ സംഭവം

കാക്കക്കുയിൽ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ദീപു കരുണാകരൻ പ്രിയദർശൻ്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു. ഒരു സാരി മുഖത്ത് വീണ ശേഷം നടൻ ഇന്നസെൻ്റിൻ്റെ കഥാപാത്രം ജഗതിയെ ഇടിക്കുന്ന ഒരു രംഗമുണ്ട്. അതിനുശേഷം ജഗതിയുടെ കഥാപാത്രത്തെ പൊലീസ് പിടിച്ചു കൊണ്ടുപോകുന്നതാണ് രംഗം. ജീപ്പിൽ പോകുമ്പോൾ കാമറയിലേക്ക് നിസഹായതയോടെ മുഖമുയർത്തി നോക്കണമെന്ന് സംവിധായകൻ പ്രിയദർശൻ അദ്ദേഹത്തിന് നിർദേശം നൽകി.

ആ സമയത്ത് അവിടെ നടന്നത് വലിയൊരു അത്ഭുതമാണ്. ആരോടും പറയാതെ അദ്ദേഹം ഒരു വശത്തേക്ക് മാറി വായുടെ രണ്ടു ഭാഗത്തും തെർമോക്കോൾ കഷണങ്ങൾ തിരുകി കയറ്റി. ഷോട്ട് തുടങ്ങിയപ്പോൾ ഇടി കൊണ്ട് ചളുങ്ങിയ മുഖഭാവവുമായി അദ്ദേഹം കാമറയിലേക്ക് നോക്കി. അപ്രതീക്ഷിതമായ ആ മുഖഭാവം കണ്ടതും സംവിധായകൻ പ്രിയദർശനും സെറ്റിലുള്ള മറ്റുള്ളവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.

സംവിധായകൻ പോലും അറിയാതെയാണ് അദ്ദേഹം അത്തരമൊരു മാറ്റം വരുത്തിയത്. അദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചുവരണമെന്നാണ് ഏവരുടെയും ആഗ്രഹം. താൻ ഇപ്പോൾ സിനിമകളിൽ അഭിനയിക്കുമ്പോൾ കോമഡി കഥാപാത്രങ്ങൾ ചെയ്യേണ്ടി വരുമ്പോൾ ഗുരുവായി മനസ്സിൽ പ്രതിഷ്ഠിക്കുന്നത് ജഗതി ശ്രീകുമാറിനെയാണെന്ന് ദീപു കരുണാകരൻ ഓർമ്മകൾ പങ്കുവച്ചുകൊണ്ട് പറഞ്ഞു.

Also Read:- മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു