ETV Bharat / entertainment

ദേശീയ ചലച്ചിത്ര അവാർഡ്; 'ബോഗയ്‌ന്‍വില്ല'യുടെ എൻട്രി പരിഗണിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം

ദേശീയ ചലച്ചിത്ര അവാർഡുകളുടെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള തങ്ങളുടെ ശ്രമം സാങ്കേതിക തകരാറുകൾ കാരണം പരാജയപ്പെട്ടുവെന്ന് പ്രൊഡക്ഷൻ ഹൗസ് കോടതിയെ അറിയിച്ചിരുന്നു.

BOUGAINVILLEA  NATIONAL FILM AWARDS  HIGH COURT  MOVIES
Bougainvillea, HC (ETV Bharat)
author img

By ETV Bharat Kerala Team

Published : November 14, 2025 at 6:21 PM IST

2 Min Read
Choose ETV Bharat

എറണാകുളം: 72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾക്കായി മലയാള ചിത്രം 'ബോഗയ്‌ന്‍വില്ല'യുടെ അപേക്ഷ സ്വീകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ അമൽ നീരദ് പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജെ. അരുണിന്‍റെ ഉത്തരവ്.

ദേശീയ ചലച്ചിത്ര അവാർഡുകളുടെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള തങ്ങളുടെ ശ്രമം സാങ്കേതിക തകരാറുകൾ കാരണം പരാജയപ്പെട്ടുവെന്ന് പ്രൊഡക്ഷൻ ഹൗസ് കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തി ഒക്ടോബർ 31-ന് മന്ത്രാലയത്തിന് ഇ-മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

പോർട്ടൽ ഒക്ടോബർ 10 മുതൽ തുറന്നിരുന്നു എന്നും അപേക്ഷാ സമർപ്പണ നടപടികൾക്ക് രാജ്യവ്യാപകമായി പരസ്യം നൽകിയിരുന്നു എന്നും ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു.

എങ്കിലും, സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അപേക്ഷിക്കാൻ ഹർജിക്കാരന് കഴിയാതെ വന്നോ എന്ന് കോടതിക്ക് ഇപ്പോൾ തീരുമാനിക്കാൻ കഴിയില്ല. എന്നാൽ, അപേക്ഷാ സമയം നീട്ടിനൽകണമെന്ന് പ്രൊഡക്ഷൻ ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, ബന്ധപ്പെട്ട അധികാരി ഈ അപേക്ഷ പരിഗണിക്കണം എന്ന് കോടതി നിരീക്ഷിച്ചു.

ഹർജിക്കാർ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച് മതിയായ കാരണങ്ങളോടുകൂടിയ ഉത്തരവ് 10 ദിവസത്തിനകം പുറപ്പെടുവിക്കാൻ ഹൈക്കോടതി കേന്ദ്ര മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

അമൽ നീരദ് സംവിധാനം ചെയ്ത 'ബോഗയ്‌ന്‍വില്ല'യിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതിർമയി, ഷറഫുദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രം വിവിധ വിഭാഗങ്ങളില്‍ ഏഴ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

മികച്ച സംഗീത സംവിധായകൻ, മികച്ച അവലംബിത തിരക്കഥ, മികച്ച വസ്ത്രാലങ്കാരം, മികച്ച മേക്കപ്പ്, മികച്ച കൊറിയോഗ്രാഫി, മികച്ച കളറിസ്റ്റ്, സ്പെഷ്യൽ ജൂറി മെൻഷൻ (ജ്യോതിർമയി) എന്നിവയാണ് സിനിമയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ.

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ലാജോ ജോസഫിന്‍റെ റൂത്തിന്‍റെ ലോകം എന്ന നോവല്‍ ആസ്​പദമാക്കി എടുത്ത ചിത്രത്തിന്‍റെ തിരക്കഥ അമല്‍ നീരദും ലാജോ ജോസഫും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Also Read: ധ്വജ പ്രണാമവും, മതാടിസ്ഥാനത്തിലുള്ള വിവാഹ കണക്ക് പറയുന്ന രംഗവും നീക്കണം; ഹാല്‍ സിനിമക്ക് "രണ്ട് വെട്ടുമായി" ഹൈക്കോടതി