"നിങ്ങള്‍ക്ക് അറിയേണ്ടത് എന്‍റെ ശരീര ഭാരത്തെ കുറിച്ച് മാത്രം"; ജേര്‍ണലിസത്തിന്‍റെ പേരില്‍ ഒരു സ്‌ത്രീയോട് എന്തും ചോദിക്കാമോ എന്ന് സുപ്രിയ
ഗൗരി കിഷന്‍റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്‍റെ പ്രൊമോഷനിടെ നടിയെ ബോഡി ഷെയ്‌മിംഗ് നടത്തി യൂട്യൂബര്‍. ഗൗരിയുടെ ഭാരം എത്രയെന്നായിരുന്നു സിനിമയിലെ നായകനോട് യൂട്യൂബര്‍ ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്.

By ETV Bharat Entertainment Team
Published : November 7, 2025 at 12:52 PM IST
വാര്‍ത്ത സമ്മേളനത്തില്‍ ബോഡി ഷെയ്‌മിംഗ് നടത്തിയ യൂട്യൂബര്‍ക്ക് ചുട്ട മറുപടി നല്‍കി മലയാളികളുടെ പ്രിയതാരം ഗൗരി കിഷന്‍. ഗൗരിയുടെ തമിഴ് ചിത്രം 'അദേഴ്‌സി'ന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്.
യൂട്യൂബറുടെ ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. ഈ ചോദ്യം വിഡ്ഢിത്തരമാണെന്നും യൂട്യൂബര്‍ മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടു. സിനിമയെ കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങള്‍ എന്തിന് ചോദിക്കുന്നുവെന്നും ഗൗരി പ്രതികരിച്ചു.
ഇപ്പോഴിതാ ഗൗരിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. "ജേര്‍ണലിസത്തിന്‍റ പേരില്‍ ഒരു സ്‌ത്രീയോട് എന്തും ചോദിക്കാം എന്നാണോ? അവര്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനം" -ഇപ്രകാരമാണ് സുപ്രിയ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുന്നത്.
തനിക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയ യൂട്യൂബര്‍ക്കെതിരെ പ്രതികരിച്ച ഗൗരിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ കൂടിയ മാധ്യമപ്രവര്‍ത്തകരെല്ലാം ഗൗരിയ്‌ക്ക് നേരെ തിരിയുകയായിരുന്നു. താന്‍ ചോദച്ചതില്‍ തെറ്റില്ലെന്നും എല്ലാവരും ചോദിക്കുന്ന പോലെ ചോദിച്ചതാണെന്നും യൂട്യൂബര്‍ വാദിക്കുന്നുണ്ട്.
സിനമയിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ആ സീന്‍ ചെയ്‌തപ്പോള്‍ ഗൗരിക്ക് നല്ല ഭാരം ഉണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ നായകനോട് ചോദിച്ചത്. ഇത് ചിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്നും ബോഡി ഷെയ്‌മിംഗ് ചോദ്യമാണിതെന്നും ഗൗരി പ്രതികരിക്കുകയായിരുന്നു. കൂടാതെ താങ്കളിപ്പോള്‍ ചെയ്യുന്നത് ജേര്‍ണലിസം അല്ലെന്നും നടി മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കി.
"എന്‍റെ ശരീര ഭാരം നിങ്ങള്‍ക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്‌തിയാണുള്ളത്? ഓരോ സ്‌ത്രീക്കും വ്യത്യസ്‌തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്‍റെ കഴിവ് സംസാരിക്കട്ടെ, ഞാന്‍ ഇതുവരെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്‌തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല.
ആ ചോദ്യം എന്‍റെ മനസ്സിലേക്ക് എടുക്കാന്‍ കുറച്ച് സമയമെടുത്തു. ആ ചോദ്യം മാനസികമായി ബാധിച്ചു. എല്ലാ സ്‌ത്രീകള്‍ക്കും വേറിട്ട ശരീരപ്രകൃതമായിരിക്കും. എനിക്ക് ഹോര്‍മോണല്‍ പ്രശ്‌നമുണ്ടാകാം. ഇത് ബോഡി ഷെയ്‌മിംഗാണ്, അത് തെറ്റാണ്. ഇക്കാര്യത്തില്‍ ഞാന്‍ അല്ല, നിങ്ങളാണ് മാപ്പ് പറയേണ്ടത്. ഞാന്‍ വണ്ണം വെച്ചിരിക്കുകയായിരിക്കും, 80 കിലോ ഉണ്ടാകും, അത് എന്‍റെ തീരുമാനമാണ്.
എന്‍റെ കഴിവാണ് സംസാരിക്കപ്പടുന്നത്, അതിന് നിങ്ങളുടെ ഔദാര്യം വേണ്ട, എന്നെ നിശബ്‌ദയാക്കാന്‍ ശ്രമിക്കുകയാണ്. സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ല, അവര്‍ക്ക് അറിയേണ്ടത് എന്‍റെ ശരീര ഭാരത്തെ കുറിച്ച് മാത്രമായിരുന്നു" -ഗൗരി കിഷന്‍ പറഞ്ഞു.

