ETV Bharat / entertainment

ജൂണില്‍ സിനിമകളുടെ പെരുമഴ; തിയേറ്ററുകളില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, ഇനി ബോക്‌സ് ഓഫിസില്‍ കടുത്ത പോരാട്ടം

ജൂണ്‍ മാസത്തില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പെടെ ആവേശകരമായ റിലീസുകളാണ് തിയേറ്ററുകളില്‍ എത്തുന്നത്. മലയാളത്തിന് പുറമെ വമ്പന്‍ അന്യഭാഷാ ചിത്രങ്ങളും ബോക്‌സ് ഓഫിസില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്.

JUNE 2026 THEATRICAL  MOLLYWOOD TIMES  VARAVU  BANDAR
June Movie Releases (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : June 2, 2026 at 12:36 PM IST

5 Min Read
Choose ETV Bharat

രോ ആഴ്‌ചയും ഓരോ മാസവും പുത്തന്‍ തിയേറ്റര്‍ റിലീസുകള്‍ക്കായി കാത്തിരിക്കുന്നവരായിരിക്കും ഏറെയും. എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് ആവേശകരമായ മാസമാണ് ജൂണ്‍. വ്യത്യസ്‌ത ജോണറുകളിലായി നിരവധി ചിത്രങ്ങളാണ് ഈ മാസം തിയേറ്ററുകളില്‍ എത്തുന്നത്.

ആക്ഷന്‍ ഡ്രാമ, റൊമാന്‍റിക് കോമഡി, ത്രില്ലറുകളുമൊക്കെ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ബോളിവുഡ് ചിത്രങ്ങളുള്‍പ്പെടെ റിലീസിനെത്തുന്നുണ്ട്.

ജോജു ജോര്‍ജ്- ഷാജി കൈലാസ് ചിത്രം വരവ്, നെസ്‌ലിന്‍ നായകനായി എത്തുന്ന മോളിവുഡ് ടൈംസ്, രാംചരണിന്‍റെ ബിഗ് ബജറ്റ് ചിത്രം പെദ്ധി, ബോളിവുഡ് ചിത്രം ബന്ദര്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് ഇത്തവണ ബോക്‌സ് ഓഫിസില്‍ മത്സരിക്കാന്‍ എത്തുന്നത്. ജൂണില്‍ തിയേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങളുടെ പട്ടിക ഇതാ.

മോളിവുഡ് ടൈംസ്

യുവതാരം നസ്‌ലിന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാമ് മോളിവുഡ് ടൈംസ്. ഉണ്ണിമുകുന്ദന്‍ അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ ഒരുക്കുന്ന ഈ ചിത്രം ജൂണ്‍ 5 ന് തിയേറ്ററുകളില്‍ എത്തും.

സിനിമാ സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരക്കാരനായെയാണ് നസ്‌ലിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നസ്‌ലിന്‍ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ സിനിമയും കഥാപാത്രവുമാണ് മോളിവുഡ് ടൈംസിലേതെന്നാണ് വിവരം. മോളിവുഡ് ടൈംസ് എന്ന ചിത്രത്തിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൽ വരുന്നുണ്ടെന്നാണ് വിവരം.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസ്‌ലിന്‍ ഒപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാമു സുനിലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.

വരവ്

ജോജു ജോര്‍ജും ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വരവ്. വലിയ മുതൽമുടക്കിൽ വമ്പൻ താരനിരയെ അണി നിരത്തി ഒരുക്കുന്ന ഈ ചിത്രത്തിലെ കാട്ടുങ്കൽ പോളച്ചൻ എന്ന കേന്ദ്ര കഥാപാത്രത്തയെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്.

കാട്ടുങ്കൽ പോളച്ചൻ്റെ പത്തു ദിവസത്തെ പരോളിനിടയിലൂടെയാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.

പ്ലാൻ്റർ മാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അര ഡസനിലേറെ ആക്ഷനുകളാണുള്ളത്. 'ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷനുകളും ഒരുക്കുന്നത് വ്യത്യസ്ഥരായ കോറിയോ ഗ്രാഫേഴ്മ്പാണ് എന്നത് ഏറെ പ്രത്യേകതയാണ്. മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്.ചിത്രം ജൂണ്‍ 12 ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.

അനന്തന്‍ കാട്

ടിയാന്‍ എന്ന ചിത്രത്തിന് ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളിഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്‌ണകുമാര്‍ സംവിധാനം ചെയ്യുന്ന അനന്തന്‍ കാട് എന്ന ചിത്രം ജൂണ്‍ 25 ന് തിയേറ്ററുകളില്‍ എത്തും.

മലയാളികളുടെ പ്രിയ താരമായ ആര്യ നായകനായി എത്തുന്ന ഈ ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ആകാംക്ഷയുണര്‍ത്തുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വൻ വിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജിന കസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പെദ്ധി

തെലുഗു സൂപ്പര്‍താരം രാം ചരൺ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണഅ 'പെദ്ധി. 'പെദ്ധി പെഹൽവാൻ' എന്ന പേരിൽ മാസ്സ് അവതാരമായി രാം ചരൺ ചിത്രത്തില്‍ എത്തുന്നത്. ജൂണ്‍ നാലിന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ ആർ റഹ്മാൻ ഈണം നൽകി പുറത്തു വന്ന, ചിത്രത്തിലെ "ചികിരി ചികിരി" എന്ന ഗാനവും "റായ് റായ് രാ രാ" എന്ന ഗാനവും ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി ട്രെൻഡ് സെറ്ററുകളായി മാറിയിട്ടുണ്ട്.

പരിമള ആൻഡ് കോ

നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാമും ഉര്‍വശിയും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് പരിമളം ആന്‍ഡ് കോ. പക്കാ ഫണ്‍ എന്‍റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ.എം. തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ് പരിമള ആൻഡ് കോ നിര്‍മിച്ചിരിക്കുന്നത്.ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജൂണ്‍ അഞ്ചിന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.

മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രം രചിച്ചത്. നിത്യ മേനൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ 'തലൈവൻ തലൈവി' ആണ് അവസാനമായി പുറത്തുവന്ന പാണ്ഡിരാജ്‌ ചിത്രം.

ഹായ് ജവാനി തോ ഇഷ്‌ക് ഹോനാ ഹേ

വരുണ്‍ ധവാന്‍, മൃണാള്‍ ഠാക്കൂര്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഹായ് ജവാനി തോ ഇഷ്‌ക് ഹോനാ ഹേ.

പക്കാ ഫാമിലി എന്‍റര്‍ടെയ്‌നറായാണ് ചിത്രം തിയേറ്റകളില്‍ എത്തുന്നത്. ജൂണ്‍ 5 ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.

ബന്ദര്‍

മലയാളത്തിന്‍റെ പ്രിയതാരം ഇന്ദ്രജിത്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ബന്ദര്‍. അനുരാഗ് കശ്യപിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ശക്തമായ വേഷമാണ് ഇന്ദ്രജിത്തിന്‍റേത്.

സമീര്‍ മെഹ്‌റ എന്ന ഗായകന്‍റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും പിന്നീടു അയാള്‍ നടത്തുന്ന പോരാട്ടവുമാണ് ഈ ചിത്രം പറയുന്നത്.

കോപ്പ്- നോയര്‍ കെന്നഡിക്ക് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബന്ദര്‍.

ബോബി ഡിയോൾ - ഇന്ദ്രജിത്ത് ചിത്രത്തിൻ്റ ഫസ്റ്റ് ലുക്ക് മുതൽ കൗതുകമുണർത്തിയെങ്കിലും, പുതിയ പോസ്റ്ററും റിലീസ് ആയ ടീസറും കൂടുതൽ ശ്രദ്ധനേടുന്നു. തിളങ്ങുന്ന ജാക്കറ്റ് ധരിച്ച്, ഇലക്ട്രിക് ഗിറ്റാർ പിടിച്ചുകൊണ്ട്, ആനിമൽ ആൻഡ് സാങ്കിയിലെ തന്‍റെ സമീപകാല വില്ലൻ വേഷങ്ങളിൽ നിന്ന് മൈലുകൾ അകലെ തോന്നിക്കുന്ന ഒരുതരം അനായാസമായ തണുപ്പ് പുറപ്പെടുവിക്കുന്ന ഒരു റോക്ക് സ്റ്റാറിന്‍റെ രൂപത്തിലാണ് ബോബി ഡിയോൾ പുതിയ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത് .

ഹീ-മാൻ ആൻഡ് ദി മാസ്റ്റേഴ്‌സ് ഓഫ് ദി യൂണിവേഴ്‌സ്

ഈ വാരാന്ത്യത്തിൽ ഹോളിവുഡ് റിലീസ് ചെയ്യുന്ന ചിത്രം ഹീ-മാൻ ആൻഡ് ദി മാസ്റ്റേഴ്‌സ് ഓഫ് ദി യൂണിവേഴ്‌സ് ആണ്. ഐക്കണിക് ഫാന്റസി ഫ്രാഞ്ചൈസിയുടെ ലൈവ്-ആക്ഷൻ പതിപ്പാണിത്. ഇതിഹാസ യോദ്ധാവായ ഹീ-മാനും എറ്റേണിയയുടെ ലോകവും വലിയ തോതിലുള്ള ആക്ഷൻ, വിഷ്വൽ ഇഫക്‌റ്റുകൾ, ഫാന്റസി സാഹസികത എന്നിവയിലൂടെ ഈ ചിത്രം വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നു.

ദീർഘകാല ആരാധകരുടെ നൊസ്റ്റാൾജിയയും യുവ പ്രേക്ഷകരുടെ ജിജ്ഞാസയും ഇന്ത്യയിലെ പ്രധാന നഗര വിപണികളിലുടനീളം പ്രേക്ഷകരെ ആകർഷിക്കാൻ ചിത്രത്തിന് സഹായിക്കും. ജൂൺ 5 ന് റിലീസ് ചെയ്യും.

Read More:

1. ധനുഷിന്‍റെ 'കര' മുതല്‍ റാഫേല്‍ നദാലിന്‍റെ ഡോക്യുമെന്‍ററി സീരീസ് വരെ; ഈ ആഴ്‌ച ഒടിടിയില്‍ എത്തുന്നത് വമ്പന്‍ റിലീസുകള്‍

2.തമിഴില്‍ തിളങ്ങാന്‍ മമിത! ഹിറ്റ് ആവര്‍ത്തിക്കാന്‍ സൂര്യ; വിശ്വനാഥ് ആന്‍ഡ് സണ്‍സ് റിലീസ് തിയതി പുറത്ത്

3.വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം!മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് വീണ്ടും; ഹരിവരാസനം ടൈറ്റിൽ പോസ്റ്റർ പുറത്ത്