മലയാളം മുതല്‍ ബോളിവുഡ് വരെയുള്ള സൂപ്പര്‍താരങ്ങള്‍! ഓട്ടോ ഡ്രൈവറില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഡയറക്‌ടറായി മാറിയ രവി വര്‍മ
ഓട്ടോ ഓടിച്ച് നടന്നിരുന്ന രവി വര്‍മ എങ്ങനെയാണ് പാന്‍ ഇന്ത്യന്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആയി മാറിയത്, അതിന് പിന്നില്‍ ഒരു കഥയുണ്ട്. ഇ ടിവി ഭാരതിന് രവി വര്‍മ അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.

By ETV Bharat Entertainment Team
Published : January 7, 2026 at 3:18 PM IST
രവി കുമാര്‍ എം.കെ
ഒരു കാലത്ത് നഗര വീഥികളിലൂടെ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഒരാൾ. ഇന്ന് മലയാളം മുതല്‍ ബോളിവുഡ് വരെ അംഗീകരിച്ച പാന്‍ ഇന്ത്യന്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അതാണ് രവി വര്‍മ. ഓട്ടോ ഓടിച്ച് നടന്നിരുന്ന ഒരാള്‍ എങ്ങനെയാണ് ഇത്രയും വലിയ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആയി മാറിയതെന്നായിരിക്കും ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. അതിന് പിന്നിലൊരു കഥയുണ്ട്…
രവി വര്‍മ ഇ ടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
സിനിമയിലേക്കുള്ള അരങ്ങേറ്റം
കന്നഡ സിനിമാ ലോകത്താണ് രവി വർമ്മയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന രവി വർമ്മ, സഹോദരൻ രാജ് കുമാറിന്‍റെയും പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ കെ.ഡി. വെങ്കിടേഷിന്‍റെയും പിന്തുണയോടെയാണ് സ്റ്റണ്ടുകളുടെ ലോകത്തേക്ക് കടന്നുവരുന്നത്.
ആ കാലത്ത് കാറുകൾ ചാടുന്ന ആക്ഷൻ രംഗങ്ങൾക്കായി ചെന്നൈയിൽ നിന്ന് സ്റ്റണ്ട് മാസ്റ്റർമാരെ വിളിക്കുന്ന പതിവുണ്ടായിരുന്നു. അപ്പോഴാണ് ഇത്തരം രംഗങ്ങള്‍ ഒറ്റയ്ക്ക് ചെയ്‌തു കൂടാ എന്ന് രവി വര്‍മ ചിന്തിച്ചത്. കെ.ഡി. വെങ്കിടേഷിന്റെ പിന്തുണയോടെ, ശശികുമാർ അഭിനയിച്ച ഹായ് ബാംഗ്ലൂർ എന്ന സിനിമയിൽ അവർ ഒരു കാർ ജമ്പ് ആക്ഷൻ സീക്വൻസ് ചെയ്‌തു. അതായിരുന്നു തുടക്കം.

ആദ്യം ഒരു ഫൈറ്റ് മാസ്റ്ററായി. ദർശൻ നായകനായ ധർമ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സ്റ്റണ്ട് ഡയറക്ടറായി മാറുന്നത്. അവിടെ നിന്ന് രവി വര്‍മയ്ക്ക് ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെ സൂപ്പർതാര ചിത്രങ്ങളുടെ സ്ഥിരം സാന്നിധ്യമായി.
700-ലധികം സിനിമകൾ, നിരവധി സൂപ്പർതാരങ്ങൾ
“കന്നഡ സിനിമ ഉൾപ്പെടെ 700-ലധികം സിനിമകളിൽ സ്റ്റണ്ട് ഡയറക്ടറായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്”, രവി വർമ്മ ഇ ടിവി ഭാരതിനോട് പറഞ്ഞു.
വംശി, ബുദ്ഗുരു, ജാക്കി, അന്നബോണ്ട്, ഡോഡ്മാനെ ഹഡ്ഗ, ജെയിംസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിൽ രവി വർമ്മയുടെ ആക്ഷൻ മാജിക് ഉണ്ടായിരുന്നു.
കിച്ച സുദീപ് നായകനായ മാർക്ക് എന്ന ചിത്രത്തിലെ വെടിക്കെട്ട് ആക്ഷൻ സീക്വൻസും അദ്ദേഹത്തിന്‍റേതാണ്. കൊടിഗൊമ്പ മുതൽ മാർക്ക് വരെ സുദീപിന്‍റെ നിരവധി സിനിമകളിൽ രവി വർമ്മ പ്രവർത്തിച്ചു.
മോഹന്‍ലാലും മമ്മൂട്ടിയും
മമ്മൂട്ടി നായകനായി എത്തിയ താപ്പാന, മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ട്, വില്ലന്‍, എന്നീ ചിത്രങ്ങളിലും രവി വര്‍മയാണ് സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിച്ചത്.
സിംപിളായാ സല്‍മാന്‍ ഖാന്‍
പവൻ കല്യാണിനൊപ്പം അജ്ഞാതവാസി, വക്കീൽ സാബ്, ഭഗത് സിംഗ് എന്നീ മൂന്ന് സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. ബാലയ്യയ്‌ക്കൊപ്പം രണ്ട് സിനിമകളാണ് ചെയ്‌തിട്ടുള്ളത്.
സൽമാൻ ഖാനൊപ്പം ജയ് ഹോ, കിക്ക് ഉൾപ്പെടെ അഞ്ച് സിനിമകൾ രവി വര്‍മ ചെയ്‌തിട്ടുണ്ട്.
“സൽമാൻ ഖാൻ വലിയ താരമാണ്. പക്ഷേ സെറ്റിൽ അത്ര തന്നെ സിംപിളാണ്.”റയീസ് ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാൻ തന്നെ വന്ന് ഒരു സീനിനെക്കുറിച്ച് സംസാരിച്ചതും രവി വർമ്മ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.
സുരക്ഷയാണ് സാഹസത്തിന്‍റെ കാതൽ
“സുരക്ഷയില്ലാതെ ഒരു ആക്ഷൻ സീക്വൻസും ചെയ്യാൻ കഴിയില്ല. എല്ലാ അഭിനേതാക്കളോടും ഞാൻ ആദ്യം പറയുന്നത് — സേഫ്റ്റിയാണ് പ്രധാനം,” ആക്ഷന്‍ കൊറിയോഗ്രാഫര്‍ പറഞ്ഞു.
സാങ്കൊള്ളി രായണ്ണ, ബോർഡർ 2 പോലുള്ള ചിത്രങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞവയായിരുന്നു. രണ്ടായിരം ഏക്കറിൽ വ്യാപിച്ച യഥാർത്ഥ സൈനിക ക്യാമ്പിലായിരുന്നു ഷൂട്ടിംഗ്. ദിവസേന സൈനിക പരിശോധനകൾക്ക് ശേഷമാണ് സെറ്റിലേക്ക് പ്രവേശനം അനുവദിച്ചത്.
സംവിധായകന്‍റെ കുപ്പായത്തിലും
ശിവരാജ് കുമാർ അഭിനയിച്ച റുസ്‌തം എന്ന ചിത്രത്തിലൂടെയാണ് രവി വർമ്മ ആദ്യമായി സംവിധായകന്‍റെ കസേരയിലേക്കും എത്തുന്നത്.
അഭിമാനം വാനോളം

“ഒരു സാധാരണ ഓട്ടോ ഡ്രൈവർ ഇന്ന് ഒരു പാൻ–ഇന്ത്യൻ സ്റ്റണ്ട് ഡയറക്ടറായി മാറിയതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. എന്‍റെ വളർച്ചയ്ക്ക് സഹായിച്ച എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു,” രവി വർമ്മ വാക്കുകൾ അവസാനിപ്പിച്ചു.

