ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്‌ഘാടനം ബഹിഷ്കരിക്കാൻ ഫിലിം ചേംബർ; സിനിമാ സംഘടനകളുടെ സഹകരണവും തേടി
മലയാള ചലച്ചിത്ര മേഖലയുടെ നിലനിൽപ്പിന് അനിവാര്യമായ പല ആവശ്യങ്ങളും ഉന്നയിച്ച് വിവിധ ഘട്ടങ്ങളിൽ സർക്കാരിനെ സമീപിച്ചിട്ടും കൃത്യമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് സംഘടന എത്തിയത്.

Published : March 3, 2026 at 8:56 PM IST
കൊച്ചി: മലയാള ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രതിസന്ധികളിൽ സർക്കാർ പുലർത്തുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാംഘട്ട ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ച ഫിലിം ചേംബർ, മലയാള സിനിമയിലെ മറ്റു പ്രമുഖ സംഘടനകളോടും സഹകരിക്കാൻ അഭ്യർത്ഥിച്ചു.
മാർച്ച് നാലിന് നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് താരസംഘടനയായ 'അമ്മ', സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ 'ഫെഫ്ക', തിയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്', നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ ഉൾപ്പെടെയുള്ളവയ്ക്ക് ചേംബർ ഔദ്യോഗികമായി കത്തയച്ചു. കത്തുകള്‍ക്ക് ഇതുവരെ ഔദ്യോഗികമായ മറുപടി ലഭിച്ചിട്ടില്ല.
മലയാള ചലച്ചിത്ര മേഖലയുടെ നിലനിൽപ്പിന് അനിവാര്യമായ പല ആവശ്യങ്ങളും ഉന്നയിച്ച് വിവിധ ഘട്ടങ്ങളിൽ സർക്കാരിനെ സമീപിച്ചിട്ടും കൃത്യമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് സംഘടന എത്തിയത്. ഈ വർഷം ജനുവരി 20-ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ വിശദമായ ചർച്ച നടത്തിയിരുന്നു. സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി അന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഫിലിം ചേംബർ കത്തിലൂടെ കുറ്റപ്പെടുത്തി.
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിർമ്മിക്കുന്ന മലയാള ചിത്രങ്ങൾക്കുള്ള സബ്‌സിഡി കാലാനുസൃതമായി വർധിപ്പിക്കുക എന്നതായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. എന്നാൽ ഈ വിഷയത്തിലോ മറ്റു സാമ്പത്തിക പ്രതിസന്ധികളിലോ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിൽ സിനിമാ മേഖലയിൽ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. സിനിമാ വ്യവസായത്തിന്‍റെ പ്രതിഷേധം സർക്കാരിനെ നേരിട്ട് ബോധ്യപ്പെടുത്തുന്നതിനാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നതെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.
ഫെഡറേഷൻ ഓഫ് സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, മാക്ട തുടങ്ങിയ സംഘടനകൾക്കും ഫിലിം ചേംബർ കത്ത് കൈമാറിയിട്ടുണ്ട്. ഫിലിം ചേംബറിന്‍റെ ഈ നിലപാടിനോട് എല്ലാ സംഘടനകളും അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. എങ്കിലും ബഹിഷ്കരണവുമായി ബന്ധപ്പെട്ട തങ്ങളുടെ ഔദ്യോഗിക നിലപാടുകൾ വരും ദിവസങ്ങളിൽ മാത്രമേ വിവിധ സംഘടനകൾ പരസ്യപ്പെടുത്തുകയുള്ളൂ. സർക്കാരിന്‍റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ചലച്ചിത്ര മേഖലയിലെ വിവിധ കൂട്ടായ്മകളുടെ തീരുമാനം. ഇതിനായി യോഗങ്ങളും സംഘടിപ്പിക്കും.
Also Read: കമൽഹാസനെ അമ്പരപ്പിച്ചു, രാജമൗലി തേടിയെത്തി; രാധികയെ 80-കാരിയാക്കിയ മലയാളി മാജിക്

