കാത്തിരിപ്പുകൾക്ക് വിരാമം; ദുൽഖറിൻ്റെ 'അയാം ഗെയിം' തിയറ്ററുകളിൽ
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാടു ലോഹർ, ആൻ്റണി വർഗീസ്, മിഷ്കിൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്

By ETV Bharat Entertainment Team
Published : September 3, 2026 at 10:24 AM IST
എറണാകുളം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട്, ഗ്രേ ഷെയ്ഡിലുള്ള വേറിട്ട നായകനായി ദുൽഖർ സൽമാൻ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'അയാം ഗെയിം' ഇന്ന് തിയറ്ററുകളിൽ. കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ 'ഡാൻ ജോൺ' എന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാടു ലോഹർ, ആൻ്റണി വർഗീസ്, മിഷ്കിൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് നിർമാണം. 'ലോക' എന്ന ചിത്രത്തിന് ശേഷം വേഫെറർ ഫിലിംസ് നിർമിക്കുന്ന ഈ ചിത്രം തെന്നിന്ത്യയിലുടനീളം നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വലിയ റിലീസായാണ് ചിത്രം എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബോക്സ് ഓഫിസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് സിനിമാലോകത്തിൻ്റെ വിലയിരുത്തൽ.
ആർഡിഎക്സിന് ശേഷം നഹാസ്
കിങ് ഓഫ് കൊത്തയ്ക്കൊപ്പം റിലീസ് ചെയ്‌ത് വൻ വിജയമായ ആർഡിഎക്സ് തിയറ്ററുകളിലെത്തി രണ്ടു മാസങ്ങൾക്ക് ശേഷമാണ് സംവിധായകൻ നഹാസ് ഹിദായത്ത് തന്നോട് കഥ പറയാൻ സമീപിച്ചതെന്ന് ദുൽഖർ വ്യക്തമാക്കി. മറ്റ് ഭാഷകളിൽ തിരക്കുള്ള സമയമായതിനാൽ ആദ്യം പ്രൊജക്ട് ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കഥ കേട്ട് ഇഷ്‌ടപ്പെട്ടാൽ മാത്രം മതിയെന്ന സംവിധായകൻ്റെ ആത്മവിശ്വാസമാണ് ചിത്രത്തിലേക്ക് തന്നെ നയിച്ചതെന്ന് താരം പറയുന്നു. താൻ കേട്ടുപരിചയിച്ചതിൽ നിന്നും തികച്ചും വ്യത്യസ്‌തവും മുൻപ് ചെയ്‌തിട്ടില്ലാത്തതുമായ ഒരു ആശയവും കഥാപാത്രവുമാണ് സിനിമയുടേതെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
വെല്ലുവിളിയായി ഡാൻ ജോൺ
ചിത്രത്തിൽ ഡാൻ ജോൺ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. താരത്തിൻ്റെ കരിയറിൽ നെഗറ്റീവ് ടച്ചുള്ള ആദ്യത്തെ നായക കഥാപാത്രം കൂടിയാണിത്. വ്യക്തിപരമായി യോജിക്കാൻ സാധിക്കാത്ത ഈ ഗ്രേ ഷെയ്‌ഡ് കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ശ്യാമപ്രസാദും ജയസുധയുമാണ് ചിത്രത്തിൽ മാതാപിതാക്കളായി എത്തുന്നത്.
ലോക 2 വരുന്നു
ലോക പോലുള്ള സിനിമകൾ നിർമിക്കാൻ തന്നെ പ്രേരിപ്പിച്ചത് അതിലെ കഥയുടെ മേന്മയാണെന്ന് ദുൽഖർ വിശദീകരിച്ചു. ലോകയുടെ രണ്ടാം ഭാഗത്തിൻ്റെ ജോലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആദ്യ സിനിമയിൽ വലിയ താരനിര ഉണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു സിനിമ നിർമിച്ചാൽ മാത്രമേ ലോക പോലൊരു വേൾഡ് തുടർന്ന് ചെയ്യാൻ സാധിക്കുകയുള്ളൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുൻകാലങ്ങളിൽ താൻ ചെയ്‌തിട്ടുള്ള നല്ല സിനിമകൾ നിർമാതാവ് എന്ന രീതിയിലും തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഉസ്‌താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു സുലൈമാനിയിൽ ഒളിച്ചിരിക്കുന്ന മുഹബ്ബത്തിനെ കുറിച്ചാണ് പറയുന്നത്. ബാംഗ്ലൂർ ഡെയ്‌സിൽ സൗഹൃദത്തിൻ്റെ നല്ല വശങ്ങൾ കാണിക്കുന്നു. ആ സിനിമകളുടെ ആശയം പറയുമ്പോൾ തന്നെ മനസ്സിൽ ഒരു പോസിറ്റിവിറ്റി ഉണ്ടാകുമെന്നും അങ്ങനെ തോന്നുന്ന ആശയങ്ങളാണ് നിർമിക്കാൻ തയാറാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനേതാവ് എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും ഇവിടം വരെയുള്ള യാത്രയെ ദൈവത്തിൻ്റെ കടാക്ഷമായി കാണുന്നുവെന്നും ദുൽഖർ പറഞ്ഞു.

