ഫ്ലാറ്റിൽ അതിക്രമിച്ചു കയറി മോശമായി പെരുമാറി; യുവതിയുടെ പരാതിയിൽ സംവിധായകൻ ചിദംബരത്തിനെതിരെ കേസ്
2022-ൽ എറണാകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറി എന്ന യുവതിയുടെ പരാതിയിൽ, 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ ചിദംബരത്തിനെതിരെ എറണാകുളം സൗത്ത് പൊലീസ് ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.

By ETV Bharat Entertainment Team
Published : March 2, 2026 at 7:45 AM IST
എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് ഭാരതീയ ന്യായ സംഹിതയിലെ 74, 75, 79 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. 2022ൽ ഇളംകുളത്തെ ഫ്ലാറ്റിൽ വച്ച് നടന്നതായി പറയപ്പെടുന്ന സംഭവത്തിലാണ് നിലവിൽ നിയമനടപടി ആരംഭിച്ചിട്ടുള്ളത്.
എറണാകുളം ഇളംകുളത്തുള്ള യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറി എന്നതാണ് ചിദംബരത്തിനെതിരായ പ്രധാന ആരോപണം. ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അവരുടെ ദൃശ്യങ്ങൾ അടക്കം പകർത്താൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള ഗുരുതരമായ കാര്യങ്ങൾ പരാതിയിലുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പൊലീസിന് പരാതി ലഭിച്ചത്. പരാതി ലഭിച്ച ഉടൻ തന്നെ എറണാകുളം സൗത്ത് പൊലീസ് നടപടികൾ സ്വീകരിക്കുകയും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
യുവതി നേരിട്ടാണോ അതോ ഇമെയിൽ മുഖേനയാണോ പരാതി നൽകിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരാനുണ്ട്. സൗത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പരാതി ലഭിച്ച വിവരം സ്ഥിരീകരിച്ചു. എന്നാൽ പരാതിക്കാരിയുടെ നിലവിലെ വിവരങ്ങളോ അവർ എവിടെയാണെന്നുള്ളതോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവർ തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. പൊലീസിൻ്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സംഭവം നടന്നത് 2022ൽ ആണെങ്കിലും പരാതി നൽകാൻ കാലതാമസം ഉണ്ടായിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം സംവിധായകൻ രഞ്ജിത്തിനെതിരെ ഉൾപ്പെടെ ഉയർന്ന പരാതികൾ പോലെ ഈ കേസും വർഷങ്ങൾക്ക് ശേഷമാണ് വന്നിരിക്കുന്നത്. പരാതി വൈകി വന്നാലും പൊലീസ് കേസെടുക്കുന്നതിന് അത് തടസമല്ല. എന്നാൽ കോടതി നടപടികളിലേക്ക് കേസ് എത്തുമ്പോൾ ഈ കാലതാമസം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. പൊലീസിന് മുൻപിൽ പരാതി എത്തുമ്പോൾ പ്രാഥമികമായി മൊഴി രേഖപ്പെടുത്തി കേസെടുക്കുക എന്ന നടപടിക്രമമാണ് സൗത്ത് പൊലീസ് ഈ കേസിലും സ്വീകരിച്ചിരിക്കുന്നത്. പരാതിയുടെ മെറിറ്റ് അടക്കമുള്ള കാര്യങ്ങൾ വിശദമായി തന്നെ പൊലീസ് പരിശോധിക്കും.
തുടർനടപടികളുടെ ഭാഗമായി പരാതിക്കാരിയായ യുവതിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. ഇതിനൊപ്പം തന്നെ മജിസ്ട്രേറ്റിന് മുൻപാകെ 164 പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളിലേക്കും കടക്കും. ഗുരുതര സ്വഭാവമുള്ള പരാതിയായതിനാൽ പ്രതിയായ ചിദംബരത്തെയും സ്വാഭാവികമായും ഉടൻതന്നെ ചോദ്യം ചെയ്യേണ്ടതുണ്ട്.
വരും ദിവസങ്ങളിൽ തന്നെ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിലേക്കും പ്രതിയെ ചോദ്യം ചെയ്യുന്നതിലേക്കുമുള്ള നിയമനടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത. എന്നാൽ എന്നാണ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുക എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അടുത്തിടെ നിരവധി അവാർഡുകൾ നേടിയെടുത്ത, മലയാളത്തിലെ വലിയൊരു വിജയചിത്രമായ മഞ്ഞുമ്മൽ ബോയ്സിൻ്റെ സംവിധായകനെതിരെ വന്നിരിക്കുന്ന ഈ ആരോപണം ഏറെ ശ്രദ്ധേയമാണ്.
ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈ കേസിൽ ചുമത്തിയിട്ടുള്ള വകുപ്പുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:
വകുപ്പ് 74: സ്ത്രീയുടെ അന്തസിന് ഭംഗം വരുത്തുക എന്നതാണ് ഇതിൽ വരുന്നത്. പഴയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പിന് തുല്യമാണിത്. ഒരു സ്ത്രീയുടെ അന്തസിനെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയോ അല്ലെങ്കിൽ തൻ്റെ പ്രവൃത്തി വഴി സ്ത്രീയുടെ അന്തസ് ലംഘിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടോ അവരെ ആക്രമിക്കുകയോ ക്രിമിനൽ ബലം പ്രയോഗിക്കുകയോ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷം വരെ നീളാവുന്നതുമായ തടവുശിക്ഷയും പിഴയുമാണ് ഇതിന് ലഭിക്കുക.
വകുപ്പ് 75: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടതാണിത്. പഴയ ഐപിസി 354 എ വകുപ്പിന് തുല്യമാണിത്. ശാരീരികമായി സ്പർശിക്കുകയോ ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങൾ കാണിക്കുകയോ ചെയ്യുക, ലൈംഗികമായ ആനുകൂല്യങ്ങൾ ആവശ്യപ്പെടുകയോ അഭ്യർഥിക്കുകയോ ചെയ്യുക, സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീല ദൃശ്യങ്ങൾ കാണിക്കുക, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക തുടങ്ങിയവ ചെയ്താൽ അത് ലൈംഗിക പീഡനമായി കണക്കാക്കും. കുറ്റത്തിൻ്റെ ഗൗരവമനുസരിച്ച് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
വകുപ്പ് 79: സ്ത്രീയുടെ അന്തസിനെ അപമാനിക്കുന്ന വാക്കുകൾ അല്ലെങ്കിൽ ആംഗ്യങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. പഴയ ഐപിസി 509-ാം വകുപ്പിന് തുല്യമാണിത്. ഒരു സ്ത്രീയുടെ അന്തസിനെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ വാക്കുകൾ പറയുകയോ, ശബ്ദമുണ്ടാക്കുകയോ, ആംഗ്യങ്ങൾ കാണിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഇതിൽ വരുന്നു. സ്ത്രീയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രവൃത്തികളും ഇതിൻ്റെ പരിധിയിൽ വരും. മൂന്ന് വർഷം വരെ നീളാവുന്ന തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Also Read:- ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ലോകത്തിലെ ഏറ്റവും വലിയ സ്ത്രീസംഗമമായ ആറ്റുകാൽ പൊങ്കാല നാളെ

