സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ധനുഷ്കോടിയിലേക്ക്' തിയേറ്ററുകളിലേക്ക്. ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഡ്വക്കേറ്റ് ബാലാജി രവീന്ദ്രനാണ് രചന നിർവഹിക്കുന്നത്. ഗംഗ പ്രൊഡക്ഷൻസ് ആണ് നിർമാണം. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അണിയറ പ്രവർത്തകർ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടു.
മലയാളികൾക്ക് ചെറിയ സിനിമ വലിയ സിനിമ എന്നിങ്ങനെയുള്ള തരംതിരിവ് ഇല്ലെന്ന് നടി ലെന മാധ്യമങ്ങളോട് പറഞ്ഞു. എത്ര ചെറിയ സിനിമയാണെങ്കിലും മികച്ച ആശയം ആണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പരിശോധിച്ചാൽ വലിയ വിജയമായതൊക്കെയും ചെറിയ ചിത്രങ്ങളാണ്.
ഒരു ത്രില്ലർ സിനിമ വന്നു വലിയ വിജയമായി, ഒരു ഫാൻ്റസി സിനിമ വന്നു വലിയ വിജയമായി. പക്ഷേ അതേ ചുവടുപിടിച്ച് തുടർച്ചയായി ഇവിടെ സിനിമകൾ സംഭവിച്ചാൽ വിജയിക്കണമെന്നില്ല. മലയാളി പ്രേക്ഷകർക്ക് പെട്ടെന്ന് തന്നെ മടുക്കുന്ന ഒരു സ്വഭാവമുണ്ട്. മലയാളത്തനിമയുള്ള ഒരു ചിത്രമായതിനാലാണ് ധനുഷ്കോടിയിലേക്ക് എന്ന ചിത്രത്തിൻ്റെ ഭാഗമായതെന്ന് ലെന പറഞ്ഞു.
ധനുഷ്കോടിയിലേക്ക് (ETV Bharat) ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ധനുഷ്കോടി. ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലത്തേക്ക് ഇവിടെ നിന്നും വെറും 18 കിലോമീറ്റർ. പരസ്പര സ്നേഹത്തോടെ, അവരവരുടെ ആചാരങ്ങളോട് നീതിപുലർത്തിക്കഴിഞ്ഞിരുന്ന ഒരു ജനത. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണിജ്യ വ്യവസായങ്ങൾ സജീവമായി നിലനിൽക്കുന്ന ഒരു കാലഘട്ടം. വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ആരാധനാലയങ്ങൾ എല്ലാംകൊണ്ടും സമ്പന്നമായ ഒരു പ്രദേശം. 1964 ഡിസംബറിൽ ക്രിസ്മസ് ആഘോഷത്തിനായി എല്ലാവരും തയാറെടുക്കുന്ന സമയം... ആ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആ പ്രദേശം എന്നന്നേക്കുമായി കടലിൽ മറഞ്ഞു. അവിടെ നിന്നും രക്ഷപ്പെട്ട 12 വയസ്സുള്ള ഒരു കുട്ടി. അവൻ കേരളത്തിലേക്ക് എത്തുന്നു. സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ ഈ കുട്ടി വളർന്നു. അവനിപ്പോൾ 74വയസ്സുണ്ട്. സുധീർ കരമനയാണ് ആ വേഷം കൈകാര്യം ചെയ്യുന്നത്. സംവിധായകൻ ജഹാംഗീർ ഉമ്മർ പറഞ്ഞു.
ധനുഷ്കോടിയിലേക്ക് (Special Arrangement) ചരിത്രത്തോടൊപ്പം തന്നെ ആത്മാക്കളുടെയും ഭൂമികയാണ് ധനുഷ്കോടി. സംസ്കാര സംബന്ധമായ ആ ഭൂമിക ഒറ്റരാത്രിയിൽ ഒരു പ്രളയത്തിൽ അസ്തമിച്ചു. നിരവധിപേർ മരണപ്പെട്ടു. അന്ന് അവിടെ ജീവൻ നഷ്ടപ്പെട്ടവരെ കുറിച്ച് ഏതെങ്കിലും രീതിയിൽ പുതിയ തലമുറയെ ഓർമിപ്പിക്കണം എന്ന് തോന്നി. അങ്ങനെയാണ് ധനുഷ്കോടിയിലേക്ക് എന്ന സിനിമ എഴുതാൻ തീരുമാനിച്ചതെന്ന് തിരക്കഥാകൃത്ത് ബാലാജി രവീന്ദ്രൻ പറഞ്ഞു. ചിത്രത്തിൽ പ്രണയവും പ്രധാനപ്പെട്ട ഒരു ആശയമാണ്. കോളജിൻ്റെ പശ്ചാത്തലത്തിലും സിനിമയുടെ കഥ പറയുന്നു. പ്രളയത്തിൽ അകപ്പെടുന്ന ഒരു പോസ്റ്റ് മാൻ്റെ കുടുംബം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ തൻ്റെ മകനെ മാത്രമേ ജീവിതത്തിലേക്ക് കയറ്റിവിടാൻ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിയുന്ന അച്ഛൻ. 12 വയസ്സിൽ കൺമുന്നിൽ ഉറ്റവരെ നഷ്ടപ്പെടുന്ന ഒരു ബാലൻ്റെ അവസ്ഥ. ഇതൊക്കെ സിനിമയിൽ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് പറഞ്ഞു.
ധനുഷ്കോടിയിലേക്ക് (Special Arrangement) വാഴ 2 എന്ന സിനിമ കരിയറിൽ പുതിയൊരു വഴിത്തിരിവ് നൽകി. അതിൻ്റെ പിൻബലവുമായാണ് ധനുഷ്കോടിയിലേക്ക് എന്ന ചിത്രത്തിലെ നായക വേഷത്തിലേക്ക് താൻ എത്തിച്ചേർന്നതെന്ന് നടൻ അരുൺകുമാർ പറഞ്ഞു. ഒളിമ്പ്യൻ അന്തോണി ആദം എന്ന സിനിമയിൽ ആണ് ആദ്യം അഭിനയിക്കുന്നത്. വളരെ ചെറിയ പ്രായമാണ്. ആദ്യമായി ഒരു സിനിമ ക്യാമറ കാണുന്നതും അപ്പോഴാണ്. പിന്നീട് ചെറിയ ചെറിയ സിനിമകളിലൂടെ വളർന്നു. നമ്മളിലെ അഭിനേതാവിനെ പ്രേക്ഷകർക്കാവശ്യമുണ്ട് എന്ന് തരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി. ആശ്രമത്തിൽ ഒന്നാണ് ഈ ചിത്രത്തിലെ നായക വേഷം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഛായാഗ്രാഹണം -കനകരാജ്. സംഗീതം - ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം - വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ,
പിആർഓ - എം കെ ഷിജിൻ.
Also Read: 'നിന്നെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു' എന്ന് ചിത്രാമ്മ, ഉമ്മ തന്ന് അനുഗ്രഹം; സ്റ്റാർ സിംഗർ വിജയയാത്രയെക്കുറിച്ച് ശിവപ്രിയ സുരേഷ്