ETV Bharat / entertainment

അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി വിലക്ക്; ശ്വേത മേനോന്‍ അധ്യക്ഷയായ കമ്മിറ്റിക്ക് തുടരാമെന്ന് ഉത്തരവ്

നിലവിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയ കോടതി, അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ശ്വേത മേനോന്‍ അധ്യക്ഷയായ ഭരണസമിതിക്ക് തന്നെ സംഘടനയുടെ ഭരണ ചുമതലയുമായി മുന്നോട്ട് പോകാമെന്ന് ഉത്തരവിട്ടു.

AMMA  ACTORS  Shwetha Menon
AMMA, Shwetha Menon (Facebook.com)
author img

By ETV Bharat Kerala Team

Published : July 3, 2026 at 7:50 PM IST

2 Min Read
Choose ETV Bharat

എറണാകുളം: മലയാള സിനിമാ താര സംഘടനയായ 'അമ്മ'യിലെ (AMMA) തര്‍ക്കങ്ങളില്‍ നിര്‍ണായക വഴിത്തിരിവ്. ശ്വേത മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ എറണാകുളം മുന്‍സിഫ് കോടതി തത്കാലികമായി വിലക്കി. നിലവിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയ കോടതി, അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ശ്വേത മേനോന്‍ അധ്യക്ഷയായ ഭരണസമിതിക്ക് തന്നെ സംഘടനയുടെ ഭരണ ചുമതലയുമായി മുന്നോട്ട് പോകാമെന്ന് ഉത്തരവിട്ടു. സംഘടനയുടെ ബൈലോ പ്രകാരം രാജി സമര്‍പ്പിച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് വരെ താല്കാലിക ചുമതലയെന്ന ശ്വേതയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെയായിരുന്നു ശ്വേത മേനോന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നാകെ രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സംഘടനയ്ക്കുള്ളില്‍ ഉടലെടുത്ത ആഭ്യന്തര ഭിന്നിപ്പുകളാണ് കൂട്ടരാജിയും തുടര്‍ന്നുള്ള പ്രതിസന്ധികളും സൃഷ്ടിച്ചത്. ഭരണസമിതി രാജിവച്ചതിന് പിന്നാലെ നടന്‍ ജഗദീഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രമേഷ് പിഷാരടി കണ്‍വീനറായും ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണപ്രഭ തുടങ്ങിയവര്‍ അംഗങ്ങളായും അടിയന്തര താല്കാലിക ചുമതലയ്ക്കായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ ഈ കമ്മിറ്റിയുടെ രൂപീകരണം സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്വേത മേനോന്‍ കോടതിയെ സമീപിച്ചത്.

താനും മറ്റ് ഭാരവാഹികളും രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന തരത്തില്‍ രമേഷ് പിഷാരടിയും ഗണേഷ് കുമാറും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. കുറ്റാരോപിതരായ ചില സ്ഥാപിത താല്പര്യക്കാര്‍ സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഭരണസമിതിയെ തകര്‍ക്കാന്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു. വിവാദങ്ങള്‍ കനക്കുന്നതിനിടെ കഴിഞ്ഞ ഭരണസമിതിയുടെ ഭാഗമായിരുന്ന ജയന്‍ ചേര്‍ത്തല, കൈലാഷ് എന്നിവര്‍ അടിയന്തരമായി രാജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തര്‍ക്കങ്ങള്‍ നിലനില്‍ക്കെ കൊച്ചിയില്‍ അഡ്ഹോക്ക് കമ്മിറ്റിയുടെ യോഗം ചേര്‍ന്നെങ്കിലും, കോടതിയുടെ പുതിയ ഉത്തരവോടെ പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയാണ്. കോടതി വിധി വന്നതോടെ ശ്വേത മേനോന്‍ നയിക്കുന്ന ഔദ്യോഗിക സമിതിക്ക് തന്നെ 'അമ്മ'യുടെ നിയന്ത്രണം തിരികെ ലഭിച്ചിരിക്കുകയാണ്.

ശ്വേത കോടതിയില്‍ പോയാല്‍ അപ്പോള്‍ കാണമെന്നായിരുന്നു കഴിഞ്ഞ ദിവസം അഡ്ഹോക്ക് കമ്മിറ്റി അംഗം രമേശ് പിഷാരടി അടക്കമുള്ളവരുടെ പ്രതികരണം.

Also Read: വിസ്‌മയ കോംബോ; മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ചിത്രം, വരുന്നു 'നെടുങ്കണ്ടം മിറാക്കിൾ'