ETV Bharat / entertainment

38 വർഷങ്ങൾക്ക് ശേഷം 'കിരീടം' ഫോർകെ പതിപ്പിൽ തിയേറ്ററുകളിലേക്ക്; അവിസ്മരണീയ ഓർമകളുമായി സിബി മലയിലും ദിനേശ് പണിക്കരും

സിനിമയുടെ റിലീസ് വേളയിൽ കിരീടം എന്ന ചിത്രത്തെ കുറിച്ച് സംവിധായകനായ സിബി മലയിലും നിർമാതാവായ ദിനേശ് പണിക്കരും ഇ ടിവി ഭാരതിനോട് പങ്കുവച്ച ചില ഓർമകൾ

KIREEDAM RE RELEASE, Dinesh Panicker
കിരീടം ഓര്‍മകളുമായി സിബി മലയിലും ദിനേശ് പണിക്കരും (Special Arrangement)
author img

By ETV Bharat Entertainment Team

Published : July 4, 2026 at 3:00 PM IST

|

Updated : July 4, 2026 at 3:23 PM IST

8 Min Read
Choose ETV Bharat

അക്കി വിനായക്

മലയാള സിനിമയുടെ ചരിത്രതാളുകളിൽ സുവർണലിപികളാൽ എഴുതപ്പെട്ട 'കിരീടം' ഒടുവിൽ ഫോർകെ റീമാസ്റ്റേർഡ് പതിപ്പായി വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസ് ചെയ്ത് 38 വർഷങ്ങൾ പിന്നിടുമ്പോഴും, ഒരു പുത്തൻ മുൻനിര ചിത്രത്തിൻ്റെ റിലീസിനെയെന്ന പോലെ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഈ ക്ലാസിക് ചിത്രത്തിൻ്റെ വരവിനായി കാത്തിരിക്കുന്നത്. ലോഹിതദാസിൻ്റെ മാന്ത്രിക തൂലികയിൽ പിറന്ന്, സിബി മലയിൽ സംവിധാനം ചെയ്ത്, മലയാളത്തിൻ്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തകർത്താടിയ ചിത്രം ജൂലൈ 10-നാണ് കെട്ടും മട്ടും പുതുക്കി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

​കിരീടം നിർമിച്ചത് ദിനേശ് പണിക്കരും ഉണ്ണിയും ചേർന്നായിരുന്നുവെങ്കിൽ സിനിമയുടെ വിജയത്തിലൂടെ കിരീടം എന്ന വിളിപ്പേര് ചാർത്തി കിട്ടിയത് ഉണ്ണിക്കായിരുന്നു, കിരീടം ഉണ്ണി. സിനിമയുടെ റിലീസ് വേളയിൽ കിരീടം എന്ന ചിത്രത്തെ കുറിച്ച് സംവിധായകനായ സിബി മലയിലും നിർമാതാവായ ദിനേശ് പണിക്കരും ഇ ടിവി ഭാരതിനോട് പങ്കുവച്ച ചില ഓർമകൾ വായിക്കാം.

​ലോഹിയുമായുള്ള അദൃശ്യ കണക്ഷൻ

ഒരു സംവിധായകൻ എന്ന നിലയിൽ വൈകാരിക രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും തനിക്ക് കരിങ്കൽ ഹൃദയനായി മാറേണ്ടി വന്നിട്ടുണ്ടെന്ന് സിബി മലയിൽ ഓർക്കുന്നു. ​"ലോഹിയുടെ തിരക്കഥയിൽ സിനിമകൾ സംഭവിക്കുമ്പോൾ മോഹൻലാലും മമ്മൂട്ടിയുമൊക്കെ കഥാപാത്രങ്ങളുടെ ഇമോഷൻ പൂർണ അർഥത്തിൽ അഭിനയിച്ചു ഫലിപ്പിക്കുമ്പോൾ ഒരു സാധാരണ മനുഷ്യനായാൽ പതറിപ്പോകും. അവിടെ ഒരു ടെക്നീഷ്യൻ്റെ ജോലി മറക്കാതെ കരിങ്കൽ ഹൃദയത്തോടുകൂടി ഞാൻ പിടിച്ചുനിന്നിട്ടുണ്ട്. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ഒരു സിനിമയുടെ ആശയം സ്ഥിരപ്പെടുത്തി ചിത്രീകരണത്തിലേക്ക് കടക്കാൻ സാധിച്ചത് ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന് മേലുള്ള ആത്മവിശ്വാസം കൊണ്ട് മാത്രമാണ്. ഞാനും ലോഹിയും തമ്മിൽ പറയാതെ പറയുന്ന ഒരു കമ്മ്യൂണിക്കേഷൻ ഉണ്ട്. ലോഹി എഴുതുന്ന വരികൾക്കിടയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന മാജിക് എന്താണെന്ന് തിരിച്ചറിയാൻ എനിക്ക് സാധിക്കുമായിരുന്നു" ലോഹിതദാസ് ഓര്‍ക്കുന്നു.

KIREEDAM RE RELEASE
സിബി മലയില്‍ (Special Arrangement)


ജീവിതത്തിൻ്റെ നേർക്കാഴ്ച

ലോഹിയും ഞാനും തമ്മിലുള്ള അദൃശ്യമായ ഒരു കണക്ഷൻ തന്നെയാണ് വളരെ ചെറിയ സമയം കൊണ്ട് തിരക്കഥ രചിച്ച സിനിമകൾ മലയാളത്തിൻ്റെ ക്ലാസിക്കുകൾ ആയതിൻ്റെ പിന്നിലെ രസതന്ത്രം. തിരശ്ശീലയിൽ കണ്ട കഥാപാത്രങ്ങളെ ജീവിതത്തോടുപമിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നാണ് കിരീടം. സേതുമാധവൻ ജീവിച്ചിരിക്കുന്ന കഥാപാത്രം ആണെന്ന് പോലും പല പ്രേക്ഷകരും വിശ്വസിച്ചിരുന്നു. വളരെ വൈകാരികമായി കിരീടവും കിരീടത്തിലെ കഥാപാത്രങ്ങളും മലയാളി മനസ്സിലുണ്ട്. ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് കിരീടം. ഏതൊരു അച്ഛൻ്റെയും ആഗ്രഹം പോലെ ഒരു മകൻ സഞ്ചരിക്കുന്നു. കിരീടം എന്ന ചിത്രത്തിൽ സേതുമാധവൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആകാനുള്ള യാത്രയിലാണ്. പക്ഷേ സിനിമ അവസാനിക്കുമ്പോൾ അയാൾ ഒരു ക്രിമിനലായി മാറുന്നു. സേതുമാധവൻ്റെ ജീവിതവും ഇമോഷനും എന്നും മലയാളിയുടെ മനസ്സിൽ ഒരു വിങ്ങലായി തുടരുകയാണ്.

കിരീടത്തെക്കാൾ പ്രിയം ചെങ്കോൽ

കിരീടത്തെക്കാൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചെങ്കോൽ തന്നെയാണ്. അതായിരുന്നു യഥാർഥ ചലഞ്ച്. കിരീടം പല ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കിരീടത്തെക്കാൾ ഏറ്റവും പവർഫുൾ സിനിമ ചെങ്കോലാണ്. മാനുഷിക വൈകാരിക തലങ്ങളെ കൃത്യമായി ഹാൻഡിൽ ചെയ്യാൻ സാധിച്ചാൽ മാത്രമേ ചെങ്കോൽ എന്ന സബ്‌ജക്‌ടിനെ സമീപിക്കാനാകൂ. ഒരു സംവിധായകൻ എന്നുള്ള രീതിയിൽ കിരീടം എന്ന സിനിമയെക്കാൾ ചെങ്കോൽ വളരെ ആഴമുള്ളതാണെന്ന് തോന്നിയിട്ടുണ്ടെന്ന് സിബി മലയില്‍ പറയുന്നു. കിരീടത്തിലെ സേതുമാധവന് ജീവിതാനുഭവങ്ങൾ ഇല്ല. അച്‌ഛൻ്റെ ആഗ്രഹപ്രകാരം ഒരു പൊലീസ് ഓഫീസർ ആകാൻ ശ്രമിക്കുന്നു. ഒരു സാധാരണ മകൻ. സിനിമ അവസാനിക്കുമ്പോൾ അയാൾ ഒരു ക്രിമിനലും. സേതുമാധവൻ ജയിലിൽ പോയതിനുശേഷം കുടുംബത്തിൻ്റെ അവസ്ഥ എന്ത്? ജയിലിൽനിന്ന് ഇറങ്ങിയാൽ സേതുമാധവൻ്റെ അവസ്ഥ എന്ത്? ഉറക്കം കെടുത്തിയ ചിന്തകൾ നിറഞ്ഞ ഒരുപാട് വർഷങ്ങൾ. ജീവിതാനുഭവങ്ങളുടെ ഒരു ഭാരം ഭാണ്ഡക്കെട്ട് പോലെ കൂട്ടിക്കെട്ടിയതാണ് ചെങ്കോൽ. നഷ്‌ടങ്ങളുടെ കണക്കെടുത്ത ഒരുപാട് കഥാപാത്രങ്ങളെ പെറുക്കിക്കൂട്ടിയ സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.

KIREEDAM RE RELEASE
കിരീടത്തില്‍നിന്ന് (Special Arrangement)
തിലകൻ എന്ന പകരക്കാരനില്ലാത്ത പ്രതിഭ

തിലകൻ എന്ന വ്യക്തി ഇല്ലായെങ്കിൽ കിരീടം എന്ന ചിത്രമില്ല. എൻ്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന സിനിമയിൽ സംവിധായകനായി പ്രവർത്തിക്കുന്ന കാലത്താണ് തിലകൻ എന്ന സഹോദരനുമായി ആത്മബന്ധം ഉണ്ടാകുന്നത്. ലോഹിതദാസ് എന്ന മഹാപ്രതിഭയെ തനിക്ക് പരിചയപ്പെടുത്തി തന്ന വ്യക്തിത്വം കൂടിയാണ് തിലകൻ. ലോഹിതദാസ് തിലകനെ മനസ്സിൽ കണ്ടാണ് ചിത്രത്തിലെ സേതുമാധവന്‍റെ അച്ഛൻ കഥാപാത്രത്തെ എഴുതി പൂർത്തിയാക്കിയത്. തിലകന് പകരക്കാരൻ ഇല്ലല്ലോ. കിരീടത്തിന്‍റെ ആദ്യ ലൊക്കേഷൻ പാലക്കാട് ആയിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന്‍റെ തീയതിയും മറ്റും നിശ്ചയിക്കുമ്പോഴാണ് തിലകന്‍റെ ഡേറ്റ് പ്രശ്‌നം പ്രതിസന്ധിയാകുന്നത്.

തിലകൻ ആ സമയം ചാണക്യൻ, വർണ്ണം തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാണ്. രണ്ട് ചിത്രങ്ങളും തിരുവനന്തപുരത്താണ് ലൊക്കേഷൻ. അങ്ങനെയാണ് കിരീടത്തിൻ്റെ ലൊക്കേഷൻ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുകയാണെങ്കിൽ എന്ത് വിലകൊടുത്തും സിനിമയുടെ ഭാഗമാകാം എന്ന് തിലകൻ വാക്ക് നൽകി. മറ്റു സിനിമകളുടെ ചിത്രീകരണത്തിനിടയിൽ ലഭിക്കുന്ന ചുരുക്കം സമയം മാത്രമാണ് തിലകൻ കിരീടത്തിന് വേണ്ടി മാറ്റിവച്ചത്. കിരീടത്തിൻ്റെ ചിത്രീകരണത്തിന് വേണ്ടി തിലകൻ അഭിനയിച്ചു കൊണ്ടിരുന്ന സിനിമകളുടെ ലൊക്കേഷനിൽ പ്രൊഡക്ഷൻ കാത്തുനിൽക്കുമായിരുന്നു. അദ്ദേഹം വാഹനത്തിൽ കയറിയാൽ കിരീടത്തിൻ്റെ ലൊക്കേഷനിലേക്ക് കാറുകൾ ചീറിപ്പായും.
KIREEDAM RE RELEASE
കിരീടത്തില്‍നിന്ന് (Special Arrangement)
​യുദ്ധകാലാടിസ്ഥാനത്തിൽ ചിത്രീകരിച്ച വിഖ്യാതമായ ക്ലൈമാക്സ്


തിരുവനന്തപുരത്തുനിന്നും 22 കിലോമീറ്റർ അകലെയാണ് കിരീടത്തിൻ്റെ ലൊക്കേഷൻ ആയ ആര്യനാട്. ഓരോ രണ്ടുമൂന്നു ദിവസം കൂടുമ്പോഴും രണ്ടുമൂന്നു മണിക്കൂറുകൾ മാത്രമാണ് തിലകനെ ഞങ്ങൾക്ക് വിട്ടു കിട്ടുക. എത്ര പ്രാധാന്യമുള്ള രംഗങ്ങൾ ചിത്രീകരിച്ചു കൊണ്ടിരുന്നാലും തിലകൻ സെറ്റിൽ എത്തിയാൽ അതുവരെയുള്ള ചിത്രീകരണം അവസാനിപ്പിച്ച് തിലകൻ്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുമായിരുന്നു. മോഹൻലാൽ എന്ന വലിയ നടൻ്റെ സഹകരണം കിരീടം എന്ന സിനിമയെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ടതാണ്.

വർണ്ണത്തിൻ്റെയും ചാണക്യൻ്റെയും ഷെഡ്യൂളുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. കിരീടത്തിന് ബാക്കിയുള്ളത് ക്ലൈമാക്സ് മാത്രമാണ്. ക്ലൈമാക്സ് പ്ലാൻ ചെയ്തിരുന്ന ദിവസം തിലകന് ഒരുകാരണവശാലും വിട്ടു തരില്ല എന്ന് മറ്റു സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. കിരീടത്തിൻ്റെ ക്ലൈമാക്സിൽ അഭിനയിക്കാൻ സമയം അനുവദിച്ചില്ലെങ്കിൽ രണ്ട് സിനിമയും ഉപേക്ഷിച്ച് പോകുമെന്ന് തിലകൻ അവരെ ഭീഷണിപ്പെടുത്തി. വൈകുന്നേരം അഞ്ചുമണിയോടെ തിലകൻ ലൊക്കേഷനിൽ എത്തുകയും ആറുമണിയോടെതന്നെ ക്ലൈമാക്സ് പൂർത്തിയാക്കി അദ്ദേഹം മടങ്ങി പോകുകയും ചെയ്തു. 'നിൻ്റെ അച്ഛനാടാ പറയുന്നത് കത്തി താഴെ ഇടെടാ...' എന്ന വിഖ്യാതമായ രംഗം ചിത്രീകരിച്ചു പൂർത്തിയാക്കിയത് വെറും ഒരു മണിക്കൂർ കൊണ്ടാണ്- സിബി മലയില്‍ ഓര്‍ക്കുന്നു.

KIREEDAM RE RELEASE
കിരീടത്തില്‍നിന്ന് (Special Arrangement)
എനിക്ക് കിട്ടേണ്ട പ്രശസ്തി ഉണ്ണിക്കായി

​രോഹിത് വീഡിയോ എന്ന തൻ്റെ ബിസിനസ് സംരംഭത്തിൻ്റെ വിജയത്തിന് ശേഷമാണ് ദിനേശ് പണിക്കർ തൻ്റെ കന്നിചിത്രമായി കിരീടം നിർമിക്കുന്നത്. ഉണ്ണിയുമായി ചേർന്നാണ് ചിത്രം നിർമിച്ചതെങ്കിലും സിനിമയുടെ വിജയത്തോടെ 'കിരീടം ഉണ്ണി' എന്ന പേരിൽ സഹനിർമാതാവാണ് കൂടുതൽ പ്രശസ്തനായത്. താനാണ് ചിത്രം നിർമിച്ചതെന്ന് പലരും അടുത്ത കാലത്താണ് അറിഞ്ഞതെന്നും അത് തൻ്റെ തലവരയായി കാണുന്നുവെന്നും ദിനേശ് പണിക്കർ പറയുന്നു.

ദിനേശ് പണിക്കര്‍ (ETV Bharat)

​ക്ലൈമാക്സിലെ വിയോജിപ്പുകൾ

എല്ലാവരും ചർച്ച ചെയ്യുന്നത് കിരീടത്തിൻ്റെ ക്ലൈമാക്സിനെ കുറിച്ചാണ്. എന്നാൽ കിരീടത്തിൻ്റെ ഇപ്പോഴുള്ള ക്ലൈമാക്സിൽ ചിത്രത്തിൻ്റെ വിതരണക്കാരനായ സെവൻ ആർട്ട്സ് വിജയകുമാറിന് സംതൃപ്തി ഉണ്ടായിരുന്നില്ല. ഒരു മാസ് ഹീറോയെപ്പോലെ മോഹൻലാൽ വില്ലൻ്റെ താവളത്തിൽ കയറി കീരിക്കാടൻ ജോസിനെ കീഴ്‌പ്പെടുത്തണം എന്നായിരുന്നു വിജയകുമാറിൻ്റെ ആവശ്യം. അദ്ദേഹത്തെ തെറ്റ് പറയാനും സാധിക്കില്ല. കാരണം തുടർച്ചയായി മോഹൻലാൽ ചിത്രങ്ങൾ വിതരണം ചെയ്ത് വിജയിപ്പിച്ച ആളാണ് വിജയകുമാർ. ഒരു മോഹൻലാൽ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നാൽ സിബി മലയിൽ, ലോഹിതദാസ്, മോഹൻലാൽ എന്നിവർക്ക് വിജയകുമാറിനോട് യോജിക്കാനായില്ല. ഞാനും എൻ്റെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു- ദിനേശ് പണിക്കർ വ്യക്തമാക്കി.

KIREEDAM RE RELEASE
കിരീടത്തില്‍നിന്ന് (Special Arrangement)
​തെലുങ്ക് റീമേക്കും മോഹൻ ബാബുവിൻ്റെ ഖേദപ്രകടനവും


അന്യഭാഷകളിൽ നിന്ന് ഒരു അഭിനേതാവ്, നിർമാതാവ് എന്നുള്ള നിലയിൽ എനിക്ക് ലഭിക്കുന്ന സ്നേഹവും പരിഗണനയും കിരീടം എന്ന സിനിമയുടെ മാനദണ്ഡത്തിൽ തന്നെയാണ്. 1990ൽ ചെന്നൈയിൽ ഫിലിം ഫെയർ പുരസ്കാര ചടങ്ങിന് പോയപ്പോള്‍ നടൻ മോഹൻ ബാബുവിനെ പരിചയപ്പെടാൻ സാധിച്ചു. അദ്ദേഹമാണ് കിരീടം തെലുഗു ഭാഷയിലേക്ക് റീമേക്ക് ചെയ്തു അഭിനയിച്ചിരിക്കുന്നത്. കിരീടം പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടെങ്കിലും മലയാളത്തിലെ അത്രയും റിയലിസ്റ്റിക് ആയിരുന്നില്ല മറ്റു ഭാഷകളിൽ. ഒറിജിനൽ സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്തി മാസ്സ് മസാല ചേരുവകൾ കൂട്ടിച്ചേർത്താണ് തെലുഗു റീമേക്ക് സൃഷ്ടിച്ചത്. മോഹൻ ബാബു കിരീടത്തിൻ്റെ റീമേക്കായ റൗഡിസം നസിച്ചാലൈക്ക് പുരസ്കാരം വാങ്ങാൻ ആണ് അദ്ദേഹം ഫിലിം ഫെയറിൽ എത്തിയത്. കിരീടത്തിൻ്റെ നിർമാതാവാണ് ഞാൻ എന്നറിഞ്ഞപ്പോൾ അദ്ദേഹം എൻ്റെ കൈകൾ ചേർത്ത് പിടിച്ചു. നിങ്ങളുടെ ക്ലാസിക് പരിവേഷമുള്ള സിനിമ ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് ഞാൻ റീമേക്ക് ചെയ്തത്. അയാം സോറി... മോഹൻ ബാബു എന്നോട് പറഞ്ഞു. അദ്ദേഹം സോറി പറയുന്നത് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അങ്ങനെ പറയേണ്ട യാതൊരു കാര്യവുമില്ല. ഏതുതരത്തിലുള്ള മാറ്റവും ഒറിജിനൽ സിനിമയിൽ നിന്നും മാറ്റാം എന്ന ധാരണയിലാണ് റീമേക്ക് അവകാശം വിൽക്കുന്നത്. പക്ഷേ അദ്ദേഹത്തിൻ്റെ വലിയ മനസ്സ്...

KIREEDAM RE RELEASE
കിരീടത്തില്‍നിന്ന് (Special Arrangement)
കാലത്തിനും നാടിനുമനുസരിച്ച് സിനിമകളിൽ മാറ്റം വരുത്തുന്നതിൽ യാതൊരു വിധത്തിലുള്ള തെറ്റുമില്ല എന്ന് മോഹൻ ബാബുവിനോട് താൻ അന്ന് പറയുകയും ചെയ്തതായി ദിനേശ് പണിക്കർ വെളിപ്പെടുത്തി.ലോക ചരിത്രത്തിൽ തന്നെ ഒരു സിനിമയുടെ പേരിൽ ഒരു സ്ഥലം അറിയപ്പെടുക പിൽക്കാലത്ത് അതൊരു ടൂറിസം സ്പോട്ടായി മാറുക. അതും കിരീടം എന്ന സിനിമയ്ക്ക് മാത്രം സ്വന്തമായ കാര്യമാണ്. വെള്ളായണി കായലിന് സമീപത്തെ കിരീടം പാലം വലിയൊരു ടൂറിസം പ്രദേശമായി ഇപ്പോൾ മാറിയിരിക്കുന്നു. ദിനേശ് പണിക്കർ പറഞ്ഞു.റിയൽ ലൈഫ് വ്യക്തികളുടെ സ്വാധീനം

മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രത്തിന് വേണ്ടി ഒന്നിലധികം റിയൽ ലൈഫ് വ്യക്തികളുടെ ജീവിതം ലോഹിതദാസിനെ സ്വാധീനിച്ചിട്ടുണ്ട്. അക്കാര്യം സംവിധായകനായ സിബി മലയിൽ തന്നെയാണ് തുറന്നു പറഞ്ഞത്. ആരുടെയും പേരെടുത്ത് പറയാൻ സംവിധായകൻ തുനിഞ്ഞിട്ടില്ല എങ്കിലും സേതുമാധവൻ്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഏറ്റവും കൂടുതൽ മലയാളികൾക്കിടയിൽ കേട്ട പേരുകളിൽ ഒന്നാണ് ഗുണ്ടുകാട് സാബു. സാബുവിൻ്റെയും ജീവിതം സേതുമാധവന് സമാനമായിരുന്നു. ഏതോ ഒരു നിമിഷം കൈവിട്ടുപോയ ജീവിതം. പിന്നീട് ലഭിച്ച കുപ്രസിദ്ധി. ഒടുവിൽ വീണ്ടും ജീവിതം തിരിച്ചുപിടിച്ച് സാബു സിനിമയിൽ സജീവമായി. കഴിഞ്ഞകാലത്തിൻ്റെ വേരുകൾ തൻ്റെ ജീവിതത്തിൽ നിന്ന് ഇപ്പോഴും മുറിച്ചുമാറ്റാൻ സാധിച്ചിട്ടില്ല എന്ന് ഗുണ്ടുകാട് സാബു ഇ ടിവിഭാരതി നോട് മുൻപ് വെളിപ്പെടുത്തിയിരുന്നു.

"കിരീടത്തിലെ സേതുമാധവൻ ഗുണ്ടുകാട് സാബുവിന്‍റെ പ്രതിരൂപം ആണെന്നുള്ള തരത്തിലുള്ള വാർത്തകൾ സിനിമ ഇറങ്ങിയ കാലം മുതൽക്കുതന്നെ കേൾക്കുന്നതാണ്. സിനിമ മേഖലയിലും പ്രേക്ഷകർക്കിടയിലും അങ്ങനെയൊരു സംസാരം ഉണ്ട് താനും. എന്‍റെ കഴിഞ്ഞകാലം അത്യാവശ്യം തിരുവനന്തപുരത്ത് ഉള്ളവർക്ക് അറിയാവുന്ന കാര്യം തന്നെ.

KIREEDAM RE RELEASE
ഗുണ്ടുകാട് സാബു (Special Arrangement)
ജീവിതത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായി കാണണമെന്ന അച്ഛന്‍റെ ആഗ്രഹവും പൊലീസ് യൂണിഫോമും തട്ടിത്തെറിപ്പിച്ച് ജീവിതം സാബുവിനെ ഗുണ്ടുകാട് സാബുവാക്കിയത് കിരീടം സിനിമയുടെ ആശയവുമായി ചേർന്നുനിൽക്കുന്നതാണ്. ഒരുപക്ഷേ എന്‍റെ ജീവിതകഥ ലോഹി സാറും കേട്ടിട്ടുണ്ടാകാം. ഒരു സാമ്യതയിൽ ഉപരി എന്‍റെ ജീവിതം അപ്പാടെ സിനിമയിലേക്ക് പകർത്തിയതായി കരുതുന്നില്ല.ചിലപ്പോൾ ചില കഥകൾക്ക് ചിലരുടെ ജീവിതവുമായി സാമ്യത ഉണ്ടാകാമല്ലോ. കിരീടത്തിലെ സേതുമാധവൻ ഞാനല്ല"- ഗുണ്ടുകാട് സാബു വ്യക്തമാക്കി. എന്നാൽ ഷാജി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കാപ്പയുടെ ആശയത്തിന് തൻ്റെ ജീവിതം എഴുത്തുകാരനായ ജി ആർ ഇന്ദു ഗോപൻ പ്രചോദനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: വർഗീയത, സാമ്പത്തിക ക്രമക്കേട്, വ്യക്തിഹത്യ; പരാതി നൽകിയിട്ടും നീതിയില്ല, ശ്വേതാ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിമാർ

Last Updated : July 4, 2026 at 3:23 PM IST