ജനനായകൻ പൊങ്കലിന് റിലീസ് ചെയ്യില്ല? കോടതിയിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കേസ് വിധി പറയാൻ മാറ്റി
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ സിനിമയുടെ റിലീസ് വൈകിയതോടെയാണ് കേസ് ചെന്നൈ ഹൈക്കോടതിയിലെത്തിയത്.

By ETV Bharat Entertainment Team
Published : January 7, 2026 at 6:00 PM IST
ചെന്നൈ: വിജയ് സിനിമ ജനനായകൻ്റെ റിലീസ് പ്രതിസന്ധി നീളുന്നു. ചിത്രം നാളെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ റിലീസ് ഇനിയും നീളും. ചെന്നൈ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് നാളെ വിധി പറയാൻ മാറ്റി.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ സിനിമയുടെ റിലീസ് വൈകിയതോടെയാണ് കേസ് ചെന്നൈ ഹൈക്കോടതിയിലെത്തിയത്. എന്നാൽ ചിത്രം വീണ്ടും പരിശോധിക്കാൻ അധികാരം ഉണ്ടെന്നും സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും സെൻസർ ബോർഡ് കോടതിയിൽ വാദിച്ചു.
നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് പിടി ആശയുടെ ബെഞ്ച് കേസിൽ വിശദമായ വാദം കേട്ടു. പൊങ്കലുനോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ജനനായകൻ പുനർ സെൻസർഷിപ്പിനായി ആയക്കണമെന്ന സെൻസർ ബോർഡിൻ്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് നിർമാണ കമ്പനി നിലപാടെടുത്തു. ഇതോടെയാണ് ചിത്രം വീണ്ടും പരിശോധിക്കാൻ അധികാരം ഉണ്ടെന്ന് ബോർഡ് കോടതിയെ അറിയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചില രംഗങ്ങൾ നീക്കം ചെയ്‌താൽ യുഎ സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പറഞ്ഞിട്ടുണ്ടെന്ന് ചലച്ചിത്ര നിർമ്മാണ കമ്പനിക്ക് വേണ്ടി ഹാജരായ വിജയൻ സുബ്രഹ്മണ്യൻ വാദിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും മോണിറ്ററിംഗ് ഓഫിസർ എല്ലാം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അനധികൃതമായി ചിത്രത്തിൻ്റെ റിലീസ് വൈകിപ്പിക്കുന്നുവെന്നാണ് നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസിൻ്റെ വാദം.
അതേസമയം സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. അതിനാലാണ് ചിത്രം പുനപരിശോധനാ സമിതിയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ കോടതിയെ അറിയിച്ചത്. പ്രത്യേക സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റ് നൽകാൻ സിനിമാ സംഘത്തിന് അവരെ നിർബന്ധിക്കാൻ കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കി. ഇതോടെയാണ് കേസ് വിധി പറയാൻ മാറ്റിയത്.
എച്ച്. വിനോദ് സംവിധാനം ചെയ്‌ത വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് 'ജനനായകൻ'. നടൻ വിജയ്‌യെ കൂടാതെ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.

